Image

സിദ്ദിക്ക് കാപ്പനും ഖുറം പർവേസും മോചനം അർഹിക്കുന്നില്ലേ?

Published on 23 January, 2022
സിദ്ദിക്ക് കാപ്പനും ഖുറം പർവേസും മോചനം അർഹിക്കുന്നില്ലേ?

വാഷിംഗ്ടൺ, ഡിസി : മനുഷ്യാവകാശ സംരക്ഷകൻ ഖുറം പർവേസിനേയും മാധ്യമപ്രവർത്തകൻ  സിദ്ദിഖ് കാപ്പനേയും മതസ്വാതന്ത്ര്യത്തിന്റെയും  വിശ്വാസത്തിന്റെയും പേരിൽ ഇരകളാക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) തീരുമാനത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ (IAMC) സ്വാഗതം ചെയ്തു.  

പ്രത്യേക ആശങ്കയുള്ള  രാജ്യങ്ങളിൽ    തടവിലാക്കപ്പെടുന്ന  വ്യക്തികളുടെ ഡാറ്റാബേസാണ് ഫോർബ്‌  ലിസ്റ്റ് എന്ന പട്ടിക. മതസ്വാതന്ത്ര്യ ലംഘനം രൂക്ഷമാകുന്ന രാജ്യങ്ങളെയാണ് USCIRF കൺട്രി ഓഫ് പര്ടിക്കുലർ കൺസേൺ (സിപിസി) എന്ന ഗണത്തിൽ പെടുത്തുന്നത്. തുടർച്ചയായി  രണ്ടാം വർഷവും ഇന്ത്യയെ സിപിസി ലിസ്റ്റിൽ ചേർക്കാൻ  ശുപാർശ ചെയ്തിരിക്കുകയാണ്.

2020 ഒക്ടോബറിൽ അറസ്റ്റിലായതു മുതൽ  ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന  പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ.
കൗമാരക്കാരിയായ ഒരു ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത വിവരം  റിപ്പോർട്ട് ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലേക്ക്  പോകുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലായത്. 
രാജ്യദ്രോഹം, ആളുകൾക്കിടയിൽ  ശത്രുത വളർത്തൽ ,മതവികാരം ഇളക്കിവിട്ടുള്ള ദ്രോഹം  എന്നീ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ തടവിലാക്കിയത്. തീവ്രവാദ പ്രവർത്തനത്തിലൂടെ  ഇയാൾ  നേടിയെടുത്ത സ്വത്തിനെക്കുറിച്ച് അറിവ് ലഭിച്ചതും  അറസ്റ്റിന്റെ കാരണമായി അധികൃതർ പറഞ്ഞു.

കാപ്പനെതിരായ കുറ്റപത്രത്തിൽ  അദ്ദേഹത്തെ ഹിന്ദു വിരുദ്ധ അജണ്ടയുള്ള  പത്രപ്രവർത്തകനാക്കി ചിത്രീകരിക്കാനുള്ള  ശ്രമവും നടന്നു. സിദ്ദിഖ് കാപ്പന്റെ രചനകളിൽ ഒരു പരിധിവരെ വർഗീയത കലർന്നിട്ടുണ്ടെന്നും ആരോപണമുയർന്നു.

ന്യൂനപക്ഷത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് ,   മതവികാരം ഇളക്കിവിടാൻ കാപ്പൻ ശ്രമിച്ചെന്നാണ് വാദം. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തകർ  വർഗീയപരമായി വാർത്ത  റിപ്പോർട്ട് ചെയ്യില്ലെന്നും. കാപ്പൻ മുസ്ലീങ്ങളെ ഇളക്കിവിടാൻ മാത്രമായാണ്  റിപ്പോർട്ടുകൾ നല്കിയിരുന്നതെന്നുമാണ് ആക്ഷേപം. കേസ് ശക്തമല്ലായിരുന്നിട്ടുകൂടി , കാപ്പനെതിരെ യുഎപിഎ ചുമത്തി.ഇയാൾ  ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്.

വിഷാദം, ഉത്കണ്ഠ, കാഴ്ചക്കുറവ് എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ കാപ്പനെ അലട്ടുന്നതായി റിപ്പോർട്ടുണ്ട്. ജയിലിനുള്ളിൽ കോവിഡ് പിടിപ്പെടാനുള്ള സാധ്യതയ്ക്കുപുറമെയാണിതെന്നും USCIRF പറയുന്നു. അദ്ദേഹത്തിന് മതിയായ വൈദ്യസഹായം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

ഇന്ത്യയിലെ  മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ കശ്മീരിൽ വച്ച്  നവംബർ മാസത്തിലാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന  മനുഷ്യാവകാശ സംരക്ഷകനായ ഖുറം പർവേസിനെ   പോലീസ് അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) ഉത്തരവനുസരിച്ച് കശ്മീരിൽ ഇന്ത്യൻ സുരക്ഷാ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ആവർത്തിച്ച് വിമർശിച്ച ജമ്മു കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റി (ജെകെസിസിഎസ്) സംഘടനയുടെ കോർഡിനേറ്ററാണ് പർവേസ്. കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ രേഖയാക്കുന്നതിൽ  അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഭീകര-ധനസഹായം, ഗൂഢാലോചന , സർക്കാരിനെതിരെയുള്ള പോരാട്ടം  എന്നീ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ   കടുത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ യുഎപിഎ ചുമത്തിക്കൊണ്ടാണ് 2021 നവംബർ 22-ന് പർവേസിനെ അറസ്റ്റ് ചെയ്തത്. ഡിസംബർ 4-ന്, ന്യൂഡൽഹിയിലെ പരമാവധി സുരക്ഷയുള്ള  ജയിലിലേക്ക് വാദം കേൾക്കുന്നതുവരെ മാറ്റിയത്  കൊടുംകുറ്റവാളികളോടുള്ള സമീപനത്തിന് സമാനമായാണ്. നിലവിൽ പർവേസ് എവിടെയാണെന്ന വിവരവും വ്യക്തമല്ല. ഈ അറസ്റ്റ് അന്താരാഷ്ട്ര രോഷത്തിനും ആശങ്കയ്ക്കും വഴിവച്ചു. ഡിസംബർ 22 ന്, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ്  പർവേസിനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ടു  

മനുഷ്യാവകാശ സംരക്ഷകൻ എന്ന നിലയിലുള്ള  നിയമാനുസൃത പ്രവർത്തനങ്ങളോടുള്ള എതിർപ്പുകൊണ്ടാണ്  പർവേസിനെ അറസ്റ്റ്  ചെയ്തതെന്നും ഒരു മാസത്തിന് ശേഷവും അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്നത്  ലംഘനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ചതിന്റെ പേരിലാണോ എന്ന് ആശങ്കയുണ്ടെന്നും  പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും ഉയർത്തിപ്പിടിക്കാൻ പ്രവർത്തിച്ച ആക്ടിവിസ്റ്റുകൾക്കും അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവർക്കും നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള   പ്രചാരണത്തിന് IAMC പ്രതിജ്ഞാബദ്ധമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക