Image

ആരോമലിനായി പ്രതീക്ഷയോടെ കോട്ടയം പേരൂര്‍ നിവാസികള്‍

Published on 26 February, 2013
ആരോമലിനായി പ്രതീക്ഷയോടെ കോട്ടയം പേരൂര്‍ നിവാസികള്‍

കോട്ടയം: ആരോമല്‍ എന്ന ആറുവയസുകാരന്‍ കോട്ടയം പേരൂര്‍ നിവാസികളുടെ ആരോമനയാണ്. ഇവനുവേണ്ടി ചികിത്സാസഹായനിധി രൂപീകരിച്ച് നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, സുമനസുകള്‍ സഹായിക്കുമെന്നും തങ്ങളുടെ ആരോമല്‍ പൂര്‍ണ ആരോഗ്യമുള്ള ഒരു സാധാരണകുട്ടിയായി തങ്ങള്‍ക്കുമുന്നില്‍ ബാല്യത്തിന്റെ കുസൃതികളോടെ ഓടിക്കളിക്കുമെന്നും.

ജന്മനാ ബധിരനും മൂകനുമാണ് ആരോമല്‍. പേരുര്‍ വെള്ളാക്കല്‍ പ്രവീണ്‍ - രാധികാ ദമ്പതികളുടെ മൂത്തമകനാണ് ആരോമല്‍. കേരളത്തിലെ പ്രമുഖമായ പല ആശുപത്രികളിലും ആരോമലുമായി അവന്റെ മാതാപിതാക്കള്‍ കയറിയിറങ്ങി. ലക്ഷങ്ങള്‍ ചെലവുള്ള ഒരു ഉപകരണം തലയ്ക്കുള്ളില്‍ ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ച് ആറുമാസത്തോളം തുടര്‍ ചികിത്സ നടത്തിയാല്‍ ആരോമലിന് കേള്‍വി ശക്തിയും തുടര്‍ന്ന് സംസാരശേഷിയും കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പത്തു ലക്ഷത്തിലധികം രൂപയാണ് ഇതിനായി വേണ്ടത്. 

ഗാനന്ധര്‍വന്‍ യേശുദാസുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കുട്ടികള്‍ക്കുള്ള ശ്രവണസഹായ പദ്ധതിയില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു ആരോമലിന്റെ കുടുംബം. എന്നാല്‍ അഞ്ചുവയസുവരെയുള്ള കുട്ടികള്‍ക്കുമാത്രമേ ഈ പദ്ധതിയിലൂടെ സഹായം കിട്ടൂവെന്ന് അടുത്തിടെ അധികൃതര്‍ അറിയിച്ചതോടെ ആരോമലിന്റെ മാതാപിതാക്കളും നാട്ടുകാരും ആകെ വിഷമിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സഹായം കൂടി കിട്ടിയാല്‍ ബാക്കി തുക എങ്ങനെയും ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ചികിത്സാ സഹായ ഫണ്ടും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയായിരുന്നു അവര്‍. ഇനി സുമനസുകള്‍ ചൊരിയുന്ന കാരുണ്യത്തില്‍ മാത്രമാണ് ഇവരുടെ പ്രതീക്ഷ. ഓട്ടോഡ്രൈവറാണ് ആരോമലിന്റെ പിതാവ് പ്രവീണ്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു സാധാരണക്കാരന്‍. 

ലോകത്തെങ്ങുമുള്ള കരുണാമയരായ മലയാളി സഹോദരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ആരോമലിന്റെ മാതാപിതാക്കളും നാട്ടുകാരും. അതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരൂര്‍ ശാഖയില്‍ അക്കൗണ്ടും (ആരോമല്‍ - 67167862387SBT, Peroor Branch, IFS Code SBTR 0000431) അവര്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 94467587


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക