Image

ബിനോയ്‌ ചെറിയാന്‍ സംഭവം: പ്രതിഷേധം പ്രഹസനം (മണ്ണിക്കരോട്ട്‌)

Published on 20 May, 2013
ബിനോയ്‌ ചെറിയാന്‍ സംഭവം: പ്രതിഷേധം പ്രഹസനം (മണ്ണിക്കരോട്ട്‌)
അമേരിക്കയിലെ ഒരൂ മലയാളി ബിനോയ്‌ ചെറിയാന്‌ കേരളത്തിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉണ്ടായ അനുഭവം അറിയിക്കുന്ന വാര്‍ത്ത പല മാധ്യമങ്ങളിലും കണ്ടു. വാസ്‌തവത്തില്‍ എന്താണ്‌ അവിടെ സംഭവിച്ചത്‌? ഒരു സാധാരണ അന്താരാഷ്ട്രയാത്രക്കാരന്റെ അവകാശവും അവകാശസ്വാതന്ത്ര്യവും സാമാന്യനീതിയുമാണ്‌ അവിടെ ചോദ്യം ചെയ്യപ്പെട്ടത്‌. അന്തര്‍ദേശിയ മര്യാദയുടെ പച്ചയായ ലംഘനം. ഒരു സാമാന്യ യാത്രക്കാരനു ലഭിക്കേണ്ട അവകാശവും നീതിയും ബിനോയ്‌ക്ക്‌ നിഷേധിക്കപ്പെട്ടു. അതും സ്വന്തം നാട്ടില്‍. അതോടൊപ്പം അദ്ദേഹത്തെ കാരണമില്ലാതെ പരസ്യമായി അപമാനിക്കുകയുമായിരുന്നു. ഇവിടെ ബിനോയ്‌, ഭാര്യയും രണ്ടു പിഞ്ചുകുട്ടികളുമായി യാത്രചെയ്‌തതാണ്‌. നീണ്ടയാത്രയും വിമാനത്തിലെ അനിഷ്ടമായ ഭക്ഷണവുമായി കുട്ടികള്‍ അസുഖംപിടിച്ച്‌ തളര്‍ന്നിരുന്നു. വാസ്‌തവത്തില്‍ അവര്‍ക്കായിരുന്നു മുന്‍ഗണന ലഭിക്കേണ്ടിയിരുന്നത്‌. അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നതിലും അധികാരപ്പെട്ടവര്‍ വീഴ്‌ചവരുത്തി. ഇത്‌ മനുഷ്യാവകാശ ലംഘനമാണ്‌.

കേരളത്തിന്‌, പൊതുവെ രാജ്യത്തിന്‌ വിദേശപണം സമ്പാദിച്ചുകൊടുക്കുന്ന ഓരോ പ്രവാസിയുമാണ്‌ അപമാനിക്കപ്പെട്ടത്‌. ഒരു സാധാരണ യാത്രക്കാരന്റെ അവകാശം മറ്റൊരാള്‍ കവര്‍ന്നെടുക്കുകയും അത്‌ ചോദ്യം ചെയ്‌തതിന്‌ അസഭ്യം പറയുകയും പോരാഞ്ഞ്‌ പൊലീസിനെ വിളിക്കുകയും. അത്തരക്കാര്‍ പറയുന്നത്‌ അതുപോലെ അനുസരിച്ച്‌ വാദിയെ പ്രതിയാക്കി അറസ്റ്റു ചെയ്യിക്കാന്‍ മുതിരുന്ന നിയമപാലകരും. എന്താ ഭേഷായില്ലേ? കേരളത്തില്‍ മാത്രമേ ഇത്‌ നടക്കുകയുള്ളുവെന്നു തോന്നുന്നു. ഇത്‌ കാട്ടുനീതിയാണ്‌, തനി റൗഡിത്തമാണ്‌, ഗുണ്ടായിസമാണ്‌. ബിനോയ്‌യുടെ സ്ഥാനത്ത്‌ ഒരു സായിപ്പായിരുന്നുവെങ്കില്‍ ഇതുപോലെ ചെയ്യുമായിരുന്നോ? അയാളെ അറസ്റ്റുചെയ്യുമായിരുന്നോ?

ഇവിടെ വാദിയായ പ്രതി രഞ്‌ജനി ഹരിദാസ്‌ ആരാണ്‌? ചാനലിലൂടെ ഭാഷയെ മലിനപ്പെടുത്തി (ഭാഷയെ എന്തുചെയ്‌തുവെന്ന്‌ വാസ്‌തവത്തില്‍ ഉപയോഗിക്കേണ്ട വാക്ക്‌ ഇവിടെ ഉപയോഗിക്കുന്നില്ല.) ഭാഷ അറിയാത്ത ഒരു കൂട്ടരുടെ കയ്യടിനേടിയ ഒരു സ്‌ത്രീ. അവര്‍ ആരുമാകട്ടെ, ഇപ്പോള്‍ അമേരിക്ക കാണാനും മലയാളികളില്‍നിന്ന്‌ ചില്ലറ ഡോളര്‍ സമ്പാദിക്കാനും ഇറങ്ങിത്തിരിച്ച വ്യക്തി. ആ ഡോളര്‍ അവരുടെ പെഴ്‌സിലുണ്ടാകും. അതുംവച്ചുകൊണ്ടാണ്‌ അമേരിക്കയിലെ ഒരു മലയാളിയോടുതന്നെ ഇവരുടെ അഹങ്കാരത്തിന്റെ വിഷം ചീറ്റിയത്‌. അവര്‍ സ്വകാര്യജീവിതത്തില്‍ എന്തുമാകട്ടെ. അല്ലെങ്കില്‍ എന്തുകൊണ്ടൊ, എന്തുകണ്ടിട്ടൊ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഉന്നതരുണ്ടാകട്ടേ. പക്ഷെ ആ സ്വാധീനം പരസ്യമായ നിയമത്തോടുള്ള വെല്ലുവിളിയും പ്രതികാരവുമാകുന്നതാണ്‌ ഗുണ്ടായിസം. അവരുടെ വാക്കുകേട്ട്‌ നടപടിയെടുക്കുന്ന നിയമപാലകരെയാണ്‌ ആദ്യമായി നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടത്‌. അവരോടു മുമ്പോട്ടുവരാന്‍ കൗണ്ടറിലിരുന്ന ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും ഒരുപോലെ കുറ്റക്കാരനാണ്‌.

അമേരിക്കയിലെ ഒരു മലയാളിയ്‌ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍, തക്കസമയത്തുതന്നെ വിവരം വെളിച്ചെത്തുകൊണ്ടുവന്ന്‌, തങ്ങളുടെ പങ്കു നിര്‍വഹിച്ചു. കുറെ എഴുത്തുകാര്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്‌തു. എന്നാല്‍ സംഘടനകളും അമേരിക്കയിലെ മലയാളികളുടെ; അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ `നീറുന്ന പ്രശ്‌നങ്ങള്‍ക്ക്‌' പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ മാത്രമല്ല ഇന്‍ഡ്യയിലെ മറ്റ്‌ നേതാക്കാളുമായി രാപകല്‍ വിയര്‍പ്പൊഴുക്കുന്നവരും എന്തു ചെയ്‌തു എന്നുള്ളതാണ്‌. ഇതേക്കുറിച്ചുണ്ടായ പ്രതിഷേധപ്രകടനങ്ങളില്‍ ഏറിയപങ്കും, പ്രത്യേകിച്ച്‌ പെരിയ സംഘടനകളും പെരിയ നേതാക്കളെന്നു ധരിക്കുന്നവരും നടത്തിയിട്ടുള്ള പ്രസ്‌താവനകള്‍ വെറും പ്രഹസനമൊ പ്രകടനമൊ മാത്രമാണെന്നുള്ളതിന്‌ സംശയമില്ല. പ്രസ്‌താവനകള്‍ പലവിധമാണ്‌; ഇതേക്കുറിച്ച്‌ `ശക്തമായി പ്രതിഷേധിക്കുന്നു', `കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വേണ്ട നടപടിയെടുക്കണം.' എന്നൊക്കെ. അത്തരം ഒരു വാര്‍ത്ത ടിയാന്‍ അല്ലെങ്കില്‍ ടിയാസ്‌ പടച്ചുവിടുമ്പേഴേക്കും അവിടെയിരിക്കുന്ന നേതാക്കള്‍ ഉടന്‍, പ്രതി രഞ്‌ജനി ഹരിദാസിനെതിരെ നടപടിയെടുത്തുകൊള്ളുമെന്ന്‌ അമേരിക്കയിലെ മലയാളികള്‍ ധരിക്കണമോ? അല്ലെങ്കില്‍ അവര്‍ക്കൊരു ഇമെയില്‍ വിട്ടതുകൊണ്ട്‌ ഇടന്‍ നടപടിയെടുക്കുമെന്ന്‌ ധരിക്കണമോ? എന്താണ്‌ ഇക്കൂട്ടരുടെ ഉദ്ദേശ്യം? എന്തായാലും അമേരിക്കയിലെ പത്രം വായിക്കുന്ന സാധാരണ മലയാളികള്‍ അത്രയ്‌ക്ക്‌ മോശക്കരല്ലെന്നാണ്‌ എന്റെ വിശ്വാസം. അക്കാര്യം ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പെരിയ സംഘടനകളൊക്കെ എവിടെയെന്നു ആരോ പ്രതികരണത്തില്‍ ചോദിച്ചപ്പോള്‍ ഉടനെ ഉണ്ടായി മേലുദ്ധരിച്ച രീതിയില്‍ പൊള്ളയായ പ്രതിഷേധപ്രഹസനങ്ങള്‍. ഇനിയും കിടക്കുന്നു അതിലും ഇമ്മിണി വലിയതെന്നു തോന്നിയ്‌ക്കിന്ന ആഗോള മലയാളി സംഘടനകള്‍? അമേരിക്കയിലെ സാക്ഷാല്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ വേറെ. ഇവരൊക്കെ എന്തുചെയ്യുന്ന? ?ജസ്റ്റീസ്‌ ഫോര്‍ ഓള്‍? എവിടെപോയി? അത്‌ ആര്‍ക്കുവേണ്ടിയാണ്‌? പണവും പ്രതാപവും ഉള്ളവര്‍ക്കുവേണ്ടി മാത്രമോ? കഷ്ടം!

ഇവിടെ പൊള്ളയായ പ്രസ്‌താവനകള്‍ മതിയാക്കി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഈ പ്രശ്‌നത്തില്‍ ചില ഫൊക്കാന നേതാക്കള്‍ `അധികാരികളുമായി കൂടിക്കാഴ്‌ച നടത്തി'യെന്നു വാര്‍ത്ത കണ്ടു. അവര്‍ `ബിനോയ്‌ ചെറിയാന്‌ അര്‍ഹമായ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ...' (പിന്നീടങ്ങോട്ട്‌ പേരുകളാണ്‌.) ഇതു കേട്ടാല്‍ തോന്നും ആനന്ദ്‌ ജോണിന്‌ നീതി ലഭിക്കണമെന്ന്‌ പറയുന്നതുപോലെയാണെന്ന്‌. ഇവിടെ ഒരു തെറ്റും ചെയ്യാത്ത വ്യക്തിയെന്നു മാത്രമല്ല, നീതിയും സാധാരണ മനുഷ്യാവകാശംപോലും നിഷേധിക്കപ്പെട്ട ഒരു അന്തര്‍ദേശിയ യാത്രക്കാരനെയാണ്‌ അപമാനിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്‌തത്‌. ഇവിടെ സാക്ഷാല്‍ പ്രതിയായ രഞ്‌ജനിയ്‌ക്കെതെരെയും അവര്‍ക്കു കൂട്ടുനിന്ന പൊലീസിനെതിരെയും എന്തു നടപടിയെടുത്തു എന്നുള്ളതാണ്‌ പ്രധാനം. അതാണ്‌ നേതാക്കള്‍ ഉറപ്പുവരുത്തേണ്ടത്‌.

ഇനിയും ബിനോയ്‌ക്കും മറ്റ്‌ പ്രാവസി യാത്രക്കാര്‍ക്കും `അധികാരികളില്‍' നിന്ന്‌ അത്യാവശ്യം ആശ്വാസവാക്കുകളും ലഭിച്ചു. `ഈ അറസ്റ്റുകൊണ്ട്‌ അദ്ദേഹത്തിന്റെ ഭാവി യാത്രകള്‍ക്കൊ സുരക്ഷിതത്വത്തിനൊ യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നും ...' അവര്‍ ഉറപ്പുകൊടുത്തു. ഇതുകേട്ടപ്പോള്‍ ഒരു പഴയ സംഭവമാണ്‌ ഓര്‍മ്മവരുന്നത്‌. ഒരു ജന്മി അയാളുടെ കുടിയാന്റെ കിടാത്തിയുമായി അവിഹിത ബന്ധം പതിവായിരുന്നു. ഒരിക്കല്‍ ഈ ജന്മി കുടിയാന്റെ കുടിലില്‍നിന്ന്‌ പുറത്തുവരുമ്പോള്‍ കുടിയാന്‍ മുമ്പില്‍ നില്‍ക്കുന്നു. അയാള്‍ കൈകൂപ്പി ഓച്ഛാനിച്ചുനിന്നുകൊണ്ടു പറഞ്ഞു `തമ്പ്രാനെ അടിയനോടീ കടുംകൈ വേണ്ടാരുന്നു.' ജന്മി കൊടുത്തു നീട്ടിപ്പിടിച്ച്‌ കുടിയാന്റെ കവിളത്തു രണ്ട്‌. എന്നിട്ടു പറഞ്ഞു നീ ആയതുകൊണ്ട്‌ ഇത്രേ തരുന്നുള്ളു. ഏതായാലും ശ്രീമംഗലത്തുപോയി നാഴിയരി അധികം വാങ്ങിച്ചോ. കുടിയാന്‍ കരണവും പൊത്തി വേദനയില്‍ പുളഞ്ഞ്‌ കുടിലില്‍ കയറി. അതേ അനുഭവമാണ്‌ ഇവിടെ ബിനോയ്‌ക്കുവേണ്ടി നീതിതേടിയ നേതാക്കളും ഏറ്റുവാങ്ങിയത്‌. ഇവിടെയാണ്‌ പ്രവാസികളെ ഉദ്ധരിക്കുന്ന മഹാസംഘടനകളുടെയും അതിന്റെ നേതാക്കളുടെയും മൂഖംമൂടി അഴിഞ്ഞുവീണ്‌ യഥാര്‍ത്ഥ മുഖം വെളിവാകുന്നത്‌. ഇത്രയെക്കെ ഉള്ളോ ...?

ഇവിടെ എന്താണ്‌ ചെയ്യേണ്ടതെന്നു ചിന്തിക്കാം. ഇനിയൊരിക്കലും അമേരിക്കിയില്‍നിന്നു യാത്രചെയ്യുന്ന ഒരു മലയാളിയ്‌ക്കും ഇതേ അനുഭവം ഉണ്ടാകരുത്‌. അതിന്‌, ബിനോയ്‌യെ മാനസികമായി പീഡിപ്പിക്കുകയും അദ്ദേഹത്തിന്‌ അഭിമാനക്ഷയം വരുത്തുകയും ചെയ്‌ത പ്രതി രഞ്‌ജനി ഹരിദാസിനെയും അവരുടെ വാക്കുമാത്രം കേട്ട്‌ ഒരു അന്താരാഷ്ട്ര യാത്രക്കാരനെ അറസ്റ്റുചെയ്യിച്ച പൊലീസ്‌ ഉദ്യോഗസ്ഥനെയും അവരെ ക്യു തെറ്റിച്ച്‌ മുമ്പില്‍ കയറിനില്‍ക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെയും, ഇവിടുത്തെ ഒരു വക്കീല്‍വഴി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി ഒരു പ്രവാസി മന്ത്രാലയവും മന്ത്രിയുമുണ്ടെല്ലോ. മഹാസംഘടനകളുടെ കണ്‍വന്‍ഷനുകളിലെ സ്ഥിരം സാന്നിദ്ധ്യം. അവരെ കൊണ്ടുനടക്കുന്നവര്‍ക്ക്‌ ആ വഴിയില്‍ അന്വേഷണം നടത്താന്‍ കഴിയില്ലേ? ഇവിടുത്തെ ഇന്‍ഡ്യന്‍ എംബസിവഴി, പ്രവാസി മന്ത്രാലയംവഴി പരാതി കേന്ദ്രസര്‍ക്കാര്‍വരെ എത്തിക്കണം. ബിനോയ്‌ ചെറിയാന്റെ അമേരിക്കയിലെ സെനറ്റര്‍ അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ പേഴ്‌സണ്‍വഴി ഇവിടുത്തെ ഭരണകൂടത്തിലും പരാതി എത്തിക്കണം. ഇത്തരം അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ അറിയാത്തവരെ പ്രത്യേകിച്ച്‌ രഞ്‌ജനി ഹരിദാസിനെ ഇനിയുമെങ്കിലും ഇങ്ങോട്ട്‌ കടത്തിവിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ ഈ വര്‍ഷം ഇനിയും അമേരിക്കയില്‍ നടക്കാനിരിക്കുന്ന, നാട്ടില്‍നിന്നു വരുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കഴിയുമോ? അതുപോലെ അടുത്ത ഒരു വര്‍ഷമെങ്കിലും നാട്ടില്‍നിന്നുള്ള പരിപാടികള്‍ ബഹിഷ്‌ക്കാരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ? രഞ്‌ജനി ഉള്‍പ്പെട്ട പരിപാടി അമേരിക്കയില്‍ സംഘടിപ്പിച്ച സ്‌പോണ്‍സറെ കണ്ട്‌ അവര്‍ക്കെതിരെ പരാതി കൊടുപ്പിക്കണം. താരസംഘടനയായ `അമ്മ'യ്‌ക്കും പരാതി കൊടുക്കണം. ഇവര്‍ അതില്‍ അംഗമാണെങ്കിലും അല്ലെങ്കിലും ആ സ്‌ത്രീയെ കൊണ്ടുവന്ന കൂട്ടത്തില്‍ അമ്മയുടെ അംഗങ്ങളുണ്ടാകുമല്ലോ? കാരണം ഇനിയുമെങ്കിലും ഇത്തരം രഞജനിമാരെ ഇങ്ങോട്ടെടുക്കരുത്‌.

അതുപോലെ അമേരിക്കയിലെ സംഘടനക്കാര്‍ക്ക്‌ നാട്ടില്‍ ഒരു പ്രസ്‌കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ച്‌ അമേരിക്കയിലെ മലയാളിയോടു കാണിച്ച അനീതിയ്‌ക്കും അപമാനത്തിനുമെതിരെ ശബ്‌ദമുയര്‍ത്താനും അപലപിക്കാനും കഴിയില്ലേ? കേരളത്തിന്റെ തെക്കുവടക്കു രാഷ്ട്രീയക്കാരെകൂട്ടി സ്വീകരണം സംഘടിപ്പിക്കുന്നവര്‍ക്ക്‌ അമേരിക്കയിലെ മലയാളികള്‍ക്ക്‌ പൊതുവെ പ്രയോജനപ്രദമായ അത്തരത്തില്‍ എന്തെങ്കിലുമൊന്ന്‌ ചെയ്യാന്‍ കഴിയില്ലേ? അമേരിക്കയിലെ മലയാളികളുടെ പ്രതിഷേധം നാട്ടിലും വാര്‍ത്തയാകണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട്‌ പ്രതിയ്‌ക്കും അവര്‍ക്ക്‌ കൂട്ടുനിന്ന പൊലീസ്‌ ഓഫീസര്‍ക്കുമെതിരെ അന്വേഷണം നടത്തിക്കണം.

ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യാതെ പൊള്ളയായ പ്രസ്‌താവനകള്‍ വെറും പ്രഹസനങ്ങളായി മാത്രമെ അമേരിക്കയിലെ മലയാളികള്‍ ഉള്‍ക്കൊള്ളുകയുള്ളു. ബിനോയ്‌ ചെറിയാനോട്‌ കാണിച്ചതുപോലെ, ചന്തസംസ്‌ക്കാരം സ്വന്തമാക്കിയ അന്തസുമായി വിലസുന്ന രഞ്‌ജനിമാരുടെ അഴിഞ്ഞാട്ടം ഇനിയുമെങ്കിലും അന്താരാഷ്ട്രയാത്രക്കാരോട്‌ പ്രത്യേകിച്ച്‌ അമേരിക്കയിലെ മലയാളികളോടു വേണ്ടെന്ന്‌ അവര്‍ മനസ്സിലാക്കണം.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ബിനോയ്‌ ചെറിയാന്‍ സംഭവം: പ്രതിഷേധം പ്രഹസനം (മണ്ണിക്കരോട്ട്‌)
Join WhatsApp News
Varghese Alexander 2013-05-22 21:45:18
sir,
I really appreciate your thoughts and language. I do not sure who we may proceed in this matter. I am offering my support.
Thanks.
Tom 2013-05-23 15:24:38
I really appreciate u r thought same thing I say my friend two day before.
EM Stephen 2013-05-24 15:08:56
Well writen article; let us see how many of our so called leaders of our Community, act the way it should be and get some results.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക