Image

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (Chackos@5018chestnut Avenue.com- ജെയിന്‍ ജോസഫ്)

ജെയിന്‍ ജോസഫ് Published on 08 May, 2015
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (Chackos@5018chestnut Avenue.com- ജെയിന്‍ ജോസഫ്)
ചാക്കോസ് : ഒരു അമേരിക്കന്‍ മലയാളി  കുടുംബം 
      ഭര്‍ത്താവ്:  അനില്‍ ചാക്കോ, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ 
      ഭാര്യ:  നീന ചാക്കോ, ഹൌസ് വൈഫ് 
      മകള്‍:  ലിയ, പതിനൊന്നു വയസ്, 
      മകന്‍:  റോഷന്‍ , നാലുവയസ്  

'അനീ, എടുക്കല്ലേ, ഒരു മിനിറ്റ്, പ്ലീസ്.'
ഡൈനിംഗ് ടേബിളില്‍ ഒരു പാത്രത്തില്‍ ആവി പറക്കുന്ന പുട്ട്, മറ്റൊരു പാത്രത്തില്‍ കറിവേപ്പില കൊണ്ട് അലങ്കരിച്ചിരിക്കുന്ന കടലക്കറി, ചെറിയ കഷ്ണങ്ങളായി വറുത്തെടുത്ത പപ്പടം, ഒരു പടലപ്പഴം. ശനിയാഴ്ച രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്! പതിവില്ലാത്ത ഈ കാഴ്ച കണ്ട് ആക്രാന്തം മൂത്ത് പുട്ടെടുത്തടിക്കാന്‍ തുടങ്ങിയ എനിക്കാണ് നീനയുടെ വിലക്ക്.
നീന ക്യാമറയുമായെത്തി. പല ആംഗിളുകളില്‍ മേശപ്പുറത്തെ വിഭവങ്ങളെ മോഡലുകളാക്കി. 'ക്ലിക്ക്, ക്ലിക്ക്.' 'ഇനി കഴിച്ചോ.' നീന പച്ചക്കൊടി കാണിച്ചു.
സംഭവമിതാണ് ഈ പുട്ട് എന്റെ വയറ്റിലെത്തും മുമ്പ് ഫേസ്ബുക്കിലൂടെ ജനലക്ഷങ്ങളുടെ അടുത്തെത്തും ആവി സഹിതം! ഈയടുത്തിടയ്ക്ക് എന്തോ ഉണ്ടാക്കിയതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ ലൈക്കുകളുടെ എണ്ണമാണ് നീനയുടെ പ്രചോദനം. ഒരു ബ്രൈഡ് ടോസ്റ്റ് ചെയ്തു കഴിക്കണമെങ്കില്‍ പോലും ആദ്യം നീനയുടെ ക്യാമറക്കണ്ണുകളില്‍ കൂടി കടക്കേണ്ട അവസ്ഥ. എനിക്കിത് തീരെയങ്ങോട്ട് 'ലൈക്ക്' ആവുന്നില്ല. നീനയുടെ അമിതമായ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആസക്തിയാണ് എന്നെ സോഷ്യല്‍ നെറ്റ് വര്‍ക്ക് വിരോധിയാക്കിയത്. എവിടെയെങ്കിലും പോയാല്‍ എടുക്കുന്ന ഫോട്ടോകളൊക്കെ ഫോസ്ബുക്കിലിടാന്‍ വേണ്ടി മാത്രമായിരിക്കുന്നു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ നാട്ടുകാരെ അറിയിക്കേണ്ട കാര്യമുണ്ടോ? ഈ ഫോട്ടോകള്‍, ഓര്‍മ്മകള്‍ ഒക്കെ നമ്മുടെ സ്വകാര്യതയല്ലേ..... ഇത് എന്റെ ആത്മഗതമാണ്. ഇതുറക്കെ പറഞ്ഞപ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ വലിയ വഴക്കുണ്ടായിട്ടുണ്ട്.
എനിക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. ഫേസ്ബുക്കിന്റെ തുടക്കകാലത്ത് ഉണ്ടാക്കിയതാണ്. എന്നാല്‍ അതിനുശേഷം ഒരു ഫേസ്ബുക്ക് യൂസര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളൊന്നും ഞാന്‍ ചെയ്തില്ല. എപ്പോഴൊക്കെയോ നോക്കിയപ്പോള്‍ കുറെയേറെ മേസേജുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍! എവിടയൊക്കെയോ എന്തൊക്കെയോ ക്ലിക്ക് ചെയ്തു ആരെയൊക്കെയോ ഫ്രണ്ട്‌സ് ആക്കി. പിന്നെ ഒരിക്കല്‍ നാട്ടില്‍ നിന്ന് പപ്പ വിളിച്ചപ്പോള്‍ പറഞ്ഞു. പേരപ്പന്റെ മകനെ ഞാന്‍ ഫേസ്ബുക്കില്‍ ബ്‌ളോക്ക് ചെയ്തു പോലും. ഞാനവനെ എന്തോ ചീത്ത പറഞ്ഞപോലെയായിരുന്നു പപ്പയുടെ സംസാരം. അതോടെ നിര്‍ത്തിയതാണ് ഫേസ്ബുക്ക് ഉപയോഗം. ഇപ്പോള്‍ ഒരു പുതിയ പാരയുണ്ട്; വാട്ട്‌സാപ്പ്. നീന പറയുന്ന വിശേഷങ്ങളിലെല്ലാം വാട്ട്‌സാപ്പാണ്. നീനയുടെ വീട്ടുകാരും, കൂട്ടുകാരും, ഞാനൊഴികെയുള്ള എന്റെ വീട്ടുകാരുമൊക്കെ വാട്ട്‌സാപ്പിലുണ്ട് പോലും. നീനയുടെ തറവാട്ടിലെ മാവില്‍ പണ്ട് കല്ലെറിഞ്ഞവരുടെ ഗ്രൂപ്പില്‍ പോലും നീനയുണ്ട്.
ഞാന്‍ മനസ്സിലാക്കിയിടത്തോളം, തമാശകള്‍ ഫോര്‍വേര്‍ഡ് ചെയ്യലാണ്. വാട്ട്‌സാപ്പുകാരുടെ പ്രധാന വിനോദം. ഇന്ത്യയില്‍ നിന്നാണ് തമാശകള്‍ ഉത്ഭവിക്കുന്നത്. ഏതായാലും നാട്ടുകാരുടെ ഹ്യൂമര്‍സെന്‍സ് കൂടാന്‍ വാട്ട്‌സാപ്പ് കാരണമായിട്ടുണ്ടെന്നാണ് നീനയുടെ വാദം. പുട്ടും കടലയും ഉഗ്രന്‍. ഫേസ്ബുക്കിനു നന്ദി.
'അനീ ഇതു നോക്കിക്കേ, പപ്പ വാട്ട്‌സാപ്പില്‍ അയച്ചതാ. അടിപൊളി സര്‍ദാര്‍ ജോക്‌സ്'.
നേരെ നോക്കി രണ്ട് തമാശ വര്‍ത്തമാനം പറയാത്ത എന്റെ പപ്പയാണ് വാട്‌സാപ്പില്‍ സര്‍ദാര്‍ ജോക്‌സ് അയച്ച് കളിക്കുന്നത്. അപ്പന്‍മാരൊക്കെ വല്ലാതെ ന്യൂജനറേഷന്‍ ആയിപ്പോകുന്നോ എന്നൊരു സംശയം!
'നീനാ, നീ സ്വന്തമായിട്ട് ഒരു തമാശ പറ, ഞാന്‍ ചിരിക്കാം.
എനിക്കീ റെഡിമെയ്ഡ് തമാശകള്‍ കേട്ട് മടുത്തു.'
'എനിക്ക് തല്‍ക്കാലം ഈ തമാശകളൊക്കെ മതി. സാറ് രാവിലെ ബാഗും തൂക്കി പോയാല്‍ വരുന്നതുവരെ എനിക്കീ വാട്‌സാപ്പും ഫേസ്ബുക്കുമൊക്കെയാ കൂട്ട്.'
നീന ഈ പറഞ്ഞതില്‍ വലിയ തത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്കുകള്‍ ആണ് ഇന്നത്തെ ക്രമസമാധാനം നിശ്ചയിക്കുന്നതെന്ന് അറിയാനുള്ള വിവേകവും എനിക്കുണ്ട്....
നീന, ചായ ബാക്കിയുണ്ടോ?
പുറത്ത് തണുപ്പ് കൂടി വരുന്നു. ഫാരന്‍ ഹീറ്റില്‍ ഇരുപതാണ് താപനില; അതായത് ഏതാണ്ട് മൈനസ് ആറുഡിഗ്രി സെല്‍ഷ്യസ്. ഇന്ത്യവിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫാരന്‍ഹീറ്റില്‍ നിന്നും സെല്‍ഷ്യസിലേക്ക് ആക്കിക്കൊടുത്താലേ പാവം പ്രവാസി തലച്ചോറിന് തണുപ്പിന്റെ തീവ്രത മനസ്സിലാവൂ.
കോഫീ ടേബിളില്‍ മലയാള പത്രം കിടക്കുന്നു. ആഴ്ചയിലൊരിക്കലുള്ള പത്രം ഏതാണ്ട് വെള്ളിയാഴ്ചയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ഈയിടെയായി മലയാളം പത്രവായന അസുഖകരമായ കാര്യമായി മാറിയിരിക്കുകയാണ്. കാരണമിതാണ്, ഒരാഴ്ച കേരളത്തില്‍ നടന്ന കത്തിക്കുത്തുകള്‍, കൊലപാതങ്ങള്‍, ആത്മഹത്യകള്‍, അപകടങ്ങള്‍ തുടങ്ങിയതെല്ലാം സംഗ്രഹിച്ചിരിക്കുകയാണ് ഈ പത്രത്തിന്റെ പകുതിയിലേറെ താളുകളിലായി. ബാക്കിയുള്ളതില്‍ അമേരിക്കയിലെ കിഴക്കുതൊട്ട് പടിഞ്ഞാറുവരെയുള്ള മലയാളി അസോസിയേഷനുകളുടെ ശക്തി പ്രകടനങ്ങളും, പൊന്നാട പ്രഹസനങ്ങളും! എന്നെപ്പോലെയുള്ള ഒരു സാധാരണ പ്രവാസിക്ക് മലയാള അക്ഷരങ്ങളുടെ വായനാ സുഖം മാത്രം!
'Reno, fetch'
റോഷന്‍ രാവിലെ മുതല്‍ റീനോയെ 'ഫെച്ച്' പഠിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ റിനോയുടെ താല്‍പ്പര്യം മുഴുവന്‍ റോഷന്‍ കൊടുക്കുന്ന ഡോഗ് ബിസ്‌ക്കറ്റിലാണ്. ഇടയ്ക്ക് ബോളിന്റെയടുത്ത് ചെന്ന് മണക്കുന്നതല്ലാതെ റോഷന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് റീനോയ്ക്ക് ഒരൈഡിയയും കിട്ടിയിട്ടില്ല.
'Roshy, give him a break, he looks tired'
റീനോ വന്നതില്‍പിന്നെ റോഷന് നല്ല നേരമ്പോക്കാണ്. ഒരു പട്ടിയെ വളര്‍ത്തുക എന്നത് എന്റെ അമേരിക്കന്‍ ഡ്രീമില്‍ ഉള്ള കാര്യമല്ലായിരുന്നു. റീന പൂര്‍ണ്ണ ഉത്തരവാദിത്വമെടുത്തതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് തന്നെ.
ആദ്യ രണ്ട് മാസം തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു റീനോയുടേത്. കാര്‍പ്പെറ്റ് വൃത്തിക്കേടാക്കലും, കാണുന്നതെല്ലാം കടിച്ചുകീറി നശിപ്പിക്കലും തുടങ്ങി മൊത്തമായി അക്രമമായിരുന്നു. ഈ പട്ടിയെ വളര്‍ത്തലിന്റെ ഗുണമെന്താണെന്ന് ഞാന്‍ സംശയിച്ച ദിവസങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കാര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു. പ്രാഥമിക കൃത്യങ്ങള്‍ ബാക്ക് യാര്‍ഡില്‍ തന്നെ നിര്‍വ്വഹിക്കുന്നു; ഷൂസ് കടിക്കലും കുറഞ്ഞിട്ടുണ്ട്. വൈകീട്ട് ഓഫീസില്‍ നിന്ന് എത്തുമ്പോള്‍ എന്നെ സ്വീകരിക്കുന്നത് റീനോയാണ്. എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്‌നേഹപ്രകടനങ്ങള്‍. നിബന്ധനകളില്ലാത്ത ആ സ്‌നേഹത്തിനു മുമ്പില്‍ ഞാനും കീഴടങ്ങിത്തുടങ്ങുന്നോ എന്നൊരു സംശയം. റോഷന്‍ മുട്ടില്‍ നടന്ന് ബോള്‍ ഫെച്ച് ചെയ്യേണ്ടതെങ്ങനെയെന്ന് റീനോയ്ക്ക് കാണിച്ചു കൊടുക്കുന്നു. ലിയയെ കാണുന്നില്ല. മുറിയിലാണെന്ന് തോന്നുന്നു. ഈയിടയായി മുറിയിലിരിപ്പ് കൂടുന്നുണ്ട്്. ടീനേജിലേക്ക് അടുത്തതിന്റെ ലക്ഷണം. വാതില്‍ അടച്ചിരിക്കുന്നു. മുട്ടിയേക്കാം ഇനി അതിന്റെ പേരില്‍ ഒരു ബഹളം വേണ്ട.
'Can I Come in'?
'Why?'
'Just want to talk to you'
കുറച്ചുസമയത്തെ കാത്തുനില്‍പ്പിനു ശേഷം മുറി തുറക്കപ്പെട്ടു.
ഡോറയും, മിക്കിമൗസും, സിന്‍ഡ്രല്ലയുമൊക്കെ അലങ്കരിച്ചിരുന്ന ഭിത്തികളില്‍ വണ്‍ ഡയറക്ഷന്‍, ടെബിബെയേര്‍സും നിരന്നിരുന്ന ഷെല്‍ഫുകളില്‍, മേക്കപ്പ് സാമഗ്രികള്‍! നിലത്ത് അവിടിവിടെയായി കിടക്കുന്ന ഹെഡ്ബാന്‍ഡുകള്‍.
'Liya, pick up these head bands'
'Dad, that's not a head band, it's a scrunchy'
ലിഫ്റ്റിനെ എലിവേറ്ററെന്നും, പെട്രോളിനെ ഗ്യാസെന്നും, ഫഌറ്റിനെ അപ്പാര്‍ട്ട്‌മെന്റെന്നും, ഹെഡ്ബാന്റിനെ സ്‌ക്രഞ്ചിയെന്നും വിളിക്കണം.
പ്രവാസി എന്നും വിദ്യാര്‍ത്ഥി തന്നെ!
Dad, can I have instagram? Everyone in my class have it.
'Mom is not letting me. can you tell her, please?'
'If mom says no, then it's a No, Liya.'
'You guys don't understand, everyone has it, 1'm so let left out.'
ആരോഗ്യകരമായ ഒരു സംഭാഷണത്തിന് പറ്റിയ സമയമല്ല ഇതെന്ന് എനിക്കറിയാം. മുറിയില്‍ കയറി വന്നത് അബദ്ധമായിപ്പോയി എന്ന് തോന്നുന്നു. തക്ക സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്. തല്‍ക്കാലം രക്ഷപ്പെട്ടു. ഫോണില്‍ പരിചയമില്ലാത്ത ഒരു സ്വരം.
്'അനില്‍ ചാക്കോ, ഹൗ ആര്‍ യൂ'?
സ്വരം കേട്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒടുവില്‍ ആള്‍ സ്വയം പരിചയപ്പെടുത്തി. പഴയ സ്‌ക്കൂള്‍ മേറ്റ്, ക്ലാസ് മേറ്റ്, ജേക്കബ് വര്‍ഗീസ്, ബാംഗ്ലൂര്‍ ജോലി ചെയ്തിരുന്നപ്പോള്‍ ജേക്കബ്ബും അവിടെത്തന്നെ വേറൊരു കമ്പനിയില്‍ ഉണ്ടായിരുന്നു. ബാംഗഌര്‍ വിട്ടതില്‍ പിന്നെ തമ്മില്‍ കോണ്‍ടാക്ട് നഷ്ടപ്പെട്ടു.
തന്നെയൊന്ന് കണ്ടുപിടിക്കാന്‍ എത്ര കഷ്ടപ്പെട്ടെന്നോ? ഫേസ്ബുക്കില്‍ പ്രൊഫൈല്‍ കണ്ടുപിടിച്ചു. ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് മാസങ്ങളായി. പിന്നെ ഈയിടെ സ്‌ക്കൂളിലെ അഡ്രസ് ബുക്ക് നോക്കി അനീഷാണ് തന്റെ നാട്ടിലെ നമ്പര്‍ തന്നത്. ഇന്ന് വീട്ടില്‍ വിളിച്ചു. പപ്പയാണ് ഇവിടത്തെ നമ്പര്‍ തന്നത്്.
'അനീഷ്, എവിടെയുണ്ട്?' ഞാന്‍ ചോദിച്ചു.
'അവന്‍ ഷിക്കോഗോയില്‍ ഉണ്ട്.'
അരമണിക്കൂര്‍ നീണ്ട സംസാരത്തില്‍ ഞങ്ങള്‍ വര്‍ഷങ്ങളുടെ കഥ ചുരുക്കിപ്പറഞ്ഞു. ജേക്കബ്ബ് കുടുംബമായി സാന്‍ഫ്രാന്‍സിസ്‌കോയിലാണ്. ഞങ്ങളുടെ ക്ലാസിലെ വേറെ പലരും ഇവിടെ യുഎസ്സിലുണ്ടെത്ര. ഞങ്ങളുടെ ക്ലാസിന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടെന്നും, ഞാനും മറ്റു ചിലരുമൊഴികെ ബാക്കിയെല്ലാവരും അതിലുണ്ടെന്നും ജേക്കബ്ബ് അറിയിച്ചു.
പലപ്പോഴും പഴയ കൂട്ടുകാരെപ്പറ്റി ഓര്‍ക്കും, പിന്നെ ജീവിതത്തിന്റെ ഒഴുക്കില്‍ മറക്കും. പഴയ സൗഹൃദത്തിന്റെ ഒരു പുതിയ ലോകം എന്നെ വിളിക്കുന്നതുപോലെ.
ഈ വാട്ട്‌സാപ്പ് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ മൊബൈല്‍ നമ്പര്‍ ആണോ വേണ്ടത്?
എന്റെ ചോദ്യം കേട്ട് നീന ചിരിച്ചു. അര്‍ത്ഥഗര്‍ഭമായി!
രാത്രിയായപ്പോഴേക്കും നീനയുടെ പുട്ടും കടലയ്ക്കും ഫേസ്ബുക്കില്‍ നൂറില്‍പ്പരം ലൈക്കു കിട്ടി. ലിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി രണ്ടു മണിക്കൂര്‍ കൊണ്ട് അറുപത് ഫോളോവേഴ്‌സിനെ സമ്പാദിച്ചു. റോഷന്‍ എറിഞ്ഞ ബോള്‍ റീനോ നാലു പ്രാവശ്യം വിജയകരമായി ഫെച്ച് ചെയ്തുകൊണ്ടുവന്നു. ഞാന്‍ വാട്ട് സാപ്പില്‍ ഞങ്ങളുടെ ഫാമിലിയുടെ ഗ്രൂപ്പുകളിലും ക്ലാസ്‌മേറ്റ്‌സിന്റെ ഗ്രൂപ്പുകളിലും ജോയിന്‍ ചെയ്തു.
പിന്നെ ഫേസ്ബുക്കില്‍ അറിയാതെ ഞാന്‍ ബ്ലോക്ക് ചെയ്ത പേരപ്പന്റെ മകന് ഫ്രണ്ട് റിക്വസ്റ്റും അയച്ചു.

ശുഭം

കടപ്പാട്  : മലയാളി  മാഗസിന്‍ , March

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (Chackos@5018chestnut Avenue.com- ജെയിന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക