Image

ഭൂമിയിലെ മാലാഖമാര്‍ ( വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 20 May, 2015
ഭൂമിയിലെ മാലാഖമാര്‍ ( വാസുദേവ് പുളിക്കല്‍)
(1998-ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

കേരളത്തില്‍ നിന്നുള്ള അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ ഇവിടെ എത്തിയ വനിതകളില്‍ ഭൂരിപക്ഷവും നേഴ്‌സുമാരായിരുന്നു. പുതിയൊരു ജീവിതം കെട്ടിപ്പടുക്കണമെന്ന സ്വപ്നവുമായി  അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇവരെ അമേരിക്കയിലെ ആര്‍ഭാടജീവിതമോ പാശ്ചാത്യ പരിഷ്‌ക്കാരമോ ആകര്‍ഷിച്ചില്ല. കുടുംബം, തറവാട്ടു മഹിമ, അവരുടെ പാരമ്പര്യം മുതലായവക്കനുസൃതമായ ഒരു ജീവിത രീതി ആവിഷ്‌ക്കരിക്കുന്നതിലാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്. തന്‍മൂലം അവര്‍ക്ക് കുടുംബ ഭദ്രത ഉറപ്പു വരുത്താനും പില്‍ക്കാലത്ത് നല്ലൊരു ശതമാനം കേരളീയ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയുടെ സമ്പത്ത് നുകരാനും അമേരിക്കന്‍ മലയാളികള്‍ എന്ന് അവകാശപ്പെടാനുള്ള അവസരമൊരൊക്കാനും സാധിച്ചു. അത് അഭിമാനിക്കാവുന്ന കാര്യമാണ്.  

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതയായ കേരളത്തിന്റെ മനോഹാരിതക്ക് വിവിധ തരത്തിലുള്ള ബാഹ്യമോടിയോടുകൂടി പണിതുയര്‍ത്തിയിട്ടുള്ള മനോഹര ഹര്‍മ്മ്യങ്ങള്‍ മാറ്റു കൂട്ടുന്നു. വിദേശനാണ്യങ്ങള്‍ കേരളത്തിലേക്കൊഴുകുന്നത് പുരോഗതിക്കുള്ള മുഖ്യകാരണമാണ്. പ്രകൃതിയില്‍ പ്രതിഭാസിക്കുന്ന മനോഹരങ്ങളായ കാഴ്ചകള്‍ക്കിടയില്‍ കേരളത്തിലുടനീളം ഉയര്ന്നു കാണുന്ന മോടിയും പുതുമയുമുള്ള കെട്ടിടങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. ഈ മാറ്റത്തിന് മുഖ്യ പങ്കു വഹിച്ച ഭുമിയിലെ മാലാഖമാര്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന നേഴ്‌സുമാര്‍ അഭിനന്ദിക്കപ്പെടുന്നതിനു പകരം പലപ്പോഴും അവഹേളിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്.  അവര്‍ അവഗണിക്കപ്പെടുകയും അവരുടെ സേവനത്തിന്റെ മഹത്വം അംഗീകരിക്കപ്പടാതിരിക്കുകയും ചെയ്യുന്നു. 

ആതുരസേവനത്തിന് ഇറങ്ങിത്തിരിച്ചവര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സേവനപാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി ഡോളറിന്റെ് പിന്നാലെ പായുന്നു എന്ന ആരോപണം പലപ്പോഴും ഉന്നയിച്ചു കാണാറുണ്ട്. ഇവര്‍ ചെയ്യുന്ന ജോലിക്ക് ഭേദപ്പെട്ട വേതനം ലഭിക്കുന്നതുകൊണ്ട് സാമാന്യം ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നു. അതുകൊണ്ട് ഇവര്‍ തങ്ങളുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന നിഗമനത്തില്‍ വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുത്തു വിടേണ്ടതില്ല. ഇവരുടെ നേര്‍ക്ക് അഴിച്ചു വിടുന്ന ഇത്തരം വിമര്‍ശനങ്ങളേയും  ദുഷ്പ്രചരണങ്ങളേയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടിയിരിക്കുന്നു. 

ആര്‍ഷ സംസ്‌കാരത്തിന്റെ കെട്ടുറപ്പുള്ള കുടുംബത്തിന്റെ മാഹത്മ്യം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള ഇവര്‍ കുടുംബസ്‌നേഹത്തിന്റെ പ്രതീകങ്ങളാണെന്ന് സ്വയം തെളിയിച്ചുകൊണ്ട് നൈതിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആദര്‍ശപരമായ ജീവിതം നയിക്കുന്നു. ഇവരുടെ സ്വഭാവ നൈര്‍മ്മല്യം ഭൂമിയിലെ മാലാഖമാര്‍ എന്ന വിശേഷണത്തിന് ഇവരെ അര്‍ഹരാക്കുന്നു. വിശുദ്ധിയുടെ പ്രതീകമായ 'മാലാഖ' എന്ന് പേരിട്ട് ഇവരെ വിളിക്കാമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. മനുഷ്യര്‍ ചെയ്യൂന്ന പ്രവൃത്തിയുടെ മഹത്വവും പവിത്രതയും   ആത്മര്‍ത്ഥതയുമാണ് അവരെ വിശുദ്ധരാക്കുന്നത്. വിവാഹത്തിനു ശേഷവും തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ ഒരംശം ജനിച്ച കുടുംബത്തിന്റെ അഭിവൃദ്ധിക്കും സഹോദരി സഹോദരന്‍മാരുടെ ഉന്നമനത്തിനും ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ ദുരിത നിവാരണത്തിനും വേണ്ടി ചിലവഴിക്കുന്ന ഇവരില്‍ ജീവകാരുണ്യം തുളുമ്പി നില്ക്കുന്നു. കുടുംബത്തില്‍ ഒരു നേഴുസ് ഉണ്ടാകുന്നത് മാനക്കേടായി കരുതുന്ന ദുരഭിമാനികളായ ബന്ധുക്കളും ഇവര്‍ വച്ചു നീട്ടുന്ന സഹായം ഒരു മടിയും കൂടാതെ കൈപ്പറ്റുന്നുണ്ട്. പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ കൂരായണ എന്നു പറയുന്നതുപോലെ ഇവരുടെ കാരുണ്യം കൊണ്ട് ഇവിടെ എത്തിയിട്ടുള്ളവരില്‍ പലരും ഡോളറിന്റെ കുമ്പാരത്തിന് മുകളില്‍ ഇരുന്നു കൊണ്ട് ഇവരെ തള്ളിപ്പറയുമ്പോഴും അത് സഹിക്കാനും ക്ഷമിക്കാനുമുള്ള ഹൃദയ വിശാലതയും ഇവര്‍ക്കൂണ്ട്. 

ഇവരില്‍ പലരും സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നു വീണവരെല്ലെന്നു കരുതി മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ ആരുടേയും പിന്നിലല്ല. ജന്മം കൊണ്ട് ആര്ക്കും ബ്രഹ്മജ്ഞാനം കൈവരിക്കാന്‍ സധിക്കുകയില്ല എന്നത് സത്യമായിരിക്കുന്നതു പോലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു എന്ന കാരണം കൊണ്ട് മാനുഷിക മൂല്യങ്ങളോ സംസ്‌കാരമോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതിനൊക്ക ആധാരം മനസ്സിലെ നന്‍മയും  കുടുംബ പാരമ്പര്യവുമാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ചത് ഒരു മിടുക്കായി കരുതി സാമ്പത്തീകമായി പരാധീനതയുള്ള കുടുംബത്തില്‍ ജനിച്ചവരെ പരിഹസിക്കുമ്പോള്‍ അവര്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന ദൈവ വചനത്തില്‍ നിന്ന് എത്രയോ അകന്നു   പോയിരിക്കുന്നു. നിഷ്‌ക്കളങ്കരായ നേഴുമാരെ കുറിച്ച് കഥകളും കവിതകളും എഴുതി അവരുടെ വികാരങ്ങളെ കുത്തി നോവിച്ച് രസിക്കുന്ന സാഡിസ്റ്റുകള്‍ അവര്‍ ചെയ്യുന്നത് പാപമാണെന്നു ധരിക്കേണ്ടതാണ്. കഥാപാത്രങ്ങള്‍ എപ്പോഴും സാഹിത്യകാരന്റെ ഭാവനാസൃഷ്ടികളാണെന്നും ഈ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരേയോ മണ്‍മറഞ്ഞവരേയോ പ്രതിനിധീകരിക്കുന്നില്ലെന്നും രചനയുടെ പ്രതിപാദ്യം ഭാവനയില്‍ രൂപം കൊണ്ടിട്ടുള്ളത് മാത്രമാണെന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ സത്യം സത്യമല്ലാതാവുകയില്ല, സത്യത്തിന്റെ മുഖം എന്നന്നേക്കും മറച്ചു വയ്ക്കാനും സാധിക്കില്ല.

ചാരിത്രനിഷ്ഠക്ക് കളങ്കം വരുത്താതെ സന്‍മാര്‍ഗ്ഗികതയില്‍ അടിയുറച്ചു നില്‍ക്കുന്ന കേരളീയവനിതകള്‍ സ്വധര്‍മ്മത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നവരല്ല. പ്രതികൂലസാഹചര്യങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും മുഖത്ത് വേദനയുടെ പുഞ്ചിരിയുമായി അവര്‍ കര്‍ത്തവ്യനിരതരാകുന്നു. നേഴ്‌സുമാര്‍ ആതുരസേവനത്തില്‍ മത്രമല്ല, സാമൂഹ്യപ്രവര്‍ത്തനം, സാഹിത്യം മുതലായ രംഗങ്ങളിലും സ്വന്തം പ്രതിഭ തെളിയിക്കുന്നുണ്ട്. 

അമ്മ, ഭര്യ, കുടുംബിനി എന്നീ നിലകളിലും അവര്‍ അവരുടെ വ്യക്തിത്വത്തിന് ശോഭ നല്‍കുന്നു. റോസാപുഷ്പം മനോഹരമാണ്, ദളങ്ങള്‍ മൃദുലമാണ്. പക്ഷെ തണ്ടില്‍ കൂര്‍ത്തുമൂര്‍ത്ത മുള്ളുകളുണ്ട്. 

റോസാപ്പുക്കളിറുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കയ്യില്‍ മുള്ള് തറച്ച് വേദനിക്കും. റോസാപുഷ്പ്പങ്ങള്‍ പോലെ മനോഹരമാണ് ഈ ലോകവും. പക്ഷെ ചതിക്കുഴികളും അപകടങ്ങളും  മറഞ്ഞിരിപ്പുണ്ട്. ആ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കുട്ടികള്‍ക്ക് അമ്മ മുന്നറിയപ്പു നല്‍കുന്നു. കുട്ടികളുടെ സംരക്ഷണയില്‍ അമ്മയെപ്പോലെ കരുതല്‍ ഉള്ളവര്‍ മാറ്റാരുമില്ല. നിസ്തുലസ്‌നേഹത്തിന്റെ പ്രതീകമായ അമ്മ ദേവതയാണ്, പൂജാര്‍ഹയാണ്. കുചേലന്‍ നല്‍കിയ അവില്‍പ്പൊതിയില്‍ നിന്ന് കൃഷ്ണന്‍ അവില്‍ വാരുന്നത് തുടരുന്നതിനെ തടഞ്ഞ് കാര്യത്തിന്റെ ഗൗരവം രുഗ്മിണി കൃഷ്ണനെ ഓര്‍മ്മപ്പെടുത്തി ഭാര്യാധര്‍മ്മം നിര്‍വ്വഹിച്ചതു പോലെ ഹൃദ്‌രോഗിയായ ഭര്‍ത്താവിന്  മദ്യപാനത്തിന് ഭാര്യ വിലക്കു കല്പിക്കുന്നത് കര്‍ത്തവ്യനിര്‍വ്വഹണം മാത്രമാണ്, അല്ലാതെ ഭര്‍ത്താവിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കലല്ല. ഭര്‍ത്താവ് ഭാര്യയുടെ ഉദ്ദേശ്യശുദ്ധി  മനസ്സിലാക്കി പെരുമാറുന്നത് പേടിച്ചിട്ടല്ല. ഭാര്യയെ പേടി എന്നൊരു പ്രയോഗം തന്നെ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഉണ്ട്. ഇത് പ്രചരിപ്പിക്കുന്ന പരദൂഷണവീരന്‍മാര്‍ പലരും ഭാര്യയുടെ ചിലവില്‍ കൊല്ലങ്ങളോളം കഴിഞ്ഞവരാണെന്നുള്ളത് വിരോധാഭാസമാണ്. അല്ലെങ്കില്‍ സ്വന്തം അനുഭവങ്ങളെ അവര്‍ വെളിപ്പെടുത്തിയതാകാം. നേഴ്‌സായ ചേച്ചിയിടേയോ, ഇളയമ്മയടേയോ സഹായം കൊണ്ട് എത്തിയവര്‍ 'ഞാനൊരു നേഴ്‌സിനെ കല്യാണം കഴിക്കയില്ല' എന്ന് വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട് . എന്നിട്ടും അവസാനം നേഴ്‌സിനെ തന്നെ കല്യാണം കഴിച്ച് ഞനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ നടക്കുന്നത് നമ്മള്‍ ഈ സമൂഹത്തില്‍ കണ്ടിട്ടുണ്ട്. ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

നേഴ്‌സുമാരെ അഭിനന്ദിക്കാന്‍, അവരെ അംഗീകരിക്കാന്‍ നേഴ്‌സിംഗ് എന്ന പ്രൊഫഷന് മാന്യതയും കീര്‍ത്തിയും നേടിക്കൊടുത്ത ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്‍മദിനം സമാഗതമാകുന്ന ഈ വേളയില്‍ ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി നേഴ്‌സുമാര്‍ക്കും ഈ ലഘു ലേഖനം സമര്‍പ്പിക്കുന്നു. ഈ വിശിഷ്ട ദിവസത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുന്നതിന്റെ അനിവാര്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. 

ഭൂമിയിലെ മാലാഖമാര്‍ ( വാസുദേവ് പുളിക്കല്‍)
Join WhatsApp News
vayanakaran 2015-05-21 15:02:24
പണ്ട് എഴുതിയ ലേഖനങ്ങളുമായി പുരുഷന്മാർ എഴുതിയെങ്കിലും ഒരു വനിതാ നേഴ്സിന്റെ
രചന ഒന്നും കണ്ടില്ല.
A.C.George 2015-05-21 18:17:16
Mr. Vasudev, even though this was written in 1998, it is filled with true facts and ever green for the truth seeking people. Thanks for the reminder during this Nurses' day-week and month.of 2015
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക