Image

നാഭിയില്‍ ഒരു ഭൂപടം (കവിത : ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 14 June, 2015
 നാഭിയില്‍ ഒരു ഭൂപടം (കവിത : ജോസഫ് നമ്പിമഠം)
ഫ്രൈഡേ നൈറ്റിന്റെ ലഹരിയില്‍ 
ബാക് യാഡിന്റെ ഏകാന്തതയില്‍ 
മാനം നോക്കി ഞാന്‍ 

മരുത്വാ മല കയ്യിലേന്തി 
വെളുത്ത ഹനുമാന്‍ മേഘങ്ങള്‍
ദ്രുതഗതിയില്‍ നീങ്ങുന്നു 
അതില്‍ നിന്നു വീണു കുരുത്ത മലയാണ്മ 
എന്റെ ചെടിച്ചട്ടികളില്‍...
 
മഞ്ഞ പൊക്കിള്‍ക്കുഴി കാട്ടി 
വെളുത്ത ദലങ്ങളുമായി   
മാദകത്വത്തിന്റെ ചെന്പകപ്പൂക്കള്‍ 
പൈങ്കിളി കഥയിലെ പനിനീര്‍പ്പൂക്കള്‍  
നൊസ്റ്റാള്‍ജിയയുടെ കറിവേപ്പിലകള്‍ 
ഗ്രാമീണതയുടെ മുരിങ്ങപ്പൂക്കള്‍ 
ഉത്തരാധുനികതയുടെ ഓര്‍ക്കിഡ്ഡുകള്‍...

മാനത്തു 
മാജിക് റിയലിസത്തിന്റെ അരങ്ങേറ്റം 
നാഭിയില്‍ ലോക ഭൂപടം പച്ചകുത്തിയ 
വെള്ളക്കാരി യുവതിയെപ്പോലെ  
കാര്‍മേഘങ്ങള്‍ക്ക് നടുവില്‍
ചിരിച്ചു കൊണ്ട് മുഴു തിങ്കള്‍...

രണ്ടു കരിമേഘങ്ങള്‍ 
കരുത്തരായ കറുത്ത യുവാക്കളെപ്പോലെ, 
സ്പാനിഷ് കാളപ്പോരുകാരെപ്പോലെ 
ഇരുവശത്ത് നിന്നും 
ഏറ്റുമുട്ടാനൊരുങ്ങുന്നു

കറുത്ത മേഘങ്ങള്‍ 
കൊന്പു   കോര്‍ത്ത് 
ചോര വാര്‍ന്നൊഴുകി 
വേര്‍പെട്ടപ്പോഴും...

ലോക ഭൂപടം പച്ച കുത്തിയ നാഭി, 
കൊളോണിയല്‍ തുടകളുടെ 
സുരക്ഷിതത്വത്തിനുള്ളിലൊളിപ്പിച്ച്
ചിരിച്ചു കൊണ്ടേയിരിക്കുന്ന മുഴുതിങ്കള്‍
 
ഏകാന്തതയുടെ ശതവത്സരം* ധ്യാനിച്ച് 
മക്കോണ്ടയിലെ
വാഴത്തോട്ടങ്ങള്‍ക്ക്  മുകളിലൂടെ 
ഒരൊറ്റയാന്‍ മേഘമായി ....
പിന്നെ അതിനെ ഭുമിയില്‍ നിന്ന് 
തുടച്ചുമാറ്റുന്ന ചുഴലിക്കാറ്റായി.....

കൊമാലയുടെ**
വിജനമായ തെരുവുകളില്‍  
ഒരു പ്രേത മൌനമായി....
 
ആല്‍ക്കെമിസ്റ്റിന്റെ*** ലാബില്‍
അമര്‍ത്യതയുടെ രസായനം തേടി ...

ചരിത്രാതീത കിടങ്ങുകളില്‍  
ഒരു ദിനോസര്‍ മുട്ടയായി....

വാമനനായി, വരാഹമായി,
കൂര്‍മമായി, മത്സ്യമായി....
 
റിവേര്‍സ് ഗിയറില്‍ ഓടുന്ന  
പറക്കും തളികയായി....
 
ഭുമിയുടെ ഹരിത നാഭിയില്‍  
വീണ്ടും 
പുനര്‍ജ്ജനിയുടെ ദ്രോണം തേടി 
ആഴ്ന്നിറങ്ങുന്ന നാരായ വേരായി.........

*1 One  Hundred  Years of Solitude  Gabriel Garcia Marquez
**2 കൊമാല  Juan Rulfo  യുടെ  Pedro Paramo  എന്ന നോവലിലെ പ്രേതനഗരം
***3 The  Alchemist   Paulo  Coelho 

 നാഭിയില്‍ ഒരു ഭൂപടം (കവിത : ജോസഫ് നമ്പിമഠം) നാഭിയില്‍ ഒരു ഭൂപടം (കവിത : ജോസഫ് നമ്പിമഠം)
Join WhatsApp News
വിദ്യാധരൻ 2015-06-15 08:16:52
ആകാശം നോക്കി ഇരുന്നാൽ 
കണ്ടീടാം പലവിധ കാഴ്ചകൾ 
കവിയാണേൽ പറയേം വേണ്ട 
കള്ളിന്റെ ലഹരിയുമായാൽ 
'ലിബിഡോ'യുടെ തള്ളലുംമായാൽ 
മോഹങ്ങൾ ചിറകു വിടർത്തും 
ദാഹത്തിൻ ഉറവകൾ പൊട്ടും 
കാർമേഘം പെണ്‍കൊടിയാകും 
കാർമുകിൽപോൽ മുടിയാകും
ഭാവനതൻ തൂലികയാൽ 
നെറ്റിത്തടവും നാസികയും 
ചോന്ന് തുടുത്ത കപോലവും
ചെഞ്ചൊണ്ടി അധരപുടങ്ങളും  
ആരും  പുണരാത്ത പൂമൊട്ടുകളും 
തഴുകി ഉണർത്തി താണ്ടി 
നാഭിചുഴിയുടെ തീരമതെത്തും. 
ചുഴിയുടെ ആഴം നോക്കി 
കവിയുടെ സമനില തെറ്റും 
തലചുറ്റും കാലുകൾ ഇടറും 
നാഭിക്കുഴി ഭൂപടമാകും 

വിദ്യാധരൻ 2015-06-15 09:14:35
"ആരും പുണരാത്ത പൂമൊട്ട് " എന്ന വരി ശ്രീകുമാരൻ തമ്പിയുടെ ഒരു ലളിതഗാനത്തിൽ നിന്ന് എടുത്തതാണ് എന്ന് മാന്യ വായനക്കാരെ സദയം അറിയിച്ചു കൊള്ളുന്നു. 

CID Moosa 2015-06-15 09:24:24
സാഹിത്യചോരണത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരെക്കുറിച്ച് പണ്ടേ സംശയമാണ്.  ഇങ്ങനെ ഓരോ എഴുത്തുകാരും എത്ര ശതമാനം മോഷണ വസ്തുക്കൾ അവരുടെ സൃഷ്ടിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയാൽ നന്നായിരുന്നേനെ. അല്ലെങ്കിൽ 

കള്ളനെ ഒരു നാൾ കിട്ടും 
കണ്ടാൽ ഉടനെ തട്ടും .
വായനക്കാരൻ 2015-06-15 11:31:45
കുടിയിൽ ഹരിശ്രീ എഴുതുന്നവരോട്
കുടിയനാശാന്മാർ ഉപദേശിക്കും 
‘മോനേ മിക്സ് ചെയ്യല്ല്’

അത് ഓർക്കാതെ
കടമ്മനിട്ടയുടെ കേരനീരും
അയ്യപ്പന്റെ പച്ചച്ചാരായവും
അന്തോണിയോ മക്കാഡോയുടെ
മധുര ഷെറി വീഞ്ഞും
കൊളമ്പിയൻ കരിമ്പു റമ്മും
കർണ്ണാടക ഒറ്റമാൾട്ട് അമൃതും 
ഒരുമിച്ചു നീറിപ്പടരുമ്പോൾ
സർ‌റിയൽ കാഴ്ചകൾ കണ്ണിലും
മാജിക്കൽ റിയലിസം മനസ്സിലും
പൂത്തുലയാതിരിക്കുമോ? 

കൂട്ടായടുത്തു നിന്ന പൂച്ചട്ടി
കവിതയിൽ പൂത്തുമറിഞ്ഞോ, അതോ
പങ്കുപറ്റി വാടിക്കരിഞ്ഞോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക