Image

'അധികാരത്തിന്റെ പെരുമാറ്റങ്ങള്‍'- (വാല്‍ക്കണ്ണാടി- കോരസണ്‍)

കോരസണ്‍ Published on 09 July, 2015
'അധികാരത്തിന്റെ പെരുമാറ്റങ്ങള്‍'- (വാല്‍ക്കണ്ണാടി- കോരസണ്‍)
'നിന്റെ ഒന്നും കീജേയ് വിളിയല്ല ആവശ്യം. ചിലര് തൊണ്ടകീറി സിന്ദാബാ വിളിക്കും, ഇവനൊന്നും പത്തു പൈസ കൊടുക്കില്ല. ചിലവന്മാര് ഹൈക്കമാന്റില്‍ വലിയ പിടിപാടാണ് എന്നു പറഞ്ഞു നടപ്പുണ്ട്, ഒക്കെ ഞാന്‍ കേന്ദ്രത്തില്‍ പറഞ്ഞോളാം. ഇവരൊന്നും ഒരു പൈസയും കൂടുതല്‍ കൊടുക്കില്ല.' ഒരു മറവും ഉളുപ്പുമില്ലാതെ ഒരു നേതാവു കുട്ടി നേതാക്കളുടെ യോഗത്തില്‍ പ്രസംഗിക്കുകയാണ്. ഈ സംവിധാനങ്ങള്‍ ഒക്കെ നിലനില്‍ക്കണമെങ്കില്‍ പണം വേണം; അതേ ഏറെ പണം! ഇതൊന്നും സംഘടിപ്പിക്കാനാവില്ലെങ്കില്‍ വെറുതെ നേതാവ് ചമഞ്ഞു നടന്നിട്ടു കാര്യമില്ല.' അദ്ദേഹം വളരെ പ്രായോഗീകമായി തന്നെ പറഞ്ഞു.

ആശയവും, ശിക്ഷണവും, സന്നദ്ധതയും, പ്രതിജ്ഞാബദ്ധതയും ഒന്നുമല്ല ഇന്നു പൊതു പ്രവര്‍ത്തകനെ തിളക്കമുള്ള നേതാവാക്കുന്നത്. ധനം, അത് എത്രകണ്ട് കൂട്ടാനുള്ള കഴിവ്, അത് എത്രത്തോളം എത്തേണ്ടിടത്ത് എത്തിക്കുക, ചുളിയില്ലാത്ത വസ്ത്രവും ധരിച്ച് പുളപ്പന്‍ കാറുകളില്‍ എത്തി ആരാധ്യരായി ചമയുക. കറപിടിച്ച് ഇന്ത്യന്‍, രാഷ്ട്രീയമായാലും, പ്രവാസി നേതാക്കള്‍ കടംകൊണ്ട പുത്തന്‍ പണ രാഷ്ട്രീയമായാലും, സാമുദായ നേതൃത്വമായാലും ഒക്കെ ഈ നിലവാരത്തിലേക്ക് തരം താണുകഴിഞ്ഞു. പൊതുജീവിതത്തില്‍ സ്വയം നഷ്ടപ്പെടുത്തി മണ്ടനാവാന്‍ ആരും തയ്യാറല്ല.

1961-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നടി പറഞ്ഞു, 'ലോകപൗരനെന്ന നിലയില്‍ ഉന്നതനിലവാരവും, ശക്തിയും, ത്യാഗവും. നിങ്ങളോട് ആവശ്യപ്പെടുന്നു, നല്ല മനഃസാക്ഷി മാത്രമാണ് നിങ്ങളുടെ സമ്മാനം, ചരിത്രം നിങ്ങളെ വിലയിരുത്തും, നിങ്ങളുടെ സ്‌നേഹപാത്രമായ രാജ്യത്തിന്റെ ഗതി നോക്കൂ, ദൈവ അനുഗ്രഹത്തിനായി യാചിക്കൂ, അവന്റെ വഴികളാണ് യഥാര്‍ത്ഥമായും നിങ്ങളുടെ ഗതി വിധികള്‍'. ഇതൊക്കെ ഇന്നു കാലഹരണപ്പെട്ട് കഴിഞ്ഞു. ഹേ,- നിങ്ങള്‍ പ്രായോഗികമായി ചിന്തിക്കൂ. പണം കൊടുക്കാനാവത്തവന്റെ അഭിപ്രായം ആര്‍ക്കുവേണം ഈ മൂല്യച്യൂതി രാഷ്ട്രീ.ത്തില്‍ മാത്രമല്ല, വെള്ള തേച്ച ശവക്കലറ എന്നു ക്രിസ്തു വിശേഷിപ്പിച്ച മത നേതൃത്വത്തിലും ഇന്നു കൊടിക്കുത്തി വാഴുകയാണ്. പുതുപ്പണക്കാരന്റെ പുത്തന്‍ മണമുള്ള കാറും, അവന്റെ വിഡ്ഢി വേഷങ്ങളും ഇന്ന് നേതൃത്വത്തെ അഭിരമിപ്പിക്കുകയാണ്.

ഞായറാഴ്ച വിശുദ്ധ ബലിയേക്കാള്‍ നീളത്തില്‍ മിണ്ടാപ്രാണികളായ വിശ്വാസികള്‍ക്ക് ഏല്‍ക്കേണ്ട മസ്തിഷ്‌കപ്രഹരം അവരെ മാനസിക രോഗികള്‍ വരെ ആക്കാവുന്ന അവസ്ഥയിലേക്കു മാറ്റി. വിഷയങ്ങള്‍ ഒക്കെ ആനുകാലികം; കാരണം അവ വിശുദ്ധ വായനയുമായി ശ്രദ്ധാപൂര്‍വ്വം ബന്ധിപ്പിച്ചിരിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ ഉണ്ടാക്കി വിളമ്പിക്കൊടുക്കുന്ന ഭക്ഷണപാനീയങ്ങളെ പുകഴ്ത്തി ദിവ്യസന്ദേശം പൊടിപൊടിക്കുന്നു. മുന്തിയ ഭക്ഷണവും കഴിച്ച്, തൂക്കമുള്ള ചെക്കും വാങ്ങി ഏമ്പക്കം വിട്ടു ഹായ്-ബായ് പറഞ്ഞു പോകുന്ന നേതാക്കളെ ജനം ഈര്‍ഷ്യയോടെയല്ലാതെ എങ്ങനെ നോക്കാനാവും?

എവിടെയാണ് പിഴവ് പറ്റിയത്, ആര്‍ക്കാണ് കുഴപ്പമുള്ളത്? നികുതി അടച്ചില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, പോയി മീന്‍ പിടിച്ച് അതില്‍ നിന്നും കിട്ടുന്ന പണം നികുതിയായി കൊടുക്കാനാണ് ക്രിസ്തു ശിഷ്യരോട് പറഞ്ഞത്. രാത്രിയില്‍ മീന്‍ പിടിച്ചു ക്ഷീണിതരായി വരുന്ന ശിഷ്യര്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്തു ശ്രേഷ്ഠനായ ഗുരു. തമ്മില്‍ അധികാര വടംവലി ഉണ്ടായപ്പോള്‍ സ്വയം ശിഷ്യരുടെ കാലുകഴുകി മാതൃകയായി വലിയ ഗുരു. ഇതൊക്കെ വെറും സുവിശേഷം! അദ്ധ്വാനിക്കാതെ, നികുതി കൊടുക്കാതെ, അധികാരത്തിന്റെ മുത്തുപിടിച്ചു എന്തും എവിടെയും എങ്ങനെയും പറയാനുള്ള സങ്കുചിതമായ മത പ്രമാണിത്വവും, നിരര്‍ത്ഥകമായ ആചാരങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ മാനസീകമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.
രാഷ്ട്രീയത്തില്‍, പോസ്റ്റര്‍ ഒട്ടിക്കാനും, കൊടികെട്ടാനും നേതാക്കള്‍ക്കു വെള്ളം കൊണ്ടുകൊടുക്കാനും, ചുവരെഴുതാനും കൊള്ളാവുന്ന നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥയെ തുശീകരിക്കുന്നു. വിധവയുടെ ചില്ലിക്കാശുപോലെ തന്റെ ഇല്ലായ്മയില്‍ നിന്നു വിയര്‍പ്പൊഴിക്കി, തന്റെ വ്യക്തിപരമായ സമയവും, അദ്ധ്വാനവും ഒന്നും തിരിച്ചു കിട്ടില്ല എന്ന തിരിച്ചറിവോടെ സഭാപ്രവര്‍ത്തനത്തിനിങ്ങുന്ന വിശ്വാസികളും തുശ്ചീകരിക്കപ്പെടുന്നു.

യാതൊന്നും ഉറപ്പു പറായാനാവാത്ത ഈ മനുഷ്യ ജീവിതത്തില്‍ സ്വതന്ത്ര്യമായും സ്വസ്ഥമായും ചിന്തിക്കുവാനും, സദാ ജാഗ്രതയോടെ ജീവിക്കുവാനും സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയാണ് മതധര്‍മ്മം. സ്വാതന്ത്ര്യത്തിനു മാത്രമേ സമാധാനമുണ്ടാക്കാനാവുകയുള്ളൂ. ഇന്ന് മതവും രാഷ്ട്രീയവും മുന്നോട്ടു വയ്ക്കുന്ന ഭീതിയും, ഗര്‍വ്വും, അധികാരവും, മടുപ്പിക്കുന്ന പദവികളും പരലോകത്തിലെ ശിക്ഷ ഇന്നേ ഉറപ്പാക്കുന്ന കാപട്യ തന്ത്രങ്ങളും ചൂണ്ടിക്കാണിക്കുന്നവരെ ചൂണ്ടയില്‍ ഒരുക്കുന്ന സമീപനവും, സമൂഹത്തില്‍ നന്മ അന്വേഷിക്കുന്നവര്‍ക്ക് ആശങ്കയും വ്യഥയും മാത്രമാണ് നല്‍കുന്നത്.
എന്തിനേയും സംശയിക്കുന്ന പൊതുജനം, അധികാര മോഹവും, അഴിമതിയും, കൊടികുത്തി വാഴുന്ന ഈ കലികാലത്ത് ഒരുമാതിരി വെളിച്ചത്തിനായി വെറുതെ മോഹിക്കുകയാണ്. സാധാരണ ജനത്തിന്റെ ക്ഷമയും, സഹനവും, ആത്മാര്‍ത്ഥതയും അവരില്‍ കാണുന്ന നന്മയുടെ തിരിനാളത്തിനും നേരേ കണ്ണടച്ച്, സ്ഥിരമായി ഉച്ചമയക്കത്തില്‍ കഴിയുന്ന ഉത്തരവാദിത്തപ്പെട്ടവരെയും ആശങ്കയോടെയേ വീക്ഷിക്കാനാവൂ.

'അധികാരത്തിന്റെ പെരുമാറ്റങ്ങള്‍'- (വാല്‍ക്കണ്ണാടി- കോരസണ്‍)
Join WhatsApp News
Pravasi Christian 2015-07-10 12:12:46

Mr. Korasen said some great words of truth. Recently we had a tax collecting from homeland.

The leader had no shame in asking the money. If he cut the # of crew with him how much money would have saved just in Air fare itself ?

He also stated the foundation of the church is on the generosity of maru nadan malayalikal.

He said the truth. But the church's foundation must be Jesus.

He also said Jesus was an ordinary Jew. Then what about the son of god Jesus?

Is the truth coming out automatically ? Why they still cheating us. Why we give donations to feed these people?

jayan 2015-07-11 16:07:18
അധികാരത്തിന്റെ അപ്പക്കഷനങ്ങൾക്ക് വേണ്ടി പരക്കം പായുന്ന അധികാര വർഗ്ഗത്തിന്റെ പച്ചയായ മുഖം ഇവിടെ അനാച്ച്ചാദാനം ചെയ്യപ്പെടുന്നു. അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ നൊമ്പരങ്ങല്ക് തെല്ലും വില കല്പിക്കാത്ത നേതൃത്വം എവിടെയും ഒരിക്കലും വിജയിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകൾക് ശിക്ഷ കൂടുതൽ ആയിരിക്കും. കേള്ക്കാൻ  ചെവിയുള്ളവൻ കേൾക്കട്ടേ.......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക