Image

ചന്ദ്രപ്പന്റെ ബോധോധയത്തില്‍ ഞെട്ടുന്ന വല്യേട്ടന്‍

ജി.കെ Published on 09 January, 2012
ചന്ദ്രപ്പന്റെ ബോധോധയത്തില്‍ ഞെട്ടുന്ന വല്യേട്ടന്‍
സിപിഎമ്മിന്റെയും സിപിഐയുടെയും സമ്മേളനങ്ങള്‍ കൊട്ടിക്കലാശത്തിലേക്ക്‌ കടക്കുമ്പോള്‍ വെടിപ്പുരയ്‌ക്ക്‌ തീ കൊളുത്തിയിരിക്കുകയാണ്‌ സിപിഐയുടെ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. അതും സ്വന്തം പാര്‍ട്ടിയുടെ വെടിപ്പുരയ്‌ക്കല്ല വല്യേട്ടനായ സിപിഎമ്മിന്റെ വെടിപ്പുരയ്‌ക്ക്‌. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയ്‌ക്കെതിരെ വിജിലന്‍സ്‌ ജഡ്‌ജി പി.കെ.ഹനീഫ തുടരന്വേഷണത്തിന്‌ ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ ചാണ്‌ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന കോടിയേരിയുടെ പ്രസ്‌താവനയാണ്‌ അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിന്‌ കാരണമെന്ന ചന്ദ്രപ്പന്റെ പ്രസ്‌താവനയാണ്‌ സമ്മേളനകാലത്ത്‌ വല്യേട്ടനെ വിറളി പിടിപ്പിക്കുന്നത്‌.

ജില്ലാ സമ്മേളനങ്ങളില്‍ പലയിടങ്ങളില്‍ നിന്നും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. അപ്പോഴെല്ലാം അച്ചടക്കത്തിന്റെ വാള്‍ കാട്ടി അണികളെ ഭയപ്പെടുത്തിയിരുന്ന ഔദ്യോഗികപക്ഷത്തിന്‌ ചന്ദ്രപ്പന്റെ പ്രസ്‌താവന ചര്‍ച്ചയായാല്‍ അത്‌ വലിയ ദോഷം ചെയ്യും. കാരണം സെക്രട്ടറിമാര്‍ക്ക്‌ മൂന്ന്‌ ടേം എന്ന കാലാവധി നടപ്പാക്കിയാലും ഇല്ലെങ്കിലും പിണറായി ഒഴിയുമ്പോള്‍ ആ സ്ഥാനത്ത്‌ നോട്ടമുള്ള ആളാണ്‌ കോടിയേരി. ചന്ദ്രപ്പന്റെ പ്രസ്‌താവന പാര്‍ട്ടിയ്‌ക്കകത്ത്‌ വലിയ ചര്‍ച്ചയായാല്‍ ആ വഴിയാണ്‌ അടയുന്നതെന്ന്‌ കോടിയേരിയും തിരിച്ചറിയുന്നുണ്‌ട്‌.

പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും രംഗത്തുവന്നപ്പോഴും ചന്ദ്രപ്പന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നേരിട്ട്‌ രംഗത്തുവന്നില്ല എന്നതും ശ്രദ്ധേയമാണ്‌. വിജിലന്‍സ്‌ ജഡ്‌ജി പി.കെ.ഹനീഫയുടെ വിധി വന്നപ്പോള്‍ ഉമ്മന്‍ ചാണ്‌ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്ന്‌ അഭ്യൂഹമുയര്‍ന്നിരുന്നു. യുഡിഎഫ്‌ യോഗത്തില്‍ കുഞ്ഞൂഞ്ഞ്‌ രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതികരണമറിഞ്ഞശേഷം മതിയെന്നായിരുന്നു യുഡിഎഫ്‌ നേതാക്കള്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചത്‌.

വി.എസിന്റെ വാര്‍ത്താ സമ്മേളനം ഉടനെന്ന്‌ ന്യൂസ്‌ ചാനലുകളില്‍ ഫ്‌ളാഷുകള്‍ മിന്നുന്നതിനിടെ കോടിയേരി സൂപ്പര്‍ പ്രതിപക്ഷ നേതാവായി ഉമ്മന്‍ ചാണ്‌ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന പ്രസ്‌താവനയുമായി രംഗത്തെത്തിയപ്പോള്‍ രമേശ്‌ ചെന്നിത്തല ഒഴികെയുള്ള യുഡിഎഫ്‌ നേതാക്കളുടെ മനസ്സില്‍ ശരിക്കും ലഡ്ഡു പൊട്ടി. പ്രതിപക്ഷം പോലും ആവശ്യപ്പെടാത്ത സ്ഥിതിക്ക്‌ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്‌ടെന്ന്‌ അവര്‍ കുഞ്ഞൂഞ്ഞിനെ ഉപദേശിച്ചു. അതോടെ കുഞ്ഞൂഞ്ഞ്‌ രാജിവെയ്‌ക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ പിന്നീട്‌ വി.എസ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു പോലും പ്രസക്തിയില്ലാതായി. താനാണ്‌ പ്രതിപക്ഷ നേതാവെന്ന്‌ ആ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നിപറഞ്ഞ്‌ കോടിയേരിയ്‌ക്ക്‌ ഒരു കൊട്ടു കൊടുക്കാനും വി.എസ്‌.മറന്നിരുന്നില്ല.

പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിയുടെ പങ്കിനെക്കുറിച്ച്‌ വീണ്‌ടും അന്വേഷിച്ചപ്പോഴും തെളിവൊന്നും കിട്ടിയില്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ്‌ ചന്ദ്രപ്പന്റെ പ്രസ്‌താവന. കോടിയോരി അബദ്ധത്തില്‍ നടത്തിയ പ്രസ്‌താവനയായിരുന്നില്ലെന്നും മനഃപൂര്‍വം നടത്തിയതാണെന്നുംകൂടി ചന്ദ്രപ്പന്‍ പറഞ്ഞുവെച്ചത്‌ വെറും ഉണ്‌ടയില്ലാ വെടിയായിരുന്നില്ലെന്ന്‌ വ്യക്തം.

സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ കൂടി ചന്ദ്രപ്പന്റെ പ്രസ്‌താവനയുടെ കൂടെ കൂട്ടി വായിക്കണം. സിപിഎമ്മിന്റെ കൂടെ നിന്നാല്‍ സിപിഐയ്‌ക്ക്‌ വളരാനാവില്ലെന്നാണ്‌ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിലെ രാഷ്‌ട്രീയകാര്യ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്‌ അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും സിപിഎം-സിപിഐ ലയനം അടഞ്ഞ അദ്ധ്യായമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു.

എന്തായാലും ചന്ദ്രപ്പന്റെ പ്രസ്‌താവന പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നത്‌ ഔദ്യോഗികപക്ഷം ഇഷ്‌ടപ്പെടുന്നില്ലെന്ന്‌ പിണറായിയുടെ മറുപടി തന്നെ വ്യക്തമാക്കുന്നു. കോടിയേരി നടത്തിയത്‌ ആദ്യപ്രതികരണം മാത്രമായിരുന്നുവെന്നാണ്‌ പിണറായിയുടെ വിശദീകരണം. പാര്‍ട്ടിയിലോ മുന്നണിയിലോ ആലോചിക്കാതെ കോടിയേരിയെ പോലെ ഇരുത്തംവന്നൊരു സീനിയര്‍ നേതാവ്‌ പ്രസ്‌താവന നടത്തുന്നതിനെ ആദ്യപ്രതികരണമെന്ന്‌ പറഞ്ഞു തള്ളിക്കളയാന്‍ പിണറായിക്ക്‌ കഴിഞ്ഞാലും വി.എസിന്‌ കഴിഞ്ഞെന്നുവരില്ല. സിപിഐയെ ഉപയോഗിച്ച്‌ കോടിയേരിയുടെ സെക്രട്ടറി സാധ്യത അടയ്‌ക്കാന്‍ വി.എസ്‌ ഒരുപക്ഷെ ശ്രമിച്ചേക്കാം. എന്തായാലും ചന്ദ്രപ്പന്‍ ഇപ്പോള്‍ കൊളുത്തിയ വെടിപ്പുരയില്‍ എന്തൊക്കെ കത്തിയമരുമെന്ന്‌ വരും ദിവസങ്ങളില്‍ വ്യക്തമാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക