Image

ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - തോമസ് കൂവള്ളൂര്‍

തോമസ് കൂവള്ളൂര്‍ Published on 29 July, 2015
ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - തോമസ് കൂവള്ളൂര്‍
ഒരു മലയാളി ആയ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ താമസമാക്കിയിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു. മലയാളിയായി ജനിച്ച ഞാന്‍ ജീവിതാവസാനം വരെ ഒരു മലയാളി ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ഒരു മലയാളി നോക്കിയാല്‍ ഈ ലോകത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍, എന്തു നേടാനാവും എന്നു ചിന്തിക്കുന്ന ധാരാളം പേര്‍ മലയാളികളായ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ടെന്നുള്ള പരമാര്‍ത്ഥം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ലല്ലോ. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ വാസ്തവത്തില്‍ ഭീരുക്കളാണെന്ന് ഒറ്റവാക്കില്‍ പറയുന്നതാവും ശരി. ഇക്കൂട്ടര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നറിയാതെ പരിഭ്രാന്തരാവുകയും ഒടുവില്‍ വന്‍തുക മുടക്കി വക്കീലന്മാരുടെ പിറകെ പോയി അവരുടെ അടിമകളായിത്തീര്‍ന്നിട്ടുള്ളതും ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയും.

ഇന്നു ലോകത്തെമ്പാടുമുള്ള മലയാളികളുടെ ജനസംഖ്യ 45 മില്യനോളം ആയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്ക്. ഒരു കാലത്ത് ലോകം മുഴുവന്‍ അടക്കി ഭരിക്കാന്‍ കഴിഞ്ഞ ബ്രിട്ടീഷുകാരെക്കാള്‍ കൂടുതല്‍ ജനസംഖ്യ. ഇന്നുലോകം മുഴുവന്‍ അറിയപ്പെടുന്ന യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂദായായിലും സമീപപ്രദേശത്തുമുള്ള ചെറിയൊരു ജനവിഭാഗത്തിന്റെ ഇടയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും നാമോര്‍ക്കണം.
ഇത്രയും എഴുതാന്‍ കാരണം അമേരിക്കയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് നാം എന്ന ചിന്ത വെടിഞ്ഞ് മലയാളികള്‍ മനസ്സുവച്ചാല്‍ മലയാളികള്‍ എന്ന പേരില്‍ത്തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റാനും നമുക്കു സാധിക്കും എന്നുള്ള സത്യം മലയാളികള്‍ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ്.

ജീവിതത്തില്‍ നിരവധി അനുഭവങ്ങളുണ്ടായിട്ടുള്ള എനിക്ക് എഴുതിയാല്‍ തീരാത്ത അനുഭവങ്ങളുണ്ട്. പല യൂണിവേഴ്‌സിറ്റികളിലും പോയി ദീര്‍ഘകാലം പഠിച്ചതിനുശേഷം കിട്ടുന്ന അറിവുകളേക്കാള്‍ മനുഷ്യന് പ്രായോഗിക ജീവിതത്തിൽ ഉതകുന്നത് അനുഭവങ്ങളില്‍നിന്നും ലഭിക്കുന്ന അറിവുകളായിരിക്കും. അതുകൊണ്ടുതന്നെയാണ് മഹാചിന്തകനായ തിരുവള്ളുവര്‍ ഒരിടത്തു പറഞ്ഞിരിക്കുന്നത് 'ഈ ലോകത്തില്‍ ഒരു ജന്മംകൊണ്ടു നേടുന്ന വിദ്യ പിന്നീടുള്ള പല ജന്മങ്ങളിലും ഉപകാരപ്പെടും' എന്ന് വിദ്യ(അറിവ്), അത് ആരുടേതുമായിക്കൊള്ളട്ടെ, നമുക്ക് എടുക്കാവുന്നതാണ്. അതിന് മലയാളിയെന്നോ, തമിഴനെന്നോ, അമേരിക്കനെന്നോ ഉള്ള വേര്‍തിരിവിന്റെ ആവശ്യമില്ല.
അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന പ്രസ്ഥാനത്തിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ കൂടി ആയ എനിക്ക് നിരവധി തവണ അമേരിക്കന്‍ കോടതികളില്‍ പല കാര്യങ്ങള്‍ക്ക് കയറി ഇറങ്ങേണ്ട സാഹചര്യം ലഭിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ 24 മാസം ഒരു ഫെഡറല്‍ ഗ്രാന്റ് ജൂററായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞ എനിക്ക് അമേരിക്കന്‍ കോടതികളില്‍ നടക്കുന്ന പല കാര്യങ്ങളും നേരിട്ടുകാണാനുള്ള അസുലഭാവസരവും ലഭിച്ചിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം പല കാര്യങ്ങള്‍ പഠിക്കാനെനിക്കു കഴിഞ്ഞു.

ഈയിടെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ യോങ്കേഴ്‌സ് സിറ്റിയില്‍ താമസക്കാരനായ എന്റെ ഒരു സുഹൃത്ത്കൂടി ആയ ജോയി ഫിലിപ്പ് പുളിയനാനാലിന്   ഒരു സ്പീഡിങ്ങി ടിക്കറ്റ് കിട്ടിയത് അറ്റോര്‍ണി ഇല്ലാതെ തന്നെ കോടതിയില്‍ പോയി ഡിസ്മിസ് ചെയ്യിച്ച സംഭവം ഉണ്ടായി. ഇതുപോലുള്ള സംഭവങ്ങള്‍ മലയാളികള്‍ക്ക് ഭാവിയില്‍ പ്രയോജനപ്പെടുമെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനീ ലേഖനം എഴുതാന്‍ കാരണം.

ചുരുക്കത്തില്‍ സംഭവം ഇങ്ങിനെയാണ് 2015 ഏപ്രില്‍ 15ന് രാത്രി 12.26ന് ജോയി തന്റെ സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ച് വീട്ടിലേയ്ക്കു വരുന്ന സമയം യോങ്കേഴ്‌സിലെ ക്രോസ് കൗണ്ടി പാര്‍ക്ക് വേയില്‍ എക്‌സിറ്റ് 11 വെസ്റ്റ് എടുക്കാന്‍ തിരിയുന്ന സമയം വഴിയില്‍ കാലനെപ്പോലെ പതുങ്ങിക്കിടന്നിരുന്ന വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ ഒരു വെള്ള പോലീസുകാരന്‍ ജോയിയെ തടഞ്ഞുനിര്‍ത്തി 45 മൈല്‍ സ്പീഡ് സോണില്‍ 65 മൈല്‍ സ്പീഡില്‍ പോയി എന്നു പറഞ്ഞ് ഒരു സ്പീഡിംഗ് ടിക്കറ്റു കൊടുത്തു. ജോയിക്ക് അതേ സ്ഥലത്തു വച്ച് കഴിഞ്ഞ വര്‍ഷം വിന്ററില്‍ റോഡിന്റെ ഇരുവശവും 2 അടി ഘനത്തില്‍ മഞ്ഞ് ഉറഞ്ഞു കിടന്നിരുന്നപ്പോള്‍ ഇതേ രീതിയില്‍ ഒരു ടിക്കറ്റു കിട്ടിയതാണ്. ആ ടിക്കറ്റ് ഞാന്‍ ബന്ധപ്പെട്ട് കോടതിയില്‍ പോയി ഡിസ്മിസ് ചെയ്യിച്ചിരുന്നു. അക്കാരണത്താല്‍ ത്തന്നെയാണ് ഇത്തവണയും ടിക്കറ്റു കിട്ടിയപ്പോള്‍ ജോയി എന്റെ അടുക്കലേക്ക് ഓടി വരാന്‍ കാരണം. തീര്‍ച്ചയായും ഞാന്‍ നോക്കിയാല്‍ ഈ ടിക്കറ്റും ഡിസ്മിസ് ചെയ്യിക്കാന്‍ കഴിയും എന്ന് ജോയി പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. 

സാധാരണഗതിയില്‍ ഇത്തരത്തില്‍ ഒരു സ്പീഡിംഗ് ടിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും ചെയ്യുന്നത് ഒരു അറ്റോര്‍ണിയെ കണ്ടിപിടിക്കാന്‍ ശ്രമിക്കുക എന്നാണല്ലോ. കഴിഞ്ഞ വര്‍ഷം കേസ് ജയിക്കാനുള്ള വിദ്യ എനിക്കു പറഞ്ഞു തന്നത് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ അസിസ്റ്റന്റായി 8 വര്‍ഷം ജോലി ചെയ്തു പരിചയസമ്പന്നയായ ഷെല്ലി മേയര്‍ എന്ന യഹൂദ വംശജയാണ്. അവര്‍ ഇപ്പോള്‍ സ്‌റ്റേറ്റ് അസംബ്ലി മെമ്പര്‍ കൂടിയാണ്. കോടതിയില്‍ പോകുമ്പോള്‍ മൂന്നാല് ഫോട്ടോകള്‍ കൂടി കരുതിക്കൊള്ളാന്‍ അവര്‍ പറഞ്ഞു. ജഡ്ജി ചോദിക്കുമ്പോള്‍ വഴിയുടെ അവസ്ഥ മോശമായിരുന്നു അതിനാല്‍ യാതൊരു കാരണവശാലും സ്പീഡില്‍ പോകാന്‍ സാധിക്കുകയില്ല എന്ന് ജഡ്ജിയെ പറഞ്ഞു മനസ്സിലാക്കുക. ഏതായാലും കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ടു.

'ഒരു ചക്കയിട്ട് ഒരു മുയലിനെ കിട്ടി എന്നു കരുതി ചക്ക ഇടുമ്പോഴെല്ലാം മുയലിനെ കിട്ടുമെന്നു കരുതേണ്ട' എന്നാണ് രണ്ടാം തവണയും ജോയിയെ രക്ഷിക്കാന്‍ ഞാന്‍ കോടതിയില്‍ പോകുന്നു എന്നു കേട്ടപ്പോള്‍ എന്നെ പലപ്പോഴും കളിയാക്കാറുള്ള മറ്റൊരു സുഹൃത്ത് പറഞ്ഞത്. ഈ തരത്തിലുള്ള അനേകം വിമര്‍ശകള്‍ എനിക്കു ചുറ്റും ഉണ്ടെന്നുള്ള സത്യം എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ തെളിവോടുകൂടി ഈ സംഭവം സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഇതെങ്ങിനെ സാദ്ധ്യമായി എന്നുകൂടി എഴുതിയില്ലെങ്കില്‍ കഥ പൂര്‍ത്തിയാവുകയില്ലല്ലോ. ആദ്യമായി ജോയിയെക്കൊണ്ട് സ്പീഡിങ്ങിന്റെ വയലേഷന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു 'നോട്ട് ഗില്‍റ്റി' ആയി സര്‍ട്ടിഫൈ ചെയ്ത മെയിലില്‍ അയച്ചുകൊടുത്തു. പിന്നീട് ജോയിയെ കൂട്ടി  കോടതിയില്‍ പോയി കോര്‍ട്ട് ക്ലര്‍ക്കിനോട് ഒരു മലയാളം പരിഭാഷകനെ(ഇന്റര്‍പ്രെറ്റര്‍) വേണമെന്നാവശ്യപ്പെട്ടു. ജൂലൈ 21 ന് ആയിരുന്നു യോങ്കേഴ്‌സ് സിറ്റി കോര്‍ട്ടില്‍ കേസ് വിചാരണയ്ക്കു വച്ചിരുന്നത് കോടതിയില്‍ പോകുന്നതിന്റെ 2 ദിവസം മുന്‍പ് ഞാന്‍ ജോയിയൊടൊപ്പം ടിക്കറ്റ് ജോയിക്കു കൊടുത്ത സ്ഥലം സന്ദര്‍ശിച്ചു. പോലീസുകാരന്‍ ടിക്കറ്റു കൊടുത്തത് 45 മൈല്‍ സ്പീഡ് സോണില്‍ 65 മൈല്‍ സ്പീഡില്‍ പോയി എന്നതിനാണ്. പക്ഷേ ക്രോസ് കൗണ്ടി പാര്‍ക്ക് വേയില്‍ എക്‌സിറ്റ് എടുക്കുന്നതിനു വളരെ മുമ്പു തന്നെ സ്പീഡ് 10 മൈല്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ സൈന്‍ വച്ചിട്ടുണ്ട്. ടിക്കറ്റുകൊടുത്ത പോലീസുകാരന്‍ ഇതൊന്നും നോക്കിക്കാണുകയില്ല. എക്‌സിറ്റ് നേരെ ചെന്നു കയറുന്നത് കൊടും  വളവുള്ള ഒരു പാലത്തിലേയ്ക്കാണ്. ആ പാലത്തേല്‍ വച്ചാണ് ജോയിക്ക് ടിക്കറ്റ് കൊടുത്തത്. പ്രസ്തുത പാലത്തേലേയ്ക്കു കയറുന്നവര്‍ 25 മൈല്‍ സ്പീഡില്‍ കൂടുതല്‍ പോയാല്‍ പാലത്തില്‍ നിന്നും താഴെ പോയി അപകടം സംഭവിക്കും. 65 മൈല്‍ സ്പീഡില്‍ അവിടെ പോകുന്നയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതാണെന്നു കരുതിയാല്‍ മതിയാവും. 

ഏതായാലും പാര്‍ക്ക് വേയില്‍ ഹസാര്‍ഡ് ലൈറ്റിട്ട് സാവകാശം  ജോയിയെ ക്കൊണ്ടു ഡ്രൈവ് ചെയ്യിച്ച് ക്രോസ് കൗണ്ടി പാര്‍ക്ക് വേ വെസ്റ്റ് എക്‌സിറ്റ് 11 ന്റെ സൈനോടുകൂടി 10 മൈല്‍ സ്പീഡ് എന്ന സൈനും കൂട്ടി വളരെ വിജയകരമായി ഏതാനും ഫോട്ടോകള്‍ ഞാന്‍ എടുത്തു. പാലത്തില്‍ പാര്‍ക്ക് ചെയ്ത് പാലത്തില്‍ നിന്നും ഇറങ്ങുമ്പോഴുള്ള യീല്‍ഡ് സൈനും, പാലത്തിന്റെ കൊടും വളവും എല്ലാം ഞാന്‍ ക്യാമറിയില്‍ പകര്‍ത്തി.

11 മണിക്ക് സമയത്തുതന്നെ ഞങ്ങള്‍ കോടതിയില്‍ ഹാജരായി. മലയാളിയായ ഇന്റര്‍പ്രെറ്ററും വന്നിരുന്നു. 65 മൈല്‍ സ്പീഡിലുള്ള ടിക്കറ്റ് ആയതിനാല്‍ പോലീസു പറയുന്ന പ്രകാരം തീര്‍ക്കുകയാണ് നല്ലതെന്നായിരുന്നു ഇന്റര്‍പ്രെറ്റര്‍ ജോയിയെ ഉപദേശിച്ചത്. ഏതായാലും കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ തന്നെ എല്ലാവരോടും ട്രയല്‍ തുടങ്ങുന്നതിനു മുമ്പ് പുറത്തുപോയി പോലീസു പറയുന്നതുപോലെ തീരുമെങ്കില്‍ തീര്‍ത്തിട്ടു വരാന്‍ ജഡ്ജി എല്ലാവരോടും ആവശ്യപ്പെട്ടു. ജോയിയെ കൂടാതെ വക്കീലുമായി ഒരാള്‍ വന്നിരുന്നു. അയാളല്ലാത്തവരെല്ലാം കുറ്റം സമ്മതിച്ചതിനാല്‍ പോലീസ് അവര്‍ക്കെല്ലാം പോയിന്റ് ഇളവു ചെയ്തു കൊടുക്കുകയും തുക കുറച്ചുകൊടുക്കുകയും ചെയ്തു. ജോയിയുടെ കാര്യം ഞാന്‍ പോലീസിനെ ഫോട്ടോ എടുത്തു കാണിച്ചിട്ട് 10 മൈല്‍ സ്പീഡില്‍ പോകേണ്ടിടത്ത് എങ്ങിനെ 65 മൈല്‍ സ്പീഡില്‍ പോകും എന്നു ചോദിച്ചു. എന്നോട് ആരാണെന്നു ചോദിച്ചപ്പോള്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ കൂടി ആണെന്നും ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും ധൈര്യസമ്മേതം പറഞ്ഞു. എന്നോടൊപ്പം ജെ.എഫ്.എ.യിലെ മറ്റൊരു മെമ്പറും മലയാളിയുമായ ജോര്‍ജ് ആരോലിച്ചാലിനെ കൂടി ഞാന്‍ കൊണ്ടു പോയിരുന്നു. അദ്ദേഹവും പോലീസിനോട് ഒരു രോഗി കൂടി ആയ ജോയി ഒരിക്കലും ആ സ്പീഡില്‍ പോവുകയില്ല എന്നും കുറ്റം സമ്മതിക്കുന്നില്ലെന്നും ജഡ്ജി ട്രയല്‍ ചെയ്തു തീരുമാനിക്കട്ടെ എന്നും പറഞ്ഞു.

ഏതായാലും സത്യാവസ്ഥ മനസ്സിലാക്കി ഇത്തവണയും ജഡ്ജി കേസ് ഡിസ്മിസ് ചെയ്തു. ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യം മലയാളികളായ നമുക്ക് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്പം സാമാന്യബോധം ഉപയോഗിച്ചാല്‍ ഒരു ഇന്റര്‍പ്രെറ്ററുടെ സഹായത്തോടെ വക്കീലന്മാര്‍ക്കു ഫീസു കൊടുക്കാതെ തന്നെ പല പ്രശ്‌നങ്ങളും കോടതിയില്‍ പോകേണ്ടിവന്നാലും പരിഹരിക്കാന്‍ കഴിയും എന്നുള്ളതാണ്.

ഇത്തരത്തില്‍ പലപ്പോഴും അനാവശ്യമായി ട്രാഫിക്ക് വയലേഷന്‍ ടിക്കറ്റുകള്‍ സാധാരണക്കാര്‍ക്കു ലഭിക്കുമ്പോള്‍ വക്കീലന്മാരില്ലാതെതന്നെ നമുക്കു തന്നെ കൈകാര്യം ചെയ്യാനാവും എന്നുള്ള സത്യം സാമാന്യ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ലേഖനം വിശദമായി എഴുതാന്‍ കാരണം. ഇതൊടൊപ്പം ജോയി ഫിലിപ്പിനു കിട്ടിയ സ്പീഡിങ്ങ് ടിക്കറ്റിന്റെ കോപ്പിയും, കോടതിയില്‍ ഹാജരാക്കാനുള്ള സമന്‍സും, സിറ്റികോര്‍ട്ടില്‍ നിന്നും കേസ് ഡിസ്മിസ് ചെയ്തതിന്റെ പ്രൂഫും, തെളിവിനായി കോടതിയില്‍ ഹാജരാക്കിയ ഏതാനും ഫോട്ടോകളും സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്ക് പ്രസിദ്ധപ്പെടുത്തുന്നു.

അടുത്ത ലക്കത്തില്‍ ട്രാഫിക്ക് വയലേഷന്‍ ടിക്കറ്റുകള്‍ കോടതിയില്‍ പോകാതെതന്നെ, വക്കീലന്മാരുടെ ആരുടെയും സഹായമില്ലാതെ തന്നെ ഞാന്‍ തനിയെ ഡിസ്മിസ് ചെയ്യിച്ച സംഭവങ്ങള്‍ തെളിവു സഹിതം എഴുതാമെന്നു കരുതുന്നു.

ജോയിഫിലിപ്പിന്റെ സ്പീഡിങ്ങ് ടിക്കറ്റുകള്‍ ഡിസ്മിസ് ചെയ്യിച്ച സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ നേരിട്ട് 914-294-1400 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - തോമസ് കൂവള്ളൂര്‍ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - തോമസ് കൂവള്ളൂര്‍ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - തോമസ് കൂവള്ളൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക