Image

2018 - ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തേണ്ടത് ന്യായം മാത്രം: ടി എസ് ചാക്കോ

ഷാജി വര്‍ഗീസ് Published on 27 May, 2016
2018 - ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തേണ്ടത് ന്യായം മാത്രം: ടി എസ് ചാക്കോ
ന്യൂജേഴ്‌സി: ഫൊക്കാന കണ്‍വന്‍ഷന് വേദിയായി, മുമ്പൊരിക്കലും കണ്‍വന്‍ഷന്‍ നടന്നിട്ടില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ഫൊക്കാനയില്‍ ഇതുവരെ കണ്ടു വരുന്ന രീതിഎന്ന് ഫൊക്കാനയുടെ സീനിയര്‍ നേതാക്കളിലൊരാളായ ടി എസ് ചാക്കോ പറഞ്ഞു. അമേരിക്കയിലെ മിക്കവാറും നഗരങ്ങളും സ്റ്റേറ്റുകളും കണ്‍വന്‍ഷന് വേദിയായിക്കഴിഞ്ഞു. പ്രസ്തുത സ്ഥലങ്ങളിലൊക്കെ രണ്ടാം റൗണ്ട് കണ്‍വന്‍ഷന് സമയമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി, ഡാളസ്, ഫിലഡല്‍ഫിയ എന്നിങ്ങനെയാണ് രണ്ടാംറൗണ്ടിലെ മുന്‍ഗണനാക്രമം. വാഷിംഗ്ടണില്‍ നിന്നും ആരും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ന്യൂജേഴ്‌സിക്ക് തന്നെയാണ് കണ്‍വന്‍ഷന്‍ നടത്താന്‍ മുന്‍ഗണന ലഭിക്കേണ്ടത്. വാഷിംഗ്ടണും ന്യൂജേഴ്‌സിയും ഡാളസും കഴിഞ്ഞശേഷമേ ഫിലഡല്‍ഫിയയെ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുള്ളൂ. 

ബഹുഭൂരിപക്ഷം മലയാളികളും താമസിക്കുന്ന, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഫിലഡല്‍ഫിയ നഗരങ്ങളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തോട്ടങ്ങളുടെ നഗരമായ ന്യൂജേഴ്‌സി തന്നെയാണ് കണ്‍വന്‍ഷന്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ ഇടം. മുന്‍ കണ്‍വന്‍ഷന് വേദിയായത് ദൂരസ്ഥലമായ ചിക്കാഗോയിലായിരുന്നുവെങ്കില്‍ 2016 കണ്‍വന്‍ഷന് വേദിയാകുന്നത് മറ്റൊരു വിദൂരസ്ഥലമായ കാനഡയാണ്. 

എല്ലാവര്‍ക്കും വന്നുചേരാന്‍ കര , വ്യോമ യാത്രാസൗകര്യമുള്ള, അമേരിക്കന്‍ മലയാളികളുടെ കായിക, സാമൂഹ്യ, സാംസ്‌കാരിക കേന്ദ്രമായ, പ്രഗല്‍ഭരായ സംഘാടകരുടെ സമ്മേളനകേന്ദ്രമായ ന്യൂജേഴ്‌സിയില്‍ 2018 കണ്‍വന്‍ഷന്‍ നടത്തുന്നത് എന്തുകൊണ്ടും ഉചിതം തന്നെ. ഇവിടെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ കേരളകള്‍ചറല്‍ ഫോറം അടക്കം മൂന്ന് സംഘടനകള്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്. 

ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന് വേദി കിട്ടുന്ന പക്ഷം ന്യൂജേഴ്‌സിയുടെ സാരഥിയായി മാധവന്‍നായരെ മല്‍സരിപ്പിച്ച് ജയിപ്പിക്കുവാന്‍ ശ്രമിക്കുമെന്ന് ഫൊക്കാനയുടെ സജീവപ്രവര്‍ത്തകനായ ടി എസ് ചാക്കോ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഫിലഡല്‍ഫിയക്ക് വേദി അനുവദിച്ച് നല്‍കുന്നതിനോട് തീര്‍ത്തും യോജിക്കാനാവുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഫിലഡല്‍ഫിയയെ സംബന്ധിച്ച് അനുയോജ്യമായ സമയം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ വേദി അനുവദിച്ചുകിട്ടുന്നതിന് ഫിലഡല്‍ഫിയയുടെ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഫൊക്കാന തുടങ്ങിവച്ച ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിക്കുക, ഗ്രാമസംഗമം, നഗരസംഗമം പദ്ധതി പുനരാരംഭിക്കുക, ഇന്ത്യയിലെയും കേരളത്തിലെയും പ്രത്യേക സാഹചര്യത്തില്‍ മതസൗഹാര്‍ദസന്ദേശം പ്രചരിപ്പിക്കാന്‍ നേതൃത്വമെടുക്കുക, അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, പ്രവാസിമലയാളികളുടെ ജീവനും സ്വത്തിനും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പരിഹാരം കാണുക, അമേരിക്കയിലെ മലയാളിയുവാക്കളില്‍ കണ്ടുവരുന്ന ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിപത്തുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഇവിടേക്ക് വരുന്ന മലയാളികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങി വന്‍കര്‍മപദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഫൊക്കാന വിഭാവന ചെയ്യുന്നു എന്നും ടി എസ് ചാക്കോ കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക