Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 3: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 30 April, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 3: ആന്‍ഡ്രൂ പാപ്പച്ചന്‍)
ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നിലെ ആളൊഴിഞ്ഞ വരാന്തയില്‍ ദൂരേയ്ക്ക് കണ്ണും നട്ടു ജയകുമാര്‍ നിന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഗ്രൗണ്ടിലൂടെ നിരനിരയായി നടന്നു നീങ്ങുന്നു. മുറ്റത്ത് നിഴല്‍ വിരിച്ച് നിന്ന ബോട്ടില്‍ബ്രഷ് മരത്തിന്റെ മെല്ലിച്ചു നീണ്ട ഇലകള്‍ക്ക് താഴെ ചുവപ്പു നാരുകള്‍ നിറഞ്ഞപൂവുകള്‍ കുമ്പിട്ടു നിന്നു.

നിരനിരയായി തണലിട്ടുനിന്ന മരച്ചില്ലകള്‍ക്കുമുകളില്‍ പക്ഷിക്കൂട്ടങ്ങള്‍ കൊത്തുകൂടിയും കൊക്കുരുമ്മിയും മത്സരിച്ചുകൊണ്ടിരുന്നു. മാലിനിക്കുവേണ്ടി തെരഞ്ഞ അയാളുടെ കണ്ണുകള്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്നും അവളെ കണ്ടെടുത്തു. കാതിലൊരു മഴത്തുള്ളിക്കമ്മല്‍.... ഇരുവശത്തേക്കും മെടഞ്ഞിട്ട മുടി. നെറ്റിയില്‍ ചന്ദനം. ക്രീം നിറത്തിലുള്ള ബോര്‍ഡറുള്ള പച്ചപാവാടയും ബ്ലൗസും. ജയകുമാര്‍ ദൂരെ നിന്ന് തന്നെ ശ്രദ്ധിക്കുന്നതൊന്നും മാലിനിയറിഞ്ഞില്ല. കൂട്ടുകാര്‍ക്കറിയാമായിരുന്നു മാലിനിയുടെ കണ്ണുകളും അവളുടെ പ്രിയപ്പെട്ടവനെ തേടുകയാണെന്ന്. ദൂരെ തന്നെ നോക്കി നില്‍ക്കുന്ന ജയകുമാറിനെ കണ്ടവള്‍ വേഗം അടുത്തേക്ക് നടന്നു. അകലം കുറഞ്ഞു കൊണ്ടിരുന്നു, ജയകുമാറിന്റെയും മാലിനിയുടെയും മനസുകള്‍ക്കിടയില്‍. വീട്ടില്‍ പോകുന്നതിനെക്കുറിച്ചവള്‍ ജയകുമാറിനെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി.അവസാനത്തെ കുട്ടിയും കാമ്പസ് വിട്ടുപോകും പോകുംമുമ്പവള്‍ വീട്ടിലേക്ക് നടന്നു.

ശനിയാഴ്ചയായി.രാവിലെ തിടുക്കത്തില്‍ പോകാനൊരുങ്ങുന്നതുകണ്ട് അമ്മ ചോദ്യഭാവത്തില്‍ മാലിനിയെ നോക്കി.

""സ്റ്റെല്ലയ്‌ക്കൊപ്പം ഒരു കൂട്ടുകാരിയുടെ വീട്ടില്‍വരെ പോകുന്നമ്മേ''ഒരു ഗൂഢസ്മിതം മുഖത്തു നിറച്ച് മാലിനി പറഞ്ഞു. അമ്മയത് വിശ്വസിച്ചു.

അമ്മയോട് യാത്ര പറഞ്ഞിറങ്ങിയതേ ചുവടുകള്‍ നീട്ടിവച്ചവള്‍ തിടുക്കത്തില്‍ നടന്നു. കോളജ് ജംഗ്ഷനില്‍ ജയകുമാര്‍ കാത്തു നിന്നിരുന്നു. അവളെ കണ്ടതേ അയാളുടെ മുഖം തിളങ്ങി.. ഗ്രാമത്തിലേക്കുള്ള ബസില്‍ അവര്‍ കയറിപ്പറ്റി. ഗ്രാമഭംഗി കണ്ടറിയാനും ജീവിതം മനസിലാക്കാനും ഒപ്പം പഠിക്കുന്നൊരു പെണ്‍കുട്ടി വീട്ടില്‍ വരുമെന്ന് ജയകുമാര്‍ അഛനെയും അമ്മയെയും അറിയിച്ചിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കൗതുകങ്ങളേറെയുണ്ടായിരുന്നു മാലിനിയെ കാത്ത്.

പച്ചിലത്തഴപ്പു നിറഞ്ഞ വേലിച്ചെടികള്‍ക്കിടയില്‍ നിന്നും കല്യാണിയും ചെമ്പകവും വെള്ളപ്പൂവുകളണിഞ്ഞ് തലയുയര്‍ത്തി നോക്കുന്നു. എങ്ങും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉരുളന്‍ പാറക്കൂട്ടങ്ങളും. ദൂരെ നിന്നേ കേള്‍ക്കാം പുഴയുടെ പൊട്ടിച്ചിരി. ഏറെദൂരം നടന്നും കയറ്റംകയറിയും കിതച്ചെങ്കിലും മാലിനി സന്തോഷത്തിലായിരുന്നു. കുന്നിന്നോരത്ത് റബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വീട്. പടി കയറിയെത്തിയതേ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം വാതില്‍പടിയില്‍ നിറഞ്ഞു.

"അമ്മേ...യിത് മാലിനി. നമ്മുടെ ഗ്രാമം കാണാന്‍ വന്നതാ, ടൗണീന്ന്.'' ജയകുമാര്‍ പരിചയപ്പെടുത്തി. അവള്‍ ആദരവോടെ ഒന്നു വണങ്ങി. കസവുകരയിട്ട നീലപ്പാവാടയിലും ദാവണിയിലും പതിവിലുമേറെ സുന്ദരിയായിരുന്നു മാലിനി.

""അകത്തേക്ക് വരൂ മാലിനീ''.....അമ്മ ക്ഷണിച്ചു. നീലനിറമുള്ള കുഷനുകള്‍ വിരിച്ചിട്ട ചൂരല്‍ കസേരയില്‍ അവളിരുന്നു. തോളിലൂടെ രണ്ട് വശത്തേക്കും മെടഞ്ഞിട്ട മുടിയില്‍ കൈകള്‍ തെരുപ്പിടിപ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍ അവള്‍ക്കരികിലേക്കോടിയെത്തി.

ഇതിലേതാവും ഗംഗയും യമുനയും?ആരാണാവോയീ ....മൂന്നാമതൊരാള്‍?മാലിനി ആശയക്കുഴപ്പത്തിലായി. സംശയിച്ചു നില്‍ക്കെ പെണ്‍കുട്ടികളിലൊരാള്‍ അവളെ അകത്തേമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

""ഞാന്‍ ഗംഗ, ഇതെന്റനുജത്തി യമുന. ഇവള്‍ ഞങ്ങളുടെ കളിക്കൂട്ടുകാരി ശാലിനി.''അവള്‍ പരിചയപ്പെടുത്തി. അമ്മ തിടുക്കത്തില്‍ ചോറും കറികളുമുണ്ടാക്കി.പച്ചക്കറികള്‍ നുറുക്കാനും പാകപ്പെടുത്താനും ഗംഗയും യമുനയും അമ്മയ്‌ക്കൊപ്പം കൂടി. മാലിനിയും പെട്ടെന്നുതന്നെ അവരിലൊരാളായി.ഊണു കഴിഞ്ഞ് ഗംഗയ്ക്കും യമുനയ്ക്കും ശാലിനിക്കുമൊപ്പം മാലിനി ഗ്രാമം കാണാനിറങ്ങി. ഏട്ടന്റെ കോളജില്‍ നിന്നെത്തിയ കൂട്ടുകാരിയെ ഗംഗയും യമുനയും അയല്‍ക്കാര്‍ക്കും കൂട്ടുകാരികള്‍ക്കും പരിചയപ്പെടുത്തി. കോളജിലെ വിശേഷങ്ങളൊക്കെ എല്ലാരും ചോദിച്ചറിഞ്ഞു.

""മിടുക്കന്‍ പയ്യനല്ലേ ജയകുമാര്‍. നല്ല സ്വഭാവവും''. അയല്‍ക്കാര്‍ പരസ്പരം പറയുന്നത് മാലിനി ശ്രദ്ധിച്ചു. എല്ലാര്‍ക്കും ജയകുമാറിനെകുറിച്ച് നല്ലതേ പറയാനുള്ളൂ.. മാലിനിക്ക് ജയകുമാറിനോടുള്ള സ്‌നേഹത്തില്‍ ആരാധന കൂടി കലര്‍ന്നു. കൂട്ടുകാരികള്‍ക്കൊപ്പം കൂടുന്നുണ്ടെങ്കിലും തന്നില്‍ നിന്ന് അകലം പാലിക്കുന്ന ശാലിനിയെ മാലിനി ശ്രദ്ധിക്കാതിരുന്നില്ല. ജയകുമാറിനോട് താന്‍ മിണ്ടുന്നതവള്‍ക്കത്ര ഇഷ്ടപ്പെടുന്നില്ലെന്ന് വിളിച്ചു പറയുന്നുണ്ട് ശാലിനിയുടെ ഭാവങ്ങള്‍.""എന്താ ശാലിനീ മിണ്ടാതെ നില്‍ക്കുന്നേ....?''മാലിനി ചോദിച്ചു.

""മിണ്ടാനൊന്നുമില്ലാഞ്ഞിട്ട്....''പരിഭവത്തോടെയായിരുന്നു അവളുടെ മറുപടി.

""ജയകുമാറും ഞാനും നല്ല സുഹൃത്തുക്കളാ...മ്മേ,'' ശാലിനി കൂടി കേട്ടോട്ടെയെന്നു കരുതി മാലിനി പറഞ്ഞു. അമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ലെങ്കിലും ഗംഗയും യമുനയും ശാലിനിയും പരസ്പരം നോക്കി മൗനമായെന്തോ മനസിലൊതുക്കി.. മാലിനിയുമായി ജയകുമാറിന്റെയടുപ്പം അംഗീകരിച്ചു കൊടുക്കാന്‍ ശാലിനിയുടെ മനസ് ഒരുക്കമായിരുന്നില്ല.ശാലിനിയുടെ മൗനത്തിന്റെ അര്‍ഥം ജയകുമാറിനും മനസിലാകുന്നുണ്ടായിരുന്നു. അവളുടെ മനസ് വീണ്ടും മുറിവേല്‍ക്കാതിരിക്കാന്‍ മുഖാമുഖം കാണുന്നതിനുള്ള അവസരങ്ങള്‍ ഒഴിവാക്കി ജയകുമാര്‍. ഊണു കഴിഞ്ഞ് യാത്ര പറഞ്ഞ് മാലിനി ജയകുമാറിനൊപ്പം നഗരത്തിലേക്ക് തിരിച്ചു. വാതിലിനു പിന്നില്‍ പരിഭവം നിറഞ്ഞ ശാലിനിയുടെ കണ്ണുകള്‍ തന്നെ പിന്തുടരുന്നത് ജയകുമാര്‍ കണ്ടില്ലെന്നു നടിച്ചു.

""എങ്ങനെയുണ്ടെന്റെ ഗ്രാമവും വീടും? തനിക്കിഷ്ടായോ?'' തിരികെ നടക്കുമ്പോള്‍ ജയകുമാര്‍ ചോദിച്ചു.

""തീര്‍ച്ചയായും ....എനിക്കെല്ലാരെയും ഇഷ്ടമായി. അഛനെയും അമ്മയെയും സഹോദരിമാരെയും. ആ ശാലിനി മാത്രം എന്നില്‍ നിന്നകലം പാലിച്ചിരുന്നു.''പറയുമ്പോള്‍ മാലിനിയുടെ മുഖത്ത് പരിഭവം.

""അവളൊരു പാവമാ മാലിനീ. ഞങ്ങള്‍ക്കൊപ്പമാ അവളും കളിച്ചു വളര്‍ന്നത്. ഏതാവശ്യത്തിനും ഞങ്ങള്‍ക്കൊപ്പം കാണും. ഗംഗയ്ക്കും യമുനയ്ക്കുമൊപ്പം കൂട്ടുകൂടുന്നതാ അവള്‍ക്കിഷ്ടം.'' ജയകുമാര്‍ മാലിനിയുടെ പ്രതികരണമറിയാന്‍ മുഖത്തേക്ക് നോക്കി.

"എന്റെ വരവവള്‍ക്കത്ര ഇഷ്ടപ്പെടാത്തതുപോലെ തോന്നി. അവള്‍ക്ക് ജയകുമാറിനോടെന്തോ ഇഷ്ടമുണ്ടെന്ന് തോന്നുന്നു?''

""അതു തന്റെ തോന്നലാവും ... എനിക്കവള്‍ അനുജത്തിയെപോലെയാ.അതിരിക്കട്ടെ, ഈ നാട്ടിലെന്താ താമസിച്ചാല്‍ കൊള്ളാമെന്നുണ്ടോ തനിക്ക്?'' വിഷയം മാറ്റാനായി ജയകുമാര്‍ ചോദിച്ചു.

""ഇവിടം എനിക്കിഷ്ടമായി. നമ്മള്‍ കല്യാണം കഴിച്ചാലിവിടെ വന്നു താമസിക്ക്വോ?'' മാലിനിയുടെ ചോദ്യം ജയകുമാറിനെ യാഥാര്‍ഥ്യങ്ങളിലേക്ക് തിരികെ കൊണ്ടുവന്നു.

""വിവാഹത്തെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാറായിട്ടില്ല മാലിനീ. ആദ്യം പഠനം കഴിഞ്ഞൊരു ജോലി സംഘടിപ്പിക്കണം. ഗ്രാമത്തില്‍ നിന്നാല്‍ നല്ല ജോലിയൊന്നും കിട്ടില്ല. തനിക്കിവിടം അത്രയ്ക്കിഷ്ടമാണെങ്കി വല്ലപ്പോഴും വീട്ടില്‍പോയി കുറച്ചു ദിവസം നില്‍ക്കാം.'' മാലിനിക്ക് ജയകുമാര്‍ പറഞ്ഞതിനോടൊന്നും പൂര്‍ണമായും യോജിക്കാനായില്ല. എങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. ടൗണില്‍ നിന്നും മാലിനിയെ വീട്ടിലേക്ക് വണ്ടി കയറ്റിവിട്ട് ജയകുമാര്‍ ഹോസ്റ്റലിലേക്ക് പോയി.

പിറ്റേന്നും ലൈബ്രറിക്കു പുറത്ത് രണ്ടുപേരും പതിവുപോലെ കണ്ടുമുട്ടി. സംസാരം മെല്ലെ ജയകുമാറിന്റെ വീടിനെചുറ്റിപ്പറ്റിയായി.ശാലിനിയെ കുറിച്ചെങ്ങാനും മാലിനി ചോദിച്ചേക്കുമോയെന്നു ഭയന്ന ജയകുമാര്‍ വേഗം വിഷയം മാറ്റി.

""മതങ്ങളെ കുറിച്ചാണ് നമ്മള്‍ കഴിഞ്ഞദിവസം സംസാരിച്ചു നിര്‍ത്തിയതെന്നു തോന്നുന്നൂ....''

ജയകുമാര്‍ വീടിനേകുറിച്ചുള്ള സംസാരം ഒഴിവാക്കുകയാണെന്നു മനസിലായെങ്കിലും മാലിനി ഒന്നും പറഞ്ഞില്ല.അവള്‍ മതങ്ങളെ കുറിച്ചു പറഞ്ഞുതുടങ്ങി.""കഴിഞ്ഞ നൂറ്റാണ്ടാണ് മതങ്ങളുടെ ഉദയം കണ്ടത്. ജീവിതത്തെ നിര്‍വചിക്കാനും സമൂഹത്തില്‍ അച്ചടക്കവും ചിട്ടയും കൊണ്ടുവരാനും സംസ്കാരസമ്പന്നനായ മനുഷ്യന് മതം ആവശ്യമായി വന്നുവെന്ന് പറയുന്നതാവും ശരി. ജീവിതയാത്രയില്‍ ദുരന്തങ്ങളും തടസങ്ങളുമുണ്ടാകുമ്പോഴൊക്കെ മതവും ദൈവവും സമാധാനവുമായെത്തുന്നു. ദൈവത്തെക്കുറിച്ചും മതങ്ങളെകുറിച്ചുമൊക്കെയുള്ള ബോധ്യങ്ങള്‍ ഒരു കണക്കിന് നല്ലതുതന്നെ. അവ മനുഷ്യന് നല്ലതു ചെയ്യാനുള്ള പ്രചോദനമാകും.''

""മതങ്ങളൊരാവശ്യമാണെന്ന് മനുഷ്യന് ബോധ്യപ്പെട്ടതും അവന്‍ അതിനെ കുറിച്ച് ചിന്തിച്ചതും എന്ന് മുതലാന്നറിയുമോ...?''

""അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയിലും ഈജിപ്തിലുമായിട്ടായിരുന്നു നാഗരികതയുടെ ഉദയം. മെസപ്പൊട്ടോമിയന്‍ ജീവിതത്തിന്റെ കേന്ദ്രം മതമായിരുന്നു. പ്രകൃതിയെയും സമൂഹത്തെയും അവനെത്തന്നെയും മനസിലാക്കാന്‍ അവര്‍ മതത്തെയാണ് ആശ്രയിച്ചത്. സാംസ്കാരിക വളര്‍ച്ചയിലും മറ്റു പ്രവര്‍ത്തനങ്ങളിലും മതത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. സാംസ്കാരികമായുള്ള അവരുടെ പ്രവര്‍ത്തനങ്ങളെയും മുന്നേറ്റങ്ങളെയും മതം സ്വാധീനിച്ചു. സ്വര്‍ഗത്തിലെ ദൈവങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാനാണ് മനുഷ്യര്‍ ജീവനോടെ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടതെന്നവര്‍ വിശ്വസിച്ചു.സ്വര്‍ഗത്തിലുള്ള ദൈവങ്ങളെ സേവിക്കാന്‍ അവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധ സമൂഹങ്ങളുടെ കൂട്ടമായിരുന്നു മെസപ്പെട്ടോമിയന്‍ നഗരങ്ങള്‍. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നത് നഗരങ്ങളില്‍ സുരക്ഷിതത്വവും അഭിവൃദ്ധിയും നിറയ്ക്കുമെന്നവര്‍ വിശ്വസിച്ചു.

പ്രത്യേക ദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നു ഓരോ നഗരവും. അവരായിരുന്നു ആ പ്രദേശത്തിന്റെ യഥാര്‍ഥ ഭരണാധിപന്‍മാരും അവകാശികളും. വിശാലമായ ക്ഷേത്ര സമുച്ചയങ്ങള്‍ തന്നെ ദൈവങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നിര്‍മിക്കപ്പെട്ടു. പൂജാരിമാര്‍ നേതൃത്വം നല്‍കുന്ന ഇത്തരം ക്ഷേത്രങ്ങളായിരുന്നു നഗരജീവിതത്തിന്റെ കേന്ദ്രം. കാലം മാറിയപ്പോള്‍ രാജാക്കന്മാരിലൂടെ ദൈവം തങ്ങളെ ഭരിക്കുന്നുവെന്ന് ജനം വിശ്വസിച്ചു. ഓരോ സ്ഥലത്തിന്റെയും അവസ്ഥകളെയും ആവശ്യങ്ങളെയും കുറിച്ച് ദൈവത്തെ ബോധ്യപ്പെടുത്തി രാജാക്കന്മാര്‍ ദൈവത്തിന് പ്രാര്‍ഥനകള്‍ സമര്‍പ്പിച്ചു.ദൈവങ്ങളില്‍ നിന്നുവരുന്നുവെന്ന് കരുതപ്പെടുന്ന നിയമങ്ങള്‍ രാജാവ് നടപ്പാക്കി.

""4000 വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ സംസ്കാരവും 3000 വര്‍ഷം മുമ്പത്തെ അസീറിയന്‍ സംസ്കാരവും 2500 വര്‍ഷം മുമ്പത്തെ പേര്‍ഷ്യന്‍ സംസ്കാരവും ഗ്രീക്ക്, ഹീബ്രു, ഇന്ത്യന്‍, ചൈനീസ് സംസ്കാരങ്ങളും ഏതെങ്കിലും വിധത്തിലുള്ള ദൈവങ്ങളെ ആരാധിച്ചിരുന്നുവെന്നാണ് തെളിയുന്നത്. ദൈവങ്ങള്‍ക്കായി അവര്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു, ദൈവത്തിന്റെ പ്രതിബിംബങ്ങളുണ്ടാക്കി.''

""അതെ, മനുഷ്യദൈവങ്ങളായ ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകള്‍ തന്നെ ഈജിപ്ഷ്യന്‍ ജനതയുടെ മതവിശ്വാസത്തിന് നല്ല ഉദാഹരണം. മതങ്ങളുടെ സാന്നിധ്യത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളായി അവയെ കരുതുന്നതില്‍ തെറ്റുണ്ടാകില്ല.. ''

""ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ നേട്ടങ്ങള്‍ക്കും മതവിശ്വാസം കാരണമായി. മതപരമായ ചടങ്ങുകളും ബലികളും കൃത്യസമയത്ത് നടത്തുന്നതിന് സമയം കുറിക്കുന്നതിനാണ് ജ്യോതിശാസ്ത്രം രൂപം കൊണ്ടത്. ബഹുദൈവവിശ്വാസം കാത്തു സൂക്ഷിച്ച ഈജിപ്തുകാര്‍ മൃഗങ്ങളെയും ആരാധിച്ചു. ദൈവങ്ങള്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപത്തില്‍ അവതരിക്കുമെന്ന് വിശ്വസിച്ചു. ആകാശം, സൂര്യന്‍, ഭൂമി, നൈല്‍ നദി തുടങ്ങിയ പ്രകൃതിശക്തികളില്‍ സമൂഹം വിശ്വസിച്ചു. മരണാനന്തര ജീവിതത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണ് ഈജിപ്ഷ്യന്‍ ജനത. അനശ്വരതയോടുള്ള മോഹവും മരണത്തെ അതിജീവിക്കാനുള്ള താല്‍പര്യവും മരിച്ചവരെ കബറടക്കി സൂക്ഷിക്കുന്ന പിരമിഡുകള്‍ വ്യക്തമാക്കുന്നു.ഒരു രാജകീയ ദൈവത്തിന്റെ ഭരണം മാത്രമേ രാഷ്ട്രീയമായി അവര്‍ക്ക് സ്വീകാര്യമാകുമായിരുന്നുള്ളൂ. ലോകത്തിന്റെ ക്രമങ്ങളോട് യോജിച്ചേ അത് സാധ്യമാകൂ. രാജ്യത്ത് നീതിയും സുര്ക്ഷയും ഇതിലൂടെ സാധ്യമാകും.'' അവര്‍ മനസില്‍ കരുതി.

""മെസപ്പെട്ടോമിയന്‍, ഈജിപ്ഷ്യന്‍ സംസ്കാരങ്ങളുടെ ഊര്‍ജസ്വലതയ്ക്കും സൃഷ്ടിപരതയ്ക്കും ഊര്‍ജം നല്‍കിയത് മതങ്ങളാണെന്നല്ലേയിതിന്റെ്‌യര്‍ഥം്.''

""പുരാണ കഥകള്‍ മെനഞ്ഞെടുത്തായിരുന്നു മനുഷ്യന്‍ ആദ്യകാലത്ത് ചിന്തിച്ചതും പറഞ്ഞതും്. ബുദ്ധിയ്ക്കിടം നല്‍കാതെ, ഭാവനയ്ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കി രൂപപ്പെടുത്തിയ കഥകളിലൂടെ അവന്‍ പ്രകൃതിയെയും വിശകലനം ചെയ്തു. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലമായിരുന്നു ഇത്. ബുദ്ധിക്കും വിവേകത്തിനും ചിന്തകളില്‍ സ്ഥാനമില്ലായിരുന്നു. മനുഷ്യന്റെ വിധി ദൈവം തീരുമാനിക്കുന്നു. ദൈവങ്ങളും പിശാചുക്കളും പ്രകൃതിയില്‍ തന്നെ വസിക്കുന്നു. സൂര്യനും നക്ഷത്രങ്ങളും നദികളും പര്‍വതങ്ങളും ദൈവങ്ങളോ ദൈവങ്ങളുടെ താമസസ്ഥലങ്ങളോ ആണെന്നവര്‍ വിശ്വസിച്ചു. നദികള്‍ വെള്ളപ്പൊക്കമുണ്ടായി നാശനഷ്ടമുണ്ടാക്കിയാല്‍, മനുഷ്യന് ദൈവം നല്‍കുന്ന ശിക്ഷയാണതെന്നവര്‍ കരുതി. കിഴക്കുള്ളവര്‍ പ്രകൃതിയെ ഒരു ഭൗതിക വസ്തുവിലല്ല കണ്ടത്, ഓരോ പ്രകൃതിവസ്തുക്കളെയും ജീവന്‍ നിറഞ്ഞവയായി അവര്‍ കണ്ടു.

പക്ഷെ, ഗ്രീക്കുകാരുടെ ചിന്തകളും വീക്ഷണങ്ങളും വ്യത്യസ്തമായിരുന്നു. അവര്‍ ബുദ്ധിപരമായി ചിന്തിച്ചു. ദൈവത്തിന്റെയോ ചെകുത്താന്റെയോ താല്‍പര്യങ്ങളോ ഇഷ്ടങ്ങളോ ആയല്ല അവര്‍ പ്രകൃതി ശക്തികളെ കണ്ടത്. മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവിനെ, അവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അവന്‍ വിലമതിച്ചു. മനുഷ്യന്റെ ബുദ്ധിയ്ക്കും തീരുമാനങ്ങള്‍ക്കും അവര്‍ സ്ഥാനം കൊടുത്തു. ഹീബ്രൂ, ഗ്രീക്ക് ജനതകള്‍ കിഴക്കിന്റെ സംസ്കാരത്തെ അംഗീകരിച്ചിരുന്നുവെങ്കിലും അവര്‍ സ്വന്തമായ ചിന്താഗതികളും വീക്ഷണങ്ങളും രൂപപ്പെടുത്തിയിരുന്നു.''

"" അതിരിക്കട്ടേ ജയകുമാര്‍..നമ്മളൊക്കെ വിശ്വസിക്കുന്ന ഹിന്ദുമതത്തിന്റെ ചരിത്രമറിയാമോ ജയകുമാറിന്. എനിക്കതിനെ കുറിച്ചൊന്നുമറിയില്ല.''

""കുറച്ചൊക്ക ഞാന്‍ വായിച്ചിട്ടുണ്ട.് അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഹിന്ദുമതം ലോകത്തെ തന്നെ ഏറ്റവും പുരാതനമായ മതങ്ങളിലൊന്നാണ്. വേദിക് കാലഘട്ടം, ഉപനിഷത് കാലഘട്ടം, ഭഗവത്ഗീതയുടെ കാലഘട്ടം എന്നിങ്ങനെ ചരിത്രപരമായി മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഹിന്ദുമതം രൂപപ്പെട്ടത്. വേദിക് കാലഘട്ടത്തിന് മുമ്പുള്ള 2500 - 1500 ബി.സി കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയിലെ ഇന്‍ഡസ് വാലിയില്‍ ദേവതമാരെ ആരാധിച്ചിരുന്നു, അവര്‍ക്കായി ബലിയര്‍പ്പണങ്ങളും നടന്നു. ഇന്ത്യയില്‍ ഇന്നാരാധിക്കപ്പെടുന്ന ദേവതമാരുടെയെല്ലാം മുന്‍ഗാമികളായിരുന്നു ഇവര്‍. ഓരോ ഗ്രാമത്തിനും പ്രത്യേകം ദേവതമാരുണ്ടായിരുന്നു. കൊമ്പുള്ള മൂന്ന് മുഖമുള്ള ദൈവത്തെയും അന്നൊക്ക ആരാധിച്ചിരുന്നു.

പരിത്യാഗകര്‍മങ്ങളും യോഗ പോലുള്ള എക്‌സര്‍സൈസുകളും ഹിന്ദുമതാചാരങ്ങളുടെ ഭാഗമായി രുന്നു. 1500 - 600 ബി.സി കാലഘട്ടംമുതലായിരുന്നു വേദിക് കാലഘട്ടം. ആര്യന്മാരുടെ ആക്രമണകാലം മുതലുള്ള ഹിന്ദു വേദഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ലളിതമായ ഭാഷയില്‍ പ്രചോദനമേകുന്ന വിചാരങ്ങളും സ്തുതികളും ഈ വേദഗ്രന്ഥങ്ങള്‍ പങ്കുവെയ്ക്കുന്നു. 600ബി.സി മുതലാണ് ഉപനിഷത്ത് കാലഘട്ടത്തിന് തുടക്കം. അധ്യാപകന് മുന്നില്‍ ഇരിക്കുകയെന്നാണ് ഉപനിഷത്ത് എന്ന വാക്കിനര്‍ഥം. ലോകസുഖങ്ങളില്‍ നിന്ന് മോചനമാണ് ഉപനിഷത്തുകള്‍ തേടുന്നത്. ധ്യാനത്തിന്റെ മാര്‍ഗത്തിലൂടെ സ്വയം പരിത്യാഗം ചെയ്ത് സന്യാസത്തിന്റെ വഴികളിലൂടെ, സമൂഹത്തിന്റെ വഴികളില്‍ നിന്ന് മാറി നില്‍ക്കാന്‍ മനുഷ്യനെ ഉപദേശിക്കുന്നു ഉപനിഷത്തുകള്‍.''

""നാഗരികത..മതം.. സംസ്കാരം... മണിക്കൂറുകളോളം സംസാരിച്ചിരിക്കാവുന്ന വിഷയങ്ങള്‍. താനെനിക്കൊപ്പം ദിവസം മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാറ്റിനെയും സംസാരവിഷയമാക്കാമായിരുന്നു. ്‌നമ്മളൊരുമിച്ചിരിക്കുമ്പോള്‍ മണിക്കൂറുകള്‍ നീങ്ങുന്നതറിയുന്നില്ല, മാലിനീ.''

""എനിക്കും അങ്ങനെ തന്നെ. തമ്മില്‍ കാണാതെ അവധിക്കാലം എങ്ങനെ കടത്തിവിടും?''

""ഞാനിടയ്ക്ക് കൂട്ടുകാരെ കാണാനുണ്ടെന്നോ ഫുട്‌ബോള്‍ കളിയുണ്ടെന്നോ പറഞ്ഞ് കോളജില്‍ വരാം. താനും കൂടി അവിടേക്ക് വന്നാമതി. സ്റ്റെല്ലയേയും വിളിക്കാം.'' മാലിനിയുടെ മുഖമൊന്നു തെളിഞ്ഞു.

""അത് നല്ല ഐഡിയ. ഞാന്‍ വരാം. സമയം ലഭിച്ചാല്‍ എനിക്കൊന്നൂടി നിങ്ങടെ വീട്ടിലൊന്നു വരണം. ഡ്രൈവറോട് പറഞ്ഞ് കാറുമായി സ്റ്റെല്ലയ്‌ക്കൊപ്പം എവിടെങ്കിലും പോകുന്നെന്ന് പറഞ്ഞു വേണം വീട്ടീന്നിറങ്ങാന്‍. ഇനി നമ്മുടെയിഷ്ടം വീട്ടിലങ്ങ് പറഞ്ഞാലോന്നും ഞാന്‍ ആലോചിക്കുന്നുണ്ട്.'' ജയകുമാറിന്റെ പ്രതികരണമറിയാന്‍ അവള്‍ മിഴിയുയര്‍ത്തി.

""അരുത്,.... മണ്ടത്തരമൊന്നും കാട്ടരുത്. ഈ കണ്ടുമുട്ടലുകളുടെ അവസാനമാകുമത്. പഠനം പൂര്‍ത്തിയാകുവോളം നമുക്ക് കാത്തിരിക്കാം. ഡിഗ്രി കഴിഞ്ഞെനിക്ക് എം.ബി.എ ചെയ്യണം.''

""അതുകഴിയുംവരെ കല്യാണത്തിന് ഞാന്‍ കാത്തിരിക്കണമല്ലേ?''

മാലിനിയുടെ മുഖത്തെ പ്രകാശം മാഞ്ഞു.

""താന്‍ വിഷമിക്കണ്ട. ഡിഗ്രി കഴിഞ്ഞാലുടന്‍ താനും എം.ബി.എയ്ക്കഎന്റെ കോളജില്‍ വാ.'' ജയകുമാര്‍ സാന്ത്വനിപ്പിക്കാനായി അവളുടെ ചുമലില്‍ മെല്ലെ കൈകള്‍ വച്ചു.

സ്‌നേഹത്തോടെ ആ കൈകളെടുത്തു പിടിച്ചവള്‍ പറഞ്ഞു.

""അതുതന്നെയാ ഞാനും ആഗ്രഹിക്കുന്നേ.''

""നാളെ സ്റ്റേഡിയത്തിലൊരു ഫുട്‌ബോള്‍ കളിയുണ്ട്. കാണാന്‍ വരുന്നോ?''

""തീര്‍ച്ചയായും ഞാനവിടെ കാണും. നേരം വൈകി. ഞാന്‍ പോകട്ടെ.'' അവള്‍ നടന്നു.

കോളജ് അടച്ചു, ജയകുമാര്‍ വീട്ടിലെത്തി. വളരെക്കാലം കൂടി ചേട്ടനെ അടുത്തുകിട്ടിയതില്‍ സന്തോഷത്തിലായിരുന്നു ഗംഗയും യമുനയും. ജയകുമാറെത്തിയതില്‍ സന്തോഷമുള്ള മറ്റൊരാള്‍ ശാലിനിയായിരുന്നു. വീട്ടിലെത്തിയതില്‍ സന്തോഷമുണ്ടെങ്കിലും മാലിനിയെ കാണാത്തതില്‍ വിഷമമുണ്ടായിരുന്നു ജയകുമാറിന്.ഒരു വൈകുന്നേരം വീട്ടുമുറ്റത്ത് വിദൂരത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ജയകുമാര്‍. ആരുടെയോ കാല്‍പെരുമാറ്റം ജയകുമാറിനെ കാഴ്ചകളില്‍ നിന്നുണര്‍ത്തി.

""എന്തായിത്ര ആലോചിച്ചിരിക്കുന്നേ? പണ്ടൊക്കെ എന്തെല്ലാം സംസാരിച്ചിരുന്നയാളാ, ഇപ്പോള്‍ മൗനം മാത്രം.''ജയകുമാറിന്നരികിലേക്കോടിയെത്തി ശാലിനി ചോദിച്ചു.

""ഞാനിവിടമൊക്കെ ശരിക്കൊന്നു നോക്കിക്കാണുകയായിരുന്നു ശാലിനീ. ടൗണിലെ ജീവിതത്തിന് ഗ്രാമത്തിന്റെ ശാലീനതയൊന്നുമില്ലല്ലോ?''

""ടൗണിലെ ജീവിതം ഏട്ടനിഷ്ടമല്ലെന്നാണോ? മാസത്തിലൊരിക്കലെങ്കിലും ഏട്ടന്‍ പണ്ടൊക്കെ ഇവിടെയെത്തിയിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് പിന്നിങ്ങോട്ട് കണ്ടിട്ടുപോലുമില്ല.'' അവള്‍ പരിഭവിച്ചു നിന്നു.

""വരണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല ശാലിനീ. ഏറെ പഠിക്കാനുണ്ട്. ശനിയാഴ്ചകളിലാണെങ്കില്‍ ലൈബ്രറീ പോയി നോട്ടുകുറിക്കണം.''

""ഏട്ടനൊപ്പം ഇവിടെ വന്ന ആ കൂട്ടുകാരിയെവിടെ? കാണാറുണ്ടോ?''

""ഓ, മാലിനിയോ? അവളെന്നെക്കാള്‍ ഒരു വര്‍ഷം താഴെയാ. അവള്‍ക്കിവിടെ ഒരിക്കല്‍ കൂടി വരണമെന്നുണ്ട,് നിനക്കവളെ ഇഷ്ടമായോ?''

""ഇഷ്ടമൊക്കെത്തന്നെ. പക്ഷേ ഏട്ടനെയാ എനിക്കേറെയിഷ്ടം.''

ശാലിനിയുടെ സംസാരം ജയകുമാറിനെ അതിശയിപ്പിച്ചു. അവളെ അധികം പ്രോത്സാഹിപ്പിക്കാതെ ജയകുമാര്‍ പറഞ്ഞു.

""എങ്ങനുണ്ട് നിന്റെ പഠിത്തം. അടുത്തവര്‍ഷം പത്തിലെഴുതണ്ടേ?''

""പഠിത്തമൊക്കെ നന്നായി പോകുന്നു. ഏട്ടനിവിടുണ്ടായിരുന്നെങ്കില്‍ ഹോം വര്‍ക്കിനും സംശയം ചോദിക്കാനുമൊക്കെ സഹായമായേനെ.''

""ഗംഗയും യമുനയും പറഞ്ഞു തരില്ലേ? ഞാനിവിടുള്ളപ്പോ പറഞ്ഞുതരാമല്ലോ''

യമുനയ്ക്ക് സന്തോഷമായി. അവള്‍, പിന്നെ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. താനും മാലിനിയുമായുള്ള ബന്ധത്തെക്കുറിച്ച് യമുനയ്‌ക്കെന്തോ സംശയമുള്ളതുപോലെയുണ്ട് പെരുമാറ്റം കണ്ടിട്ട്. ജയകുമാര്‍ മനസിലോര്‍ത്തു.

മണിക്കൂറുകള്‍ക്ക് നീളം കൂടുന്നതുപോലെ തോന്നി ജയകുമാറിന്. അവധി രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ശനിയാഴ്ച രാവിലെ ജയകുമാര്‍ ടൗണിലേക്ക് പോയി. നേരത്തേ പറഞ്ഞതുപോലെ മാലിനി കോളേജില്‍ കാത്തു നിന്നിരുന്നു.

""തമ്മില്‍ കണ്ടിട്ടെത്ര ദിവസമായി?'' പറയുമ്പോള്‍ മാലിനിയുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ കടലിരമ്പം അയാള്‍ കണ്ടു. അവര്‍ പരസ്പരം ഏറെ നേരം നോക്കി നിന്നു.

""ഇന്നത്തെ ദിവസം അവസാനിക്കാതിരുന്നെങ്കില്‍....'' മാലിനി പറഞ്ഞു.

""സ്‌നേഹം അങ്ങനെയാണ്. അകന്നിരിക്കുമ്പോള്‍ കൂടുതല്‍ അടുക്കാന്‍ അത് മോഹിപ്പിച്ചു കൊണ്ടിരിക്കും.''

സ്‌നേഹത്തെകുറിച്ചും ഇഷ്ടങ്ങളെകുറിച്ചും പറഞ്ഞുപറഞ്ഞവരുടെ സംസാരം മതങ്ങളിലേക്കും സംസ്കാരത്തിലേക്കുമെത്തി.

""മതങ്ങളെക്കുറിച്ചു നമ്മള്‍ പറഞ്ഞു കഴിഞ്ഞല്ലോ, അവ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് എന്തു പറയുന്നു? മതത്തെ എങ്ങനെ നിര്‍വചിക്കും?''

""മതങ്ങള്‍ രഹസ്യങ്ങള്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തിലെ പരിശുദ്ധമായതെന്തിനോ ടൊക്കയോ നമുക്കുള്ള ആഴത്തിലുള്ള വ്യക്തിബന്ധമാണ് മത വിശ്വാസമെന്ന് പറയുന്നത്. സ്‌നേഹമെന്ന വികാരമുണ്ടല്ലോ? അതിനെ നമുക്കെങ്ങനെ നിര്‍വചിക്കാനാവും. അതനുഭവിച്ചറിയാനേ പറ്റൂ. നമ്മള്‍ രണ്ടാളും പരസ്പരം സ്‌നേഹിക്കുന്നു. അത് നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ മതത്തെ നാം അനുഭവിച്ചറിയുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസവും ഒരു ബന്ധമാണ്. അതുകൊണ്ട്, മറ്റെല്ലാ ബന്ധങ്ങളെയും പോലെ ഇതും പ്രകടമാക്കിയേ പറ്റൂ. നമ്മളെങ്ങനെയാ നമ്മുടെ സ്‌നേഹം വ്യക്തമാക്കിയത്. "വിശ്വാസത്തിന്റെ കാര്യത്തിലും ഈ അടുപ്പത്തിന് പ്രസക്തിയുണ്ട്. സ്‌നേഹിക്കുന്നവര്‍ മനസ് പങ്കിട്ട്........ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറയുംപോലെ....പറഞ്ഞിട്ട് മാലിനി ഒരു നിമിഷം ജയകുമാറിനെ നോക്കിനിന്നു, പിന്നെ തുടര്‍ന്നു...പരസ്പരം അടുത്തു കഴിഞ്ഞാപ്പിന്നെ.... ആളുകള്‍ അവരുടെ സ്‌നേഹത്തെ നിര്‍വചിക്കാന്‍ വാക്കുകളേറെ കണ്ടെത്തും. പ്രേമലേഖനങ്ങളിലൊക്കെ ഇത്തരം വാക്കുകള്‍ പരിഹാസ്യമായിതോന്നാം. കാരണം .....പറയാനുദ്ദേശിക്കുന്നത് ....വാക്കുകളിലൂടെ പറഞ്ഞു ഫലിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. മതമെന്ന വാക്കിന്റെ നിര്‍വചനത്തിന് മനുഷ്യന്റെ വിവാഹജീവിതവുമായി ബന്ധമുണ്ട്. ആരാധനയിലൂടെ വിശ്വാസം പരസ്യമായി പ്രകടമാക്കാനുള്ള ശ്രമങ്ങളുടെയെല്ലാം ആകെത്തുകയാണ് മതം. നമ്മുടെ വിശ്വാസത്തെ കുറിച്ച് ചിന്തിക്കാനും സമൂഹമെന്ന നിലയില്‍ ആ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനും. അതെ മതവിശ്വാസം പോലെ സ്‌നേഹവും പരിശുദ്ധമായിരിക്കണം'' മാലിനി പറഞ്ഞു.

""സ്‌നേഹം പോലെ മതവും ഒരു രഹസ്യമാണ്. നമ്മളെങ്ങനെയാണ് സ്‌നേഹിച്ചു തുടങ്ങിയത്. ആ അടുപ്പം വളര്‍ന്നിന്ന് ജീവിതം പങ്കിടുന്നിടത്തോളം എത്തിയിരിക്കുന്നു. പിരിഞ്ഞിരിക്കുന്നതിനെകുറിച്ച് ആലോചിക്കാനൂടിയാകുന്നില്ല. മതപരമായ അനുഭവവും അതേപോലെയാണ്. സ്‌നേഹം രഹസ്യമാണ്, പരിശുദ്ധവുമാണ്. അത് അനുഭവത്തിലൂടെയേ ബോധ്യമാകു. ഈ അവധിക്കാലത്ത് തന്നെ എനിക്കെത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്നോ......? ബോറായിരുന്നു ഈ വെക്കേഷന്‍.''

""എന്തായാലും സ്റ്റെല്ലയും ഞാനും കൂടി അടുത്ത വെള്ളിയാഴ്ച നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ട്. ഞങ്ങള്‍ ഏത് ജംഗ്ഷനില്‍ നില്‍ക്കണം? ആദ്യം വീട്ടിലേക്ക് വരണോ?

""കവലയിലേക്ക് വന്നാമതി, അമ്പലത്തിനടുത്ത്. അവിടെ ഞാന്‍ കാത്തുനില്‍ക്കാം.''

""എവിടെയാണമ്പലം?''

""ഞങ്ങളുടെ വീട്ടില്‍ നിന്ന് ഒരു മൈല്‍ കഴിഞ്ഞുള്ള കവലയില്‍ ഞാന്‍ നില്‍ക്കാം.''

""ഓ.കേ... ഞങ്ങള്‍ രാവിലെ പതിനൊന്നോടെ അങ്ങെത്തും. ഇനി ഞാന്‍ പോകട്ടേ.'' ജയകുമാറിന്റെ കൈകളില്‍ പിടിച്ച് യാത്ര പറഞ്ഞ് മാലിനി നടന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ കവലയില്‍ ജയകുമാര്‍ കാത്തു നിന്നു. ഒരു വെള്ള അമ്പാസഡര്‍ ജയകുമാറിന്നരികെ നിര്‍ത്തി, ഗ്ലാസ് താഴ്ത്തി.ഉള്ളില്‍ നിന്നും തല പുറത്തേക്കിട്ട് മാലിനി പറഞ്ഞു.

""ഞങ്ങളിങ്ങെത്തി.... അകത്തേക്ക് കയറിക്കോളൂ.

ജയകുമാര്‍ കാറില്‍ കയറി. സ്റ്റെല്ലയെ കണ്ട് ജയകുമാര്‍ പറഞ്ഞു.

"" വന്നതിന് സന്തോഷമുണ്ട് സ്റ്റെല്ലാ...?''

""ഞാനിവിടമൊക്കെയൊന്ന് കാണാനാ വന്നത്. മാലിനിയുടെ വരവിന് പിന്നില്‍ മറ്റ് വല്ല ഉദ്ദേശവുമുണ്ടോയെന്നെനിക്കറിയില്ല.....''പറഞ്ഞിട്ട്‌സ്റ്റെല്ല മാലിനിയെയൊന്നു പാളി നോക്കി. ജയകുമാറിന്റെ മുഖത്തൊരു ചിരി പടര്‍ന്നു.

""ഇവിടെയടുത്തൊരു റിസോര്‍ട്ടുണ്ട്. നമുക്കവിടെപോയി വിശ്രമിക്കാം. അവിടെയൊരു റസ്റ്റോറന്റുമുണ്ട്. അവിടുന്ന് ഭക്ഷണവും കഴിക്കാം''. ജയകുമാര്‍ പറഞ്ഞു.

ഓ....ജയകുമാര്‍.. പരിചയപ്പെടുത്താന്‍ മറന്നു.ഇത് മനു, ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപോലെയാ.മാലിനി ഡ്രൈവറെ പരിചയപ്പെടുത്തി.ജയകുമാര്‍ മനുവിന് റിസോര്‍ട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

""ഞാന്‍ കരുതി... ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്. അഛനെയും അമ്മയെയും സഹോദരിമാരെയും കാണിക്കാതെ ഞങ്ങളെ ഇവിടുന്ന് കൊണ്ടുപോകാനാല്ലേ .....പ്ലാന്‍. അവരെയൊക്കെ കണ്ടേ ഞാന്‍ മടങ്ങൂ.''

""റിസോര്‍ട്ടില്‍ നിന്ന് മടങ്ങി വരുമ്പോള്‍ വീട്ടില്‍ കയറാം മാലിനീ. എന്റെ രണ്ട് കൂട്ടുകാര്‍ റിസോര്‍ട്ട് കാണാന്‍ വരുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്.''

""അത് നന്നായി.'' മാലിനി പറഞ്ഞു.

അഞ്ചു മിനിറ്റിനുള്ളില്‍ അവര്‍ റിസോര്‍ട്ടിലെത്തി.

പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു കുന്നിന്‍പുറത്തുള്ള റിസോര്‍ട്ടും പരിസരവും. റിസോര്‍ട്ടിന് പിന്നില്‍ ചെറിയൊരു വെള്ളച്ചാട്ടമുണ്ട്.

""എനിക്കിവിടമൊക്കെയൊന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ ഡ്രൈവറെ കൂട്ടി എല്ലായിടവും കണ്ടുവരട്ടെ.''

""ഓ സ്റ്റെല്ലാ..... നീ ഞങ്ങള്‍ക്കിടയില്‍ നിന്നോടിയൊളിക്കാനുള്ള പ്ലാനാല്ലേ, പോകുന്നതൊക്കെ കൊള്ളാം, വേഗം തിരികെയെത്തണം. അഛന്‍ വീട്ടിലെത്തും മുമ്പേ എനിക്ക് വീട്ടിലെത്തണം. കൂട്ടുകാരീടെ വീട്ടില്‍ പോകുന്നൂന്ന് പറഞ്ഞാ ഞാനിറങ്ങിയത്. ഇവിടെ വന്ന കാര്യമൊന്നും വീട്ടില്‍ പറയരുതെന്ന് മനുവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.''

""ശരി മാലിനീ, ഞാന്‍ അധികം വൈകില്ല, സ്റ്റെല്ല പോയതോടെ മാലിനിയും ജയകമാറും വെള്ളച്ചാട്ടത്തിനരികെ പുല്‍ത്തകിടിമേലിരുന്നു.''

""എനിക്കാരെയെങ്കിലും ഇത്രയും സ്‌നേഹിക്കാന്‍ പറ്റുമെന്നോ.... ഇങ്ങനെയൊരു പ്രണയത്തില്‍ പെടുമെന്നോ ഞാനൊരിക്കലും വിചാരിച്ചതല്ല. ഞാനൊരു ഗൗരവപ്രകൃതിക്കാരിയായിരുന്നെന്നും.''

""പ്രണയത്തിലാണെങ്കിലും ഗൗരവത്തിന് കുറവൊന്നും വന്നിട്ടില്ലിനിയും. ചരിത്രവും മതവുമൊക്കെയല്ലേ നമ്മളേറെയും സംസാരിക്കുന്നേ...'.

""അതു ശരിയാ പക്ഷേ, ഇന്ന് നമ്മുടെ കാര്യം സംസാരിക്കാം ജയകുമാര്‍. നമ്മുടെ കല്യാണം നീളുന്നതോര്‍ത്തിട്ടാ എനിക്ക് ടെന്‍ഷന്‍.''

""ഞാന്‍ എം.ബി.എ കഴിഞ്ഞൊരു ജോലി നേടിയിട്ട് പോരേ കല്യാണം?''

""അത്രയൊന്നും കാത്തിരിക്കാന്‍ പറ്റില്ലെനിക്ക്. ജയകുമാറിനി മറ്റൊരു കോളജിലേക്ക് പോകുന്നതൊന്നും എനിക്കാലോചിക്കാന്‍ കൂടി വയ്യ. ഈ അവധിക്കാലം എന്തൊരു ബോറാ. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല വീട്ടില്‍. എനിക്ക് സഹോദരങ്ങളില്ലാന്നറിയാല്ലോ. അമ്മയാണെങ്കില്‍ കൂട്ടുകാരികള്‍ക്കൊപ്പം ക്ലബിലും മീറ്റിംഗുകളിലുമായിരിക്കും. അഛനാണെങ്കി ബിസിനസ് തിരക്ക്. സ്റ്റെല്ലയാണ് ആകെയുള്ള ആശ്വാസം.''

ശൂന്യമായ കണ്ണുകളോടെ അവള്‍ പുറത്തേക്ക് നോക്കി. തൊട്ടുമുമ്പ് കണ്ട ഉത്സാഹം പെട്ടെന്ന് അപ്രത്യക്ഷമായതുപോലെ.

""സോറി മാലിനീ. ഞാനൊന്നും മനപൂര്‍വമല്ല. ഇനി ഞാന്‍ കഴിയുന്നിടത്തോളം സമയം നിനക്കൊപ്പം ചെലവിടാം. ഞാന്‍ വേറെ കോളജില്‍ പോയാലും കാണണമെന്ന് തോന്നുമ്പോഴെല്ലാം നിനക്കരികിലെത്തിയിരിക്കും. ഫോണ്‍ ചെയ്യാമല്ലോ? പിന്നെ കത്തുകളുമെഴുതാം.''

""എനിക്കറിയില്ല ജയകുമാര്‍. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല.''

മാലിനി ജയകുമാറിന്റെ കൈകളില്‍ പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജയകുമാര്‍ കണ്ണീര്‍ തുടച്ചവളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.

""എനിക്ക് നിന്നെ ഒത്തിരിയിഷ്ടമാ മാലിനീ, നീ .....എന്റേതുമാത്രമാണ്. ഡിഗ്രിയെടുക്കണം, ഒരു ജോലിയും വേണം, കല്യാണത്തിന് മുമ്പ്.''

""ഡിഗ്രി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഞാന്‍ അഛനോട് പറഞ്ഞ്് ജയകുമാറിന് കമ്പനിയി്ല്‍ജോലി സംഘടിപ്പിക്കാം. നമ്മുടെ ഇഷ്ടത്തിന്റെ കാര്യവും, വിവാഹം നടത്തിത്തരണമെന്നും അഛനോട് പറയാം.''

""ഡിഗ്രിയെടുത്ത് എം.ബി.എയ്ക്ക് ചേരുന്നതുവരെയെങ്കിലും കാത്തിരിക്ക്. എനിക്കും സ്വന്തമായൊരു ഐഡന്റിറ്റി വേണ്ടേ? എം.ബി.എ കഴിഞ്ഞാല്‍ തന്റെ അഛന്റെ കമ്പനീല്‍ ഒരു പക്ഷേ ജോലിയെടുക്കാന്‍ പറ്റിയേക്കും.''

""എം.ബി.എ ചെയ്‌തൊരു ബിസിനസുകാരനാകാനാ തനിക്കിഷ്ടമെന്നെനിക്കറിയാം. പക്ഷെങ്കി ഡിഗ്രി കഴിഞ്ഞ് ഞാനെന്തു ചെയ്യും? അഛനാണെങ്കീ എനിക്കിപ്പഴേ കല്യാണാലോചന തുടങ്ങി. എനിക്കോര്‍ത്തിട്ട് പേടിയാകുന്നു.''

അയാള്‍ അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു.

കാര്യങ്ങള്‍ അങ്ങനെയൊക്കെയായാല്‍ നമ്മുടെ സ്‌നേഹത്തെ കുറിച്ച് അഛനോട് പറഞ്ഞോളൂ മാലിനീ. പക്ഷെങ്കി തല്‍ക്കാലം നമുക്ക് കാത്തിരിക്കാം.''

കൈകളെടുത്തു പിടിച്ചവര്‍ ഒന്നു കൂടി ചേര്‍ന്നിരുന്നു. ദൂരെ നിന്നും സ്റ്റെല്ല വരുന്നത് കണ്ട് ഇരുവരും പെട്ടെന്നെഴുന്നേറ്റവള്‍ക്കരികിലേക്ക് ചെന്നു.

""എങ്ങനെയുണ്ടായിരുന്നു നിന്റെ സവാരി.''

മാലിനി ചോദിച്ചു.

""എന്തു ഭംഗിയാണിവിടം കാണാന്‍. എനിക്കിവിടുന്ന് പോകാനേ തോന്നുന്നില്ല.'' സ്റ്റെല്ല പറഞ്ഞു.

അവര്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനുശേഷം ജയകുമാര്‍ അവരെ വീട്ടിലേക്ക് കൊണ്ടുപോയി. കാര്‍ മുറ്റത്ത് നിര്‍ത്തിയതേ ഗംഗയും യമുനയും ശാലിനിയും കാറിന്നടുത്തേക്കോടിയെത്തി.

""ഹായ് മാലിനീ, വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട്. ഇതാരാ കൂട്ടുകാരിയാ? ഗംഗ ചോദിച്ചു.

""ഇത് സ്റ്റെല്ല, എന്റെ കൂട്ടുകാരിയാ.''

""നിങ്ങള്‍ രണ്ടും ജയകുമാറിനൊപ്പമാ പഠിക്കുന്നേ?''

""ഞങ്ങളെല്ലാരും ഒരു കോളജിലാ. ഇവരിവിടെയടുത്തുള്ള റിസോര്‍ട്ട് കാണാന്‍ വന്നതാ.

എന്നെ കണ്ടതു കൊണ്ടിവിടെ കൊണ്ടുവിട്ടെന്നേയുള്ളൂ.''

ജയകുമാര്‍ പറഞ്ഞു.

ജയകുമാറിന്റെ അമ്മയെത്തി എല്ലാരെയും അകത്തേക്ക് കൂട്ടികൊണ്ടു പോയി. മാലിനിയും സ്റ്റെല്ലയും തിരികെപ്പോകാന്‍ തിടുക്കപ്പെട്ടു.

""അവര്‍ക്കെന്തെങ്കിലും കഴിക്കാന്‍ കൊടുത്തിട്ട് വിടാമായിരുന്നു.'' അമ്മ പറഞ്ഞു.

""അവര് റിസോര്‍ട്ടീന്ന് ഭക്ഷണം കഴിച്ചമ്മേ. ഇനി അടുത്ത തവണ വരുമ്പോഴാകട്ടെ ഭക്ഷണം. എല്ലാവരോടും യാത്ര പറഞ്ഞ് സ്റ്റെല്ലയും ശാലിനിയും യാത്രയായി.

ജയേട്ടന് കൂട്ടുകാരായി ആണ്‍കുട്ടികളൊന്നുമില്ലേ? .''

""ഇഷ്ടം പോലെ കൂട്ടുകാരുണ്ട് ശാലിനീ. ഈ പെണ്‍കുട്ടികള്‍ നമ്മുടെ ഗ്രാമത്തെ അറിയാനെത്തിയതാ. മാലിനിക്ക് അവളുടെ അഛനെയും അമ്മയെയും റിസോര്‍ട്ടില്‍ കൊണ്ടുവരണമെന്നുണ്ട്. അവള്‍ക്കിവിടം ഒത്തിരിയിഷ്ടമാ.''

""മാലിനിയുടെയിഷ്ടം ഗ്രാമത്തിന്റെ സൗന്ദര്യത്തിലാണോ? അതോ ജയേട്ടനിലാണോയെന്നാ എന്റെ സംശയം? ശാലിനിയുടെ വാക്കുകള്‍ കേട്ട് ജയകുമാര്‍ ഒന്നും മിണ്ടാനാകാതെ നിന്നു. അവള്‍ തല കുനിച്ച് അകത്തേക്ക് നടന്നുപോയി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക