Image

ഗണപതി ബപ്പാ മോറിയ' (എഴുതാപ്പുറങ്ങള്‍-1: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 02 September, 2017
ഗണപതി ബപ്പാ മോറിയ' (എഴുതാപ്പുറങ്ങള്‍-1: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
(സെപ്റ്റംബര്‍ 5 ആനന്ദചതുര്‍ത്ഥി ആഘോഷത്തിനായി മഹാരാഷ്ട്ര ഒരുങ്ങുന്നു)

ഏതൊരു ആഘോഷം വന്നാലും അതിന്റെ സ്വാധീനം പെട്ടെന്ന് കാണപ്പെടുന്നത് നിഷ്കളങ്കരായ കുട്ടികളിലാണ്. ഓണം വന്നാല്‍ അവരുടെ കളി ഓണത്തെക്കുറിച്ച്, വിഷുവന്നാല്‍ വിഷുവെക്കുറിച്ച് , ഇവിടെ ഈ മുംബൈയുടെ തെരുവില്‍ കുട്ടികള്‍ പല വര്‍ണ്ണ കടലാസുകളും, തെര്‍മോകോളിന്റെ ചെറിയ കഷണങ്ങളും കൊണ്ട് അലങ്കരിച്ച് അതില്‍ കളിമണ്ണുകൊണ്ടു ഒരു ചെറിയ കുടവയറന്‍ ഗണപതിയെ വച്ച് പൂക്കളും ഇട്ട് കളിയ്ക്കുന്നു. "ഗണപതി ബപ്പാ മോറിയ" എന്ന് ഉറക്കെ വിളിച്ച് പറയുന്നു. ഭദ്രപാതത്തിലെ നാലാം ദിവസമായ ചതുര്‍ത്ഥി മുതല്‍ പതതാം ദിവസമായ ആനന്ദ ചതുര്‍ത്തിവരെ മഹാരാഷ്ട്രയിലെ ഓരോ കോണിലും, ഏതു ചുണ്ടിലും കേള്‍ക്കുന്ന ഭക്തി സാന്ദ്രമായ ശബ്ദം ഇത് തന്നെയാണ് ഗണപതി ബപ്പാ മോറിയ. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണ്? എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവം?

മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തുള്ള ചിഞ്ചവാട എന്ന ഒരു സ്ഥലത്ത് മോറിയ എന്ന് പേരായ ഒരു ഗണേശഭക്തന്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ നിറഞ്ഞ ഗണേശഭക്തി വെറും വാക്കുകളില്‍ മാത്രം ഒരുതുങ്ങുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ ആഴമേറിയ ഈ നിഷ്കാമ ഭക്തിയില്‍ പ്രീതനായ ഗണപതി ഭഗവാന്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തിന് എന്ത് വരം വേണമെങ്കിലും ആവശ്യപ്പെടാം എന്ന് അനുശാസിച്ചു. ഗണേശഭക്തിയല്ലാതെ ഒന്നിലും ആസക്തിയില്ലാത്ത അദ്ദേഹം ഗണപതി ഭഗവാനോട് ആവശ്യപ്പെട്ട വരം ഇതാണ് 'ശ്രീ ഗണേശിന്റെ പേരിനോട് എപ്പോഴും തന്റെ പേരു ബന്ധപ്പെട്ടിരിയ്ക്കണം'. തഥാസ്തു എന്നുപറഞ്ഞു ശ്രീ ഗണേശ് ഈ വരം സാധുനുകരിച്ച് കൊടുത്തു. അന്ന് മുതല്‍ ഗണപതി ബപ്പാ എന്നതിനുകൂടെ "മോറിയ' എന്ന് കൂടി ചേര്‍ന്നു 'ഗണപതി ബപ്പാ മോറിയ' എന്നായി എന്നാണു ഐതിഹ്യം.

മഹാരാഷ്ട്രയില്‍ ചതുര്‍ത്ഥി മുതല്‍ പത്ത് ദിവസം എല്ലാ വിഘ്നങ്ങളുടെയും നാശകാരകനായ ഗപതിയുടെ മനോഹരമായ ശില്പങ്ങള്‍ വച്ച് പൂജിയ്ക്കുന്നു. പത്തുദിവസമാകുന്ന ആനന്ദ ചതുര്‍ത്ഥിയില്‍ പ്രീതിതനായ ഗണപതിഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും സ്വായത്തമാക്കിയതിനുശേഷം ആ ശില്പത്തെ വാദ്യഘോഷങ്ങളോടെ കൊണ്ടുപോയി കടല്‍ വെള്ളത്തില്‍ താഴ്ത്തി കളയുന്നു. ചില കുടുംബങ്ങളില്‍ ഒന്നര ദിവസത്തെ ആരാധനനയ്ക്കുശേഷം വെള്ളത്തില്‍ ഒഴുക്കി കളയുന്നു. ചിലര്‍ അഞ്ചുമുതല്‍ പത്തുവരെ ദിവസങ്ങളിലും ആരാധന തുടരുന്നു.

മാതാപിതാക്കളോടുള്ള സ്‌നേഹത്താലും, യാതൊരു അതിമോഹവുമില്ലാതെ തന്റെ വയറു നിറയെ ഭക്ഷണം ലഭിച്ചാല്‍ സന്തുഷ്ടനാകുകയും, മൂഷികനെപ്പോലുള്ള ക്ഷുദ്രജീവികളെ വാഹനമാക്കി അവയ്ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുകയും അവയെ സ്‌നേഹിയ്ക്കുകയും, നാളികേരമാകുന്ന കഠിനമായ വിഘ്നങ്ങളെ തട്ടിയുടച്ച് ഏതു കാര്യവും സഫലീകരിപ്പിയ്ക്കുകയും ചെയ്യുന്ന, തന്റെ ആകാരത്തില്‍ ഒട്ടും അഹന്തയില്ലാത്ത വിഗ്‌നേശ്വരന്‍ മഹാരാഷ്ട്രയിലെ ഒട്ടുമിക്കവാറും ജനങളുടെ ഇഷ്ട ദൈവമാണ്. ഈ ഇഷ്ടദൈവത്തിന്റെ ആരാധനയ്ക്കായി ഈ ഗണേശോത്സാവത്തിന്റെ പത്ത് ദിവസം വീഥികള്‍ തോറും വര്‍ണ്ണാഭമായ മണ്ഡപങ്ങള്‍ തീര്‍ത്ത് ഗണപതിഭഗവാനെ ആരാധിയ്ക്കുന്നു. വര്‍ണ്ണക്കടലാസുകളും, പലവര്‍ണ്ണ തുണികളും, തെര്‍മോകോളും ഉപയോഗിച്ചാണ് ഈ മണ്ഡപങ്ങള്‍ പണിതീര്‍ക്കുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായി പണിതീര്‍ത്തതാണെന്നു തോന്നുകയില്ല. ഒരു ദേവാലയത്തിന്റെ ചൈതന്യം ഉളവാക്കുന്നതായി കാണാം. ഓരോ മണ്ഡപത്തിലും പ്രതിഷ്ടിച്ചിരിയ്ക്കുന്ന മനോഹരമായ ഭീമാകാരമായ ഗണപതി ശില്പങ്ങള്‍ അലങ്കരിയ്ക്കാന്‍ വിലപിടിപ്പുള്ള ആടയാഭരങ്ങള്‍ ഉപയോഗിയ്ക്കുന്നു. തന്റെ ഭക്തന്മാരെതന്നെ ശ്രദ്ധിയ്ക്കുന്നു എന്ന് തോന്നിപ്പിയ്ക്കുന്ന വലിയ ശില്പങ്ങളിലെ ചെറിയ നേത്രങ്ങളില്‍ നിന്നും അനുഗ്രഹത്തിന്റെ, കാരുണ്യത്തിന്റെ പ്രഭ ചൊരിയുന്നതായി കാണാം. എല്ലാവരുടെയും സങ്കടങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു എന്ന് തോന്നുമാറു രണ്ടു വശങ്ങളിലേക്കും വെണ്‍ചാമരം പോലെ വലിയ ചെവികള്‍ കാണപ്പെടുന്നു. ആളിത്ര വലിയതായാലും കുട്ടി കുസൃതി ഇപ്പോഴും ഉണ്ടെന്നു തോന്നുമാറു വശങ്ങളിലേയ്ക്ക് മടക്കി വച്ച തുമ്പികൈയും, പൊട്ടിയ കൊമ്പും കാണപ്പെടുന്നു. കയ്യില്‍ പിടിച്ചിരിയ്ക്കുന്ന മോദക് (അരിയും ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു മധുരപലഹാരം. ഇത് ഗണപതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരമെന്നു ഇവിടെ വിശ്വസിയ്ക്കുന്നു) കണ്ടാല്‍ അദ്ദേഹത്തെ ആരാധിയ്ക്കുന്ന എല്ലാവര്ക്കും മൃഷ്ടാന്ന ഭക്ഷണം പ്രധാനം ചെയ്യുന്നു എന്ന് തോന്നും. എല്ലാവരുടെയും സങ്കടങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു എന്ന് തോന്നുമാറു രണ്ടു വശങ്ങളിലേയ്ക്കും വെണ്‍ചാമരം പോലെ വലിയ ചെവികള്‍ കാണപ്പെടുന്നു. മടിയില്‍ ചാടി കിടക്കുന്ന കുടവയര്‍ കണ്ടാല്‍ എല്ലാവരും നല്‍കിയ മധുരപലഹാരങ്ങളും പഴങ്ങളും കഴിച്ച് സംതൃപ്തിയായി കുലുങ്ങി ചിരിയ്ക്കുന്ന ഗണപതി ഭഗവാനായി കാണപ്പെടുന്നു ഇത്തരത്തില്‍ ഓരോ ഗണപതി ശില്പങ്ങളും മനസ്സിന് ഒരുപാട് ആനന്ദവും ആഹ്ലാദവും പകരുന്നവയാണ്

മഹാരാഷ്ടയില്‍ ആരാധിയ്ക്കപ്പെടുന്നതില്‍ ഏറ്റവും പ്രസിദ്ധിയാര്ജിച്ച ഗണപതി ശില്‍പ്പങ്ങള്‍ 'ലാല്‍ബാഗ് കീ രാജ'. ഗണേഷ് ഗല്ലി മുംബൈ രാജ്', ഘേത്ത് വാടി ഗണരാജ്', ജി എസ ബി ഗണേഷ്', അന്ദേരിച്ച രാജ എന്നിവയാണ്. മണിക്കൂറുകളോളം വരികളില്‍ കാത്ത് നിന്നാണ് ജനങ്ങള്‍ ഇഷ്ടപൂര്‍ത്തിയ്ക്കായി ഈ ഗണേഷ് ശില്പങ്ങളെ ദര്‍ശിയ്ക്കുന്നത്.

ബാംഗ്ലൂരിലും, ചെന്നൈയിലും, കേരളത്തിലെ തിരുവനന്തപുരത്തും ഈ വിനായക ചതുര്‍ത്ഥി കൊണ്ടാടുന്നുവെങ്കിലും മഹാരാഷ്ട്രയില്‍ ഈ പത്തുദിവസത്തെ ആരാധനയ്ക്കുപിന്നിലെ പൊരുള്‍ എന്താണ്? പൊതുവായ ഗണപതി ശില്പങ്ങളെ വച്ച് പത്തുദിവസം ആരാധിയ്ക്കുന്ന രീതി എന്തുകൊണ്ട് മഹാരാഷ്ട്രയുടെ മാത്ര പ്രത്യേകതയായി? ഈ ആരാധന രീതിയ്ക്ക് മഹാരാഷ്ട്രയില്‍ വര്ഷങ്ങളോളം പഴക്കമുണ്ട്. പറയുകയാണെങ്കില്‍ 1980-കളിലാണ് പൊതുനിരത്തുകളില്‍ ഗണേശാരാധന തുടങ്ങിയത്. ഇതിനുപിന്നില്‍ ശ്രീ ബാലഗംഗാധര തിലകിന്റെ രാഷ്ട്രീയ, സാമൂഹിക ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണെന്നു പറയപ്പെടുന്നു. അതായത് മുംബൈയില്‍ നടന്ന ഹിന്ദു മുസ്ലിം ലഹളയ്ക്കുശേഷം, ലോകമാന്യ ബാലഗംഗാധര തിലക് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഹിന്ദു മുസ്ലിം ലഹളയുടെ പ്രധാന കാരണം ആ സമയത്ത് ഹിന്ദുക്കളുടെ ഇടയില്‍, പ്രത്യേകിച്ചും ബ്രാഹ്മണരും, ബ്രാഹ്മണരല്ലാത്തവരും തമ്മിലുള്ള മത്സരം നടന്നിരുന്നു. ഹിന്ദുക്കളുടെ ഇടയിലുള്ള ഈ ഉള്‍പ്പോര് മറ്റുള്ളവര്‍ക്ക് കൂടുതല്‍ ശക്തി നല്‍കി എന്നവര്‍ മനസ്സിലാക്കി. അതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്നത് അനിവാര്യമാണെന്നവര്‍ മനസ്സിലാക്കി. വിഗ്‌ന നാശകനായ വിഗ്നനേശ്വരനെ അവര്ണരും, സുവര്ണരും ഒരുപോലെ വിശ്വസിയ്ക്കുന്നു എന്ന സത്യത്തെ അടിസ്ഥാനപ്പെടുത്തി ഗണപതി ഭഗവാന്റെ പിറന്നാള്‍ പത്തുദിവസം ആചരിയ്ക്കുന്നതോടെ ബ്രാഹ്മണരും ബ്രാഹ്മണരല്ലാത്തവരും കൂടിച്ചെരുകയും, ഒരുമിച്ച് ആരാധന നടത്തുകയും ചെയ്യുന്നതോടെ ഇവര്‍ക്കിടയില്‍ ഒരു കൂട്ടായ്മ ഉടലെടുക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ഇങ്ങിനെ ഒരു ആചാരം മഹാരാഷ്ട്രയില്‍ തുടക്കമിട്ടു. ഇതാണ് ഗണേശോത്സാവത്തിന്റെ തുടക്കം എന്നാണു വിശ്വസിയ്ക്കുന്നത് . ഇത് ആദ്യമായി പരീക്ഷിച്ചത് മഹാരാഷ്ട്രയിലെ പൂനയിലായിരുന്നു. ഈ സംരംഭം അതിന്റേതായ അര്‍ത്ഥത്തില്‍ തന്നെ വിജയകരമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ഇന്നും ഈ ആഘോഷത്തില്‍ ഓരോ പ്രദേശത്തുമുള്ളവര്‍ തമ്മിലുള്ള കൂട്ടായ്മ, ഹിന്ദുക്കള്‍ മാത്രമല്ല ചില അഹിന്ദുക്കളും, പ്രത്യക്ഷമാണ്. എന്നാല്‍ ഈ അടുത്ത കാലത്ത് ഈ ആഘോഷത്തെയും രാഷ്ട്രീയവത്കരിയ്ക്കാന്‍ ഒരു ശ്രമം നടന്നു. ഓരോ ഗണേശമണ്ഡപങ്ങളും ഓരോ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും അവരുടെ നേതാക്കളുടെ പേരില്‍ ആ മണ്ഡപം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാനും തുടങ്ങി പക്ഷെ ഗവണ്മെന്റിന്റെ അവസരോചിതമായ ഇടപെടല്‍ ഈ ശ്രമത്തെ വിജയിയ്ക്കാന്‍ അനുവദിച്ചില്ല.

ഈ അടുത്ത കാലത്ത് ശ്രദ്ധേയമായ മറ്റൊന്ന്, പത്ത് ദിവസത്തെ ആരാധനയ്ക്കുശേഷം കടലില്‍ കൊണ്ട് പോയി ഒഴുക്കുന്ന ഭീമാകാരങ്ങളായ പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുള്ള ശില്പങ്ങള്‍ കടല്‍ വെള്ളത്തില്‍ ശരിയായി അലിയാതെ അത് പ്രകൃതിയ്ക്ക് ഭീഷണിയാണെന്ന് പല മാധ്യമങ്ങളും വെളിപ്പെടുത്തി. അതോടെ കഴിവുറ്റ കലാകാരന്മാര്‍ അതിനും ഉപായമെന്നോണം ചകിരികൊണ്ടും കയറുകൊണ്ടും മറ്റു ധാന്യങ്ങള്‍കൊണ്ടും അധികം പണം മുടക്കില്ലാത്ത ശില്പങ്ങളെ നിര്‍മ്മിയ്ക്കാന്‍ തുടങ്ങി എന്നത് കൗതുകകരമായ ഒരു കാഴചയാണ്.

മഹാരാഷ്ട ആഗസ്റ്റ് 25-നു തുടങ്ങിയ ഗണപതി ആരാധനയോടെ സെപ്റ്റംബര്‍ 5, എന്ന ഭക്തി സാന്ദ്രമായ (അതോടൊപ്പം ഗണപതി ബപ്പ യാത്രപറയുന്ന ദുഖകരമായ) ആഘോഷങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കുന്ന ദിവസത്തിനായി ഒരുങ്ങുന്നു.

എല്ലാവര്‍ക്കും ഈ വിഗ്‌നേശ്വരന്റെ അനുഗ്രഹവും, എല്ലാ വിഘ്നങ്ങളും മാറിയ ഒരു സമാധാനപരമായ ഒരു വര്‍ഷവും പരസ്പരം ആശംസിയ്ക്കാം.
ഗണപതി ബപ്പാ മോറിയ' (എഴുതാപ്പുറങ്ങള്‍-1: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
PRG 2017-09-02 13:16:05

ഏകദേശം  125 ർഷം പഴക്കം വരുന്ന ഒരു ഉത്സവം ആണ് സാർവ്വജനിക് ഗണേശോത്സവം. സ്വാതന്ത്രത്തിന്റെ, ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ഗണേശോത്സവം. മഹാരാഷ്ട്രയുടെ ആത്മീയാഘോഷമായ ഗണപതി പൂജയെ സാമാജികോത്സവമാക്കി ഉയർത്തിഎഴുന്നേല്പിച്ചു ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ ജനകീയ ഐക്യം പടുത്തുയത്തുക എന്ന പ്രഖ്യാപനവുമായി ലോകമാന്യ ബാലഗംഗാതര തിലക് മഹാരാഷ്ട്രയിലെ ഭവനങ്ങളി നടന്നു വന്നിരുന്ന ഗണേശപൂജയെ സാമൂഹിക മുന്നേറ്റമായി  മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിലും തുടർന്ന് ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കും പടന്ന് പന്തലിച്ച് ഇന്ന് ദേശീയതയുടെ ആഘോഷങ്ങളിലൊന്നായി രാജ്യമെങ്ങും ഗണേശോത്സവം മാറുകയും ചെയ്തു.

ജ്യോതിലക്ഷ്‌മിയുടെ ഗണേഷ്ഉത്‌സവക്കുറിച്ചുള്ള  വിവരണം വളരെ നന്നായിരുന്നു . 

ഗണപതി ബാപ്പ മോറിയ പുടിച്ചി ർഷി ലൗകർയെ......

Amerikkan Mollaakka 2017-09-03 10:33:13
ഇങ്ങടെ എയ്തു ഞമ്മക്ക് പെരുത്ത് ഇഷ്ടായെക്കണ്. ഞമ്മക്ക് ഇതൊക്കെ പുത്തൻഅറിവാണ് കേട്ടാ . ഹിന്ദു ദൈവങ്ങളുടെ കഥ രസാണ് ബായിക്കാൻ. നാട്ടിലെ ബിശേഷങ്ങൾ എയ്‌തുക.  അവിടത്തെ രാഷ്ട്രീയക്കാരുടെ കള്ളക്കളികൾ ഒക്കെ എയ്തണം. ഇങ്ങളെ പടച്ചോൻ കാക്കും എയ്ത്തുകാരി.
andrew 2017-09-03 13:06:23
Beautiful, waiting for the rest
best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക