Image

വായനയുടെ പ്രയാണം (എഴുതാപ്പുറങ്ങള്‍-14: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 08 February, 2018
വായനയുടെ പ്രയാണം (എഴുതാപ്പുറങ്ങള്‍-14: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പുതിയ പുസ്തകങ്ങള്‍ ജനിയ്ക്കുമ്പോള്‍ പുസ്തക വായനക്കാര്‍ക്ക് വംശനാശം സംഭവിയ്ക്കുന്നുണ്ടോ എന്നത് കുറച്ച് കാലമായി സാഹിത്യ ലോകത്തില്‍ ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ചോദ്യമാണ്.

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും
കുട്ടികളുടെ കവി കുഞ്ഞുണ്ണിമാഷിന്റെ മനോഹരമായ, ലളിതമായ, അര്‍ത്ഥവത്തായ ഈ രണ്ടു വരികളിലൂടെ വായനയുടെ മഹത്വത്തെ വ്യക്തമാക്കുന്നു. അറിവ്, വിജ്ഞാനം സമ്പാദിയ്ക്കുന്നതില്‍ വായന അനിവാര്യമാണ്. എന്ത് വായിയ്ക്കണം, എങ്ങിനെ വായിയ്ക്കണം, എപ്പോള്‍ വായിയ്ക്കണം എന്നത് വിജ്ഞാനദാഹിയുടെ അഭിരുചിയ്ക്കനുസൃതമാണ്. എന്നാല്‍ അറിവുതേടുന്നവരുടെ വായനസ്വഭാവം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു?

വിവാഹത്തിനുശേഷം ഒരു കുഞ്ഞു എന്നതുപോലെ സാഹിത്യലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്ന ഓരോ സാഹിത്യകാരന്റെയും സ്വപ്നമാണ് താന്‍ കടന്നുപോകുന്ന ജീവിതപാതയില്‍ വരും തലമുറയ്ക്ക് തന്നെ ഓര്‍ക്കാന്‍ ഒരു പുസ്തകത്തിനെങ്കിലും ജന്മം നല്‍കുക എന്നത്. സാഹിത്യലോകത്തിലൂടെ കടന്നുപോകുമ്പോള്‍ ആ ചുമരില്‍ തന്റെയും പേര് എഴുതി ചേര്‍ക്കുക എന്നത് ഓരോ സാഹിത്യകാരന്മാരുടെയും അഭിലാഷമാണ്. ഇത്തരത്തില്‍ സാഹിത്യകാരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമായി ഇവിടെ വിവിധ സ്വഭാവങ്ങളുള്ള പുസ്തകങ്ങള്‍ ജനിച്ചുകൊണ്ടേയിരിയ്ക്കുന്നു.

ഈ അടുത്തതകാലംവരെ ദൂരയാത്രയിലും, ട്രെയിനിലും ബസ്സിലും യാത്രചെയ്യുമ്പോഴും വായന ഇഷ്ടപ്പെടുന്നവര്‍ ഒരു നിമിഷം കളയാതെ എല്ലാം മറന്ന് പുസ്തകപ്പുഴുക്കളായി ഇരിയ്ക്കുന്നത് കാണാമായിരുന്നു. പ്രത്യേകിച്ചും മുംബൈ പോലുള്ള പട്ടണങ്ങളില്‍ ജോലിചെയ്യുന്നവര്‍ തന്റെ വായന സ്വഭാവത്തെ പരിപോഷിപ്പിച്ചിരുന്നത് യാത്രയ്ക്കിടയിലും, ഒഴിവുസമയങ്ങളിലും വീണു കിട്ടുന്ന ഹ്രസ്വസമയത്തെ ഉപയോഗിച്ചുകൊണ്ടായിരുന്നു.

അതേസമയം ഈ അടുത്തകാലത്ത് ഈ പ്രവണതയില്‍ ഒരു നിറമാറ്റം ശ്രദ്ധേയമായി. ഒഴിവായി വീണുകിട്ടുന്ന നിമിഷത്തില്‍ ഉടനെ, യാത്രചെയ്യുകയാണെങ്കിലും, ബസ്സ് പ്രതീക്ഷിച്ച് നില്‍ക്കുകയാണെങ്കിലും, കുട്ടുകാരെ കാത്തുനില്‍ക്കുകയാണെങ്കിലും, ആശുപത്രിയില്‍ ഡോക്ടറെ പ്രതീക്ഷിച്ച് ഇരിയ്ക്കുകയാണെങ്കിലും, ഹോട്ടലില്‍ ഭക്ഷണം ഓഡര്‍ ചെയ്തു കാത്തിരിയ്ക്കുകയാണെങ്കിലും അധികമെന്തിന് നടക്കുമ്പോള്‍ പോലും ഉടനെ പോക്കറ്റില്‍ അല്ലെങ്കില്‍ ബാഗില്‍ നിന്നും സെല്‍ഫോണ്‍ എടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ ഉടനെ അതില്‍ തലയും നട്ടിരിയ്ക്കുന്നു. ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ കയറിയിറങ്ങുന്നു. മൊബെയിലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് തനിച്ചിരുന്നു ചിരിയ്ക്കുന്നതും പലപ്പോഴും കാണപ്പെടാറുണ്ട്. ചിലര്‍ പാട്ടുകേള്‍ക്കുന്നു, ചിലര്‍ ചലച്ചിത്രം ആസ്വദിയ്ക്കുന്നു. ഇന്ന് സെല്‍ ഫോണിലൂടെ സാധിയ്ക്കാത്തതായി ഒന്നും തന്നെയില്ല! പഠിയ്ക്കുന്ന കുട്ടികള്‍പോലും ഇന്ന് പാഠപുസ്തകങ്ങള്‍ വായിയ്ക്കുന്നതിലും കൂടുതല്‍ പഠനത്തിനായി ഉപയോഗിയ്ക്കുന്നത് സെല്‍ഫോണുകളെയാണ്. വളര്‍ന്നുവരുന്ന ഈ അഭിരുചിയെ കുറിച്ച് ആലോചിയ്ക്കുമ്പോള്‍, ഏതൊരവസരത്തിലും സെല്‍ഫോണില്‍ കണ്‍നട്ടിരുന്നു തൊട്ടടുത്ത് നില്‍ക്കുന്ന ആളെ കാണാന്‍ ശ്രമിയ്ക്കാത്ത ഈ ജനത ഇങ്ങിനെ മുന്നോട്ടു പോകുകയാണെങ്കില്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിയ്ക്കുന്ന സംസാരഭാഷ മറന്നുപോകുമോ! എന്തായാലും ഒരു കാര്യം വ്യക്തമാണ് ജനങ്ങളിലെ വായനാശീലം നശിച്ചിട്ടില്ല, പുസ്തകവായനാശീലത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വായന എന്ന അഭിരുചി മാറിയില്ല അതിന്റെ മുഖച്ഛായയില്‍ മാത്രമാണ് മാറ്റം വന്നിരിയ്ക്കുന്നത്

പണ്ടുകാലങ്ങളില്‍ ഒരല്‍പ്പം അറിവിനായി ഗുരുക്കന്മാരില്‍ നിന്നും പൊഴിയുന്ന വാക്കുകള്‍ക്കായി വിജ്ഞാനദാഹികള്‍ ഗുരുകുലങ്ങളില്‍ സമയം ചെലവഴിച്ചിരുന്നു. എന്നാല്‍ പിന്നീട് അറിവ് എന്നത് വ്യക്തികളില്‍ നിന്നും, മെഴുകു ഫലകങ്ങളിലേയ്ക്കും, പാറക്കെട്ടുകളിലേയ്ക്കും, താളിയോലകളിലേയ്ക്കും ലിഖിതങ്ങളായി പകര്‍ത്താന്‍ തുടങ്ങി. കാലക്രമേണ മെഴുകു ഫലകങ്ങള്‍ക്കും താളിയോലകള്‍ക്കും പകരമായി പേപ്പര്‍ കണ്ടുപിടിയ്ക്കപ്പെട്ടു. പേപ്പറിന്റെ ആവിര്‍ഭാവത്തോടെ അതില്‍ ലിപികള്‍ വൃത്തിയായി, സുസ്ഥിരമായി എഴുതപ്പെടാന്‍ ഉതകുന്ന അച്ചടി എന്ന ഉപായം കണ്ടെത്തി. പേപ്പറില്‍ അച്ചടിയ്ക്കുന്ന വിവരങ്ങള്‍ അടുക്കും ചിട്ടയുമായി വയ്ക്കാന്‍ തുടങ്ങിയതോടെ പുസ്തകം എന്ന ആശയം നിലവില്‍ വന്നു. പുസ്തക വായനയിലൂടെ ഓരോ വിഷയത്തെ കുറിച്ചും തുടര്‍ച്ചയായ ഒരു വായനാസുഖം വായനക്കാര്‍ അറിയാന്‍ തുടങ്ങി. ഈ വായനാസുഖത്തോടെ ആസ്വാദകര്‍ അറിവ് നുണഞ്ഞിരിയ്ക്കുമ്പോള്‍ ഈയിടെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ രംഗപ്രവേശനം നടന്നു. അതോടെ പുസ്തകങ്ങള്‍ മടക്കിവച്ച് വിജ്ഞാനദാഹികള്‍ ഇന്റെര്‍നെറ്റെന്ന ജാലകത്തിലൂടെ തലയിട്ടു നോക്കി. ഓരോ ജാലകങ്ങള്‍ തുറന്നു പോകുംതോറും പുതിയ പുതിയ വിവരങ്ങള്‍. കണ്ണുകള്‍ക്കും ശരീരത്തിനും എത്തിച്ചെല്ലാന്‍ കഴിയാത്തലോകം ഇന്റര്‍നെറ്റിലൂടെ കണ്ടാസ്വദിയ്ക്കാന്‍ മനുഷ്യന്‍ ശീലിച്ചു. തലമുറകള്‍ ഒന്ന്, രണ്ടു പിന്നിട്ടപ്പോള്‍ ഇന്റെര്‍നെറ്റെന്ന കരകാണാന്‍ കഴിയാത്ത കയത്തില്‍ തുടിച്ചു കുളിച്ച് അതിനടിമകളായി പുതിയ തലമുറ. ഈ യാത്രയ്ക്കിടയിലും മനുഷ്യന്‍ വായന എന്ന സ്വഭാവത്തെ കൈവെടിഞ്ഞില്ല. പുസ്തകവായനയിലൂടെ അല്ലെങ്കിലും, വായനയിലൂടെതന്നെ മനുഷ്യന്‍ അറിവിന്റെ പൂക്കുട നിറച്ചു. അങ്ങിനെ വായ്‌മൊഴിയില്‍ (വ്യക്തികളില്‍ നിന്നും കേട്ട് പഠിയ്ക്കുക) നിന്നും വരമൊഴിയിലേയ്ക്കും (വ്യക്തികളുടെ അറിവിനെ ലിപി ഉപയോഗിച്ച് മറ്റുള്ളവരില്‍ എത്തിയ്ക്കുക) പിന്നീട് വരമൊഴിയില്‍ നിന്നും തിരമൊഴിയിലേയ്ക്കും (എടുത്തത്തുപറയുകയാണെങ്കില്‍ ഇന്റര്‍നെറ്റ്) ജനങളുടെ വായനാശീലം സഞ്ചരിച്ചുകൊണ്ടിരുന്നു.

പുസ്തകങ്ങളിലൂടെ ഒരു വിഷയത്തെക്കുറിച്ച് അറിവ് സമ്പാദിയ്ക്കുന്നതിനു ആ വിഷയത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം ശേഖരിയ്ക്കണം. പിന്നീട് ആ പുസ്തകങ്ങളുടെ ഉറവിടം ചികയണം. ഇവിടെയാണ് ലൈബ്രറിയുടെ പ്രാധാന്യം ഉടലെടുത്തത്. എന്നാല്‍ ഇന്ന് ഒരു വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിയ്ക്കുന്നതിനു ഇന്റര്‍നെറ്റില്‍ അറിയാനാഗ്രഹിയ്ക്കുന്ന വിഷയത്തികുറിച്ചുള്ള ഒരു വാക്കു മാത്രം അറിഞ്ഞിരുന്നാല്‍ മതി മുഴുവന്‍ വിവരങ്ങളും വിരല്‍ തുമ്പില്‍ തയ്യാര്‍. എന്തിനേറെ ഇന്റര്‍നെറ്റില്‍ പരതി പാചകം നടത്തുന്ന വീട്ടമ്മമാര്‍ പണ്ടുകാലങ്ങളില്‍ തലമുറകളായി അമ്മമാര്‍ കൈമാറിയിരുന്നു പാചക രീതിയ്ക്കുതന്നെ മാറ്റാം വരുത്തിയിരിയ്ക്കുന്നു. ഇത്തരത്തില്‍ ഏതു ചെറിയ കാര്യത്തിനാണെങ്കിലും ഇന്റെര്‍നെറ്റിന് അടിമപ്പെട്ടിരിയ്ക്കുന്നു നമ്മുടെ സമൂഹം. അതേസമയം ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ചില ദോഷഫലങ്ങളും ഉണ്ടെന്നു കൂടി ചിന്തിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. അറിയേണ്ടതിനേക്കാളും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അത് വായനക്കാരനെ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിച്ച് ഇതര വിഷങ്ങളിലൂടെ നയിയ്ക്കുന്നു. അതായത് ഒരു പനിയും, തലവേദനയും അനുഭവപ്പെട്ടാല്‍ അതിന്റെ കാരണവും അനന്തരഫലങ്ങളും ഉടനെ ഇന്റര്‍നെറ്റില്‍ ആരായുന്നു. പനി, തലവേദന എന്നീ രോഗലക്ഷണങ്ങള്‍ സാധാരണ ജലദോഷം മുതല്‍ ക്യാന്‍സര്‍ വരെയുളള അസുഖങ്ങളുടെ രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് വായിയ്ക്കുന്ന ഒരാള്‍ ഉടനെ ചിന്തിയ്ക്കുന്നത് തന്നില്‍ ക്യാന്‌സറിനുള്ള സാദ്ധ്യതയെക്കുറിച്ചാണ്. ഒരുപാട് ആശങ്കയോടെ ഡോക്ടറെ സമീപിയ്ക്കുന്നു. ഡോക്ടറുടെ നിഗമനം വെറും സാധാരണ പനിയാണ് എങ്കില്‍ രോഗനിര്‍ണ്ണയത്തില്‍ സംശയം തോന്നുന്നു. ഇങ്ങിനെ ദുസ്സഹമാക്കുന്നു വ്യക്തി ജീവിതം.

എന്തൊക്കെയായാലും തന്നിലുള്ള അറിവിനെ പുസ്തകമാകാന്‍ സ്വപ്ന കൂടുകെട്ടുന്ന എഴുത്തുകാര്‍ നിരാശപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ പുസ്തകങ്ങള്‍ ആവശ്യക്കാരായ വായനക്കാരില്‍ എത്തിയ്ക്കാനും, പുതിയ വായനക്കാരെ കണ്ടെത്തുവാനുമായി ആമസോണ്‍ പോലുള്ള ഓന്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉത്തരവാദിത്വവുമായി എത്തിയിരിയ്ക്കുന്നു. ഇതും മാത്രമല്ല നിങ്ങളുടെ അറിവിന്റെ നുറുങ്ങുകള്‍ ഇ-പുസ്തകങ്ങളാക്കിയും വായനക്കാരില്‍ എത്തിയ്ക്കാവുന്നതാണ് ഈ രീതിയില്‍ പുസ്തകം വായനക്കാരില്‍ കുറഞ്ഞ ചെലവില്‍ കുറച്ച് സമയത്തിനുള്ളില്‍ ലോകത്തുള്ള ഏതു വായനക്കാരിലും എത്തിയ്ക്കാമെന്ന ഒരു ഗുണവുമുണ്ട്. അപ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ആശങ്ക ലൈബ്രറികളെ കുറിച്ചാണ്. ഇവിടെ ലൈബ്രറിയുടെ പ്രാധാന്യം കുറയുന്നില്ല. മറിച്ച് മുഖഛായ മാറിയ വായനയ്ക്കൊപ്പം മാറിയ ലൈബ്രറി സൗകര്യവും രൂപം കൊണ്ടിരിയ്ക്കുന്നു. വിവിധ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്കുള്ള റഫറന്‍സ് പുസ്തകങ്ങള്‍ പലതും ഓണ്‍ലൈനില്‍ ലഭ്യമാണ്. പക്ഷെ അത് ലഭിയ്ക്കുന്നതിനു മതിയായ ലൈസന്‍സുകള്‍ എടുക്കേണ്ടിയിരിയ്ക്കുന്നു. വ്യക്തിപരമായി ഇവ സ്വായത്തമാക്കുന്നതിനു പണം മുടക്കേണ്ടിയിരിയ്ക്കുന്നു. ഇവിടെയാണ് പുതിയ ലൈബ്രറിയുടെ പങ്ക്. ലൈബ്രറികള്‍ ഇത്തരം ലൈസന്‍സുകള്‍ കൈവശപ്പെടുത്തി അവരുടെ വരിക്കാര്‍ക്കായി തുറന്നുകൊടുക്കുന്നു.

അതിനാല്‍ ആധുനികതയുടെ എഴുത്തുകാര്‍ നിരാശപ്പെടേണ്ടതില്ല. ഇവിടെ വായനയ്ക്ക് മരണമില്ല. കാലവും മനുഷ്യന്റെ കോലവും മാറുന്നതനുസരിച്ച് വായനയുടെ പ്രത്യേകിച്ചും പുസ്തക വായനയുടെ കോലവും മാറുന്നു എന്ന് മാത്രം.
Join WhatsApp News
Amerikkan Mollaakka 2018-02-08 15:05:51
ശ്രീമതി നമ്പ്യാരെ, ഞമ്മള് അമേരിക്കൻ മലയാളികളിൽ വായനക്കാര് കുറവാണ്. ഇങ്ങള് മതത്തെക്കുറിച്ച് എയ്തി നോക്ക് കടന്നൽക്കൂട്ടം ഇളകി ബരും. ഞമ്മള് വായിച്ചു കേട്ടാ. ഇങ്ങളുടെ ലേഖനങ്ങൾ ഞമ്മക്ക് ഇഷ്ടാണ്. ഇപ്പോൾ വിഭിന്നലിംഗക്കാരുടെ കാലമാണ്. അതേക്കുറിച്ചും
എഴുതണം. മുമ്പായിൽ അവരുണ്ടല്ലോ അല്ലെ?
P R Girish Nair 2018-02-08 23:16:16
എറ്റവും ചിലവ് കുറഞ്ഞതും എന്നെന്നും ഫലവും വിജ്ഞാനവും 
ലഭിക്കുന്നതുമായ ഒന്നാണ് വായന. സാമൂഹ്യ മാധ്യമങ്ങൾ യുവാക്കളുടെ
സർഗാത്മകത ഇല്ലാതാക്കുന്നതോടൊപ്പം യുവാക്കളെ മടിയൻമാരക്കുകയാണ്
ചെയുന്നത്. എന്തിനും ഗുണവും ദൂഷ്യവും ഉണ്ട്. എന്തു വായിക്കണം എന്ന് 
വായനക്കാർ ആണ് തീരുമാനിക്കേണ്ടത്. നല്ല ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത്. 
ഉത്തമ ഗ്രന്ഥങ്ങള് മനുഷ്യനെ നല്ലവഴിക്കു നടത്തും. അധമഗ്രന്ഥങ്ങള് മനുഷ്യനെ പിശാശുക്കളാക്കും.  ലേഖനം പതിവുപോലെ നന്നായിരിക്കുന്നു.
ശ്രീമതി ജ്യോതിലക്ഷ്മി താങ്കളുടെ എല്ലാ ലേഖനങ്ങളും പുസ്തക രൂപേണ ആക്കണം എന്നും ഇതോടൊപ്പം അഭിപ്രായപ്പെടുന്നു.

Mathew V. Zacharia, NEW YORK 2018-02-09 10:58:56
Jyothilakshmy Nambiar: I admire your practical, ethical, traditional creative writing. I could be a speaker but not a writer. Sad, this generation is turning to lifestyle of no human touch, interaction and point of eye contact because of internet and cell phone. They are useful but not to change the human contact and fellowship..
Mathew V. Zacharia, New Yorker
James Mathew, Chicago 2018-02-09 17:10:11
ജ്യോതിലക്ഷ്മിയുടെ ലേഖനങ്ങൾ എല്ലാം നല്ലത് തന്നെ. അമേരിക്കൻ മലയാളികളെ നാടുമായി കൂടുതൽ അടുപ്പിക്കാൻ നാട്ടു വിശേഷങ്ങൾ പ്രധാനമായി ചേർക്കുക. ചിരിയും ചിന്തയും നിങ്ങളെപ്പോലുള്ള കൊളംനിസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു രചന തന്ത്രമാണ്. കുറച്ച് നർമ്മമൊക്കെ ആകാം. നിരൂപണത്തിലും
ഇയ്യിടെ ഒരു കൈ നോക്കി. നന്നായിരുന്നു.


Jyothylakshmy Nambiar 2018-02-10 01:29:54
Shri.James Mathew, Shri. Mathew Zacharia, Shri Girish Nair and Amerikkan Mollaakka (aparan)
നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായത്തിനു നന്ദി. നിങ്ങളുടെ നിർദ്ദേശങ്ങൾ കാര്യമായിതന്നെ ഞാൻ ഉൾകൊള്ളുന്നു. നിങ്ങളെപ്പോലെയുള്ള മതിയായ, അറിവുള്ള വായനക്കാരുടെ അഭിപ്രായങ്ങളും, പ്രോസ്ത്സാഹനങ്ങളും ഇനിയും പ്രതീക്ഷിയ്ക്കട്ടെ.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക