Image

മനുഷ്യനിലേക്കുള്ള ദൂരം (ജെയിന്‍ ജോസഫ്)

Published on 20 April, 2018
മനുഷ്യനിലേക്കുള്ള ദൂരം (ജെയിന്‍ ജോസഫ്)
കോരസാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ് മുത്തോലപുരം ഗ്രാമം അന്നുണര്‍ന്നത്. തലമുറകളായി കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണച്ചു വന്ന കുടുംബമാണ് കോരസാറിന്റേത്. മന്ത്രിയും എം.എല്‍.എമാരും ഒക്കെ ഉണ്ടായിരുന്ന കുടുംബം. സ്ഥാനമോഹമില്ലാത്തതു കൊണ്ടു മാത്രമാണ് കോരസാര്‍ എം.എല്‍.എയോ മന്ത്രിയോ ആവാതിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും പണമിറക്കുകയും തന്ത്രങ്ങള്‍ മെനയുകയുമൊക്കെ ചെയ്യുന്ന ചാണക്യനാണദ്ദേഹം. എന്തായിരിക്കാം പെട്ടെന്നിങ്ങനെയൊരു തീരുമാനം? ഗ്രാമം തലപുകഞ്ഞാലോചിച്ചു. വേറെ ഏതെങ്കിലും പാര്‍ട്ടി വരും ഇലക്ഷനില്‍ മോഹിപ്പിക്കുന്ന സ്ഥാനങ്ങള്‍ വല്ലതും വാഗ്ദാനം ചെയ്തിട്ടുണ്ടാവുമോ? അതോ കോണ്‍ഗ്രസില്‍ തന്നെ വല്ല തര്‍ക്കങ്ങളും? ആശയപരമായ ഭിന്നതകളാവും കാരണം; ഗ്രാമത്തിലെ പ്രധാന കലുങ്കില്‍ ഒത്തുകൂടിയ യുവജനങ്ങള്‍ ഒരു തീരുമാനത്തിലെത്തി. വേറെ ഏതെങ്കിലും പുളിങ്കൊമ്പില്‍ പിടി കിട്ടിക്കാണും; ഏയ് കോര സാറാ റ്റൈപ്പല്ല. ചായക്കടയിലെ തലമൂത്ത പ്രഭാതസംഘത്തിന് ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല.

രാവിലെ ഏതാണ്ട് പത്തുമണിയോടെ ഒരു പറ്റം ആളുകള്‍ കോരസാറിന്റെ വീടിന്റെ മുറ്റത്ത് ഒത്തു കൂടി. അവരില്‍ ചെറുപ്പക്കാരുണ്ട്, മദ്ധ്യവയസ്കരുണ്ട്, വടിയും കുത്തി വന്ന പടുവൃദ്ധന്‍ വരെയുണ്ട്. എല്ലാ പാര്‍ട്ടിക്കാരും ഈ കൂട്ടത്തിലുണ്ട്. കാരണം കോരസാര്‍ ജനസമ്മതനാണ്. നാട്ടിലാര്‍ക്കും ഒരാവശ്യം വന്നാല്‍ കൈയയച്ച് സഹായിക്കുന്നയാളാണ്. അതുകൊണ്ട് ഒരു വിഷമഘട്ടത്തില്‍ കോരസാറന്റെ കൂടെ നില്‍ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്ന ഒരു ഗ്രാമത്തിന്റെ പ്രതിനിധികളാണ് ഇവിടെ കൂടിയിരിക്കുന്നത്.

കോരസാറിന്റെ സഹായിയായ ജോര്‍ജുകുട്ടി വീട്ടിനകത്തു നിന്നും പുറത്തേക്ക് വന്നു. മുറ്റത്തു കൂടി നിന്ന ജനം ആകാംക്ഷയോടെ വാതിലിനടുത്തേക്ക് നീങ്ങി.

""കോരസാറെവിടെ? ഞങ്ങള്‍ക്ക് കോരസാറിനെ ഒന്നു കാണണം.'' ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവശബ്ദം ഉയര്‍ന്നു.

""കോര സാറിവിടെയില്ല. പള്ളിയിലേക്കു പോയതാ. അച്ചനെ കണ്ടു സംസാരിക്കാന്‍. വരുമ്പോള്‍ കുറച്ചു വൈകും. നിങ്ങള്‍ പോയിട്ടു പിന്നെവാ. സാറ് നിങ്ങളോട് സംസാരിക്കും. എനിക്കും കൂടുതലൊന്നും അറിയില്ല.''

പള്ളിയിലോ? അച്ചന്‍ വിളിപ്പിച്ചിട്ടുണ്ടാവും. പാര്‍ട്ടി വിട്ടത് സഭയ്ക്ക് ഇഷ്ടപ്പെട്ടില്ലല്ലോ. ഉപദേശിച്ച് തീരുമാനം മാറ്റാന്‍ വിളിപ്പിച്ചതാവും. ജനം വീണ്ടും അവരുടെ ഭാവനയില്‍ കഥകള്‍ മെനഞ്ഞു.

ആ സമയം കോര സാര്‍ മുത്തോലപുരം പള്ളിയുടെ മേടയില്‍ വികാരിയച്ചന്റെ മുറിയില്‍ വികാരിയച്ചനുമായി വളരെ ഗൗരവമായ ഒരു സംഭാഷണത്തിലായിരുന്നു. അച്ചന്റെ മുഖം തീരെ പ്രസന്നമല്ല. കോരസാറിന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവം.

""കോര സാറേ, നിങ്ങള്‍ വീട്ടില്‍ പോയി സ്വസ്ഥമായി ചിന്തിച്ചിട്ട് ഒരു തീരുമാനമെടുത്താല്‍ മതി. ഇങ്ങനെ എടുത്തുചാടി ഒരു തീരുമാനമെടുക്കേണ്ട വിഷയമല്ല ഇത്. അതു മാത്രമല്ല, ഇത് നിങ്ങളുടെ കുടുംബത്തിനെയും വരും തലമുറയെയും കൂടി ബാധിക്കുന്ന കാര്യമാണ്.''

""അതുകൊണ്ടു തന്നെയാണച്ചോ ഞാനിങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. ഇതൊക്കെ മാറേണ്ട സമയമായി. കാര്‍ന്നോന്മാര്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളില്‍, ചട്ടക്കൂട്ടില്‍ ഇനിയുള്ള തലമുറയെ നമ്മള്‍ തളച്ചിടരുത്. അവര്‍ സ്വതന്ത്രരായി ജനിക്കട്ടെ, സ്വാതന്ത്ര്യത്തിന്റെ നീലാകാശത്ത് പറക്കട്ടെ. അവര്‍ വളരുന്ന ലോകത്തില്‍, നല്ലയാള്‍ക്കാരുമായുള്ള സംസര്‍ഗ്ഗത്തില്‍ നിന്ന്, നല്ല വിദ്യാഭ്യാസത്തില്‍ നിന്ന് ഒക്കെ നല്ല ചിന്തകള്‍ അവരുടെ മനസില്‍ ഉണ്ടാവട്ടെ. ആ ചിന്തകള്‍ അവരെ രൂപപ്പെടുത്തട്ടെ. നമ്മുടെ ചിന്തകള്‍ എന്തിനാണ് അവരില്‍ അടിച്ചേല്‍പിക്കുന്നത്?'' കോരസാര്‍ വാചാലനായി; അച്ചന്‍ അസ്വസ്ഥനും!

""കോര സാറേ, നിങ്ങളോട് തര്‍ക്കിച്ച് ജയിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സഭ വിടണം എന്ന് ഒരാള്‍ സ്വമേധയാ വന്നാവശ്യപ്പെടുന്നത് എന്റെ വൈദിക ജീവിതത്തില്‍ ഇതാദ്യമായാണ്. മറ്റു മതങ്ങളിലേക്ക് മാറുന്നവരെയും മറ്റു സമുദായങ്ങളില്‍ വിവാഹം കഴിച്ചു പോകുന്നവരെയും സഭയില്‍ നിന്ന് നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഇതിപ്പോള്‍... ഞാന്‍ മെത്രാനോടൊന്നാലോചിച്ച് വേണ്ടത് ചെയ്യാം.''

വികാരിയച്ചന്റെ മുറിയുടെ പുറത്ത് ഒളിച്ചു നിന്ന് അറ്റവും മുറിയും സംഭാഷണങ്ങള്‍ ശേഖരിച്ച് കുഞ്ഞുകുട്ടി കപ്യാര്‍ സാറിന്റെ വീട്ടുമുറ്റത്തു നിന്നും പള്ളിമേടയുടെ മുമ്പില്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടത്തിനുവേണ്ടി ഒരു കഥ ചമച്ചു.

""കോര സാര്‍ കത്തോലിക്കാ സഭയില്‍ നിന്നു മാറുന്നു. വേറെ ഏതോ മതങ്ങളുടെ പേരൊക്കെ പറയുന്നുണ്ട്. ഒന്നും അങ്ങ് വ്യക്തമായില്ല.'' ജനം വീണ്ടും ഞെട്ടി. കോണ്‍ഗ്രസ് വിട്ടു; ദാ കത്തോലിക്കാസഭയും വിടുന്നു. കോരസാറിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. ആരോ കൂടെക്കൂടി മനസ്സ് മാറ്റിയ ലക്ഷണമുണ്ട്.

""കോര സാര്‍ ഇസ്ലാമാവാനാവും. സാറിന്റെ അടുത്ത കൂട്ടുകാരനല്ലേ അബ്ദുള്‍ ഖാദര്‍. സാറെപ്പോഴും പ്രസംഗത്തില്‍ ഇസ്ലാം മതത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ.'' മുസ്ലീം ലീഗ് പാര്‍ട്ടിയുടെ യുവ പ്രതിനിധി നാസര്‍ തറപ്പിച്ചു പറഞ്ഞു.

""എന്നാല്‍ ഇസ്ലാമായി മുസ്ലീം ലീഗില്‍ ചേരാനാവും.'' ചായക്കടക്കാരന്‍ വാസുച്ചേട്ടന്റെ ബുദ്ധി പെട്ടെന്ന് പ്രവര്‍ത്തിച്ചു.

""അതെന്തോന്ന് പോക്രിത്തരമാ? നല്ല ഒന്നാന്തരം നസ്രാണി പാരമ്പര്യമുള്ള കോണ്‍ഗ്രസുകാരന്‍ പെട്ടെന്നെല്ലാം വിട്ട് മുസ്ലീമാവുകയെന്നു വെച്ചാല്‍... അതൊരുമാതിരി പറ്റിക്കലല്ലേ.'' യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിജോ പോളിന്റെ ശബ്ദം ഉയര്‍ന്നു; രക്തം തിളച്ചു.

""നിങ്ങള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ത്തല്ലേണ്ട. കോരസാര്‍ കമ്യൂണിസ്റ്റായതാ... എനിക്കുറപ്പാ...'' ആ കേട്ട ശബ്ദം ദിവാകരന്റേതാണ്. മുത്തോലപുരത്തെ ഏറ്റവും പ്രായംചെന്ന കമ്മ്യൂണിസ്റ്റുകാരനാണ് ദിവാകരന്‍. അയാള്‍ തന്റെ കൈയ്യിലിരുന്ന മുറിബീഡി ആഞ്ഞു വലിച്ച് ഒരു പുകയെടുത്തു. പിന്നെ വടി കുത്തി ഏന്തിയേന്തി മുന്നോട്ട് വന്നു.

""കോരസാറിന്റെ മനസ്സില്‍ എപ്പോഴും ഒരു കമ്മ്യൂണിസ്റ്റുണ്ടായിരുന്നു. അതുകൊണ്ടല്ലേ പാര്‍ട്ടി നോക്കാതെ നാട്ടുകാരെ മുഴുവന്‍ അങ്ങേര് സഹായിച്ചിരുന്നത്. നിങ്ങള്‍ നോക്കിക്കോ, ഇനി മുത്തോലപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍വ്വാധികം ശക്തിപ്പെടും.''

""പിന്നെ കമ്മ്യൂണിസ്റ്റ്! നോക്കിയിരുന്നാല്‍ മതി.''

""ങാ കാണാം.'' ""കാണാം'' ജനക്കൂട്ടം തമ്മിലുരസിത്തുടങ്ങി

""ദേ പള്ളിമേടയുടെ മുമ്പില്‍ വന്നു വേണ്ട നിന്റെയൊക്കെ കമ്മ്യൂണിസം. എല്ലാവരും പിരിഞ്ഞു പൊയ്‌ക്കേ.'' കപ്യാര്‍ കുഞ്ഞുകുട്ടി പെട്ടെന്ന് കര്‍ത്തവ്യനിരതനായി. ജനം അതൊന്നും കേള്‍ക്കുന്നില്ല. വാഗ്വാദം മുറുകി.

പെട്ടെന്ന് കോരസാര്‍ വികാരിയച്ചന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നു. ജോര്‍ജ്കുട്ടി സാറിന്റെയടുത്തേക്ക് ചെന്ന് കാര്യങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.

""സാറേ ഉള്ളതെന്താന്നു വെച്ചാല്‍ ഇവരോട് പറ. അല്ലെങ്കില്‍ ഇവിടെ സംഘര്‍ഷമുണ്ടാവും.''

""എന്റെ പ്രിയപ്പെട്ടവരേ നിങ്ങളോട് ഞാന്‍ എല്ലാം പറയാം. നിങ്ങള്‍ ബഹളം വെയ്ക്കരുത്. എന്റെ ജീവിതത്തെ സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്ത ഒരു ദിവസമാണിന്ന്. നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. ഞാന്‍ പറയുന്നത് നിങ്ങള്‍ സമചിത്തതയോടെ കേള്‍ക്കണം. നിങ്ങള്‍ കേട്ടത് ശരിയാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള എന്റെ അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവച്ചു. ഇനി ഒരു കോണ്‍ഗ്രസുകാരനെന്ന് അറിയപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല.''

ജനത്തിന്റെ ശബ്ദം ഉയര്‍ന്നു; ആരവങ്ങളും കൂക്കുവിളികളും, മുറുമുറുക്കലുകളും!

""ഏതു പാര്‍ട്ടിയിലോട്ടാ ചേരുന്നതെന്നു കൂടി പറ.'' നാസറാണത് ചോദിച്ചത്.

""ഇനി ഞാനൊരു പാര്‍ട്ടിയിലും ചേരുന്നില്ല. പാര്‍ട്ടി രാഷ്ട്രീയം എനിക്കു മടുത്തു. കാര്‍ന്നോന്മാരായി പ്രവര്‍ത്തിച്ചു വന്ന പാര്‍ട്ടിയായതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്, ജനസേവനമായിരുന്നു എന്റെ ലക്ഷ്യം. ഏതു പാര്‍ട്ടിയുടേയും ലക്ഷ്യം അതായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു. എന്നാല്‍ ഇന്നത്തെ കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എന്റെ മനസ് മടുപ്പിക്കുന്നു. ഓരോ പാര്‍ട്ടിയും തങ്ങളുടെ അധികാരക്കസേരകള്‍ക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നമനത്തിനായി അവര്‍ മനുഷ്യത്വം മറക്കുന്നു. പാര്‍ട്ടി മാത്രമല്ല; കത്തോലിക്കാ സഭയും ഞാന്‍ ഉപേക്ഷിക്കുകയാണ്. ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചത് കൊണ്ടു മാത്രമാണ് ഞാന്‍ കത്തോലിക്കനായത്. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം സാഹേദര്യത്തോടെ ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം എന്ന് ഞാന്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇന്നത്തെ നമ്മുടെ നാടിന്റെയവസ്ഥ ഇതല്ല. നമ്മളെല്ലാം ഓരോരോ തുരുത്തുകളില്‍ അകപ്പെട്ടിരിക്കുകയാണ്, മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും അതിര്‍ വരമ്പുകളാല്‍ സൃഷ്ടിക്കപ്പെട്ട തുരുത്തുകളില്‍; ഓരോ ദിവസവും പുതിയ തലക്കെട്ടുകള്‍ നമ്മള്‍ നമ്മളില്‍ ചാര്‍ത്തുന്നു, ഭാഷയുടെ മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദേശത്തിന്റെ... അങ്ങിനെയങ്ങിനെ. ആ തലക്കെട്ടുകള്‍ നമ്മുടെ സഹോദരനില്‍ നിന്ന് നമ്മെ അകറ്റുന്നു. അവ നമ്മുടെ മനസ്സില്‍ അസഹിഷ്ണുതയുടെ, വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നു. മനുഷ്യനെ നല്ലവനാക്കുവാനല്ല ഒരു മതവും ഇന്ന് ശ്രമിക്കുന്നത്. ക്രിസ്ത്യാനിയെ സത്യ ക്രിസ്ത്യാനിയെന്നും, മുസല്‍മാനെ ജിഹാദിയാക്കാനും, ഹിന്ദുവിനെ വര്‍ഗ്ഗീയവാദിയാക്കാനുമൊക്കെ കെല്‍പുള്ള മതതീവ്രവാദമാണ് ഇന്ന് നടക്കുന്നത്.''

ജനം നിശബ്ദരായി! അവര്‍ കോരസാര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു.

""എനിക്കു മടുത്തു. എന്നില്‍ ചാര്‍ത്തിയിരിക്കുന്ന എല്ലാ തലക്കെട്ടുകളില്‍ നിന്നും ഞാന്‍ മോചിതനാവുകയാണ്. അതുവഴി എന്റെ വരും തലമുറയേയും ഞാന്‍ സ്വതന്ത്രരാക്കുന്നു. നിങ്ങളുടെ കോരസാര്‍ ഇന്നു മുതല്‍ കോണ്‍ഗ്രസുകാരനല്ല; ഒരു കത്തോലിക്കനല്ല; ഒരു മനുഷ്യന്‍ മാത്രമാണ്. മനുഷ്യത്വമുള്ള ഒരു മനുഷ്യന്‍!''

ഉയര്‍ന്ന ശിരസ്സോടെ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ ശാന്തതയോടെ വശ്യമായ ഒരു പുഞ്ചിരിയോടെ കോരസാര്‍ നടന്നു.. മുന്നോട്ട്!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക