Image

പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞു ഒരു മഹാനഗരം കൂടി (എഴുതാപ്പുറങ്ങള്‍ -25: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 29 June, 2018
പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞു ഒരു മഹാനഗരം കൂടി (എഴുതാപ്പുറങ്ങള്‍ -25: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
വളരെ കാലത്തെ പരിശ്രമത്തിനുശേഷമാണ് പ്ലാസ്റ്റിക്കിനോട് വിടപറയാന്‍ മുംബൈ നഗരം തയ്യാറെടുത്തത്. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കമ്മീഷന്റെ ( ബി.എം.സി ) നേതൃത്വത്തില്‍ മാര്‍ച്ച് 2018 ല്‍ പ്ലാസ്റ്റിക് നിരോധിയ്ക്കാന്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍, കച്ചവടക്കാരുടെയും, പ്ലാസ്റ്റിക്ക് ഉത്പാദകരുടെയും നിരന്തരമായ എതിര്‍പ്പും നിസ്സഹകരണവും ഒരുപാട് ബി.എം.സിയ്ക്ക് നേരിടേണ്ടി വന്നതിനു ശേഷമാണ് ജൂണ്‍ 23 നു പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് മഹാരാഷ്ട്ര ഗവണ്മെന്റ് നടപ്പിലാക്കിയത്. ജൂണ്‍ 23 മുതല്‍ നിയമം ലംഘിയ്ക്കുന്നവര്‍ക്കെതിരെ .കര്‍ശനമായ നടപടി എടുക്കുവാനുള്ള തീരുമാനം ബി.എം.സി എടുത്ത് കഴിഞ്ഞു. നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 5000 രൂപ പിഴയും, വീണ്ടും നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 10000 രൂപ പിഴയും, നിയമ ലംഘനം വീണ്ടും തുടരുന്നവര്‍ക്ക് 25000 രൂപ പിഴയും ഈടാക്കുന്ന കര്‍ശന നടപടിയാണ് സ്വീകരിച്ചിരിയ്ക്കുന്നത്. നിയമം ലംഘിയ്ക്കുന്നവരെ കണ്ടെത്തുന്നതിന് ഈ സംരംഭത്തിന്റെ ഭാഗമായി 250 സിവിക് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയും ബി. എം. സി നിയോഗിച്ചിട്ടുണ്ട്.

"ഈ നടപടി പ്രത്യേകിച്ചും ഈ മഴക്കാലത്ത് വളരെ ബുദ്ധിമുട്ട് ഉളവാക്കുന്നു. ഓഫീസില്‍ നിന്നും വീട്ടിലേയ്ക്കു മടങ്ങും വഴിയാണ് ഞാന്‍ വീട്ടിലേയ്ക്കുള്ള പച്ചക്കറികളും, ബാക്കി എല്ലാ നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നത്. കച്ചവടക്കാരും പ്ലാസ്റ്റിക്ക് ബാഗ് തരുന്നില്ല എന്നത് അസൗകര്യമായി. സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരു തുണി ബാഗ് കയ്യില്‍ വയ്ക്കാന്‍ ഞ്ഞാന്‍ ശീലിച്ചു. പക്ഷെ തബേലകളില്‍ (പാല്‍ കറന്നുകൊടുക്കുന്ന സ്ഥലം) നിന്നും പാലും, മത്സ്യവും, ഇറച്ചിയുമൊക്കെ എങ്ങിനെ തുണി ബാഗില്‍ വാങ്ങും?" ബിന്ദു ജേക്കബ്, ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വീട്ടമ്മ പറയുന്നു. ജൂണ്‍ 23 മുതല്‍ പ്രായോഗികമായി വളരെ അധികം ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്, പ്രത്യേകിച്ചും മണ്‍സൂണ്‍ ആരംഭിച്ച ഈ വേളയില്‍ പ്ലാസ്റ്റിക്കിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറിയും, പ്രത്യേകിച്ചും മത്സ്യവും, മാംസവും പാല്‍ ഉത്പന്നങ്ങളും വാങ്ങുന്നതിനും ജനങ്ങള്‍ക്ക് പാത്രങ്ങളുമായി പോകേണ്ടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം കുട്ടികള്‍ക്ക് പ്ലാസ്റ്റിക് ഡബ്ബകളില്‍ ഭക്ഷണം സ്കൂളില്‍ കൊടുത്തുവിടാമോ? മഴയില്‍ ധരിയ്ക്കുന്ന റെയിന്‍ കോട്ട് പ്ലാസ്റ്റിക്കല്ലേ അത് ഉപയോഗിയ്ക്കാമോ ? ഇത്തരം ഒരുപാട് സംശയങ്ങള്‍ ഇനിയും ജനങ്ങളില്‍ അവശേഷിയ്ക്കുന്നു. അങ്ങിനെ നിരവധി നിത്യോപയോഗ സാധങ്ങളിലും സാധാരണക്കാരന് ഒരുപാട് സംശയങ്ങള്‍ നിലനില്‍ക്കെ ഈ ഉത്തരവിനെ ജനങ്ങള്‍ ഏറ്റുവാങ്ങി.

നിരോധനം പ്രധാനമായും കേന്ദ്രീകരിച്ചിരിയ്ക്കുന്നത് കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകളിലും, പ്ലാസ്റ്റിക് കുപ്പികളിലും, അരലിറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലുമാണ്. ക്രമേണ എല്ലാ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കും ഈ നിയമം ബാധകരമായേക്കാം. മുംബൈ പോലുള്ള മഹാ നഗരങ്ങളില്‍ അടിഞ്ഞുകൂടുന്ന ചവറുകളില്‍ ഏകദേശം 1200 മെട്രിക് ടണ്‍ പ്ലാസ്റ്റിക് ചവറുകളാണെന്നു എന്‍.ഡി ടി .വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പ്രധാനമായി കാണുന്ന കനം കുറഞ്ഞ ഒരു നേരത്തെ ഉപയോഗത്തിനുശേഷം ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകളാണ്. മുംബൈ പോലുള്ള കടലിനാല്‍ ഏകദേശം ചുറ്റപ്പെട്ട മഹാനഗരത്തിനു എല്ലാ വര്‍ഷവും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് വെള്ളപൊക്കം. അങ്ങിങ്ങായി അടിഞ്ഞു കൂടുന്ന ഈ പ്ലാസ്റ്റിക്ക് കവറുകള്‍ മഴക്കാലത്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടും, മണ്ണിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ മണ്ണിലടങ്ങിയിരിയ്ക്കുന്നതുകൊണ്ട് മഴവെള്ളത്തിനു മണ്ണില്‍ താഴ്ന്നുപോകുന്നതിനു തടസ്സമാകുന്നതുകൊണ്ടും പല സ്ഥലങ്ങളിലും ജലനിരപ്പ് പൊടുന്നനെ ഉയരാന്‍ കാരണമാകുന്നു. ഇതാണ് ഈ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. ഇതുപോലെ അടിഞ്ഞുകൂടിക്കൊണ്ടിരിയ്ക്കുന്ന പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ വെള്ളപ്പൊക്കം മാത്രമല്ല, പലതരത്തിലുള്ള പ്രകൃതിയുടെ തുലനാവസ്ഥയെയും ബാധിയ്ക്കുന്നു. കൃഷിയ്ക്കായി ഉപയോഗിയ്ക്കുന്ന മണ്ണിന്റെ ജൈവാംശത്തെയും ഈ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ സാരമായി ബാധിയ്ക്കുന്നു. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് മണ്ണില്‍ ലയിയ്ക്കുവാന്‍ 500 മുതല്‍ 1000 വര്ഷം വരെയെടുക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചതായി പറയപ്പെടുന്നു. അതായത് ഓരോ വ്യക്തിയാലും ഉപേക്ഷിയ്ക്കപ്പെടുന്ന ഒരു പ്ലാസ്റ്റിക്ക് കവറിനോ, ഒരു ഡിസ്‌പോസിബിള്‍ ഗ്‌ളാസ്സിനോ ഒരു മനുഷ്യായുസ്സിനേക്കാള്‍ 5 ഇരട്ടി ആയുസ്സാണ്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയുടെ തുലനാവസ്ഥയെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിയ്ക്കുന്നു എന്ന് പഠനങ്ങള്‍ പറയപ്പെടുന്നു. ഇതില്‍ ഒന്നാമതായി. അഴുക്കു ചാലുകളില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമാകുകയും അതില്‍ കൊതുകുകളും മറ്റു രോഗം പരത്തുന്ന ഈച്ചകളും പെറ്റുപെരുകുന്നതിനു കാരണമാകുന്നു എന്നതാണ്. ഇത് കൂടാതെ ചൈന പോലുള്ള രാജ്യങ്ങള്‍ ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന നിറപ്പകിട്ടാര്‍ന്നതും, ആകര്ഷണീയമായതുമായ കളിപ്പാട്ടങ്ങളും, മറ്റു നിത്യോപയോഗ സാധനങ്ങളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നതും പ്ലാസ്റ്റിക്കുകൊണ്ടുള്ള മറ്റൊരു ഭീഷണിയാണ്.

ഇന്ത്യയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്ലാസ്റ്റിക്കിന്റെ നിരോധനം സ്വീകരിച്ചിരിയ്ക്കുന്നു. ജമ്മു കാശമീര്, പഞ്ചാപ്, ഹിമാചല്‍പ്രദീസ് , ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മധ്യപ്രദേശ്, ചാണ്ഡിഗഡ് , കര്‍ണ്ണാടക, അരുണാചല്‍പ്രദേശ് സിക്കിം നാഗാലാന്റ് അരുണാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങ ളില്‍ ഈ നിയമം സ്വീകരിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടു.

പ്രകൃതിയുടെ സന്തുലനാവസ്ഥയും, മനുഷ്യന്റെ ആരോഗ്യവും കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കിയ നിയമം കൊണ്ട് ജനങളുടെ പ്രായോഗിക ബുദ്ധിമുട്ട് ഒഴികെ വേറേയും പല പ്രതിസന്ധികളെയും ഓരോ സംസ്ഥാനങ്ങളും നേരിടേണ്ടതുണ്ട്. "പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി നിരവധി പ്ലാസ്റ്റിക്ക് ഉത്പാദന യൂണിറ്റുകള്‍ അടച്ചു പൂട്ടേണ്ടതായ സ്ഥിതിവിശേഷമാണ് . അതുകൊണ്ടു തന്നെ ഈ യൂണിറ്റുകളില്‍ ജോലി ചെയ്തിരുന്ന ഏകദേശം മൂന്നുലക്ഷം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും എന്ന ഒരു അവസ്ഥയും കൂടി അഭിമുഖീകരിയ്‌ക്കേണ്ടി വന്നിരിയ്ക്കുന്നു" എന്ന് മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇന്‍ഡസ്ട്രീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ടു വരുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍കൂട്ടി പ്രശ്‌ന പരിഹാരം കണ്ടെത്തേണ്ടതും അനിവാര്യമാണ്.

ഈയൊരു നിയമം നടപ്പിലാക്കിയിട്ടും പ്ലാസ്റ്റിക്കിന്റെ ഉപയോഗം മുഴുവനായി തുടച്ചുമാറ്റാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളെ കണക്കിലെടുത്ത് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് സാധനങ്ങളെ ശാസ്ത്രീയമായ പ്രക്രിയചെയ്ത് വീണ്ടും ഉപയോഗ്യമാക്കുന്നതിനുള്ള സംവിധാനവും വിപുലപ്പെടുത്തിയെങ്കില്‍ മാത്രമേ ഈ തീരുമാനത്തെ പൂര്‍ണ്ണമായി വിജയകരമാക്കാന്‍ കഴിയൂ.

ഉത്തരവുകൊണ്ടു മാത്രം പൂര്‍ണ്ണമായി വിജയിപ്പിയ്ക്കാന്‍ കഴിയില്ല എന്നതുകൊണ്ട് നിരവധി ബോധവത്കരണ പരിപാടികളും മഹാരാഷ്ട്രയില്‍ ഉടനീളം സംഘടിപ്പിച്ചുവരുന്നു. വിദ്യാര്‍ത്ഥികളും, പല ഓഫിസ് ജീവനക്കാരും, എന്‍.ജി.ഒകളും ഇതിന്റെ ഭാഗമായി ആത്മാര്‍ത്ഥമായി വര്‍ത്തിയ്ക്കുന്നു എന്നതും ശ്രദ്ധേയമായ ഒന്നാണ്

മുംബൈ പോലുള്ള മഹാ നഗരങ്ങള്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ബഹിഷ്കരിയ്ക്കുവാനുള്ള തീരുമാനവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. നമ്മുടെ കൊച്ചു കേരളം, നിപ്പ പോലുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ക്ക് ഇടം നല്‍കുന്ന ഈ സാഹചര്യത്തിലും, കൊച്ചി പോലുള്ള പട്ടണങ്ങള്‍ ദിനം പ്രതി പ്രകൃതി മലിനീകരണത്തിന് മുന്നില്‍ വരുന്നതുമായ സാഹചര്യത്തില്‍ മഹാ നഗരങ്ങളെ പ്രചോദനമായി കണ്ടു ആരോഗ്യത്തിനും, പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും സഹായകമാകുന്ന തീരുമാനങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങളും , ഗവണ്‍മെന്‍റും തീരുമാനമെടുക്കേണ്ട സമയമായില്ലേ?


പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞു ഒരു മഹാനഗരം കൂടി (എഴുതാപ്പുറങ്ങള്‍ -25: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞു ഒരു മഹാനഗരം കൂടി (എഴുതാപ്പുറങ്ങള്‍ -25: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
Sudheer Kumaran 2018-06-30 01:23:42
ഈ ആർട്ടിക്കിൾ വായിച്ചപ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നി കാരണം ഈ നിയമങ്ങൾ എത്രയോ മുൻപ് നടപ്പാക്കേണ്ടതായിരുന്ന. ഇതു മുംബൈ നഗരത്തിന്റെ മാത്രമല്ല എല്ലാ ജനവാസം കൂടുതലുള്ള നഗരങ്ങളുടെയും സിറ്റികളുടെയും പ്രശ്നമാണ്. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ ഈ നിയം നടപ്പാക്കിയില്ലെങ്കിൽ ഇനിയും ഇവിടെ കാൻസർ പോലുള്ള മഹാരോഗങ്ങൾക്കു വളം വെച്ചുകൊടുക്കലായിരിക്കും. ഇപ്പോൾ നാട്ടിൽപുരങ്ങളിലെ കൃഷിഭൂമിയിൽപോലും കുപ്പികളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഇതിനു അധികാരികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജനങ്ങളും കുറച്ചൊക്കെ മുൻകൈയെടുക്കണം. ഓരോ വ്യെക്തിയും ഒരു തീരുമാനമെടുക്കണം. ഇന്ന് മുതൽ നമ്മൾ ഓരോ സഞ്ചിയോ ബാഗോ കടകളിൽ പോകുമ്പോൾ അല്ലെങ്കിൽ ജ്യോലികഴിഞ്ഞു വരുമ്പോൾ സാധനങ്ങൾ വാങ്ങാൻ കയ്യിൽ കരുതണം എന്ന്. തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും പിന്നെ പിന്നെ അതൊരു ശീലമാകും.
P R Girish Nair 2018-06-30 02:00:04
പരിസ്ഥിതി സ്നേഹിയായ ഞാൻ ഈ തീരുമാനത്തെ സ്വാഗതം ചെയുന്നു. തുടക്കത്തിൽ ശ്രീമതി ബിന്ദു ജേക്കബിനെപ്പോലുള്ള എല്ലാവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം എന്നാലും ജനങ്ങൾ പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കും എന്നുതന്നെ കരുതാം.

പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നവർക്കുളള മുഖ്യ അസംസ്കൃത വസ്തുവായ പോളിമർ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്ന റിലയൻസ് ഇൻഡസ്ട്രീസ് പ്ലാസ്റ്റിക് നിരോധനത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നിരുന്നാലും ഈ നിരോധനം പിൻവലിക്കാൻ അധികാരികളിൽ നല്ല സമ്മർദ്ദം ചെലത്തുന്നുണ്ട്.  ഈ സംരംഭം എത്രത്തോളം വിജയിക്കും എന്നു നോക്കിക്കാണാം.

ഒരു പ്ലാസ്റ്റിക് വിമുഗ്ദ്ധ ഭാരതത്തെ നമുക്ക് സ്വപ്നം കാണാം.
ലേഖനത്തിൽ ബോധവത്കരണം കുറച്ചുകൂടി ആകാമായിരുന്നു........ അഭിനന്ദനം….
Sushil 2018-07-10 00:42:56
നന്നായിട്ടുണ്ട്  തുടര്‍ന്നും കാലിക പ്രാധാന്യം ഉള്ള ലേഖനം പ്രതീക്ഷിക്കുന്നുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക