Image

റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍

മീട്ടു റഹ്മത്ത് കലാം Published on 23 December, 2018
റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍
കുടുംബബന്ധങ്ങള്‍ക്ക് ദീര്‍ഘായുസില്ലാത്ത പാശ്ചാത്യലോകത്ത് എലിസബത്ത് രാജ്ഞി പിന്നിട്ടത് സഫലമായ ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍. എണ്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച ഫിലിപ്പ് മൗണ്ട്ബാറ്റനൊപ്പം പ്രണയകാലത്തെ അതേ തീവ്രസ്‌നേഹത്തോടെ അവര്‍ ജീവിക്കുന്നു ഈ 92-ാം വയസിലും. ഒരു കൈകൊണ്ട് പൊതുസമൂഹത്തെ അഭിവാദ്യം ചെയ്യുമ്പോള്‍ മറുകൈ കൊണ്ട് തന്റെ ജീവിതപങ്കാളിയെ ചേര്‍ത്തുപിടിക്കുന്ന സമാനതകളില്ലാത്ത രാജകീയസ്‌നേഹം.

പുരുഷന്റെ വിജയത്തിനുപിന്നില്‍ കരുത്തയായ സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് പറയും. വിജയിച്ച സ്ത്രീകള്‍ക്ക് പിന്നില്‍ പുരുഷനുണ്ടെന്നതിലും കാമ്പുണ്ടെന്ന് ജീവിതംകൊണ്ട് അടിവരയിടുകയാണ് ബ്രിട്ടീഷ് സിംഹാസനത്തില്‍ 68 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ചുറുചുറുക്കോടെ കാണപ്പെടുന്ന എലിസബത്ത് രാജ്ഞി. രാജ്ഞി പദത്തില്‍ ഏറ്റവും കാലം തികച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ തൊണ്ണൂറ്റിരണ്ടുകാരിയുടെ ശക്തി, ഫിലിപ്പ് മൗണ്ട്ബാറ്റനുമായുള്ള ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ട ദാമ്പത്യമാണെന്നത് പരസ്യമായ രഹസ്യം. പ്രണയം വീഞ്ഞുപോലെ പഴകുംതോറും രുചിയും വീര്യവും കൂടുന്ന ഒന്നാണെന്ന് പ്രണയത്തിന്റെ എണ്‍പതാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുന്ന ഈ മിഥുനങ്ങള്‍ പറയാതെ പറയുന്നു...

ഒരിടത്തൊരിടത്ത് സുന്ദരിയായൊരു രാജകുമാരിയുണ്ടായിരുന്നു, മറ്റൊരു രാജ്യത്തുനിന്നെത്തിയ രാജകുമാരന് അവളോട് പ്രണയം തോന്നി എന്ന് തുടങ്ങുന്ന ഒരു മുത്തശ്ശിക്കഥപോലെയാണ് ഇവരുടേതും. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ മകളായി ജനിച്ചതുമുതല്‍ അടുത്ത കിരീടാവകാശി എന്ന നിലയിലാണ് കുഞ്ഞ് എലിസബത്ത് വളര്‍ന്നുവന്നത്. രാജസദസ്സില്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന പാര്‍ട്ടിക്കിടയില്‍ തന്റെ ആറാം വയസിലാണ് എലിസബത്ത് ആദ്യമായി ഗ്രീസിലെ രാജകുമാരനായ ഫിലിപ്പിനെ കാണുന്നത്. ഇരുവരും വിക്‌ടോറിയ രാജ്ഞിയുടെ പിന്‍തലമുറക്കാരാണെങ്കിലും തന്നെക്കാള്‍ അഞ്ച് വയസ്സ് മുതിര്‍ന്ന ഫിലിപ്പുമായുള്ള കൂടിക്കാഴ്ച, സൗഹൃദത്തിലേക്ക് നീണ്ടില്ല. ലൂയി മൗണ്ട്ബാറ്റണ്‍ പ്രഭു അദ്ദേഹത്തിന്റെ മക്കളായ പമേലയ്ക്കും പട്രീഷ്യയ്ക്കുമൊപ്പം അനന്തരവന്‍ ഫിലിപ്പിനെയും ബ്രിട്ടണില്‍ നിര്‍ത്തിപഠിപ്പിച്ചത് വഴിത്തിരിവായി. എലിസബത്ത്, സഹോദരി മാര്‍ഗററ്റുമായി മൗണ്ട്ബാറ്റന്റെ മക്കളോടൊപ്പം കളിക്കാന്‍ ചെല്ലുമ്പോള്‍ ഫിലിപ്പും അവിടുണ്ടാകും. ഇത് അവര്‍ക്ക് തമ്മില്‍ മനസ്സിലാക്കാനും അടുക്കാനും അവസരമൊരുക്കി. പതിമൂന്നാം വയസില്‍ തോന്നിയ പ്രണയം എലിസബത്ത് രഹസ്യമാക്കി സൂക്ഷിച്ചതിനിടയില്‍ രണ്ടാം ലോക മഹായുദ്ധമുണ്ടായി. റോയല്‍ ആര്‍മിയില്‍ ചേര്‍ന്ന ഫിലിപ്പും യുദ്ധത്തില്‍ പങ്കെടുത്തു. തമ്മില്‍ കാണാതിരുന്ന ആ നാളുകളില്‍ ഇരുവരും ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കി. എലിസബത്ത് ഫിലിപ്പിനെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ കൗമാരം കടന്ന് യവ്വനത്തില്‍ എത്തിയിരുന്നു. അത്താഴവിരുന്നില്‍ ഇരുവരും സ്വയം മറന്ന് നൃത്തമാടിയപ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച പ്രണയം പുറം ലോകമറിഞ്ഞു. രാജകുടുംബം ഒന്നാകെ എലിസബത്തിനെ ഉപദേശിക്കാന്‍ തുടങ്ങി. രാജ്ഞി ആകാന്‍ നിയോഗിക്കപ്പെട്ടയാള്‍ ജനങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നും രാജ്യത്തിനാവണം പ്രഥമ പരിഗണനയെന്നും ഓര്‍മപ്പെടുത്തി.

എടുത്തുചാടി മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കാതെ പക്വത എത്തും വരെ കാത്തിരിക്കാനും ആ നേരം മനസ്സ് പറയുന്നത് ചെയ്യാനും പറഞ്ഞ സ്‌നേഹനിധിയായ അച്ഛന്റെ വാക്ക് എലിസബത്ത് ശിരസ്സാവഹിച്ചു. അപ്പോഴും പ്രണയത്തിന്റെ തീ കെടുത്തിയില്ല. ഫിലിപ്പിന്റെ ഫോട്ടോ മേശയില്‍ ഒളിപ്പിക്കുകയും പരസ്പരം കത്തെഴുതി കാര്യവിവരങ്ങള്‍ അറിയുകയും ചെയ്തിരുന്നു അവര്‍. വിക്‌ടോറിയ രാജ്ഞി പദവിയിലിരിക്കെ ഭര്‍ത്താവ് ആല്‍ബര്‍ട്ടിനു തോന്നിയതുപോലുള്ള അസ്വാരസ്യം, ഫിലിപ്പ് തന്റെ മകളോട് കാണിക്കുമോ എന്നായിരുന്നു എലിസബത്തിന്റെ അച്ഛന്‍ ഭയപ്പെട്ടത്. പ്രണയിക്കുമ്പോള്‍ തോന്നുന്ന ശരികള്‍ പിന്നീട് അങ്ങനെ ആവണമെന്നില്ലെന്ന് അനുഭവജ്ഞാനംകൊണ്ട് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

രാജകുടുംബത്തിലെ രഹസ്യങ്ങള്‍ക്ക് പിന്നാലെ പാഞ്ഞിരുന്ന പാപ്പരാസികള്‍, ഫിലിപ്പിന് വാഹനാപകടം ഉണ്ടായപ്പോള്‍പോലും രാജാവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വാര്‍ത്തകള്‍ മെനഞ്ഞു. യുദ്ധത്തിലെ ഫിലിപ്പിന്റെ പോരാട്ടവീര്യവും ജനസേവനത്തിലെ താല്പര്യവും ഇതിനോടകം നാടെങ്ങും ചര്‍ച്ചയായി. ഇരുവരും ഒന്നിക്കാന്‍ ജനങ്ങള്‍ പ്രാര്‍ഥിച്ചുതുടങ്ങി.

ഫിലിപ്പ് ഗ്രീക്ക് പൗരത്വം ഉപേക്ഷിച്ച് ലെഫ്റ്റനന്റ് ഫിലിപ്പ് മൗണ്ട്ബാറ്റണ്‍ എന്ന പേരില്‍ പൂര്‍ണമായും ബ്രിട്ടീഷുകാരനാകാന്‍ തയ്യാറായതോടെ എതിര്‍പ്പിന്റെ മഞ്ഞുരുകി. ഭാര്യയെ തന്റെ മറുപാതിയായി കാണുന്നതുകൊണ്ട് രാജ്ഞിപദത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ പിന്തുണകൊടുത്തു കൊണ്ട് എന്നും ഒപ്പം ഉണ്ടാകുമെന്നും തന്റെ സ്ഥാനം താഴെയാണെന്ന രീതിയില്‍ ഒരുകാലവും ചിന്തിക്കില്ലെന്നും അമ്മായി അച്ഛനു വാക്കുനല്കുമ്പോള്‍ ഇത്രമേല്‍ അതിനോട് നീതി പുലര്‍ത്തി ജീവിക്കുമെന്ന് മറ്റാരും കരുതിയിരുന്നില്ലെങ്കിലും എലിസബത്തിന് തന്റെ പ്രണയത്തില്‍ പൂര്‍ണ വിശ്വാസമായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുപത്തിയൊന്നാം വയസ്സില്‍ നവംബര്‍ 20,1947 ന് ഇരുവരും വിവാഹിതരായി. മൂന്ന് കാരറ്റിന്റെ വജ്രമോതിരം ( നടുവില്‍ വലിയൊരു വജ്രക്കല്ലും ചുറ്റും ചെറിയ 10 കല്ലുകളും ഉള്ളത്) നീട്ടിക്കൊണ്ടാണ് ഫിലിപ്പ് തന്റെ ജീവിതത്തിലേക്ക് എലിസബത്തിനെ ഔദ്യോഗികമായി ക്ഷണിച്ചത്. ഡച്ച് നിര്‍മ്മിതമായ സാറ്റിന്‍ ഗൗണ്‍ ധരിച്ച് സ്വയം ചെയ്ത മേക്കപ്പിലും അപാര സൗന്ദര്യമായിരുന്നു അന്നുമെന്ന ഓര്‍മ എഴുപതാം വിവാഹവാര്‍ഷികത്തിലും നവവരന്റേതിന് സമാനമായ ചിരിയോടെ ഫിലിപ്പ് പങ്കുവച്ചിരുന്നു. സമ്മാനമായി രാജാവ് നല്‍കിയ വാളുകൊണ്ടാണ് ഒന്‍പത് അടി ഉയരമുള്ള വെഡിങ് കേക്ക് ഇരുവരും മുറിച്ചത്. രണ്ടായിരം അതിഥികള്‍ പങ്കെടുത്ത വിവാഹ മാമാങ്കത്തെക്കുറിച്ചുള്ള വാര്‍ത്ത ബിബിസി റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തത് ലോകമെമ്പാടും ശ്രദ്ധയോടെ ശ്രവിച്ചു.

ചാള്‍സ് രാജകുമാരന്റെയും ആന്‍ രാജകുമാരിയുടെയും ജനനത്തിനുശേഷമാണ് രാജ്ഞിയായുള്ള സ്ഥാനാരോഹണം നടന്നത്. അര്‍ബുദചികിത്സയില്‍ കഴിഞ്ഞിരുന്ന ജോര്‍ജ് രാജാവിന്റെ മരണത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ഇല്ലാതെയാണ് എലിസബത്ത് ഇരുപത്തിയഞ്ചാം വയസില്‍ അധികാരമേറ്റത്. അന്നുമുതല്‍ രാവിലെ ഒന്‍പത് മണിക്ക് ഔദ്യോഗിക കൃത്യങ്ങളിലേക്ക് കടക്കുന്ന ശീലത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഫിലിപ്പിനൊപ്പമിരുന്ന് അത്താഴം കഴിക്കുന്ന പതിവ് തെറ്റിക്കാത്തതിനൊപ്പം ഉച്ചഭക്ഷണവും ഒരുമിച്ചാക്കാന്‍ കഴിവതും ശ്രമിക്കും. മക്കള്‍ പറക്കമുറ്റും വരെ വൈകുന്നേരം കൊട്ടാരത്തിലെ മൂന്നാം നിലയിലേക്ക് അവര്‍ക്കൊപ്പം സമയം ചിലവിടാന്‍ ഓടിയിരുന്ന രാജ്ഞിക്ക് അമ്മയുടെ റോളിലും ഭര്‍ത്താവ് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കും. രാജ്ഞിപദത്തിലിരിക്കെയാണ് ആന്‍ഡ്രു-എഡ്വേര്‍ഡ് രാജകുമാരന്മാര്‍ ജനിച്ചത്.

''രാജ്ഞിയുടെ ഭര്‍ത്താവിന് രാജാവിന്റെ സ്ഥാനമുണ്ടെങ്കിലും അധികാരമില്ല. വ്യക്തിപരമായ എല്ലാം തുറന്നുപറയുമ്പോഴും രാജ്യവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല. അതൊക്കെ മനസിലാക്കാന്‍ വേറൊരാള്‍ക്ക് ഇത്രത്തോളം കഴിയണമെന്നില്ല. എന്നാല്‍ പല ചെറിയ കാര്യങ്ങളിലും ആദ്യകാലങ്ങളില്‍ അസ്വസ്ഥനായിട്ടുണ്ട്. അദ്ദേഹം ഞാനുമൊത്ത് തീയറ്ററില്‍ പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രമായി ഷോ നടത്തുന്നതും ഡ്രൈവിംഗ് അങ്ങേയറ്റം ആസ്വദിക്കുന്ന ആള്‍ക്ക് ഡ്രൈവറെ വച്ച് യാത്ര ചെയ്യേണ്ടി വരുന്നതിലുമൊക്കെയായിരുന്നു ദേഷ്യം. എത്ര ദൂരെയുള്ള യാത്രകള്‍ക്കും ഒപ്പം വരുന്നതില്‍ മടി വിചാരിക്കില്ല. പൊതുജനത്തെ കൈവീശി അഭിസംബോധന ചെയ്യുമ്പോള്‍ എന്റെ മറ്റൊരു കൈകൊണ്ട് അദ്ദേഹത്തെ എന്നും ഞാന്‍ ചേര്‍ത്തുപിടിക്കുന്നത് ആ സ്‌നേഹം എനിക്കത്രമാത്രം വലുതായതുകൊണ്ടാണ്. എന്റെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എന്തെന്ന് വ്യക്തമായി ഫിലിപ്പ് മനസിലാക്കിയതാണ് ഞങ്ങളുടെ ജീവിതവിജയം. ''ജീവിത രസതന്ത്രത്തെക്കുറിച്ച് രാജ്ഞി ഇങ്ങനെയാണ് വിലയിരുത്തുന്നത്.

അമ്മയും മുത്തശ്ശിയും മുതുമുത്തശ്ശിയായും ജീവിതം തുടരുന്ന രാജ്ഞിയുടെ പേരില്‍ എഴുപതാം വിവാഹ വാര്‍ഷികം ആഘോഷിച്ച ആദ്യ രാജ്ഞിയെന്ന റെക്കോര്‍ഡുമുണ്ട്. (കടപ്പാട്: മംഗളം)
റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍റോയല്‍ 'ലവ്': ദാമ്പത്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക