Image

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ പഠനം പട്ടത്തുവിളക്കഥകളിലെ സംസ്‌കാരരാഷ്ട്രീയം ഡോ:സ്വപ്ന ശ്രീനിവാസന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍

അനില്‍ പെണ്ണുക്കര Published on 28 January, 2019
ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ പഠനം  പട്ടത്തുവിളക്കഥകളിലെ സംസ്‌കാരരാഷ്ട്രീയം ഡോ:സ്വപ്ന ശ്രീനിവാസന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍
ഫൊക്കാനയുടെ ഈ വര്‍ഷത്തെ  ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ ഡോ:സ്വപ്ന ശ്രീനിവാസന്റെ പി എച്ച് ഡി പഠന വിഷയം 
'പട്ടത്തുവിളക്കഥകളിലെ സംസ്‌കാരരാഷ്ട്രീയം' 
 മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. 
രാഷ്ട്രീയമര്‍മ്മജ്ഞതകൊണ്ടും ശില്പഘടനയിലുള്ള അസാമാന്യമായ കൈയൊതുക്കംകൊണ്ടും കഥാപരതയെക്കുറിച്ചുള്ള പൂര്‍വ്വധാരണകളെ മുഴുവന്‍ തിരുത്തിയെഴുതിയ കഥാകാരനാണ് പട്ടത്തുവിള. അന്യാപദേശസ്വഭാവമുള്ള കറുത്ത നര്‍മ്മംകൊണ്ട് പട്ടത്തുവിള ചോദ്യം ചെയ്തത് ദേശീയതയുടെ ആവിഷ്‌കരണ സന്ദര്‍ഭത്തില്‍ത്തന്നെയുള്ള വരേണ്യതകളെയാണ്. കീഴാളപഠനം ഒരു പഠനമേഖലയായി വികസിക്കുന്നതിനും എത്രയോമുമ്പേ സഹജമായ ഉള്‍ക്കാഴ്ചയോടെ അതേക്കുറിച്ചു കഥകളെഴുതി. ചരിത്രത്തിലും രാഷ്ട്രീയത്തിലുമാണ് അതിനു വേരുകള്‍ എന്നു കണ്ടെത്തി. 
അമ്പതുകളുടെ തുടക്കത്തില്‍ അമേരിക്കയില്‍ എം ബി എ പഠിക്കാനെത്തിയ പട്ടത്തുവിള ഒന്നാംലോകത്തിന്റെ മേലടരുകള്‍ക്കുകീഴെ അമര്‍ന്നുകിടക്കുന്ന ഒരു മൂന്നാംലോകത്തെയാണ് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും സമ്പന്നരാജ്യത്തെ ചേരികളും ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചകളും അദ്ദേഹത്തിന്റെ ലോകബോധത്തെ പരുവപ്പെടുത്തി. ബൃഹത്തായ വായനയും എല്ലാത്തരം വൈജ്ഞാനിക മേഖലകളെക്കുറിച്ചുമുള്ള അറിവും അഗാധമായ പ്രത്യയശാസ്ത്രജ്ഞാനവുംകൊണ്ട് പട്ടത്തുവിള എല്ലായ്‌പോഴും ദേശാതീതമായ ഉള്‍ക്കാഴ്ച പുലര്‍ത്തി. അധികാരത്തെക്കുറിച്ചുള്ള സൂക്ഷ്മപാഠങ്ങളുടെ അവതരണത്തിലൂടെ ദേശീയചരിത്രരചനയുടെ ആധികാരികതതന്നെ ചോദ്യംചെയ്തു. സംസ്‌കാരപഠനത്തിന്റെ സമഗ്രമായ നിര്‍ദ്ധാരണശേഷി ഉപയോഗിച്ച് പട്ടത്തുവിളക്കഥകളുടെ  സൂക്ഷ്മസത്ത കണ്ടെത്തുന്ന പ്രബന്ധമാണ് സ്വപ്നയുടേത്.  

എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് റാങ്കോടെ ബിരുദം നേടിയ സ്വപ്ന സ്‌കൂള്‍പഠനകാലം മുതല്‍ മുഖ്യധാരാ ആനുകാലികങ്ങളില്‍ കവിതയെഴുതുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. വൈലോപ്പിള്ളി സ്മാരക കവിതാപുരസ്‌കാരമായ ശ്രീരേഖാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡി. സി. ബുക്‌സ് പ്രസിദ്ധീകരിച്ച യുവകവിതക്കൂട്ടത്തില്‍ പ്രാതിനിധ്യം. ഡി. സി. ബുക്‌സിന്റെതന്നെ സേതു എഴുത്തും വായനയും, മലയാളത്തിന്റെ രാക്കനവുകള്‍ എന്നീ ലേഖന സമാഹാരങ്ങളില്‍ ശ്രദ്ധേയരചനകള്‍. കൊച്ചി ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, പ്രസിദ്ധചിത്രകാരന്‍ സുധീര്‍ പട് വര്‍ദ്ധന്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും ചിത്രകലാപഠനങ്ങളും നടത്തിയിട്ടുണ്ട്. സംസ്‌കാരപഠനവുമായി ബന്ധപ്പെട്ട് മുഖ്യധാരാ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. കനിവ് എന്ന നോവലും രചിച്ചിട്ടുണ്ട്. 

വൈക്കം തിരുമണിവെങ്കിടപുരം പുത്തന്‍ചിറയില്‍ പി. വി. ശ്രീനിവാസന്റെയും ഇന്ദിരയുടെയും മകളും മലയാള മനോരമ തിരുവനന്തപുരം സീനിയര്‍ കറസ്‌പോണ്ടന്റ് ടി.ബി. ലാലിന്റെ ഭാര്യയുമാണ്. മകന്‍ ഗുരുദീപ്തന്‍. ഇപ്പോള്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ ഡോ:സ്വപ്ന ശ്രീനിവാസനെ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിനന്ദിച്ചു . മലയാള സാഹിത്യ രംഗത്ത് വേറിട്ട് നില്‍ക്കുന്ന പുരസ്‌കാരമാണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം. മലയാള ഭാഷയെയും സാഹിത്യത്തെയും, നമ്മുടെ സംസ്‌കാരത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു   പ്രവാസി സംഘടന വേറെ ഇല്ല. നിരവധി പ്രബന്ധങ്ങളില്‍ നിന്ന് അര്‍ഹതപ്പെട്ട പ്രബന്ധം തിരഞ്ഞെടുത്ത ജൂറി അംഗംങ്ങള്‍ക്കും കേരളാ യുണിവേഴ്‌സിറ്റിക്കും ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു .ഈ പുരസ്‌കാരം തുടര്‍ന്നുള്ള സ്വപ്നയുടെ യുടെ സാഹിത്യ വഴികളില്‍ പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു.

ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ് തുടങ്ങിയവരും സ്വപ്ന ശ്രീനിവാസന് ആശംസകള്‍  അറിയിച്ചു.

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ പഠനം  പട്ടത്തുവിളക്കഥകളിലെ സംസ്‌കാരരാഷ്ട്രീയം ഡോ:സ്വപ്ന ശ്രീനിവാസന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം നേടിയ പഠനം  പട്ടത്തുവിളക്കഥകളിലെ സംസ്‌കാരരാഷ്ട്രീയം ഡോ:സ്വപ്ന ശ്രീനിവാസന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക