Image

പറയിപെറ്റ പന്തിരുകുലം.. (രമ പ്രസന്ന പിഷാരടി)

Published on 27 May, 2019
പറയിപെറ്റ പന്തിരുകുലം.. (രമ പ്രസന്ന പിഷാരടി)
(മേഷത്തോളഗ്‌നിഹോത്രി രജകനുളിയന്നൂര്‍ത്തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവരങ്കത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ചാത്തനും പാക്കനാരും.

 വിക്രമാദിത്യരാജാവിന്റെ സദസ്സിലെ നവരത്‌നങ്ങളിലൊരാളായ വരരുചിയ്ക്ക് രാമായണത്തിലെ ഏറ്റവും മഹനീയമായ ശ്ലോകം ഏതെന്നറിയാനായില്ല.. അന്വേഷണത്തിനിടയില്‍ വനദേവതമാരുടെ സംസാരത്തില്‍ നിന്ന് രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം" എന്ന ശ്ലോകമാണ് രാമായണത്തിലെ മഹനീയമായ ശ്ലോകം എന്നറിയാനായി. വനദേവതമാര്‍ പറഞ്ഞ മറ്റൊരു കാര്യം ഈ മഹാനായ ബ്രാഹ്മണന്‍ ഒരു പറയിയെയാവും വിവാഹം ചെയ്യുക.. ഐതിഹമാലയില്‍ ഈ കഥാസന്ദര്‍ഭങ്ങള്‍ വിവരിച്ചിട്ടുണ്ട്.. മഹാന്മാരായ പന്ത്രണ്ട് മക്കളെ ഗര്‍ഭത്തിലേറ്റിയ  പഞ്ചമി  എന്തു കൊണ്ട് ഇന്നും പറയി എന്നറിയപ്പെടുന്നൊരു സംശയം പലപ്പോഴുമുണ്ടായിട്ടുണ്ട്..

അഗ്‌നിഹോത്രി! സാമയാഗത്തുടിപ്പുകള്‍
സ്‌നിഗ്ദാമൃതം നുകര്‍ന്നെത്തുന്നിടങ്ങളില്‍
പുണ്യപാപങ്ങള്‍ പകുക്കുവാനാകാതെ
വിണ്ണുനീര്‍ക്കും ഛത്രമേറ്റുന്ന ഭൂമിയില്‍
പാക്കനാരെ കണ്ടു തമ്പ്രാക്കള്‍ നീങ്ങുന്ന
ക്ഷേത്രങ്ങളില്‍ വന്നു ദൈവം ചിരിക്കുന്നു
ദേവദൈവങ്ങള്‍  പുരാണം പകുക്കുന്ന
വേദിയില്‍ വേദമോതുന്നു രജകനും
കാരയ്ക്കലമ്മതന്‍ ഭാഗ്യതാരങ്ങളില്‍
കാര്‍ത്തികാദീപങ്ങള്‍, സൂര്യപ്രഭാതങ്ങള്‍
പാര്‍വതീശങ്കരം ചൊല്ലി പവിത്രമായ്
പാണനാരെത്തുന്നു വീണ്ടും തുയിലുമായ്
തീര്‍ഥസ്‌നാനത്തിനുമപ്പുറം ചാത്തന്റെ
ഗോത്രം പവിത്രമാക്കുന്നു ത്രികാലങ്ങള്‍
വാളും പരിചയും കൈയേന്തിനില്‍ക്കുമാ
യോഗം വടുതലയ്ക്കിത്ര ഗാംഭീര്യമോ
വള്ളുവനോ തിരുവള്ളുവരോ മുന്നിലിന്നു
പാണ്ഡിത്യം നിവേദിച്ചു നില്‍ക്കുന്നു
ഉപ്പും പരുത്തിയും വിറ്റത്ഭുതത്തിന്റെ
ചിത്രമേറ്റുന്നുപ്പുകൂറ്റനും ഹൃത്തിലായ്
ദൂരെയുളിച്ചിന്തുമായി പെരുന്തച്ചനോര്‍മ്മ
പുതുക്കവാനെത്തുന്ന ക്ഷേത്രങ്ങള്‍
എത്ര നിശ്ശബ്ദമെന്നാകിലും ശബ്ദമായെത്തുന്നു
വായില്യാംകുന്നിലെ വിഗ്രഹം
ഒരോ പെരുങ്കല്ലുമേറ്റുന്ന ഭ്രാന്തന്റെ
നേരില്‍ നിറഞ്ഞു തൂവുന്ന വൈരുദ്ധ്യത
ലോകം കരിഞ്ഞുനീറും ശ്മശാനങ്ങളില്‍
ഭീതിവിട്ടങ്ങനെ ഭ്രാന്തന്‍ ചിരിയ്ക്കുന്നു
ദേവിപോലും ഭയപ്പെട്ടെന്നു ചൊല്ലുന്ന
ഭീതിതമാകുമിടങ്ങള്‍ നീര്‍ച്ചോലകള്‍
ഇന്നു വരരുചി വീണ്ടും നിളാതലേ
പുണ്യം പകുത്തു പുനര്‍ജനിച്ചീടുന്നു
കണ്ടുവെന്നാലുമീ പന്തിരുകുലത്തിന്റെ
പഞ്ചമിയിന്നും വെറും പറയി മാത്രമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക