Image

മഴതുള്ളികള്‍(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 24 June, 2019
മഴതുള്ളികള്‍(കവിത: രാജന്‍ കിണറ്റിങ്കര)
ഓരോ മഴതുള്ളിയും
ഓരോ കവിതകളാണ്
മഴനൂലായ്
പെയ്തിറങ്ങുന്ന
പ്രണയകാവ്യം
ദു:ഖം ഘനീഭവിച്ച
ആകാശ ഹൃദയത്തില്‍
അണ പൊട്ടിയൊഴുകുന്ന
വിട പറയലിന്റെ
വിരഹ കാവ്യം
കടല്‍ക്കാറ്റിന്റെ
നിറമാറിലേറി
ഒരു പകല്‍ യാത്രയില്‍
എരിഞ്ഞടങ്ങിയ
ആത്മ കാവ്യം
തല്ലിക്കൊഴിച്ച
മാമ്പൂവുകളുടെ
ചിതറി വീണ സ്വപ്നങ്ങള്‍
വഴികളില്‍ വിതുമ്പുന്ന
ശോക കാവ്യം
ഈറന്‍ മേനിയില്‍
ഉതിര്‍ന്നു വീഴുന്ന
ആലിപ്പഴങ്ങളില്‍
ഭൂമിയുതിര്‍ക്കുന്ന
നിശബ്ദ കാവ്യം
അനുരാഗത്തിന്റെ
ആമ്പല്‍ സുഗന്ധത്തില്‍
കായല്‍ പരപ്പില്‍
തലതല്ലി പെയ്യുന്ന
തീക്ഷ്ണ കാവ്യം
മറവിയുടെ മേലാപ്പു മാറ്റി 
ഓര്‍മ്മയുടെ 
ശിശിര സന്ധ്യകള്‍ക്ക്
ചിരാതു തെളിയിക്കുന്ന
ദീപ്ത കാവ്യം
വീണുടയുന്ന
ഓരോ മഴതുള്ളിയും
മേഘരാഗങ്ങളുതിര്‍ക്കുന്ന
പ്രണയ ഭംഗിയുടെ
അനശ്വര കാവ്യം
ഓരോ മഴതുള്ളിയും
ഓരോ കവിതകളാണ്


മഴതുള്ളികള്‍(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക