Image

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 27ന്

Published on 24 June, 2019
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 27ന്

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 27-ാം തീയതിയിലേക്ക് മാറ്റിയതായി മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്.

2009 മുതല്‍ 2015 വരെ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് ജീവിച്ചിരുന്നതെന്ന യുവതിയുടെ വാദം നിലനില്‍ക്കേ കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത കോടതിയില്‍ വാദിച്ചത്. എന്നാല്‍ വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രാസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ജാമ്യം കിട്ടിയതിനു ശേഷം പൊലിസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നറിയുന്നു. എന്നാല്‍ ബിനോയ്‌ക്കെതിരേ ശക്തമായ തെളിവുകളുള്ളതിനാല്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്. കേസിന്റെ ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലിസ് അറിയിച്ചു. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.

ഇതിനിടെ ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ, യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക