Image

അബ്ദുള്ളക്കുട്ടിക്ക് സ്വാഗതം, കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍ പിളള

Published on 25 June, 2019
അബ്ദുള്ളക്കുട്ടിക്ക് സ്വാഗതം, കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍ പിളള

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 2008 മുതല്‍ മോദിയെ പുകഴ്ത്തുന്ന അദ്ദേഹം നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്ത് വികസനം നടപ്പാക്കാന്‍ കഴിയൂവെന്ന് നേരത്തേ തന്നെ മനസിലാക്കിയ വ്യക്തിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വികസന നായകനെന്ന വിളിക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹം പ്രധാനമന്ത്രി ആയപ്പോഴും അബ്ദുള്ളക്കുട്ടി അത് തന്നെ ആവര്‍ത്തിച്ചു. മോദിയെ വിമകസന നായകന്‍ എന്ന് വിളിച്ചതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. അദ്ദേഹം ബിജെപിയിലേക്ക് വരുന്നതില്‍ ഒരു തെറ്റുമില്ല. ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും പിള്ള പറഞ്ഞു.


കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി ദില്ലിയില്‍ എത്തി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സന്ദര്‍ശിച്ചിരുന്നു. ബിജെപിയില്‍ ചേരാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടേയും നയതന്ത്രജ്ഞരുടേയും വികസന അജണ്ടയുടെ ഫലമാണ് എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അബ്ദുള്ളക്കുട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടി. വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക