Image

വാല്മീകി രാമായണം ഏഴാം ദിവസം (ദുര്‍ഗ മനോജ്)

Published on 23 July, 2019
വാല്മീകി രാമായണം ഏഴാം ദിവസം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
അമ്പത്തി രണ്ടാം സര്‍ഗ്ഗം മുതല്‍ എഴുപത്തി ഒന്ന് വരെ

ഗുഹനും ലക്ഷ്മണനും ആ രാവില്‍ രാമനും സീതക്കും കാവല്‍ നിന്നു. നേരം വെളുത്തപ്പോള്‍ രാമന്‍, സുമന്ത്രനെ നിര്‍ബന്ധിച്ച് അയോധ്യയിലേക്ക് പറഞ്ഞയച്ചു. പിന്നീട് ഗുഹനോട് ഗംഗാനദി കടക്കുവാന്‍ വേണ്ട സഹായം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ വനവാസത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുടി ജടപിടിപ്പിക്കാന്‍ ആവശ്യമായ പേരാലിന്റ കറയും കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ഗുഹന്‍ നല്‍കിയ പേരാലിന്‍ പാല്‍തൊട്ട് മുടി ജടപിടിപ്പിച്ച ശേഷം അവര്‍ മൂവരും വഞ്ചിയില്‍ ഗംഗാനദി കടന്നു. അന്ന് അവര്‍ യഥാര്‍ത്ഥ കാനനവാസം ആരംഭിച്ചു. മാന്‍ മുതലായ മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടെത്തി. രാത്രി ശയിക്കാന്‍ വന്മരത്തിന്റെ ചുവട്ടില്‍ സ്ഥലം ഒരുക്കുകയും ചെയ്തു.

ആ രാവില്‍ രാമന്‍ ലക്ഷ്മണനോടും സീതയോടും കാമം എന്ന വികാരം മനുഷ്യമനസുകളെ എത്രമാത്രം നീചമായി മാറ്റിമറിക്കുന്നുവെന്ന് ആകുലപ്പെട്ടു. മറ്റേത് അധര്‍മ്മത്തേക്കാളുമധികം വിനാശം വരുത്തുവാന്‍ കാമം എന്ന വികാരത്തിന് സാധിക്കുമെന്ന് സ്വന്തം പിതാവിന്റെ അനുഭവം മുന്‍നിര്‍ത്തി വിശദീകരിച്ചു. അതുപോലെ അമ്മ കൗസല്യക്ക് വന്നുഭവിച്ച സങ്കടത്തെപ്രതി രാമന്‍ വ്യാകുലപ്പെട്ടു. 

ആ രാവ് കടന്നു പോയി. പിറ്റേന്ന് രാവിലെ അവര്‍ ഗംഗയുടേയും യമുനയുടേയും സംഗമസ്ഥാനത്തേക്ക് യാത്രയായി. ആ യാത്രയില്‍ ലക്ഷ്യത്തിനടുത്തായി അവര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി. മുനി അവരെ യഥോചിതം സ്വീകരിച്ചാനയിച്ചു. പിറ്റേന്ന് മുനിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ കാളിന്ദീ നദി തരണം ചെയ്ത് മനോഹരമായ ചിത്രകൂടത്തിലേക്ക് നടന്നു തുടങ്ങി. അവിടെ മഹര്‍ഷി വാല്മീകിയുടെ ആശ്രമത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. അവിടെ തങ്ങി, ഉറപ്പുള്ള മരം കൊണ്ട് പര്‍ണശാല നിര്‍മിച്ച്, ഉണക്കപ്പുല്ലു മേഞ്ഞ് മനോഹരമാക്കിയ ഗൃഹത്തില്‍ യഥാവിധി വാസ്തുപൂജ നടത്തി അവര്‍ അയോധ്യാ രാജ്യത്തിലെ സുഖങ്ങളെ മറന്ന് ആനന്ദത്തോടെ ജീവിക്കാനാരംഭിച്ചു.

ഇതേസമയം സുമന്ത്രര്‍ അയോധ്യയില്‍ മടങ്ങി എത്തിയിരുന്നു. ശോകമൂകമായ അയോധ്യയിലേക്കാണ് അയാള്‍ മടങ്ങി എത്തിയത്. ദശരഥനോടും കൗസല്യയോടും വൃത്താന്തങ്ങള്‍ അയാള്‍ വിശദീകരിച്ചതുകേട്ട് ദശരഥന്‍ വീണ്ടും രാമനെ ഓര്‍ത്ത് വിലപിച്ചു. ഒപ്പം കൗസല്യയും. കൗസല്യയുടെ വിലാപം കണ്ട് ആശ്വസിപ്പിക്കാന്‍ സാധിക്കാതെ രാജാവ് ദീനനായി.

രാമനെ കാട്ടിലയച്ചതിന്റെ ആറാം നാള്‍ പാതിരക്ക് ദശരഥന്‍ തന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവം കൗസല്യക്ക് വിശദീകരിച്ചു കൊടുത്തു. യൗവ്വനത്തില്‍ ശബ്ദവേധി പരിശീലിച്ച അദ്ദേഹം ഒരു മഴക്കാലത്ത് രാത്രി നായാട്ടിനിറങ്ങി. ആ നേരത്ത് അകലെ നിന്നു കേട്ട ശബ്ദം ഏതോ കാട്ട് മൃഗത്തിന്റേത് എന്ന് കരുതി അസ്ത്രമയച്ചു. എന്നാല്‍ പിന്നീട് കേട്ട ആര്‍ത്തനാദം അദ്ദേഹത്തിന് പിഴവ് പറ്റി എന്നു മനസിലാക്കിച്ചു. അതോടെ ശബ്ദം കേട്ട ദിക്കിലേക്ക് അദ്ദേഹം ചെന്നു. അവിടെ അമ്പേറ്റ ഒരു യുവ താപസനെ അദ്ദേഹം കണ്ടു.
അന്ധരും നടക്കുവാന്‍ സാധിക്കാത്തവരുമായ വൃദ്ധരായ മാതാപിതാക്കള്‍ക്ക് വെള്ളം എടുക്കാനായി തമസാനദിക്കരയില്‍ എത്തിയ ആ മുനികുമാരന്‍ തനിക്കേറ്റ അമ്പ് വലിച്ചൂരി തന്നെ വേദനയില്‍ നിന്ന് മോചിതനാക്കി, തന്റെ അന്ത്യത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുവാന്‍ ആവശ്യപ്പെട്ടു.

അതിന്‍പ്രകാരം ജലവുമായി ആ വൃദ്ധമാതാപിതാക്കളുടെ അടുത്ത് ചെന്ന രാജാവ് നടന്ന സംഭവങ്ങള്‍ വിവരിച്ചു. അതുകേട്ട് ഹൃദയം തകര്‍ന്ന അവര്‍ രാജാവിനെ, തങ്ങളെപ്പോലെ അദ്ദേഹവും പുത്ര ശോകത്തില്‍ മരണമടയുമന്ന് ശപിച്ചു. ആ ശാപകഥ വിവരിച്ച് അദ്ദേഹം രാമനെ ഓര്‍ത്ത് ദീനദിനം വിലപിച്ചു. ആ രാത്രി പാതിരാവ് കഴിഞ്ഞപ്പോള്‍ ദശരഥന്‍ പ്രാണന്‍ വെടിഞ്ഞു.

ആ രാത്രി പുലര്‍ന്നു.

രാജാവിനെ പള്ളി ഉണര്‍ത്താന്‍ സര്‍വ്വ ഭൃത്യന്മാരും തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ പതിവ് നേരം കഴിഞ്ഞും ഉറക്കം വിട്ടുണരാത്ത രാജാവിനെ ഉണര്‍ത്താന്‍ ശ്രമിച്ചവര്‍ അദ്ദേഹം പ്രാണന്‍ വെടിഞ്ഞത് അറിഞ്ഞ് ആര്‍ത്തരായി. അന്ത:പുരമാകെ അഴലിലാണ്ടു. രാജാവിന്റെ ദേഹം തൈത്തോണിയിലേക്ക് മാറ്റിയ ശേഷം ഭരതനെ വിളിച്ചു കൊണ്ട് വരുവാന്‍ ദൂതരെ നിയോഗിച്ചു. എന്നാല്‍ വാര്‍ത്തയേതും പറയുവാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിച്ചു.

ആ രാവില്‍ ഭരതന്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ട് നിദ്ര കിട്ടാതെ അസ്വസ്ഥനായി അച്ഛനെ ഓര്‍ത്തിരിക്കുമ്പോഴേക്കും ദൂതന്‍മാര്‍ എത്തി, എത്രയും വേഗം അയോധ്യയില്‍ എത്തിച്ചേരണമെന്ന് അപേക്ഷിച്ചു. ഭരത ശത്രുഘ്‌നന്മാര്‍ ഉടന്‍ തന്നെ ദൂതരോടൊപ്പം അയോധ്യയിലേക്ക് മടങ്ങി. കേകയന്‍ നല്‍കിയ അസംഖ്യം ഉപഹാരങ്ങളിലൊന്നും ഭരതന്റെ മനം തങ്ങി നിന്നില്ല. ഒട്ടകങ്ങളേയും കുതിരകളേയും കാളകളേയും കഴുതകളേയും പൂട്ടിയ നൂറുകണക്കിന് വാഹനങ്ങള്‍ ഭരതന് അകമ്പടി സേവിച്ചു.

ഭരത ശത്രുഘ്‌നന്മാര്‍ അയോധ്യാപുരിയില്‍ പ്രവേശിച്ചു, ശോകമൂകമായ അയോധ്യയിലേക്ക്.

ഇവിടെ ഏഴാം ദിവസം വായിച്ചു കഴിയുമ്പോള്‍ തിരിച്ചറിയേണ്ട കാര്യം, ഒരു ദുരന്തത്തിന് കാരണമാകുന്ന ചിന്തകള്‍ എങ്ങനെയാണ് മനുഷ്യരുടെ മനസില്‍ രൂപപ്പെടുന്നത് എന്നതാണ്. പുത്രദുഃഖം കൊണ്ട് മരണം എന്ന ശാപം ദശരഥന്റെ മനസിനെ അസ്വസ്ഥമാക്കിയിരുന്ന ചിന്തയാണ്. അത് പുറമേ പ്രകടമാക്കിയിരുന്നില്ലെങ്കിലും ആ അസ്വസ്ഥ ചിന്തയാണ് രാമപട്ടാഭിഷേകത്തെക്കുറിച്ച് ധൃതിപ്പെട്ട് ഒരു തീരുമാനത്തിലേക്ക് എത്തിക്കുന്നത്.

ഓര്‍ക്കേണ്ട ഒരു കാര്യം ആ സമയം കൈകേയിയുടെ പ്രിയപുത്രനായി പറയപ്പെട്ടിരുന്നത് ഭരതനെ അല്ല, രാമനെയാണ് എന്നതാണ്. ആ രാമന്റെ പട്ടാഭിഷേകം കൈകേയിക്കും സന്തോഷ വാര്‍ത്ത ആയിരുന്നു. എന്നാല്‍ ഭരതന്‍ രാജ്യത്ത് ഇല്ലാതിരിക്കുമ്പോള്‍ ഏതൊരാള്‍ക്കും വെറുതേ സംശയം ജനിപ്പിക്കുമാറ് ഒരു ധൃതി രാമപട്ടാഭിഷേക തീരുമാനത്തില്‍ ദശരഥന്‍ പ്രകടിപ്പിക്കുന്നുണ്ട്. ദശരഥന്റെ അസ്വസ്ഥമായ മനസ് സൃഷ്ടിക്കുന്ന ചിന്തകള്‍ ആണ് രാമായണം എന്ന കഥയുടെ അടിസ്ഥാനം എന്നു പോലും പറയേണ്ടി വരും. ഇതിഹാസങ്ങള്‍ പറയാതെ പറയുന്ന ചില അന്തരാര്‍ത്ഥങ്ങള്‍ ഉണ്ട്. ഇവിടെ വളരെ സ്പഷ്ടമായ ഒരു ആശയം രാമായണം മുന്നോട്ട് വക്കുന്നു.

ഏത് ദുരന്തവും മനുഷ്യമനസിലെ ഭീതിയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന അതീവ പ്രാധാന്യമുള്ള ഒരു ആശയമാണിത്.

ഏഴാം ദിവസം സമാപ്തം.
Join WhatsApp News
Mallu 2019-07-23 19:29:37
Very nice
Detach from Foolishness 2019-07-23 22:07:14
On your Paths of Life if you encounter Paradise don't hang around, go around if you can. 
it may be a mirage.
continue your Journey for the better far & beyond.
Don't let anyone or anything Deceive you.
Seek the truth for yourself.
when you find the Truth it will enlighten you
You need a detached free thinking brain to travel beyond. -andrew
വിദ്യാധരൻ 2019-07-23 22:47:01
സത്യദർശനം ജീവിത ലക്‌ഷ്യം , അതിന് സത്യം പറഞ്ഞു പഠിക്കണം . സത്യം പറയാൻ  കഴിയണമെങ്കിൽ ധർമ്മം അനുഷ്‌ടിക്കണം  'സത്യം വദ, ധർമ്മം ചര ' എന്നതാണ് സനാതനധർമ്മത്തിന്റെ സാരസർവ്വസ്വം .
'ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത' 
ധർമ്മത്തെ ഹനിച്ചാൽ അത് ഹനിക്കുവോനെ ഹനിക്കും 
ധർമ്മത്തെ രക്ഷിച്ചാൽ അത് രക്ഷിക്കുവോനെ രക്ഷിക്കും  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക