Image

ഇന്ത്യന്‍ ഭരണത്തിലെ കന്നുകാലികളെ ബി ബി സിയും കണ്ടിരിക്കുന്നു (കാരൂര്‍ സോമന്‍)

Published on 23 July, 2019
ഇന്ത്യന്‍ ഭരണത്തിലെ കന്നുകാലികളെ ബി ബി സിയും കണ്ടിരിക്കുന്നു  (കാരൂര്‍ സോമന്‍)
ബിഹാറിലെ സരന്‍ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് പേരില്‍ വെള്ളിയാഴ്ച്ച 3 പേരെ മൃഗീയമായി കൊലപ്പെടുത്തിയത്  ബി.ബി.സി യും റിപ്പോര്‍ട്ട് ചെയ്തു. ലോക പ്രശസ്ത വാര്‍ത്ത മാധ്യമങ്ങള്‍  ഇന്ത്യയിലേതുപോലെ സമ്പത്ത് നോക്കി അധികാരികള്‍ക്ക് ആമ്മീന്‍ പറയുന്നവരല്ല. ന്യൂനപക്ഷങ്ങളെ, പാവപ്പെട്ട മനുഷ്യരെ മൃഗീയമായി കൊലചെയ്യുന്ന മനുഷ്യ മൃഗങ്ങള്‍ക്ക് ഒത്താശ ചെയുന്നത് ഭരണത്തിലിരിക്കുന്നവരാണ്. ഈ സംഭവം ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പാടിപറന്നു സഞ്ചരിക്കുന്ന  പ്രധാനമന്ത്രിക്കും  ലോകമെങ്ങുമുള്ള  ഇന്ത്യക്കാരനും അപമാനവും അന്തസ്സിനേറ്റ  മുറിവാണ്.  ഇതിലൂടെ ലോകം എന്തെന്നറിയാത്ത, ജാതിമതചക്രത്തില്‍  അധികാരത്തിലെത്തിയ കുളത്തിലെ താവളകളെപോലെ ജീവിക്കുന്ന ഭരണകൂടങ്ങളുടെ വിചാരവികാരവിവേകത്തെ,  ജീര്‍ണമുഖങ്ങളെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നു.  പോത്തിന്റ, പശുവിന്റ പേരില്‍ അല്ലെങ്കില്‍ ജാതിമത രാഷ്ട്രീയ നരഹത്യ നടത്തുന്ന  ഭരണാധികാരികളെ വിളിക്കേണ്ട പേരാണ് കന്നുകാലികള്‍. ഇന്ത്യയില്‍ ഈ കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുന്നത് അധികാരവര്‍ഗ്ഗമാണ്.   യൂ.പി. മിര്‍സപുര്‍സോന്‍ഭദ്രയില്‍ നടന്ന കൂട്ടക്കൊല തോക്കുധാരികളായ തമ്പ്രാക്കന്മാര്‍ പാവപ്പെട്ട ദളിതരുടെ വസ്തുക്കള്‍ സ്വന്തമാക്കാന്‍ അവരെ വെടിവെച്ചുകൊന്നു.    മധ്യപ്രദേശില്‍ ഒരു മയിലിനെ മോഷ്ടിച്ചു എന്നാരോപിച്ചു് ഒരു ദളിതനെ അടിച്ചുകൊന്നു. കേരളത്തിലുള്ളവരും ഒട്ടും പിന്നിലല്ല  ഭക്ഷണം മോഷ്ടിച്ച ദളിതനെ തല്ലിക്കൊന്നതും നമ്മുടെ ഓര്‍മ്മയിലുണ്ട്. .   ലോകജനതക്ക് മുന്നില്‍ ഈ ഭരണകൂടങ്ങള്‍ ഇന്ത്യക്കാരനെ എത്രമാത്രം അപമാനിച്ചിരിക്കുന്നു. ഈ നാണംകെട്ട സര്‍ക്കാരുകള്‍ രാജിവെച്ചു് പുറത്തുപോകണം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ പുറത്താക്കണം. ഓരോ ഭരണകുടങ്ങളും ശക്തമായി അവരുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ടത്  ഇതുപോലുള്ള കന്നുകാലികളെ  തൂക്കിലേറ്റുമ്പോഴാണ്. ഇല്ലെങ്കില്‍ ഇന്ത്യയും ചില ആഫ്രിക്കന്‍ രാജ്യങ്ങളുമായി എന്താണ് വിത്യാസം.? 

 മൃഗങ്ങളുടെ ചുമതല മൃഗീയ സ്വഭാവമുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരെ തല്ലിക്കൊല്ലാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് ഇവരൊക്കെ   മൃഗ വാനരവര്‍ഗ്ഗത്തിലെ തലമുറയില്‍പെട്ടവരായതുകൊണ്ടാണോ?  ആ വര്‍ഗ്ഗത്തില്‍പെട്ടതുകൊണ്ട് ഹിംസ, രക്തമൊഴുക്കുക, അക്രമം അതൊക്കെ ആ സ്വഭാവത്തില്‍ വരുന്ന ഗുണങ്ങളാണ്.  അത് വടക്കേ ഇന്ത്യയില്‍ മാത്രമല്ല നമ്മുടെ കൊച്ചുകേരളത്തിലും ആ പൈത്രകവാസന ഗുഢമായി കുടികൊള്ളുന്നുണ്ട്. . അധികാര മതഭ്രാന്തൊക്കെ ഇതിനോട് കുട്ടിവായിക്കാം. ഈ മനസികരോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ നാട് കാടായി  മനുഷ്യര്‍ കന്നുകാലികളായി മാറും.  പലപ്പോഴും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു.ഹിംസയും കൊള്ളയും കൊലയും നടത്തുന്നവര്‍ക്ക്  പ്രചോദനം കൊടുക്കുന്നു.    ഇന്ത്യയില്‍ മനുഷ്യവകാശ ലംഘനങ്ങള്‍  തുടരെ നടക്കുന്നതിന്റ  ഉത്തരവാദികള്‍ സര്‍ക്കാരുകളാണ്.  നാട് കാടക്കുന്ന  ഭരണകൂടങ്ങളെ പുറത്താക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. 

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ കാലത്തുപോലും ഇത്രമാത്രം യാതനകളനുഭവിക്കുന്ന അവശരായ ദളിത്,പാവപ്പെട്ടവരെ കണ്ടിരുന്നില്ല. നീതിനിയമവകുപ്പുകളെ  ഭരണത്തിലുള്ളവരാരും കാറ്റില്‍ പറത്തിയില്ല.  അന്ന് നിലവിലിരുന്ന നാടുവാഴി പ്രമാണിമാരുടെ ധാരാളം അന്ധവിശ്വാസങ്ങള്‍, അടിമകച്ചവട0 ,അനീതിഅക്രമങ്ങളാണവര്‍  അവസാനിപ്പിച്ചത്.  ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിന് പകരം പഴയെ മാടമ്പി ഭരണം സ്ഥാപിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.   പാവങ്ങളെ വിഡ്ഢികളാക്കി ജാതിമതരാഷ്ട്രിയ കാര്ഡുകളിറക്കി സമ്പന്നര്‍ക്കൊപ്പം ചേര്‍ന്ന് അധികാരം പിടിച്ചെടുത്ത് പരസ്പരം വെറുപ്പുകള്‍ വളര്‍ത്തി മനുഷ്യരെ കന്നുകാലികളുടെ പേരിലും കൊല്ലുക, സ്ത്രീകളെ, പാവങ്ങളെ പീഡിപ്പിക്കുക  തുടങ്ങിയ അതിക്രമങ്ങള്‍  ജനങ്ങള്‍  കണ്ണുതുറന്നു  കാണണം. ബീഹാര്‍, യൂ.പി മാത്രമല്ല ഇന്ത്യയില്‍ പലഭാഗത്തും ഇത് കാണുന്നു. സത്യത്തില്‍ പലതും പുറംലോകമറിയുന്നില്ല. അധികാരികള്‍ക്ക് ഓശാന പാടുന്ന മാധ്യമങ്ങള്‍ അതൊന്നും പുറത്തുകൊണ്ടുവരില്ല.  എങ്ങും അധര്‍മ്മികളും, കുറ്റവാളികളും രക്ഷപ്പെടുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്ന രാജ്യങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഇന്ത്യയില്‍ കുറ്റവാളികളുടെ എണ്ണം നിത്യവും കുടികൊണ്ടിരിക്കുന്നതിന്റ കാരണം അര്ഹതയില്ലാത്തവര്‍ ഭരണത്തിലിരിക്കുന്നതുകൊണ്ടാണ് .ഇവരാണ് കുറ്റവാളികക്ക് തണല്‍ മാത്രവുമല്ല നാട്ടുകാരുടെ കണ്ണില്‍പൊടിയിടാന്‍ ഒരറസ്റ്റും കുറെ പ്രസ്താവനകളും നടത്തും. നരഹത്യയും പീഡനങ്ങളും നടത്തുന്നവര്‍ എന്ത്‌കൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല?

 ഇന്ത്യയില്‍  കാണുന്ന ഒരു പ്രത്യേകത നഗരങ്ങളില്‍ അറിവുള്ളവരും  ഗ്രാമാന്തരങ്ങളില്‍ അറിവില്‍ പിന്നോക്കം നില്‍ക്കുന്നവരുമാണ്. അവരെ അറിവുള്ളവരാക്കി വളര്‍ത്താന്‍  ഭരണകൂടങ്ങള്‍  ഒന്നും ചെയ്യില്ല. കാലങ്ങളായി അടിമകളെപ്പോലെ അവര്‍ ജീവിച്ചു മരിക്കുന്നു. പ്രവാസികള്‍ എങ്ങനെ കറവപ്പശുക്കള്‍ ആകുന്നവോ അതുപോലെ ഈ പാവങ്ങളും  കറവപ്പശുക്കളാണ്.  ഏറ്റവും കൂടുതല്‍ വോട്ടുള്ളത് ഗ്രാമങ്ങളിലാണ്.  അത് എല്ലാം തെരഞ്ഞെടുപ്പിലും പണം, മദ്യം നല്‍കി നിലനിര്‍ത്തുന്നു. മദ്യം കുടിച്ചുകൊണ്ടരിക്കുമ്പോള്‍ ഒന്ന് തൊട്ടുതൊടാന്‍ ഒരല്പം ജാതിയും കൊടുക്കും. അതോടെ അവന്റെ കാര്യം കട്ടപ്പുക.  കാലാകാലങ്ങളിലായി  പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പാവങ്ങളാണ്.  നിരപരാധികളുടെ ജീവനെടുക്കുന്ന, നീതിയെ അനീതിയാക്കുന്നവരെ  തുരത്താന്‍  യൂവജനങ്ങളാണ് മുന്നോട്ട് വരേണ്ടത്. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അടിമവേല ചെയ്ത് ജീവിക്കുന്ന പാവങ്ങളായ യുവജനങ്ങള്‍ തെരുവിലിറങ്ങില്ല അതിന് പകരം നഗരങ്ങളിലെ യുവജനങ്ങളാണ് തെരുവിലിറങ്ങേണ്ടത്.മാവോയിസ്റ്റുകള്‍ വടക്കേ ഇന്ത്യയില്‍ എന്തുകൊണ്ടാണ് വളരുന്നത്? അതിന്റ  പ്രധാനകാരണം ഭരണകൂട തീവ്രതയാണ്.  മതഭ്രാന്തന്മാരെ, സാമഹ്യവിരുദ്ധരെ വളര്‍ത്തുന്നതില്‍ വലിയ വലിയ സംഭാവനകളാണ് ഭരണകൂടങ്ങള്‍ നല്‍കുന്നത്. ഇവര്‍ നാടിന്റ പുരോഗതിക്ക് തുരങ്കംവെക്കുന്നവരാണ്.  ഇന്ത്യന്‍ ജനത എന്നാണ് ഇതൊക്കെ തിരിച്ചറിയുക?

ഞാന്‍ ബിഹാറിലെ റാഞ്ചിയിലുണ്ടായിരുന്ന കാലം കണ്ടത് ഗുണ്ടകളുടെ വിളയാട്ടങ്ങളാണ്. ഇന്ന് കേരളത്തിലെ കുട്ടികളും ജനങ്ങളും വിളിക്കുന്നത് "പോടാ പുല്ലേ പൊലീസേ" യെന്നെങ്കില്‍ അന്ന് അവിടുത്തെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും വിളിച്ചത് ഇതുപോലെയെയാണ്. പോലീസിനും ഗുണ്ടകളെ ഭയമായിരുന്നു.  അന്നും പശുവിനെ കൊന്നതിന്റെ പേരില്‍ ഹട്ടിയായില്‍ ഒരു മുസ്ലിമിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന്   കലഹങ്ങള്‍ പലയിടത്തുമുണ്ടായി. 1977 ല്‍ യൂ.പി യിലെ കാന്‍പൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഞാന്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ അവിടേക്ക് രണ്ട് യുവാക്കള്‍ ഓടിക്കിതച്ചു് വന്ന് മുന്നോട്ട് പോയ ഒരു ട്രെയിനില്‍ കയറികൂടിയതും അവര്‍ക്ക് പിറകെ നീണ്ട കുറുവടികളുമായി അഞ്ചാറുപേര്‍ വന്നതും ഇന്ന് ബിഹാറില്‍ നടന്നതും ഒരുപോലെയാണ്.  എന്തായാലും എന്റെ മുന്നിലൂടെ പോയവരുടെ ജീവന്‍ തിരിച്ചുകിട്ടി.  യൂ.പി, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ ഇവിടങ്ങളിലാണ് ഇതൊക്കെ കുടുതലും കാണുന്നത്.  . ലോകജനതക്ക് മുന്നില്‍ ഈ ഭരണകൂടങ്ങള്‍ എത്ര തരംതാണിരിക്കുന്നു. ഇവര്‍ക്ക് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കാതെ പുറത്തുപോകുകയാണ് വേണ്ടത്.

ഇന്ത്യയില്‍ തുടരെത്തുടരെ എന്തുകൊണ്ട് പാവങ്ങള്‍ കൊല്ലപ്പെടുന്നു,സ്ത്രീകള്‍  പീഡിപ്പിക്കപ്പെടുന്നു. ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണകേന്ദ്രങ്ങളില്‍ സുഖവാസജീവിതം നയിക്കുന്നവരല്ലാതെ ആരാണ്?   ഇന്ത്യയുടെ പല ദേശങ്ങളും നരകത്തെപോലെ ഭ്രാന്ത്പിടിച്ച അവസ്ഥയിലാണ്. മനുഷ്യനാവശ്യം വര്‍ഗ്ഗ സമരമല്ല അതിലുപരി സ്വര്‍ഗ്ഗിയ  ശാന്തി സമാധാനമാണ്. ജനത്തിന് വേണ്ടത് ദേശസുരക്ഷ പോലെ പൗരന്മാര്‍ക്കു0,  കുടുംബത്തിനും സുരക്ഷ വേണം.  പണക്കൊതിയന്മാരായ ഭരണാധികാരികള്‍ മനുഷ്യരില്‍ ഭീതി വളര്‍ത്തികൊണ്ടിരിക്കുന്നു. സമാധാദാനം  തല്ലികെടുത്തുന്നു. എങ്ങും നിരാശാഭരിതമായ അനുഭങ്ങളുടെ തീച്ചൂളയിലൂടെ  സ്വാതന്ത്ര്യം നഷ്ടപെട്ടവരായി ഓടിക്കൊണ്ടിരിക്കുന്നു. കാപട്ട്യമില്ലാത്ത ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ ഓരോ ദേശത്തിനും ആവശ്യമാണ്.  നമ്മള്‍ 2019 ലും പോത്ത്, കാള, പശൂ,, ജാതിമതങ്ങളുടെ, രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍  തമ്മിലടിച്ചുപോയാല്‍ ആധുനികലോകത്തെ ഇഴചേര്‍ത്തെടുക്കാന്‍ ഇനിയും കാലങ്ങള്‍ വേണ്ടിവരും. അത് വരും തലമുറകള്‍ക്ക് ദോഷമാണ്. സാമൂഹ്യപ്രവര്‍ത്തകരെക്കാള്‍ സാമഹ്യപരിഷ്കര്‍ത്താക്കളെ കണ്ടെത്താന്‍ ഇനിയെങ്കിലും ഇന്ത്യക്കാരന്‍ ശ്രമിക്കണം. ലോകത്തിന് മുന്നില്‍ ഇന്ത്യക്കാരനെ അപമാനിച്ച ഇതുപോലുള്ള അപഹാസ്യ കന്നുകാലികളെ / കാട്ടുപോത്തുകളെ ഭരണത്തില്‍ നിന്നും വലിച്ചിറക്കി വിടണം. രക്തത്തില്‍ പിടഞ്ഞു വീഴുന്ന മനുഷ്യര്‍ക്ക് ഓശാന പാടുന്ന, റീത്തു വെക്കാന്‍ വരുന്ന ഇഴഞ്ഞു നീങ്ങുന്ന സര്‍ക്കാരുകള്‍ എന്തിനാണ്? ആര്‍ക്കുവേണ്ടി? (www.karoorsoman.net).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക