Image

ബോയിങ് ബോയിങ്! (പകല്‍ക്കിനാവ് 159: ജോര്‍ജ് തുമ്പയില്‍)

Published on 01 August, 2019
ബോയിങ് ബോയിങ്! (പകല്‍ക്കിനാവ് 159: ജോര്‍ജ് തുമ്പയില്‍)
ഇത്തവണ പകല്‍ക്കിനാവ് സിയാറ്റിലില്‍ നിന്നാണ്. വിമാനക്കമ്പനികളുടെ ഈറ്റില്ലമായ സിയാറ്റിലിലെ എവററ്റിലുള്ള ബോയിങ് ഫാക്ടറിയില്‍ ഒരു കൊച്ചു കുട്ടിയുടെ കൗതുകവുമായാണ് ആറേഴു മണിക്കൂറുകള്‍ ചെലവഴിച്ചത്. ഭാര്യ ഇന്ദിരയുമൊത്ത് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് മേഖലയിലെ സഞ്ചാരപഥത്തില്‍ ബോയിങ് ഫാക്ടറി സന്ദര്‍ശനവും ഉള്‍പ്പെടുത്തുമ്പോള്‍ അതിത്രമാത്രം ബഹുലതകളോടെ ഉള്‍ക്കൊള്ളാമെന്നും ഈ പംക്തിയിലൂടെ നിങ്ങളെ അറിയിക്കാമെന്നും കരുതിയതേയില്ല.

ബോയിങ് ഫാക്ടറി ഒരോട്ട പ്രദക്ഷിണമായി കണ്ടു കഴിഞ്ഞപ്പോള്‍ ഒരു ചിരകാലാഭിലാഷമാണ് പൂര്‍ത്തിയായത്. വിമാനയാത്രകള്‍ നടത്തുമ്പോള്‍ വെറും ബോയിങ്ങില്‍ കയറുകയല്ല വേണ്ടത്, ഏറ്റവും ആധുനികവും സഞ്ചാരത്തിന്റെ ആഡംബരങ്ങള്‍ക്ക് വഴിതുറക്കുന്നതുമായ ബോയിങ് 737 മാക്‌സില്‍ തന്നെ പോകണമെന്നത് ഒരാഗ്രഹമായിരുന്നു. ഇപ്പോള്‍ ഈ വിമാനങ്ങള്‍ക്കു പറക്കാന്‍ ഏവിയേഷന്‍ സമിതി അനുമതി നല്‍കുന്നില്ല. തുടരെയുണ്ടായ രണ്ട് അപകടങ്ങള്‍ക്കു കാരണം മാക്‌സിന്റെ നിര്‍മ്മാണത്തിലെ പിഴവ് മൂലമാണെന്നു കണ്ടെത്തിയിരിക്കുന്നു! ബോയിങ് ഫാക്ടറിയില്‍ 737 മാക്‌സിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ഉപകഥകളും വിവരിച്ചു കൊണ്ട് ഗൈഡ് പറഞ്ഞു, ഇതാണ് ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതിക മികവോടെ പുറത്തിറക്കിയ യാത്രാവിമാനം. ഈ വിമാനം തന്നെയാണ് അടുത്തിടെ രണ്ട് അപകടങ്ങളുണ്ടാക്കിയതും ബോയിങ്ങിനു കോടികളുടെ നഷ്ടങ്ങളുണ്ടാക്കിയതും. (അതു പക്ഷേ ഞങ്ങളുടെ ഗൈഡ് പറഞ്ഞു തന്നില്ല. ആ ചോദ്യത്തിന് ഉത്തരമില്ല എന്ന മറുപടിയാണ് ഗൈഡ് തന്നത്). 2018 ഒക്ടോബറിലാണ് 737 മാക്‌സ് ആദ്യ അപകടത്തില്‍ പെടുന്നത്. ഇന്ത്യോനേഷ്യയില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത് 189 പേരാണ്. ഈ വര്‍ഷം മാര്‍ച്ച് ആദ്യം വീണ്ടും ഉണ്ടായി അപകടം എത്യോപ്യയില്‍, ഇതില്‍ മരിച്ചത് 157 യാത്രികരും. ഈ രണ്ട് അപകടങ്ങളെത്തുടര്‍ന്ന് മാക്‌സിന്റെ തുടര്‍ന്നുള്ള വില്‍പ്പനയില്‍ മാത്രമല്ല ഓഹരി പങ്കാളിത്തത്തില്‍ പോലും വലിയ വീഴ്ചയുണ്ടായി. കമ്പനിക്കുണ്ടായ നഷ്ടം 3 ബില്യണ്‍ ഡോളറിന്റേതാണ്. ക്വാര്‍ട്ടര്‍ നഷ്ടമാകട്ടെ 15.7 ബില്യണിന്റെയും. 737 മാക്‌സിന് ഇതെന്ത് പറ്റിയെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. സിയാറ്റിലില്‍ വച്ച് ഇതു തന്നെ ഞങ്ങളും ചോദിച്ചു, എവിടെയാണ് മാക്‌സിനു പിഴച്ചത്. എന്നാല്‍ അവിടെയും പിഴവിനെക്കുറിച്ചല്ല, മേന്മയെക്കുറിച്ചാണ് കൂടുതല്‍ അറിവുകള്‍ ലഭിച്ചത്.

ബോയിങ് 737-ന്റെ നാലാം തലമുറയില്‍പ്പെട്ട വിമാനമാണ് 737 മാക്‌സ്. 2011 ഓഗസ്റ്റ് 30-നാണ് ഔദ്യോഗികമായി ഈ വിമാനത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 29, 2016-ല്‍ ആകാശപ്പറക്കല്‍ നടത്തി. മലിന്‍ഡോ എയറാണ് ആദ്യമായി 737 മാക്‌സ് യാത്രാവിമാനമാക്കിയത്. പിന്നീട്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് , അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ക്യാനഡ, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവരാണ് പിന്നീട് ഇത് വ്യാപകമായി ഉപയോഗിച്ചത്. ബോയിങ് 737 നെക്സ്റ്റ് ജനറേഷന്‍ എന്ന വിഭാഗത്തിലാണ് മാക്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടുന്നത്. 134.9 മില്യണ്‍ യുഎസ് ഡോളറാണ് ഒന്നിനുവരുന്ന ചെലവ്. മാക്‌സില്‍ തന്നെ മാക്‌സ് 7, മാക്‌സ് 8, മാക്‌സ് 200, മാക്‌സ് 9, മാക്‌സ് 10 എന്നിങ്ങനെ വകഭേദങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ 393 എണ്ണമാണ് ബോയിങ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ജൂണ്‍ വരെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതാവട്ടെ 4934 എണ്ണത്തിനും. എന്തായാലും രണ്ട് അപകടം നടന്നതോടെ പുതിയ വിമാനങ്ങള്‍ നല്‍കുന്നതിന് റഗുലേറ്ററി അഥോറിട്ടിയുടെ കര്‍ശന നിരീക്ഷണങ്ങള്‍ക്കു ശേഷമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്്. ഇതാണ് ബോയിങ്ങിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഓര്‍ഡറുകള്‍ നല്‍കാന്‍ വൈകും തോറും ലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം വേറെയും വരും.

രണ്ട് അപകടങ്ങള്‍ക്കും കാരണമായത് മാക്‌സ് വിമാനങ്ങളില്‍ അഭിമാനകരമായി ബോയിങ് അവതരിപ്പിച്ച എംസിഎഎസ് (മാനുവറിങ് ക്യാരക്ടറിസ്റ്റിക്‌സ് ഓഗ്മെന്റേഷന്‍ സിസ്റ്റം) നു സംഭവിച്ച പിഴവായിരുന്നു. ഇതാണ് വിമാനം നിയന്ത്രിക്കുന്നതില്‍ നിന്നും പൈലറ്റുകള്‍ക്കു കഴിയാതിരുന്നത്. രണ്ട് അപകടങ്ങളിലും പൈലറ്റുകള്‍ ടേക്ക് ഓഫിനു ശേഷം തിരിച്ചിറങ്ങുന്നതിന് അനുമതി ചോദിച്ചിരുന്നു. തകരാര്‍ പരിഹരിച്ച് ശേഷിച്ച വിമാനങ്ങള്‍ കൂടി വീണ്ടും പരിശോധിച്ചതിനു ശേഷം മാത്രം മാക്‌സിനെ ഇനി ആകാശത്ത് കാണാനാവു എന്നു ചുരുക്കം. ഇത് ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുകയുമുള്ളു. ബോയിങ്ങിന്റെ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് എടുക്കുന്നതില്‍ പങ്കുണ്ടായിരുന്ന ഇന്ത്യന്‍ ഐടി കമ്പനികളുടെ നേര്‍ക്കും ഈ പതനത്തില്‍ ഉത്തരവാദിത്വം ഉണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു.

എന്തായാലും കഴിഞ്ഞ വര്‍ഷം വിമാനം അപകടത്തില്‍ പെട്ടതിനു ശേഷം ലഭിച്ച ഓര്‍ഡറുകളുടെ കാര്യമാണ് ബോയിങ്ങിനെ കഷ്ടത്തിലാക്കിയത്. 2017-ല്‍ 759 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നേടിയപ്പോള്‍ 2018-ല്‍ 720 വിമാനങ്ങള്‍ക്ക് മുന്‍കൂര്‍ പണം നേടാനായി. എന്നാല്‍ ഇത്തവണ ഇതുവരെ ലഭിച്ചത് വെറും ഏഴേ ഏഴെണ്ണത്തിനു മാത്രമാണ്. എയറോ ഡൈനാമിക്‌സില്‍ വരുത്തിയ മാറ്റം മൂലം ഉണ്ടായ അതിവേഗത, ഇന്ധനലാഭം, ഓപ്പറേഷണല്‍ മികവ് എന്നിവയൊക്കെ പരിഗണിക്കുമ്പോള്‍ മാക്‌സ് വിമാനങ്ങള്‍ വളരെ മുന്‍പിലായിരുന്നു ഇത്രയും നാള്‍. എന്നാല്‍ അടുത്തടുത്ത് ഉണ്ടായ രണ്ട് അപകടങ്ങള്‍ ബോയിങ്ങിനെ കടക്കെണിയിലാക്കുമോ എന്നാണ് അറിയാനുള്ളത്. കാരണം, ഓര്‍ഡര്‍ ലഭിച്ചതിന്റെ പത്തിലൊന്നു പോലും ഇതുവരെയും കൊടുത്തു തീര്‍ന്നിട്ടില്ല. അതിനിടയിലെ ഗുരുതരമായ പിഴവ് പരിഹരിക്കാന്‍ രണ്ടു തവണയാണ് കമ്പനി സമയം നീട്ടി വാങ്ങിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു അവസാനം പറഞ്ഞിരുന്നത്. എന്നാല്‍ തീയതി വീണ്ടും നീട്ടി അത് നവംബര്‍ വരെയാക്കിയെന്ന് അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്കു മുന്‍പാകെ വെളിപ്പെടുത്തിയത്. സോഫ്റ്റ് വെയറിലെ ചെറിയ പ്രശ്‌നങ്ങളാണ് ഗുരുതരമായത്. ഇതാവട്ടെ നഷ്ടപ്പെടുത്തിയത് മുന്നൂറിലധികം പേരുടെ ജീവനും ആകാശത്തെ സുരക്ഷിത യാത്രയ്ക്ക് ഏറെ പേരെടുത്ത ബോയിങ് എന്ന കമ്പനിയുടെ വിശ്വാസതകര്‍ച്ചയുമായിരുന്നു.

99 ഏക്കറിലായി 5 കോടി സ്ക്വയര്‍ഫീറ്റില്‍ പണിതുയര്‍ത്തിയിരിക്കുന്ന ലോകത്തിന്റെ ഏറ്റവും വലിയ കെട്ടിടത്തിനുള്ളില്‍ നിന്നും മടങ്ങുമ്പോഴും അതു തന്നെയായിരുന്നു മനസ്സില്‍, ബോയിങ്ങിന് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ? പിഴവ് പരിഹരിച്ചു വന്നാല്‍ തന്നെയും ഇത്രയും വിമാനങ്ങള്‍ സമയപരിധിക്കുള്ളില്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുമോ? ഡെലിവറി നല്‍കിയ വിമാനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമോ? നട്ടും ബോള്‍ട്ടും മുറുക്കുന്നതു മുതല്‍ പണി പൂര്‍ത്തിയാകുന്നതു വരെയുള്ള ഒരു ബോയിങ് വിമാനത്തിന്റെ പരിണാമദശ കണ്ടു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അവരുടെ മുറ്റത്ത് തന്നെയുള്ള സ്വന്തം എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു വിമാനം ട്രയല്‍ റണ്ണിനായി പറന്നു പൊങ്ങുന്നതും കണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ രോമകൂപങ്ങള്‍ എഴുന്നേറ്റു നിന്നു എന്നു പറയുമ്പോള്‍ ഈ കാഴ്ചയുടെ ഒരു അനുഭൂതി മനസിലായി കാണുമല്ലോ?

ബോയിങ് ബോയിങ്! (പകല്‍ക്കിനാവ് 159: ജോര്‍ജ് തുമ്പയില്‍)ബോയിങ് ബോയിങ്! (പകല്‍ക്കിനാവ് 159: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക