Image

മാര്‍ക്‌സിനെ ലോകമറിയുന്ന കാള്‍ മാര്‍ക്‌സ് ആക്കിയ സൗഹൃദം (മീട്ടു റഹ്മത്ത് കലാം)

Published on 04 August, 2019
മാര്‍ക്‌സിനെ ലോകമറിയുന്ന  കാള്‍ മാര്‍ക്‌സ് ആക്കിയ  സൗഹൃദം (മീട്ടു റഹ്മത്ത് കലാം)
ഇന്ന് ഓഗസ്റ്റിലെ ആദ്യ ഞായര്‍  അന്താരാഷ്ട്ര സൗഹൃദ ദിനം. നല്ലൊരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവന്നാല്‍ ഒരുവ്യക്തിയുടെ ലോകം മാറിമറിയും. എന്നാല്‍ അതുവരെ നിലനിന്ന ലോകത്തെ അടിമുടി മാറ്റിമറിച്ച ഒരു സുഹൃത്ബന്ധമുണ്ട് കാള്‍ മാര്‍ക്‌സിന്റേയും ഫ്രെഡറിക് എംഗല്‍സിന്റെയും. തങ്ങള്‍ വിഭാവനം ചെയ്ത പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ സഖാവെന്ന് സംബോധന ചെയ്യാന്‍ ആഹ്വാനം ചെയ്തവര്‍ക്കിടയിലെ സൗഹൃദഗാഥയ്ക്ക് മറ്റുമുഖവുര വേണ്ടല്ലോ...

നിയമജ്ഞനായിരുന്ന അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ വായനാശീലമാണ് കാള്‍ മാര്‍ക്‌സിന് രാഷ്ട്രീയത്തിലും എഴുത്തിലും താല്പര്യം ജനിക്കാന്‍  കാരണമായത്. കലാലയജീവിതത്തില്‍ പ്രണയിനിയായും പിന്നീട് ജീവിതസഖിയായും ഒപ്പം ചേര്‍ന്ന ജെന്നി , മാര്‍ക്‌സിന്റെ ചിന്തകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. 1843ല്‍   പാരീസില്‍ നിന്നിറങ്ങുന്ന ' ഫ്രാങ്കോ ജര്‍മന്‍ അനല്‍സ് ' എന്ന് പത്രത്തിന്റെ പത്രാധിപരായി  ചുമതലയേല്‍ക്കുമ്പോളാണ് മാര്‍ക്‌സ് ആദ്യമായി എംഗല്‍സിനെ  പരിചയപ്പെടുന്നത്.  ജര്‍മ്മന്‍ വ്യവസായിയുടെ മകനും തൊഴിലാളി സ്‌നേഹിയുമായ എംഗല്‍സ് അന്നവിടെ സ്ഥിരം എഴുത്തുകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. ചിന്തകളിലെ സമാനതകള്‍ , അവരെ കൂടുതല്‍ അടുപ്പിച്ചു. ഇരുവരും 'കമ്മ്യൂണിസ്റ്റ് ലീഗ് ' എന്നൊരു രഹസ്യ സംഘടനയ്ക്ക് രൂപം കൊടുത്തു. 1846  ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ലീഗിന്‍റെ കീഴില്‍ ലണ്ടനിലും യൂറോപ്പിലും മറ്റു നഗരങ്ങളിലും തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങി.  മുതലാളിത്ത വ്യവസ്ഥയെ തകിടം മറിക്കുക ,അധ്വാനവര്‍ഗത്തിന്‍റെ ആധിപത്യം ഉറപ്പാക്കുക , വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സമൂഹത്തെ  പൊളിച്ചെഴുതുക  ഇതായിരുന്നു ലീഗിന്‍റെ ആശയം.  തൊട്ടടുത്ത വര്‍ഷം ഇരുവരും ചേര്‍ന്ന് ലഘുലേഖകള്‍ എഴുതിത്തുടങ്ങി.  ഒരേ മേശയ്ക്കരികില്‍ കസേരകളിലിരുന്നായിരുന്നു എഴുത്ത്. 12000 വാക്കുകളുള്ള ലഘുലേഖകള്‍ 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍' എന്ന   എംഗല്‍സിന്റെ രചനയെ ആസ്പദമാക്കിയായിരുന്നു എഴുതിയത്  .  1848 ലാണിത്  പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായത്.  ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനഗ്രന്ഥമായി   ഇന്നും നിലകൊള്ളുന്ന 'കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ'യുടെ പിറവിയായിരുന്നു അത്. ചൂഷകരും ചൂഷിതരും തമ്മിലുള്ള അവിരാമമായ പോരാട്ടത്തിന്റെ ആകെത്തുകയാണ് ജീവിതം എന്ന് അടിവരയിട്ട പുസ്തകം, മതഗ്രന്ഥങ്ങള്‍ ഒഴിച്ചാല്‍ ഏറ്റവും കൂടുതല്‍  ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിയുകയും ചെയ്തു എന്നത് പില്‍ക്കാല ചരിത്രം.
യൂറോപ്പില്‍ പലയിടത്തും തൊഴില്‍രംഗത്ത് സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതില്‍ ഭയന്ന ജര്‍മന്‍ ഭരണകൂടം മാര്‍ക്‌സിനെ നാടുകടത്തി. അഭയാര്‍ഥികളെപ്പോലെ മാര്‍ക്‌സും ഭാര്യ ജെന്നിയും നാടുകളില്‍ നിന്ന് നാടുകളിലേക്ക് പലായനം ചെയ്യുമ്പോള്‍ എംഗല്‍സ് അയച്ചുകൊടുത്തിരുന്ന  തുകയാണ്  അവരുടെ  ജീവന്‍ നിലനിര്‍ത്തിയതും പട്ടിണി മാറ്റിയതും. കാള്‍ മാര്‍ക്‌സിന്റെ  എഴുത്തിന് ഇടവേളകള്‍ വന്നാല്‍ അത് ലോകത്തിന് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ട്  സുഹൃത്തിന് എഴുതാനുള്ള സാഹചര്യങ്ങള്‍  എംഗല്‍സ്   സൃഷ്ടിച്ചു കൊടുത്തു. മാര്‍ക്‌സിന്റെ   രചനകളുടെ ആദ്യ വായനക്കാരന്‍   എന്നതില്‍  എംഗല്‍സ്  അഭിമാനം കൊണ്ടു.  കൂട്ടുകാരന് തൃപ്തി വന്നവ  മാത്രമേ  പ്രസിദ്ധീകരിക്കുന്നതിന് ആയി മാര്‍ക്‌സ് അയച്ചുകൊടുത്തിരുന്നു. താന്‍ എഴുതിയത് തിരുത്താനുള്ള സ്വാതന്ത്ര്യം മാര്‍ക്‌സ് അനുവദിച്ചു   നല്‍കിയിരുന്നത് എംഗല്‍സിനു  മാത്രമായിരുന്നു.

 മാര്‍ക്‌സിനെയും കുടുംബത്തെയും നിലനിര്‍ത്താന്‍ വേണ്ടിയാണ് സ്വന്തം പിതാവിന്‍റെ തുണി മില്ലില്‍ , അശേഷം താല്‍പ്പര്യമില്ലാതിരുന്നിട്ടും ജോലിചെയ്യാന്‍ എംഗല്‍സ് നിര്‍ബന്ധിതനായത്. ഒന്നും രണ്ടും കൊല്ലമല്ല,   20 കൊല്ലത്തോളം ഇത് തുടര്‍ന്നുപോന്നു. ഇക്കാലയളവില്‍ ബ്രിട്ടീഷ് മ്യൂസിയത്തിലും മാഞ്ചെസ്റ്റര്‍ ലൈബ്രറിയിലുമിരുന്ന്   മാര്‍ക്‌സ് ഒട്ടേറെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ച്  , മുതലാളിത്ത സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ചു.  ആ പഠനമാണ് 'മൂലധനം (ഉമ െഗമുശമേഹ)'എന്ന  അമൂല്യ ഗ്രന്ഥത്തിന് കരുത്തു പകര്‍ന്നത്. മാസംതോറും അഞ്ചു പൗണ്ട്  അയയ്ക്കുന്നതിനു പുറമേ പത്രങ്ങളില്‍ എഴുതുന്നതിനു  കിട്ടുന്ന പ്രതിഫലംപോലും  എംഗല്‍സ് , മാര്‍ക്‌സിന്റെ  ഉപജീവനത്തിനായി  അയച്ചുകൊടുത്തു. ഇവര്‍ കൈമാറിയ കത്തുകളിലും ആത്മബന്ധത്തിന്റെ ഗാഢത തെളിഞ്ഞുനിന്നിരുന്നതുകൊണ്ടാകാം അതുവായിച്ച വ്‌ലാഡിമിര്‍ ലെനിന്‍ പുരാണങ്ങളില്‍പോലും ഇങ്ങനൊരു സൗഹൃദം കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്.   

ഭാര്യ ജെന്നിയുടെ മരണം മാര്‍ക്‌സിനെ  ആകെ തളര്‍ത്തിയപ്പോള്‍,  അദ്ദേഹം ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.

"ഞാന്‍ തീരെ അവശനാണ്. ഈ ജീവിതം മടുത്തു. ജീവിക്കുന്നതില്‍ ഒരര്‍ത്ഥവും ഞാന്‍ കാണുന്നില്ല "  എന്ന് മാര്‍ക്‌സ്,  എംഗല്‍സിന് ഒരുകത്തില്‍ എഴുതുകപോലും ചെയ്തു.
 രോഗശയ്യയിലും മാര്‍ക്‌സ്   സുഹൃത്തിന്‍റെ വരവ് കാത്ത് കിടക്കുമായിരുന്നു. എംഗല്‍സിന്റെ സാമീപ്യം അദ്ദേഹത്തിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. മാര്‍ക്‌സിന്റെ അവസാന  നിമിഷത്തിലും മൂകസാക്ഷിയായി ഉറ്റമിത്രം ഒപ്പമുണ്ടായിരുന്നു. ശവസംസ്കാര ചടങ്ങിന് എത്തിച്ചേര്‍ന്നവരോട് എംഗല്‍സ് പറഞ്ഞതിതാണ്:  " ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രഗത്ഭനായ ചിന്തകന്‍  നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. വരുംതലമുറകള്‍ അദ്ദേഹത്തിന്‍റെ ആഴവും പരപ്പും കണ്ടെത്തും."  എംഗല്‍സിന്റെ   പ്രവചനം യാഥാര്‍ഥ്യമായത് 'മൂലധനം' പ്രസിദ്ധീകരിച്ചതോടെയാണ്. മാര്‍ക്‌സ് ജീവിച്ചിരിക്കേ ആദ്യഭാഗം മാത്രമേ അച്ചടിച്ചിരുന്നുള്ളൂ.  മറ്റുഭാഗങ്ങള്‍ മകളുടെ കൈവശം കൊടുത്ത്  മാര്‍ക്‌സ് പറഞ്ഞത് ഇങ്ങനെയാണ്: "  ഇത് എംഗല്‍സിനെ  ഏല്‍പ്പിക്കണം. അവന്‍ എന്തെങ്കിലും ചെയ്യട്ടെ."

  മറ്റു ജോലികള്‍ എല്ലാം മാറ്റിവച്ച്  കൂട്ടുകാരന്‍റെ  രചന  വെളിച്ചം കാണാന്‍  എംഗല്‍സ് ഏറെ പണിപ്പെട്ടു.  തന്‍റെ അവസാന സമ്പാദ്യംപോലും  മൂലധനം പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി   എംഗല്‍സ് ചെലവഴിച്ചു. എഴുതുന്നതിനിടയില്‍ താന്‍ വലിച്ചുകൂട്ടിയ ചുരുട്ടുകള്‍ക്ക് ചെലവിട്ട പണംപോലും മൂലധനം വിറ്റ് കിട്ടാന്‍പോകുന്നില്ലെന്ന് മാര്‍ക്‌സ് മകളോട് പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനെ ഇളക്കിമറിച്ച ആ ഗ്രന്ഥം ഒരു മഹത്സൗഹൃദത്തിന്റെ സംഭാവന എന്ന നിലയില്‍ കൂടുതല്‍ പരിപാവനമാണ്. കാലാതീതമായ ആ നിലനില്പില്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും പ്രയത്‌നത്തിന്റെയും കണ്ണീരും വിയര്‍പ്പുമുണ്ട്.

മാര്‍ക്‌സിനെ ലോകമറിയുന്ന  കാള്‍ മാര്‍ക്‌സ് ആക്കിയ  സൗഹൃദം (മീട്ടു റഹ്മത്ത് കലാം)മാര്‍ക്‌സിനെ ലോകമറിയുന്ന  കാള്‍ മാര്‍ക്‌സ് ആക്കിയ  സൗഹൃദം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക