Image

എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന് പ്രമുഖ സംഘടനകളുടെ പിന്തുണ

സാജു ജോസഫ് (പി.ആര്‍.ഒ) Published on 18 August, 2019
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന് പ്രമുഖ സംഘടനകളുടെ പിന്തുണ
കാലിഫോര്‍ണിയ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക കലാസാംസ്കാരിക രാഷ്ട്രീയ മലയാളി സംഘടനകളുടെ പിന്തുണയാണ് പതിനാലാമത് എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റ് കമ്മിറ്റിക്ക് അര്‍ഹമായിരിക്കുന്നത്.

മലയാളി സംഘടനകളുടെ പ്രവര്‍ത്തനമികവുകൊണ്ട് നോര്‍ത്ത് അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ജാതിമതഭേദമെന്യേ മലയാളി സമൂഹത്തിനുണ്ടാകുന്ന ഏതു വിപത്തിനേയും യുദ്ധകാലാടിസ്ഥാനത്തില്‍ നേരിട്ട് പരിഹാരം കാണാനുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സംഘടനാ ഭാരവാഹികളുടെ മനോഭാവം തികച്ചും പ്രശംസനീയം തന്നെയാണ്.

കഴിഞ്ഞവര്‍ഷം ഇതേ നാളുകളില്‍ കേരളത്തിലുണ്ടായ പ്രകൃതി വിപത്തില്‍ നിന്നു കരകയറാന്‍ ഒരു കൈത്താങ്ങായി കാലിഫോര്‍ണിയയിലെ മങ്ക എന്ന സംഘടന നിര്‍ധനരായ എട്ടു കുടുംബങ്ങള്‍ക്ക് വാസ സ്ഥലം നല്‍കിയത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഴുവന്‍ പ്രശംസ കൈവരിച്ചിരിക്കുന്നു.

ചരിത്രത്തിന്റെ താളുകളില്‍ ഒരു നാഴികക്കല്ലായി മാറാന്‍ പോകുന്ന സെപ്റ്റംബര്‍ ഒന്നാംതീയതിയിലെ ഈ കായിക മാമാങ്കത്തിലേക്ക് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രമുഖ സംഘടനകളായ ഫോമ വെസ്റ്റേണ്‍ റീജിയന്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം), മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍വാലി കാലിഫോര്‍ണിയ (MACE), ബേ മലയാളീസ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്), മലയാളി അസോസിയേഷന്‍ ഓഫ് സോളാനോ (മാസ്), സാക്രമെന്റ് സ്‌പോര്‍ട്‌സ് ക്ലബ് (എസ്.എസ്.സി), ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വിമന്‍ (വനിത), സര്‍ഗവേദി, പുണ്യം കൂടാതെ പ്രമുഖ മാധ്യമങ്ങളായ പ്രിന്റ് കാള്‍, എലിസ്ഡ മീഡിയ, മെലിറ്റ ക്രിയേഷന്‍, സ്റ്റാര്‍ മൂവി യു.എസ്.എ, ടൂര്‍ണമെന്റ് മുഴുനീളം ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ക്കുവേണ്ടി തത്സമയം സംപ്രേഷണം ചെയ്യുന്ന കെവി ടിവി ചാനല്‍ എന്നിവരുടെ പരിപൂര്‍ണ പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കന്‍ വോളിബോള്‍ കായികതാരങ്ങള്‍ക്കും വോളിബോളിനെ നെഞ്ചോടു ചേര്‍ത്തിരിക്കുന്നവര്‍ക്കും ഓര്‍ത്തുവെയ്ക്കാനും സ്മരണകള്‍ പങ്കിടാനും ഇത് നല്ലൊരു അവസരമായിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ചെയര്‍പേഴ്‌സണ്‍ പ്രേമ തെക്കേക്ക് അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ജനസമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നു ക്ലബ് സെക്രട്ടറി രാജു വര്‍ഗീസ് അറിയിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന വിജയത്തിനായി നിര്‍ണ്ണായക വേളയില്‍ തമ്പി ആന്റണിയും, ബേബി അരീച്ചിറയും നല്‍കിയ വലിയ സാമ്പത്തിക പിന്തുണ വിലമതിക്കാനാവാത്തതാണെന്നു ക്ലബ് ട്രഷറര്‍ ജോസുകുട്ടി മഠത്തില്‍ അറിയിച്ചു.

വിവിധ നഗരങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കായികതാരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും 4 സ്റ്റാര്‍ നിലവാരത്തിലുള്ള താമസ സൗകര്യങ്ങള്‍ നിശ്ചിതമായ നിരക്കില്‍ ക്രൗണ്‍ പ്ലാസ എക്‌സ്പീരിയന്‍സ് സമുച്ചയത്തില്‍ ക്രമീകരിച്ചതായി ക്ലബ് ജോയിന്റ് സെക്രട്ടറി ടോണി പഴയംപള്ളില്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നാംതീയതി രാവിലെ 9 മണിക്ക് ഇന്‍ഡിപെന്‍ഡന്റ് ഹൈസ്കൂളില്‍ തിരശീല ഉയരുന്ന ഈ മഹാസംരംഭത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ലബ് ജോയിന്റ് ട്രഷറര്‍ ടോമി വടുതല അറിയിച്ചു.

എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന് പ്രമുഖ സംഘടനകളുടെ പിന്തുണഎന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന് പ്രമുഖ സംഘടനകളുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക