Image

'മുല്ലപ്പൂ അഴിമതി' കേസ് വഴിത്തിരിവില്‍, നേഴ്‌സുമാര്‍ക്ക് ആശ്വാസം (ശ്രീനി)

ശ്രീനി Published on 20 August, 2019
 'മുല്ലപ്പൂ അഴിമതി' കേസ് വഴിത്തിരിവില്‍, നേഴ്‌സുമാര്‍ക്ക് ആശ്വാസം (ശ്രീനി)
സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ (യു.എന്‍.എ) പ്രമാദമായ 'മുല്ലപ്പൂ സാമ്പത്തിക അഴിമതി' കേസ് മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. യു.എന്‍.എ ദേശീയ പ്രസിഡന്റ് എം ജാസ്മിന്‍ ഷാ ഉള്‍പ്പെട്ട കേസായതിനാലാണ് മല്ലപ്പൂ സാമ്പത്തിക അഴിമതി കേസ് എന്ന് സമരക്കാരായ നേഴ്‌സുമാര്‍ പേരിട്ടത്. അഴിമതി കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് നേഴ്‌സുമാര്‍ ദീര്‍ഘനാള്‍ സമരപാതയിലുമായിരുന്നു. യു.എന്‍.എയുടെ പേരില്‍ നടന്ന ഈ അഴിമതിക്കേസില്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. അന്വേഷണത്തില്‍ കഴമ്പില്ലെന്നും കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും കാട്ടി ജാസ്മിന്‍ ഷാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് ചുമതല നല്‍കി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടു. അന്വേഷണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ജാസ്മിന്‍ ഷായ്ക്ക് കനത്ത തിരിച്ചടിയാണ്.

യു.എന്‍.എയില്‍ മൂന്നര കോടിയുടെ അഴിമതി നടന്നുവെന്ന പരാതിയിലും നേഴ്‌സുമാരുടെ സമരത്തെയും തുടര്‍ന്ന് ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. ജാസ്മിന്‍ ഷാ ഒന്നാം പ്രതി പ്രതിയായ കേസില്‍, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിതിന്‍ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാസ്മിന്‍ ഷാ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് 2019 മാര്‍ച്ചില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവന്നത്. നേഴ്‌സുമാരുടെ  മാസവരി സഖ്യ പിരിച്ച പണം നാല് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. സംഘടനയുടെ അക്കൗണ്ടുകളില്‍ നിന്ന് മൂന്ന് കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് സിബി മുകേഷ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പരാതി നല്‍കിയത്. അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപയും സംഘടനയുടെ നാല് അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്റെ പേരില്‍ പലതവണയായി പിന്‍വലിച്ചത് 59,91,740 രൂപ. മറ്റു ചില സ്ഥാപനങ്ങളുടെ പേരിലും ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ജാസ്മിന്‍ഷാ നിഷേധിക്കുന്നു. നേഴ്‌സുമാരില്‍ നിന്ന് അംഗത്വ ഫീസായും വിദേശങ്ങളില്‍ നിന്ന് സംഭാവനയായുമാണ് യു.എന്‍.എയുടെ അക്കൗണ്ടില്‍ പണമെത്തുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തു. ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ രൂപ പിന്‍വലിച്ചതിനും ഒരു സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിന്‍വലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

പല തവണ നേതൃത്വത്തോട് കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും സിബി മുകേഷ് പറഞ്ഞിരുന്നു. നേഴ്‌സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഗൂഢാലോചനയാണെന്നാണ് ജാസ്മിന്‍ ഷാ അന്നും ഇന്നും പറയുന്നത്.

അഴിമതി വിവാദം സംബന്ധിച്ച ഹൈക്കോടതിയുടെ പുതിയ ഉത്തരവ് യു.എന്‍.എയെ സംബന്ധിച്ചിടത്തോളം ആശ്വാസപ്രദമാണ്. അഭിമാനാര്‍ഹമായ ചരിത്രമാണ് യു.എന്‍.എയുടേത്. സംസ്ഥാനത്തെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസ ലോണുകളില്‍ ജപ്തി ഭീഷണി വ്യാപകമായ ഘട്ടത്തിന്‍ തൃശൂരിലാണ് നേഴ്‌സുമാര്‍ ആദ്യമായി സംഘടിക്കുന്നത്. മുംബൈയില്‍ ബീന ബേബി എന്ന മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്യപ്പെട്ടതോടെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും മുന്നിലെത്തിക്കാന്‍ തൃശൂരിലെ നേഴ്‌സുമാരുടെ കൂട്ടായ്മ തീരുമാനമെടുത്തു. ഇപ്പോഴത്തെ വിവാദ നായകന്‍ ജാസ്മിന്‍ ഷായുള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ 2011 നവംബര്‍ 16ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ രൂപീകരിക്കുകയും ചെയ്തു. നേഴ്‌സുമാര്‍ക്കിടയിലും സമൂഹത്തിലും അതിവേഗം വലിയ പ്രചാരം നേടിയെടുക്കാന്‍ യു.എന്‍.എയ്ക്ക് കഴിഞ്ഞു. ഇത് സഹകരണ നിയമപ്രകാരവും പിന്നീട് ട്രേഡ് യൂണിയനായും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

നിലവില്‍ കേരളത്തില്‍ ജോലിചെയ്യുന്നവരും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമായ അഞ്ചര ലക്ഷത്തോളം നേഴ്‌സുമാര്‍ യു.എന്‍.എയില്‍ അംഗത്വമുള്ളവരാണ്. ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി മൂന്നര ലക്ഷത്തോളം നേഴ്‌സുമാര്‍ യു.എന്‍.എയിലുണ്ട്. അങ്ങനെ യു.എന്‍.എയുടെ സജീവപ്രവര്‍ത്തകര്‍ ഒമ്പതുലക്ഷത്തോളം വരും. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വലിയൊരാശ്രയമായാണ് സംഘടനയെ നെഞ്ചിലേറ്റുന്നത്. ഏറ്റവും ഉയര്‍ന്ന ശമ്പളമായ 800 രൂപയില്‍ നിന്ന് സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം 20,000 രൂപയിലേക്ക് നേഴ്‌സുമാരുടെ പ്രതിമായ വേതനമെത്തിക്കാന്‍ കഴിഞ്ഞത് യു.എന്‍.എ നടത്തിയ ഐതിഹാസിക സമരങ്ങള്‍ മൂലമാണ്.

യു.എന്‍.എക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും കമ്മിറ്റികളും അവയ്ക്ക് കീഴില്‍ 457 ഓളം സ്വകാര്യ ആശുപത്രി യൂണിറ്റുകളുമുണ്ട്. കേരളത്തിന് പുറത്ത്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, ഗോവ, പശ്ചിമബംഗാള്‍, ബീഹാര്‍, മണിപ്പൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി  400ഓളം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ മാത്രം യു.എന്‍.എയുടെ കീഴില്‍ 12,623ഓളം നേഴ്‌സുമാര്‍ അംഗങ്ങളായുണ്ട്. അമേരിക്ക, ഖത്തര്‍, യു.എ.ഇ, സൗദ്യ അറേബ്യ, കാനഡ, ന്യൂസിലാന്റ്, ലിബിയ, സ്വിസര്‍ലാന്റ്, മലേഷ്യ, ബഹറിന്‍, ഒമാന്‍, മാള്‍ട്ട, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും സംഘടനയ്ക്ക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികളും അഫിലിയേറ്റഡ് അസോസിയേഷനുകളുമുണ്ട്.

ആഗോള മലയാളി നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും യു.എന്‍.എയില്‍ സജീവ സാന്നിധ്യമുറപ്പിക്കുന്നു. നേഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കാതെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും യു.എന്‍.എ ഒരു മാതൃകയാണ്. അവശരായവര്‍ക്ക് പ്രതിമാസം ജീവനാംശം നല്‍കിവരുന്നു. പ്രളയപ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും യു.എന്‍.എയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. വയനാട്ടെ 37 ആദിവാസി ഗ്രൂപ്പുകളില്‍ യു.എന്‍.എ നടത്തിയ മെഡിക്കല്‍ ക്യാമ്പും ദുരിതാശ്വാസ കിറ്റുവിതരണവും ആശ്വാസമായിരുന്നു. ഇത് തുടര്‍ പദ്ധതിയാണ്. ഇത്തരത്തില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങളിലൂടെ അനുകരണീയമായ ട്രാക്ക് റെക്കോഡ് സൃഷ്ടിച്ച യു.എന്‍.എ എന്ന സംഘടനയുടെ തലപ്പത്തുള്ളവര്‍ അഴിമതി ആരോപണത്തില്‍പ്പെട്ട് അന്വേഷണത്തെ നേരിടുന്നത് നിര്‍ഭാഗ്യകരമാണ്. ആരുരശുശ്രൂഷയെന്ന മഹത്തായ ദൗത്യത്തിന്റെ കെടാവിളക്കേന്തുന്നവര്‍ ഇത്തരത്തില്‍ അധപ്പതിക്കാന്‍ പാടില്ല.


 'മുല്ലപ്പൂ അഴിമതി' കേസ് വഴിത്തിരിവില്‍, നേഴ്‌സുമാര്‍ക്ക് ആശ്വാസം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക