Image

ക്വാറികള്‍ക്ക് പച്ചക്കൊടി, ഇനി പൊട്ടിക്കല്‍ പഴയപടി തന്നെ (ശ്രീനി)

Published on 21 August, 2019
 ക്വാറികള്‍ക്ക് പച്ചക്കൊടി, ഇനി പൊട്ടിക്കല്‍ പഴയപടി തന്നെ (ശ്രീനി)
പാറഖനനം നിരോധിച്ചതിനേക്കാള്‍ വേഗത്തില്‍ത്തന്നെ പിന്‍വലിച്ചിരിക്കുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പതിനൊന്ന് ദിവസത്തിനുള്ളിലാണ് പിന്‍വലിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യമില്ലാത്തതിനാലാണ് ഇതെന്നാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ വിശദീകരണം. ഇതോടെ വീണ്ടും യഥേഷ്ടം പാറ പൊട്ടിക്കാനുള്ള അനുമതിയായി. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളില്ലെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. എന്നാല്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കുമ്പോഴും ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണീ ധൃതിപിടിച്ച പിന്‍വലിക്കല്‍ എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ക്വാറിക്കെതിരെ ഒറ്റയാള്‍ സമരം ചെയ്ത് ക്വാറി മാഫിയയുടെ ഭീഷണികളെയും മര്‍ദനത്തെയും അതിജീവിച്ച് വാര്‍ത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ സേതു എന്ന 39കാരനായ പരിസ്ഥിതി പ്രവര്‍ത്തകന്റെ, സെക്രട്ടേറിയറ്റിന് മുന്നിലെ മുന്നൂറ്റി നാല്‍പ്പത്തിയാറു ദിവസം നീണ്ട സന്ധിയില്ലാ സമരത്തെയറിയാം.

കിളിമാനൂര്‍ തോപ്പില്‍ സ്വദേശിയാണ് സേതു. തോപ്പില്‍ കോളനിക്കുള്ളിലെ സേതുവിന്റെ വീടിന് വെറും 130 മീറ്റര്‍ അടുത്താണ് എ. കെ.ആര്‍ എന്ന ക്വാറിയുള്ളത്. പലപ്പോഴും ഇവിടെ പാറ പൊട്ടിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള വീടുകളിലേയ്ക്ക് കല്ലുകള്‍ തെറിച്ച് വീഴും. 2017 മാര്‍ച്ച് 31ന് വലിയൊരു പാറക്കല്ല് സേതുവിന്റെ വീടിനു മുകളില്‍ വന്നു വീണു. അടുക്കള ഭിത്തിയും ടെറസിന്റെ ഭാഗങ്ങളും തകര്‍ന്നു. സേതുവിന്റെ ഭാര്യയും രണ്ടു പെണ്മക്കളും അപകടത്തില്‍ നിന്ന് ആയുസിന്റെ വലിപ്പം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഗതി പൊല്ലാപ്പാവുമെന്ന് കണ്ട്, ആളുകള്‍ അറിയും മുമ്പേ കല്ല് എടുത്തു മാറ്റാനുള്ള ശ്രമവുമായി ക്വാറിയില്‍ നിന്നുള്ളവര്‍ എത്തി. എന്നാല്‍ കല്ലെടുത്തു മാറ്റാന്‍ സമ്മതിക്കാതിരുന്ന സേതുവിനെയും ഭാര്യയെയും പെണ്മക്കളെയും ക്വാറി ഉടമയുടെ ഗുണ്ടകള്‍ ദേഹോപദ്രവമേല്‍പ്പിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന ക്വാറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സേതു കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. അവിടെ നിന്നും ഒരു ഉദ്യോഗസ്ഥന്‍ വന്നു നോക്കി പോവുക മാത്രമാണ് ചെയ്തത്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാനും സ്ഥലം ക്വാറിക്ക് വിലയ്ക്ക് വിട്ടുനല്‍കാനും ക്വാറി ഉടമ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തിട്ടും സേതു വഴങ്ങിയില്ല. ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും പരിസരത്ത് താമസിക്കുന്ന മറ്റുള്ളവര്‍ക്കും ഭീഷണിയുണ്ടെന്നും ശാശ്വതപരിഹാരത്തിനായി ക്വാറി അടച്ചുപൂട്ടിയേ മതിയാവൂ എന്നും സേതു ഉറച്ച നിലപാടെടുത്തു. തുടര്‍ന്ന് ക്വാറിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സേതു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി. നെഞ്ചില്‍ കല്ല് കയറ്റി വെച്ച് നടത്തിയ സമരം വാര്‍ത്തയായെങ്കിലും സമരം നിര്‍ത്തി പണം വാങ്ങി പോകാനാണ് പോലീസുകാര്‍ പോലും ആവശ്യപ്പെട്ടത്.

പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി വാക്കു കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നിരാശനായ സേതു സമരവേദിയില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ സേതുവിന്റെ പരാതിക്ക് മുന്നില്‍ കണ്ണുകള്‍ തുറക്കാത്തവര്‍ അന്ന് ഓടിയെത്തി, അറസ്റ്റ് ചെയ്യാന്‍. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തു. സേതുവിനെ പിന്നെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് പിന്നെ ഒരനക്കവുമുണ്ടായില്ല. സേതുവിന്റെ സമരം പാഴായിപ്പോയി. സേതു അന്ന് പറഞ്ഞതുപോലെ ഇത് ഒരു ഒറ്റപ്പെട്ട സമരമായിരുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളം ക്വാറികള്‍ക്കെതിരെ നിരവധി ജഡനകീയ പ്രക്ഷേഭങ്ങളാണിപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

നിരവധി ജീവനുകളെടുത്ത കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനം നിരോധിച്ചത്. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിച്ച പ്രദേശങ്ങളിലാണിപ്പോള്‍ ചെറുതും വലുതുമായ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. കവളപ്പാറയിലും പുത്തുമലയിലും മണ്മിനടിയില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്ന പാറമടകള്‍ മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് ഒമ്പതിന് സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കിയത്.

കേരളത്തില്‍ 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരള ഫോറസ്റ്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 5924 ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചെടുത്തത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം കൂടിയാണിത്. ഇത്തവണ ഏറെ നാശമുണ്ടായ മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമായി ആയിരത്തിലധികം അനധികൃത ക്വാറികളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അന്ന് ഈ തീരുമാനമെടുത്തത്. എന്നാല്‍ ക്വാറി മാഫിയയ്ക്ക് അതെല്ലാം മറികടക്കാനായി.

കേരളത്തില്‍ 0.2 ഹെക്ടര്‍ മുതല്‍ 64.04 ഹെക്ടര്‍ വരെയുള്ള ചെറുതും വലുതുമായ 5924 ക്വാറികളാണുള്ളത്. പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് 7157.6 ഹെക്ടര്‍ പ്രദേശം ക്വാറികള്‍ കയ്യടക്കിക്കഴിഞ്ഞു. 3610.4 ഹെക്ടറിലായി 2438 ക്വാറികളാണ് മധ്യകേരളത്തില്‍ മാത്രം ഉള്ളത്. വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവിടെ മാത്രം 867 ക്വാറികള്‍ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയില്‍ 1261.13 ഹെക്ടര്‍ പ്രദേശത്ത് 774 ക്വാറികളാണുള്ളത്. പത്ത് ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന 73 കരിങ്കല്‍ ക്വാറികളാണ് സംസ്ഥാനത്തുള്ളത്.

ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധി കുറച്ചും, വ്യാപകമായി ലൈസന്‍സുകള്‍ നല്‍കിയും ഭരണകൂടം തന്നെ പരിസ്ഥിതി നാശത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന വിമര്‍ശനം എക്കാലത്തും ശക്തമാണ്. പരിസ്ഥിതി മലിനീകരണം, ശബ്ദമലിനീകരണം, ജലസ്രോതസ്സുകളുടെ മലിനീകരണവും നാശവും, ആവാസവ്യവസ്ഥയുടെ നശീകരണം, ജൈവസമ്പത്തിന്റെ നാശം തുടങ്ങിയവ ക്വാറികളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ഇത്തവണത്തെ പ്രകൃതിക്ഷേഭത്തിന്റെ ദുരന്തനാളുകളില്‍ത്തന്നെ പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകളെല്ലാം വീണ്ടും തുറക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക