Image

പുത്തന്‍ ചിന്താധാരകളുമായി തോമസ് റ്റി ഉമ്മന്‍ ഫോമാ ട്രഷററായി മല്‍സര രംഗത്ത്

Published on 24 August, 2019
പുത്തന്‍ ചിന്താധാരകളുമായി തോമസ് റ്റി ഉമ്മന്‍ ഫോമാ ട്രഷററായി മല്‍സര രംഗത്ത്

അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ദീപശിഖയായ ഫോമായുടെ ട്രഷറര്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മന്‍ മല്‍സരിക്കുന്നു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, നാഷണല്‍ കമ്മറ്റിയംഗം, ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍, ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഇദ്ദേഹം ഇപ്പോള്‍ ഫോമായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്.

ഫോമായുടെ മുതിര്‍ന്ന നേതാക്കളുടെയും, യുവതലമുറയുടെയും, അംഗസംഘടനകളുടെയും അഭ്യുദയ കാംക്ഷികളുടെയും താത്പര്യവും പിന്തുണയും മാനിച്ചാണ് താന്‍ മല്‍സരിക്കുന്നതെന്ന് തോമസ് ടി ഉമ്മന്‍ പറഞ്ഞു. ഫോമാ, അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയ കിടയറ്റ സംഭാവനയാണ് പൊളിറ്റിക്കല്‍ ഫോറം. അതിന്റെ സാരഥ്യം സ്തുത്യര്‍ഹമാം വിധം നിര്‍വഹിച്ച തോമസ് ടി ഉമ്മന്‍ ട്രഷറാര്‍സ്ഥാനത്തേയ്ക്കെത്തുന്നത് അഭിലഷണീയവും ഉചിതവുമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഫോമാ ട്രഷററും പ്രസിഡന്റും ഒരേ സ്ഥലത്തു നിന്നു വേണമെന്ന പഴയ സങ്കല്പം ഇപ്പോഴില്ല. എന്നാല്‍ ഇരുവരും ഒരേ ടൈം സോണില്‍ നിന്നെങ്കിലും അകേണ്ടത് പ്രായോഗികതലത്തില്‍ ആവശ്യമാണ്. ഫോമയുടെ ഏറ്റവും വലിയ റീജിയനുകളിലൊന്നായ ന്യു യോര്‍ക്ക് മെട്രോ റീജിയന്‍ ഒറ്റക്കെട്ടായി തോമസ് ടി. ഉമ്മനു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോള്‍ ന്യു ജെഴ്‌സിയില്‍ നിന്ന് അനിയന്‍ ജോര്‍ജ് അല്ലാതെ കാര്യമായ ആരും രംഗത്തില്ല. അതിനാല്‍ ഐകകണ്ടേനയുള്ള തെരെഞ്ഞെടുപ്പിനും സാധ്യതയുണ്ട്. സെക്രട്ടറി സ്ഥാനത്തേക്കാണു കടുത്ത മല്‍സരമുള്ളത്. മികച്ച മൂന്നു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ ആരെ തെരെഞ്ഞെടുക്കും എന്ന സംശയം വോട്ടര്‍മാര്‍ക്ക് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ഫ്‌ലോറിഡയില്‍ നിന്ന് ടി. ഉണ്ണിക്രുഷ്ണന്‍, മിഷിഗണില്‍ നിന്ന് വിനോദ് ഡേവിഡ് കൊണ്ടൂര്‍, ന്യു യോര്‍ക്കില്‍ നിന്ന് സ്റ്റാന്‍ലി കളത്തില്‍ എന്നിവരാണു രംഗത്ത്.

അമേരിക്കയില്‍ എഴുപതുകളില്‍ എത്തിയ തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ബിസിനസ്ഓഫീസറായിനാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലോങ്ങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. മലയാളമറിയാത്ത കുട്ടികള്‍ക്ക് പബ്ളിക് ലൈബ്രറിയില്‍ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തോമസ് റ്റി ഉമ്മന്‍ ഓ.സി.ഐ കാര്‍ഡ്, പാസ്പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. ഇതുസംബന്ധിച്ച് 2010-ല്‍ ന്യു യോര്‍ക്ക് കോണ്‍സുലേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ചരിത്രം കുറിക്കുന്നതായിരുന്നു. സറണ്ടറിനുള്ള അമിത ഫീസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും അനുകൂല തീരുമാനമുണ്ടാകുകയും ചെയ്തു.

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് റ്റി ഉമ്മന്‍ അറുപതുകളില്‍അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായിരുന്നു. പഠനകാലത്ത് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലുംയൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

ഫോമാ എന്ന മഹത്തായ പ്രസ്ഥാനം  ജനകീയ കൂട്ടായ്മയായി അടിമുടി മാറണമെന്നും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നീങ്ങിയാല്‍ അത്തരത്തിലൊരു സംഘടനയ്ക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും നേരത്തെ ഒരഭിമുഖത്തില്‍ തോമസ് റ്റി ഉമ്മന്‍ പയുകയുണ്ടായി.

ഇന്ന് അമേരിക്കയിലുള്ള സംഘടനാ സംവിധാനങ്ങള്‍ക്കെല്ലാം രൂപംകൊടുത്ത ആദ്യകാല കുടിയേറ്റക്കാര്‍, ഇടക്കാലത്ത് എത്തിയവര്‍, ഇപ്പോള്‍ വളര്‍ന്നുവരുന്ന യുവതലമുറ എന്നിങ്ങനെയുള്ള ഗണത്തില്‍പ്പെട്ട അമേരിക്കന്‍ മലയാളി സമൂഹത്തിന് സമഗ്രമായി ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുക, അവ കാലതാമസമില്ലാതെ കൃത്യമായി നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുകയെന്നത് അടിയന്തര പ്രാധാന്യമുള്ള അജണ്ടയാണ്.

രണ്ടുവര്‍ഷത്തിനപ്പുറത്തുള്ള കാഴ്ചപ്പാടോടെ വേണം  ഫോമാ പ്രവര്‍ത്തിക്കാന്‍. ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷത്തേക്ക് പുതിയ ഭാരവാഹികള്‍ ഉണ്ടാവുന്നു. ആ ഭരണ കാലാവധി കഴിയുമ്പോള്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവസാനിച്ചിട്ട്പുതിയ ചിന്തകളുമായി മറ്റൊരു ടീം വരുന്നു. തന്‍മൂലം പദ്ധതി നടത്തിപ്പുകള്‍ക്ക് തുടര്‍ച്ച കിട്ടുന്നില്ല. ഈ രീതിക്ക് ചെറിയ തോതിലെങ്കിലും മാറ്റമുണ്ടായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടണം. വളര്‍ന്നു വരുന്ന തലമുറയെ മാതൃരാജ്യത്തോടും ആദ്യകാല തലമുറയോടും സജീവമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുവാനും നവചിന്ത ഉണ്ടാവണം.

മാതൃഭാഷയും സംസ്‌കാരവുമായിട്ടുള്ള അടുപ്പം ഇന്ന് കുറഞ്ഞുവരികയാണ്. മൂല്യങ്ങള്‍ക്ക് ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള ഇച്ഛാശക്തി കാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാമുദായിക സംഘടനകള്‍ ശക്തമായി വളരുകയാണ്. അതേ സമയം സെക്യുലറായിട്ടുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് അത്തരത്തിലുള്ള വളര്‍ച്ച ലഭിക്കുന്നില്ല. ഇതേക്കുറിച്ചും കാര്യമായ വിചിന്തനം ആവശ്യമാണിപ്പോഴെന്ന് തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികള്‍ക്ക് ഒട്ടേറെ നീറുന്ന പ്രശ്നങ്ങള്‍ ഉണ്ട്. അതിന് മാര്‍ഗനിര്‍ദേശം കൊടുക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം. അതിനെക്കാള്‍ മികച്ച രീതിയില്‍ ഭാവികാല പ്രവര്‍ത്തനങ്ങള്‍ക്ക് വളമിടുകയും വേണമെന്ന് തോമസ് ടി ഉമ്മന്‍ തന്റെ സുദീര്‍ഘമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ നിര്‍ദേശിക്കുന്നു.

തോമസ് ടി ഉമ്മന്റെ മനസ്സില്‍ ഒരുപാട് ഡ്രീം പ്രോജക്ടുകള്‍ ഉണ്ട്. അവ ഒരിക്കല്‍ കൂടി അമേരിക്കന്‍ മലയാളികള്‍ക്കായി പങ്കുവയ്ക്കാം.

*ആദ്യകാല പ്രവാസികള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളാണ് ഒന്ന്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തി ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച അന്നത്തെ യുവജനങ്ങളില്‍ പലരും ഇന്ന് നിരാലംബരാണ്. പ്രായാധിക്യത്താലും രോഗത്താലുമൊക്കെ അവശതയനുഭവിക്കുന്ന നമ്മുടെ പൂര്‍വകാല കുടിയേറ്റക്കാരെ കരുതാനുള്ള സംവിധാനമില്ല. അതിനെപ്പറ്റി ചിന്തിക്കാന്‍ പോലും സംഘടകള്‍ തയ്യാറാവുന്നില്ല. മക്കളാരും അടുത്തില്ലാതെ കടുത്ത ഏകാന്തതയനുഭവിക്കുന്ന മുതിര്‍ന്നവരെ വേണ്ട വിധത്തില്‍ കരുതുന്ന ഒരു സംവിധാനം വേണമെന്ന് ഈ പ്രസ്ഥാനങ്ങളൊക്കെ തുടങ്ങിവച്ചവരുടെ പേരിലെങ്കിലും പറയാന്‍ സാധിക്കണം. ഇപ്പോള്‍ ഫാദേഴ്സ് ഡേയും മദേഴ്സ് ഡേയുമൊക്കെ ആഘോഷത്തിന്റെ പേരില്‍ കൊണ്ടാടുമ്പോള്‍ മാത്രമേ പലരും അതെക്കുറിച്ച് ചിന്തിക്കൂ. ഈ ദയനീയ സ്ഥിതി പാടേ മാറ്റി പ്രായമായവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്.

*പ്രവാസികളുടെ നാട്ടിലെ വസ്തുവകകള്‍ക്ക് സംരക്ഷണം നല്‍കുക. ഇതിനായി ഫോമായില്‍ പ്രവാസി പ്രൊട്ടക്ഷന്‍ കമ്മിറ്റി ഉണ്ട്. അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്വസ്വലമായി കൊണ്ടുപോകാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് അടിയന്തിര തീരുമാനമെടുപ്പിക്കാനും സാധിക്കണം.

*പുതുതലമുറയ്ക്ക് ജന്മനാടും മാതൃഭാഷയുമായുള്ള ബന്ധം ആവും വിധം ശക്തിപ്പെടുത്തണം.

*എച്ച് വണ്‍ പോലുള്ള ജോബ് വിസയില്‍ പുതുതായി അമേരിക്കയിലെത്തുന്ന ചെറുപ്പക്കാര്‍ക്ക് ഇവിടുത്തെ നിയമങ്ങള്‍ അറിയില്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുന്നു. പണ്ട് പ്രശ്നമില്ലായിരുന്നു. അന്ന് മാതാപിതാക്കളോടൊത്താണ് മക്കള്‍ എത്തിയിരുന്നത്. ഇന്ന് മാതാപിതാക്കളില്ലാതെയാണ് ചെറുപ്പക്കാര്‍ വരുന്നത്. അതിനാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശം അവര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരക്കാരെ ബോധവത്ക്കരിക്കുകയെന്നതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്.

*സംഘടനയില്‍ യുവജനങ്ങളുടെ പ്രാതിനിധ്യത്തോടൊപ്പം അനുഭവസമ്പന്നരായ മുതിര്‍ന്നവരുടെ സാന്നിദ്ധ്യമുറപ്പുവരുത്തണം. അവര്‍ക്കേ യുവജന പ്രാതിനിധ്യമുള്ള ഒരു ടീമിനെ, വേണ്ട ഉപദേശ നിര്‍ദേശങ്ങശ് നല്‍കി വിജയത്തിലേയ്ക്ക് നയിക്കാനാവൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക