Image

വേനല്‍ദിനങ്ങളില്‍ (ഒരു വേനല്‍ക്കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

Published on 25 August, 2019
വേനല്‍ദിനങ്ങളില്‍ (ഒരു വേനല്‍ക്കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
എത്ര സുന്ദരം ഈ വേനല്‍ ദിനം. മദാലസയായ ഒരു കാറ്റ്  പൂവിതളുകള്‍ വിടര്‍ത്തികൊണ്ട് അവയുടെ സൗരഭ്യം കവര്‍ന്നെടുത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ദൂരെ ദൂരെ ഏതോ പൂങ്കുയില്‍ പാടുന്നു.  വസന്തകാലം മുഴുവന്‍ പ്രണയിച്ചിട്ടും മതിവരാതെ പ്രേമസുരഭിലമായ ഈരടികള്‍ പാടി രസിക്കയാണവ. നിശാഗന്ധിപ്പൂക്കളുമായി എല്ലാവരെയും  മോഹിപ്പിക്കുന്ന രാവെന്ന കാമിനിയെ അടുക്കാന്‍ സമ്മതിക്കാതെ സിന്ദൂരച്ചെപ്പുമായി നില്‍ക്കുന്ന സൂര്യപ്രകാശത്തില്‍ പ്രപഞ്ചം നീരാടുന്ന കാഴ്ച. നീലമേഘങ്ങള്‍ വലിച്ചെറിയുന്ന പട്ടുചേലകള്‍ ഉടുത്തോരുങ്ങുന്ന പുഴകളും നീലത്തടാകങ്ങളും.

കമനീയമായ  കാഴ്ചകള്‍ കാണുമ്പോള്‍ നേത്രങ്ങള്‍ വിസ്പാരിതമാകുന്ന ഒരു കാമിനിയെപോലെ ഈ വേനല്‍പ്പകല്‍ പ്രസാദമധുരമായ മന്ദഹാസം തൂകി നില്‍ ക്കയാണ്. അസ്തമിക്കാന്‍ മനസ്സില്ലാത്ത സൂര്യന്‍ നീണ്ടപകലുകള്‍ സമ്മാനിച്ചുകൊണ്ട്  ഭൂമികന്യകയെ  പ്രേമിച്ചുകൊണ്ടേയിരിക്കുന്നു. കസവുകരയിട്ട വെയില്‍ ഒരു പൊന്നാടയാക്കി പുഷ്പങ്ങളും വൃക്ഷലതാദികളും ആനന്ദഭരിതരാകുന്നു. അനുരാഗലോലയായ് അരികത്തിരിക്കുന്ന ഓരോമലാ ളി ന്റെ നിശ്വാസം പോലെ വേനല്‍സൂര്യന്‍ ഏല്‍പ്പിക്കുന്ന സ്‌നേഹസ്പര്ശനത്തിന്റെ ഊഷ്മാവ് പ്രകൃതി ഊതിവിടുന്നു. ഭൂമിയുടെ കവിളില്‍ ആദിത്യന്‍ എഴുതുന്ന എണ്ണമറ്റ പ്രണയാക്ഷരങ്ങള്‍ തണല്‍മരഛായകളില്‍ ചിതറിക്കിടക്കുന്നു. അവയെ കൂട്ടിവെച്ച് വായിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകള്‍  മരച്ചില്ലകളിലിരുന്നു മൂളുകയാണ് കിളികളും  വണ്ടുകളും.

പൂന്തേന്‍ നുകരാന്‍ വെമ്പല്‍ കൊള്ളുന്ന ചിത്രശലഭങ്ങളെയും വണ്ടുകളെയും നോക്കി നൃത്തം വയ്ക്കുകയാണ് പൂങ്കുലകള്‍. അവരുടെ നൃത്തം വയലാറിന്റെ ഭാഷയില്‍ "കാറ്റത്ത് കസവുത്തരീയമുലഞ്ഞും , കളിയരഞ്ഞാണം  അഴിഞ്ഞും, മാറിലെ മദനാങ്ക രാഗം കുതിര്‍ന്നും മകര മജ്ഞീരമുതിര്‍ന്നും, മല്ലികാ പുഷ്പ്പശര ചെപ്പു കിലുക്കിയും, ഒക്കെയാണ്.  നോക്കിനില്‍ക്കുമ്പോള്‍ പ്രണയകവിതകള്‍ നമ്മുടെ മനസ്സിലും ചൂളമിട്ട് ഉണരുന്നു. കറയറ്റ സൂര്യരസ്മികള്‍ നെയ്യുന്ന സുതാര്യമായ മേല്‍മുണ്ട് ഭൂമിദേവി ഇടക്കിടെ തോളില്‍ നിന്ന് വീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നപോലെ ചിലപ്പോള്‍ പകലിനു ഒരു മങ്ങല്‍ വരുന്നു, വീണ്ടും ശോഭയേറുന്നു. ആകാശവിതാനത്തില്‍ സ്വര്‍ഗ്ഗത്തിന്റെ വാഗ്ദാനം പോലെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മഴവില്‍ മനസ്സിലേക്ക് ആഹ്‌ളാദം തൊടുത്ത്വിടുന്ന ഒരു വില്ലു തന്നെ. ആ മാരിവില്ലേന്തുന്ന ഏതോ അപ്‌സരസ്സിന്റെ മൃദുപാണികളില്‍ അണിയാന്‍ സ്വര്ണവളകള്‍ പണിതുകൊണ്ടിരിക്കയാണ് പകലെന്ന തട്ടാന്‍.

എന്റെ കാവ്യാംഗനക്ക് ഒരു അംഗുലീയം പണിയാന്‍ ഇത്തിരി പൊന്നു ചോദിച്ചപ്പോള്‍ തട്ടാന്‍ പറഞ്ഞു ഇന്ന് പവനൊക്കെ ഉരുകിപ്പോയ്. നാളെ വരിക. നാളേക്ക് സ്വര്‍ണ്ണത്തിനു വിലകൂടിയാലോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ തട്ടാന്‍ പറഞ്ഞു. ഇല്ല, ഗ്രീഷ്മകാലം മുഴുവന്‍ ഭൂമിക്ക് സ്ത്രീധനമായി ആദിത്യന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പത്തരമാറ്റ് പവന്‍ സമ്മാനമായി നല്‍കുന്നു. അതുകൊണ്ടാണ് വേനല്‍പകലുകള്‍ക്ക് സ്വര്‍ണ്ണവില. 

വേനല്‍ പകലുകളില്‍ മധ്യാഹ്നത്തിന് മുമ്പും അപരാഹ്നറ്റത്തിന് ശേഷവും പ്രകൃതിയെ പ്രേമിച്ച് അവളെ ഉരുമ്മി നടക്കുമ്പോള്‍ അവളുടെ ആലസ്യഭവങ്ങള്‍ മനസ്സില്‍ ഉല്ലാസം നിറയ്ക്കുന്നു. പ്രകൃതിദേവി ഇഷ്ടദേവതയാണ്. നമ്മുടെ മോഹങ്ങള്‍ക്കൊപ്പം നടക്കുന്ന ദേവകുമാരി. നിങ്ങള്‍ എവിടെയാണോ അവിടെ നിങ്ങള്‍ ആശിക്കുന്നപോലെ അവള്‍ പ്രത്യക്ഷപ്പെടുന്നു. എപ്പോഴും പ്രതാപത്തിലും സൗകുമാര്യത്തിലും മുഴുകി നില്‍ക്കുന്ന പ്രകൃതിയെ കണ്ടാല്‍ മതി വരാതെ കണ്ണുകള്‍ നമ്മെ പിടിച്ച് നിര്‍ത്തുന്നു. മുന്നോട്ട് പോകാന്‍ അനുവദിക്കാതെ. ചുറ്റിലും മനോഹാരിത ഒരു ചിത്രം പോലെ നില്‍ക്കുന്ന കാഴ്ച്ച നമ്മെ വിസ്മയാധീനരാക്കുന്നു.  പൂവണിഞ്ഞുനില്‍ക്കുന്ന ചെടികളിലേക്ക് സംഗീതം മൂളികൊണ്ടെത്തുന്ന വണ്ടുകള്‍ അവയുടെ ചിറകുകളുടെ വിറയല്‍കൊണ്ട് പൂവുകളിലെ പൂമ്പൊടി തെറിപ്പിച്ച് പിന്‍കാലുകളില്‍ അവയെ വഹിച്ചുകൊണ്ടുപോയി മറ്റേ പുഷ്പത്തിനു നല്‍കി പരാഗണം സാധ്യമാക്കുമ്പോള്‍ ആ സംഗീതവും ആ ചിറകുകളുടെ മൃദുവായ അനക്കവും നമുക്ക് ആനന്ദം പകരുന്നു. പ്രകൃതി എപ്പോഴും കര്‍മ്മനിരതയാണ്. പ്രകൃതിയുടെ ഈ സൗന്ദര്യം മുഴുവന്‍ ദൈവം നമുക്കായി നല്‍കിയെതെന്നു ബൈബിള്‍ പറയുന്നു. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു;  ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു. സങ്കീര്‍ത്തനം 19:12“.
വസന്തകാലത്തിനുശേഷമെത്തുന്ന ഗ്രീഷ്മം സുരഭിമാസമാണ്.  ചെടികള്‍ പൂത്തു തളിര്‍ത്ത് പൂമണം പരത്തുന്നു. പക്ഷികള്‍ ചൂളമടിച്ചും,കലപില കൂട്ടിയും, കളകളാരവം മുഴക്കിയും ഒരു വശത്ത് സംഗീത കച്ചേരി നടത്തുന്നു. സ്വരങ്ങളും വ്യജ്ഞനങ്ങളും ഉപയോഗിച്ച് നമ്മള്‍ വാക്കുകളും, വാചകങ്ങളും ഉണ്ടാക്കുന്നപോലെ തന്നെ കിളികളുടെ ഗാനാലാപനങ്ങളിലും നമ്മുടെ അക്ഷരമാലക്ക് എതിരാളിയാകാന്‍ കഴിവുള്ള അക്ഷരങ്ങള്‍ അവര്‍ക്കുമുണ്ടത്രെ. പ്രണയം മുതല്‍ കൂട് കൂട്ടുന്നവരെയുള്ള കാലഘട്ടത്തില്‍ കിളികള്‍ വ്യത്യസ്ത ഭാവങ്ങളും വികാരങ്ങളും ഉള്‍കൊള്ളുന്ന ഗാനങ്ങള്‍ പാടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഭാതവേളകളില്‍ അവര്‍ പ്രേമഗീതങ്ങള്‍ പാടുന്നു. ആപാതമധുരങ്ങളായ ഈ ഗാനങ്ങള്‍ മനുഷ്യമനസ്സുകള്‍ക്ക് ആനന്ദം പകരുന്നു.

പ്രകൃതി കവികളെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. പ്രഭാതഗോപുര വാതില്‍ തുറന്നു മനുഷ്യന്‍ വന്നപ്പോള്‍ വിശ്വപ്രകൃതി വെറും കയ്യോടെ വിരുന്നുനല്‍കാന്‍ നിന്നുവെന്ന്  വയലാര്‍ എഴുതിയത് ഏദനില്‍ നിന്നും ആദാമും ഹവ്വയും പുറത്താക്കപ്പെട്ടപ്പോഴത്തെ ഭൂമിയുടെ അവസ്ഥയായിരിക്കും. ബൈബിള്‍ ഇങ്ങനെ പറയുന്നു.” നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.  മുള്ളും പറക്കാരയും നിനക്കു അതില്‍നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.” ഉല്‍പ്പത്തി  3:1718    പക്ഷെ ഉത്സാഹിയായ മനുഷ്യന്‍ ഭൂമിയെ പറുദീസയാക്കി. വയലാറിനെ പോലെ മറ്റൊരുകവിയായ ഓ എന്‍ വി കുറുപ്പ് എഴുതി വെണ്മുകില്‍ മഞ്ചലില്‍ ഏറി വരുന്നൊരു ഗന്ധര്‍വബാലകരെ, ഈ മനോഹരഭൂമി കണ്ടുമടങ്ങുമ്പോള്‍ വിണ്ണിലെ സുന്ദരിമാരോട് ഭൂമിയെ വര്‍ണ്ണിച്ച് പാടുകയില്ലേ എന്ന്.

വേനല്‍ക്കാലം നല്‍കുന്ന അനുഗ്രഹമാണ് സായാഹ്ന സവാരികള്‍. അതിനു പ്രിയമുള്ളവര്‍ക്ക് അതിനു കഴിയുന്നവര്‍ക്ക്. പ്രകൃതി സുകുമാര ദൃശ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്നു.  പോക്കുവെയില്‍ ഭൂമിയോട് വിട പറയുന്ന നേരം, പൂക്കള്‍ വാടികൊഴിയാന്‍ പോകുന്ന നേരം, മരച്ചില്ലകളില്‍ കിളികള്‍ ചേക്കേറുന്ന നേരം, പ്രപഞ്ചം മറന്നു പ്രണയിച്ചുകൊണ്ടിരിക്കുന്ന ഇണപ്രാവുകള്‍ രാഗമധുരമായി കുറുകുന്ന നേരം,  പാവം ചക്രവാകപ്പക്ഷികള്‍ അവരുടെ ഇണയെ പിരിയുന്ന നേരം, സന്ധ്യാദീപങ്ങളും, പ്രാര്‍ത്ഥനകളും വീടുകളില്‍ നിറയുന്ന നേരം, സന്ധ്യാലക്ഷ്മി  ഭക്തിയുടെ ഭസ്മലേപമണിഞ്ഞു ഒരു തപസ്വിനിയുടെ തേജസ്സ് പരത്തുന്ന നേരം. പ്രകൃതിയുടെ കയ്യും പിടിച്ച് പോക്കുവെയിലും കൊണ്ട് നടക്കുമ്പോള്‍ മനസ്സ് പ്രണയാര്‍ദ്രമായ ചിന്തകളെ താലോലിക്കുന്നു. പോക്കുവെയില്‍ കൊണ്ടാല്‍ പൊന്നാകുമെന്ന മലയാളത്തിലെ ചൊല്ല് അപ്പോള്‍ പ്രലോഭനവുമായി കൊഞ്ചാനെത്തുന്നു. പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക് പകലോന്‍ നല്‍കുന്ന പാരിതോഷികം. പ്രകൃതിയെ പ്രണയിക്കുക. നമ്മള്‍ നട്ടുവളര്‍ത്തുന്ന പൂന്തോട്ടത്തിലെ പൂക്കള്‍ നമ്മളെ നോക്കി പ്രഭാതത്തില്‍ നിഷ്കളങ്കമായി പുഞ്ചിരിക്കുന്നത് നോക്കി നില്‍ക്കുന്നത് എത്രയോ അനുഭൂതിദായകമാണ്.  വിവിധ വര്‍ണ്ണങ്ങളില്‍ വിടര്‍ന്നുനില്‍ക്കുന്ന അവര്‍ മന്ദഹാസത്തിലൂടെ എന്തോ പറയാന്‍ തുടങ്ങുമ്പോള്‍ വണ്ടുകളും പൂമ്പാറ്റകളും എത്തുകയായി. അനുരാഗഗാനം പാടി വരുന്ന വണ്ടുകള്‍ എന്നെ നോക്കി പറയാറുണ്ട്  വേണമെങ്കില്‍ കേട്ട് പഠിച്ചോളൂ.  ശുദ്ധമായ രാഗത്തില്‍  ഞങ്ങള്‍ പാടുന്ന ഗാനങ്ങളില്‍ സുന്ദരിമാരെ എങ്ങനെ പ്രണയിക്കണമെന്നു വിവരിക്കുന്നുണ്ട്.  അവരുടെ പ്രേമകാവ്യങ്ങള്‍ നമ്മുടെ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ വെറുതെ മോഹിക്കുമ്പോള്‍ തന്നെ ആ നിമിഷം പ്രദാനം ചെയ്യുന്ന ആനന്ദം വിവരണാതീതമാണ്.

വേനല്‍ക്കാലം സ്വര്‍ഗം ഭൂമിയിലേക്ക് വിരുന്നുവരുന്ന ഒരു ഹൃസ്വകാലമാണ്. അതുകൊണ്ടായിരിക്കണം സന്ദേശവാഹകരെപോലെ വെള്ളിമേഘങ്ങള്‍ ആകാശത്തില്‍ സഞ്ചരിക്കുന്നത്. അതില്‍ കാളിദാസമേഘം കമിതാക്കളോട് പറയുന്നുണ്ടാകും നിങ്ങള്‍ ഇപ്പോള്‍ ആധുനിക കണ്ടുപിടുത്തത്തിലൂടെ ഞങ്ങളെ മറന്നില്ലേയെന്നു. നമ്മള്‍ പ്രകൃതിയില്‍ നിന്നുമകലുന്നു. പ്രണയദൂതുമായി പോകാന്‍ പ്രകൃതിയിലെ സകല ചരാചരങ്ങളും തയ്യാറായിരുന്നു. കാറ്റിന്റെ കൈയില്‍ കൊടുത്തയച്ചു. കിളികളുടെ കൈവശം കൊടുത്തുവിട്ടു. പൂക്കളുടെ സുഗന്ധം വഴി അറിയിച്ചു.  പൂക്കളും, കിളികളും, കാറ്റും, എല്ലാം വേനല്‍ക്കാലത്തെ മനോഹരമാക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം കാണാന്‍ കഴിയാതെ ഏതോ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന നമ്മള്‍ നഷ്ടപ്പെടുത്തുന്നത് പ്രകൃതിനല്‍കുന്ന സമ്പത്താണ്. തിരക്കില്‍ അല്‍പ്പനേരം ഈ മനോഹാരിത ആസ്വദിക്കുക, ആനന്ദിക്കുക. വേനല്‍ദിനങ്ങള്‍ക്ക് ചേല് കൂട്ടാന്‍ സകല ചരാചരങ്ങളും കൈകോര്‍ക്കുമ്പോള്‍ ചുറ്റിലും അഴക് ഓളംവെട്ടുന്നത് നമുക്ക് കണ്‍കുളിര്‍ക്കെ കാണാം.

ഈ വര്‍ഷത്തെ വേനല്‍ നമ്മോട് വിട പറയാന്‍ തുടങ്ങുകയായി. എല്ലാ ഋതുക്കളും മാനസികോല്ലാസം നല്‍കുന്നെങ്കിലും വേനലും വസന്തവും മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളാണ്.  തിരിച്ചുവരാന്‍ വേണ്ടി അകലുന്ന വേനല്‍കാലത്തിനു നന്ദി പറയാം, അടുത്ത വരവിനായി കാത്തിരിക്കാം.
എല്ലാ വായനക്കാര്‍ക്കും ഇനിയും ബാക്കി നില്‍ക്കുന്ന വേനല്‍ദിനങ്ങള്‍   ആഹ്‌ളാദഭരിതമാകട്ടെ     എന്നാശംസിക്കുന്നു.

ശുഭം
Join WhatsApp News
വേനലിന്‍ മാരിയില്‍ കൂടെ വരാമോ!!!!!! 2019-08-26 08:56:36

വേനലിലും മഞ്ഞിലും മഴയിലും പ്രകിര്‍തിയുമായി ഇണ ചേര്‍ന്നു പറുദീസ സൃഷ്ടിക്കാന്‍ കഴിവ് ഉള്ളവര്‍ക്ക് മാതമേ ഇതുപോലെ ഉത്തമം ആയി എഴുതുവാന്‍ സാദിക്കുകയുള്ളു.

 പൂമ്പാറ്റക്കും പൂംകുയിലിനും പൂക്കാലം വരാന്‍ കാത്തിരിക്കണം. പൂക്കാലം കാത്തിരിക്കാതെ എന്നും പൂക്കാലം സ്രിഷ്ടിക്കാന്‍ കഴിവ് ഉള്ള ശ്രി സുദീര്‍!- തുടക്കം മുതല്‍ തന്നെ അനേകം കവിതകള്‍ കോര്‍ത്തുണ്ടാക്കി കളിടോസ്കൊപ്പ് പോലെയുള്ള മനോഹര വാക്കുകള്‍ കൊണ്ട് മാടി വിളിക്കുന്നു ‘ വായനക്കാരെ ഇതിലെ! ഇതിലെ! -ഇ പറുദീസയിലെക്ക്. കവിയിലെ ഒമര്‍ഗയ്യാം പ്രണയം നിറഞ്ഞ വാക്കുകള്‍ പാടുന്നു- നിന്‍റെ മാനസ തേന്‍ മാവ് പൂത്തിട്ടുണ്ടോ; ഇ പൂംകുയില്‍ ഒന്ന് പാടിക്കോട്ടെ....

വേനലിന്‍ മാരിയില്‍ കൂടെ വരാമോ, മാറില്‍ ഇളം ചൂടില്‍ !!!!!!!!

[ but a humble suggestion- the story of the garden of Eden is a cemetery to human pleasure & passion. Women are one of the most beautiful beings in this Earth like Nature, flowers, butterflies & fragrance. Man can hate a woman only if he is impotent or afraid of women. The bible scribes were such men; they were grave diggers of pleasure & paradise in this Earth. That is why they fabricated the story of Eden; humiliating woman. Those egocentric men wanted to subdue, control, enslave & sell women like cattle. If you have avoided the reference, the entire article would have been like kissing a honey-dripping flower full of fragrance.]

Well; പൂക്കാലം വന്നു;പോയി, വേനലും പോകാന്‍ തയാറായി കസവ് മുണ്ട് ഞ്ഞുറിഞ്ഞു ഉടുക്കുന്നു. ഇതൊന്നും അറിയാതെ കുറെ മനുഷര്‍!. ചിലര്‍ സ്റ്റേജില്‍ ഇരിക്കാന്‍ കടി പിടി കൂട്ടുന്നു, ചിലര്‍ അടുത്ത അടിക്കുള്ള പരിപാടിയുമായി സോഫയില്‍ കിടന്നു ഞെളിപിരി കൊള്ളുന്നു.-andrew

Easow Mathew 2019-08-26 09:35:00
പ്രകൃതിയും ഋതുഭേദങ്ങളും എത്ര മനോഹരം; സുന്ദരം ഈ വര്‍ണ്ണനയും! ശ്രീ സുധീര്‍ പണിക്കവീട്ടിലിന് അഭിനന്ദനം: Dr. E.M. Poomottil
Beautiful Words 2019-08-26 09:55:48
Beautiful words & bold beautiful comment-
"the story of the garden of Eden is a cemetery to human pleasure & passion. Women are one of the most beautiful beings in this Earth-like Nature, flowers, butterflies & fragrance. Man can hate a woman only if he is impotent or afraid of women. The bible scribes were such men; they were grave diggers of pleasure & paradise in this Earth. That is why they fabricated the story of Eden; humiliating woman. Those egocentric men wanted to subdue, control, enslave & sell women like cattle."
  The above comment is excellent. why? Today is the anniversary of the adoption of the 19th amendment -extending the Right to Vote to the Women of U S.

Glad to see a Man commenter stated the truth how bible & religion treat woman. Sad to see women still support this kind of religion especially in USA & a fake illicit who claims to be a Christian. Shame to those Malayalee men who support him. Shame! Shame!

Liza NJ

ജോർജ്ജ് പുത്തൻകുരിശ് 2019-08-26 10:22:40
ടെക്സ്സിലെ പൊള്ളിക്കുന്ന വെയിലിൽ എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഒരു തണുത്ത ബിയർ പരിഹാരമായിരിക്കാം എന്ന് , ബിയർ എല്ലാത്തിനും പരിഹാരമായി കാണുന്ന എന്റെ സുഹൃത്തു നിർദേശിച്ചു .അപ്പോഴാണ് മറ്റൊരു സുഹൃത്ത് പറഞ്ഞത് , അതുവേണ്ട സുധീർ പണിക്കവീട്ടിലെഴുതിയ 'വേനൽ ദിനങ്ങളിൽ' എന്ന ലേഖനം വായിച്ചാൽ മതിയെന്ന് .  ശരിയാണ് ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ചുട്ടു പൊള്ളുന്ന വെയിൽ ,
 'വിസ്പാരിതമാകുന്ന ഒരു കാമിനിയെപോലെ   പ്രസാദമധുരമായ മന്ദഹാസം തൂകി"  മുന്നിൽ നിൽക്കുന്നു . കൂടെ വെഞ്ചാമരവും വീശി,  "മദാലസയായ ഒരു കാറ്റ്  പൂവിതളുകള്‍ വിടര്‍ത്തികൊണ്ട് അവയുടെ സൗരഭ്യം കവര്‍ന്നെടുത്ത് ചുറ്റിക്കറങ്ങുന്നു" 

ഒരു കവിക്ക് ചുട്ടുപൊള്ളിക്കുന്ന വേനലിനെ രൂപാന്തരപ്പെടുത്തി ഒരു മുഗ്ദ്ധ മനോഹരി ആക്കുവാൻ കഴിയും -'മഹാവനത്തെ മലർവാടി ആക്കാൻ കഴിയുമെന്ന' കുമാരനാശാനെപ്പോലെ .  പുറമേ നോക്കി എന്തിനും വിധി എഴുതുന്നവരാണ് സാധാരണക്കാരായ വായനക്കാർ . എന്നാൽ ഒരു കവിയ്ക്കോ എഴുത്തുകാരനോ സാധാരണക്കാരൻ കാണുന്ന ഉപരിതലങ്ങളിൽ പോയി, അതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെ പുറത്തു കൊണ്ടുവരാൻ കഴിയും .  സുധീറിന്റെ ലേഖനം വായനക്കാരെ ചിന്തയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു . അഭിനന്ദനം .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക