Image

ഓണം: ഓര്‍മ്മകളുടെ സ്‌നേഹ വര്‍ണ്ണം (ജിഷ രാജു)

Published on 09 September, 2019
ഓണം: ഓര്‍മ്മകളുടെ സ്‌നേഹ വര്‍ണ്ണം (ജിഷ രാജു)
നിനക്ക് ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ കിട്ടിയില്ലേ?

കിട്ടിയല്ലോ?

എന്നിട്ട് ഇതുവരെ എന്നെ കാണിച്ചുത്തന്നില്ലില്ലോ?

ഞാന്‍ അത് അമ്മയെ കാണിക്കാന്‍ വരുകകയായിരുന്നു.( നുണയാണന്ന് അമ്മയ്ക്ക് നന്നായി അറിയാം)

സരോജിനിയുടെ കൂടെ തുമ്പിയും പിടിച്ച് നടക്കാതെ, മര്യാദക്ക് ഇരുന്ന് പഠിച്ചോ? പൂജ്യം മാര്‍ക്ക് കൊണ്ട് വന്നാല്‍ വീട്ടില്‍ നിന്ന് നിന്നെ ഞാന്‍ ഇറക്കി വിടും.

മുറ്റത്ത് പുല്ലു പറിച്ചു കൊണ്ടിരുന്ന സരോജിനി ചേച്ചി എന്നെ ഒളിക്കണ്ണിട്ട് നോക്കി ചിരിച്ചു.

ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ പുസ്തകത്തിന്റെ അവസാന പേജില്‍ എഴുതിത്തുടങ്ങുമ്പോഴാണ് എനിക്ക് അന്നൊക്കെ ഓണം വരാറായി എന്ന് അറിയുക.

സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തെ കതിരിനു മുകളില്‍  ഓണത്തുമ്പികള്‍ പറക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

കറുപ്പില്‍ വെളുത്ത പുള്ളികളുള്ള ,
എത്ര പിറകെ ഓടിയാലും പിടിതരാതെ
 മിന്നിപ്പറക്കുന്ന ഓണതുമ്പികള്‍...

അതിന്റെ പിന്നാലെ ഓടിത്തണര്‍ന്നു നില്‍ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു തുമ്പിയുമായി സരോജിനേച്ചി പ്രത്യക്ഷപ്പെടും...

നിനക്ക് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ?

വേണ്ട...

നമുക്ക് അതിനെക്കൊണ്ട് തുമ്പപ്പൂ എടുപ്പിച്ചാല്‍ മതി !!

 കുറച്ച് ദിവസം കഴിയുമ്പോള്‍
വീട്ടില്‍ കൊയ്ത്ത് തുടങ്ങും.
പുന്നെല്ലിന്റെ മണം..
അടുക്കി വച്ചിരിക്കുന്ന നെല്‍ക്കറ്റകളുടെ ഇടയില്‍കളിക്കാന്‍ വേണ്ടി മറന്നു കളയുന്ന പരീക്ഷകള്‍...

ഓണവെയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ അമ്മ കലണ്ടറില്‍ ചൂണ്ടുവിരല്‍ചലിപ്പിച്ച് അത്തം എന്നാണന്നറിയാന്‍ തിരച്ചില്‍ തുടങ്ങും.

അമ്മയുടെ ചൂണ്ട് വിരലിന്‍ പിന്നില്‍ ഞാനും കാത്തു നില്‍ക്കും അത്തം എന്നാണന്ന് ഉറപ്പ് വരുത്താന്‍ .

പിന്നെ അത്തം വരാന്‍ കാത്തിരിപ്പാണ്. തുമ്പയും മൂക്കുറ്റിയും എവിടെയാണെന്ന് നോക്കി വയ്ക്കും.

പാടത്തെ കാക്കപ്പൂവിനെയും കണ്ണാന്തളിയേയും നോക്കി കണ്ണിറുക്കിക്കാണിക്കും.

മുറ്റത്തെ തെച്ചിയോടും ജമന്തിയോടും വേദനിപ്പിക്കാതെ പൊട്ടിക്കാം എന്ന് അടക്കം പറയും.

"നല്ല പൂക്കളം ഇടുന്ന ആള്‍ക്ക് ഒരു പട്ടുപാവട കൂടുതല്‍ " എന്നേയും ചേച്ചിയേയും നോക്കി അമ്മ മുന്‍പേ പറഞ്ഞു വയ്ക്കും.

പിന്നെയങ്ങോട്ട് പൂക്കളം എങ്ങിനെയൊക്കെ ഇടണമെന്ന ചിന്തയാണ്. ജീവതത്തില്‍ എന്തോ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത പോലെയാണ്. രാവിലത്തന്നെ എണീക്കണം, കുളിക്കണം, പൂക്കള്‍ പറിക്കണം, പൂക്കളം ഇടേണം, പൂക്കളം മഴ കൊണ്ട് പോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. എന്തൊക്കെ ജോലികള്‍ ആയിരുന്നു.

വെറ്റിലക്കറപ്പിടിച്ച പല്ലുക്കാട്ടി ചിരിച്ച് കൈയ്യില്‍ വാമനപാവയും മഹാബലി പാവയും കൊണ്ട് വരുന്ന മാധവനാശ്ശേരി. പാവകളെ എനിക്കുത്തന്ന് അമ്മയുടെ കൈയ്യില്‍ നിന്ന് അരിയും കായ്കറികളും വാങ്ങി തിരിച്ച് നടന്നു പോകുന്ന ആ കാഴ്ചയും എങ്ങോമാഞ്ഞുപോയിരിക്കുന്നു.

ഓണദിവസങ്ങളിലെ
തുമ്പിതുള്ളലിനിടയില്‍ കയ്യിലുള്ള മരച്ചില്ലയുടെ ഇടയിലൂടെ എന്നെ നോക്കി ചിരിച്ചുക്കൊണ്ട് കണ്ണുകൊണ്ട് സരോജിനിചേച്ചി തുമ്പിതുള്ളാന്‍ വിളിക്കും. ആ കണ്ണുകളിലെ സ്‌നേഹം എന്നില്‍ ബാക്കിവച്ചു ക്കൊണ്ട് ചേച്ചിയും ഓര്‍മ്മയായിരിക്കുന്നു.

ഓര്‍മ്മകളില്‍ എത്ര സ്‌നേഹവര്‍ണ്ണങ്ങളാണ് കൊഴിഞ്ഞിട്ടും അഴുകാതെ ബാക്കി നില്‍ക്കുന്നത്.

ഓണമെന്നാല്‍ തിരിച്ചുക്കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മ്മയാണ്
പേരറിയാത്ത പൂക്കള്‍ക്കൊണ്ട് മുറ്റത്ത് വരച്ച പൂക്കളുടെ വര്‍ണ്ണ ഭംഗിയാണ്.

ഓണമെന്നാല്‍ അമ്മയുണ്ടാക്കും സദ്യയുടെ രുചിയാണ്. അത്തത്തിന് ഒരു കളം പൂവ്, ചിത്തിരക്ക് രണ്ടു തരം പൂവ്, മൂലത്തിന് വട്ടക്കളം പാടില്ല... അമ്മമാരുടെ അറിവിന്റെ, ആചാരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളുടെ കാലം കൂടിയാണ്.

ഓണമെന്നാല്‍ അച്ഛന്‍ വാങ്ങിത്തരും ഓണക്കോടിയുടെ മണമാണ്.

ചുവടു തെറ്റാതെ കളിക്കുന്ന കൈകൊട്ടിക്കളിയുടെ താളമാണ്.

ഇന്ന് അതെല്ലാം സ്വപ്നങ്ങള്‍ ആയിരിക്കുന്നു.

അമ്മയും അച്ഛനും യാത്ര പറയാതെ പൊയ്മറഞ്ഞു.
അവര്‍ഇല്ലാത്ത ഓണം വെറും ശൂന്യതയാണ്.
 സാധാരണ ഒരവധി ദിവസം പോലെ....

വെറും നെടുവീര്‍പ്പിലൂടെ മാത്രം ഓര്‍ത്തു വയ്ക്കുന്നൊരോണം കൂടി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക