Image

ഡല്‍ഹിയില്‍ മലയാളി അധ്യാപകന്റെ വീട്ടില്‍ പോലീസ് പരിശോധന

Published on 10 September, 2019
ഡല്‍ഹിയില്‍ മലയാളി അധ്യാപകന്റെ വീട്ടില്‍ പോലീസ് പരിശോധന
ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് മലയാളിയായ കോളേജധ്യാപകന്റെ നോയ്ഡയിലെ വീട്ടില്‍ പുണെ പോലീസിന്റെ പരിശോധന. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്കുകള്‍, മൂന്ന് പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

രാവിലെ 6.30ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 12 വരെ നീണ്ടു. സെര്‍ച്ച് വാറന്റ് കാണിക്കാതെയായിരുന്നു ഇതെന്ന് തൃശ്ശൂര്‍ സ്വദേശിയായ ഹാനി ബാബു പറഞ്ഞു. “കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി പോലീസ് നല്‍കിയില്ല. ഷെല്‍ഫില്‍നിന്ന് ചില പുസ്തകങ്ങള്‍മാത്രം പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.”

അറസ്റ്റുചെയ്തില്ലെങ്കിലും ഇതു ശിക്ഷതന്നെയാണ്. വര്‍ഷങ്ങളായി അധ്യാപനരംഗത്തുള്ള തന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമുള്ള ലാപ്‌ടോപ്പാണ് അവര്‍ പിടിച്ചെടുത്തത്. ഇനിയവ തിരികെ ലഭിക്കുമെന്നു പ്രതീക്ഷയില്ല. തന്റെ സാന്നിധ്യത്തില്‍തന്നെ ഇമെയില്‍ പാസ്‌വേര്‍ഡ് പോലീസ് മാറ്റിയെന്നും ഹാനി പറഞ്ഞു.

പരിശോധന നടക്കുമ്പോള്‍ ഹാനി ബാബുവിന്റെ ഭാര്യയും ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപികയുമായ ജെന്നി റൊവേനയും മകളും വീട്ടിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നു പറഞ്ഞ പോലീസ്, ആ തെളിവുകള്‍ കാണിക്കാന്‍ തയ്യാറായില്ലെന്നു ജെന്നി പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മലയാളി റോണ വില്‍സണുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയതാണെന്നാണ് പോലീസ് പറഞ്ഞത്. പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി അവ തങ്ങളുടെ പക്കലുള്ള തെളിവുകളെ സാധൂകരിക്കുന്നതാണെങ്കില്‍ അറസ്റ്റുണ്ടാകുമെന്നാണു പറഞ്ഞതെന്നും ജെന്നി പറഞ്ഞു.

ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ മാവോവാദിബന്ധമാരോപിച്ച് അറസ്റ്റുചെയ്തതിനെതിരേ രൂപവത്കരിച്ച പ്രതിരോധസമിതിയില്‍ ഹാനി അംഗമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക