Image

നടന്‍ ജയസൂര്യയെ സോഷ്യല്‍ മീഡിയയില്‍ കൂടി തെറി വിളിക്കുന്നവരോട് (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 18 September, 2019
നടന്‍ ജയസൂര്യയെ സോഷ്യല്‍ മീഡിയയില്‍ കൂടി തെറി വിളിക്കുന്നവരോട് (വെള്ളാശേരി ജോസഫ്)
നടന്‍ ജയസൂര്യയെ സോഷ്യല്‍ മീഡിയയില്‍ കൂടി തെറി വിളിക്കുന്നത് ഒരു നല്ല കാര്യമാണോ? നമ്മുടെ വിവാഹങ്ങളിലും, സ്ത്രീ പുരുഷ ബന്ധങ്ങളിലും പുലരുന്നത് 'ഐഡിയലിസം' മാത്രമാണോ?

അറിയപ്പെടുന്ന നടനാകുന്നതിന് മുന്‍പ് ജയസൂര്യയുടെ പ്രേമത്തെ സാമ്പത്തികം കുറവാണെന്നു കണ്ട് കാമുകിതള്ളി പറയുന്നു.നിരാകരിച്ച മുന്‍ കാമുകിയെ ഈയിടെ കാണുമ്പോള്‍ ജയസൂര്യ പരുഷ വാക്കുകള്‍ ഉപയോഗിക്കുന്നു.

ഇത്തരം പരുഷ വാക്കുകളെ അംഗീകരിക്കാത്തവര്‍ അതിനെക്കുറിച്ചുള്ള ജയസൂര്യയുടെ വെളിപ്പെടുത്തല്‍ കേട്ടിട്ട് സോഷ്യല്‍ മീഡിയയില്‍ പൂരെ തെറി വിളിക്കുന്നു. സ്ത്രീ പുരുഷ പ്രേമത്തെ പലരും 'ഐഡിയലിസത്തിന്റ്റെ' കണ്ണില്‍ കൂടിയാണ് നോക്കി കാണുന്നത്. പക്ഷെ 'ഐഡിയലിസം' അല്ല നമ്മുടെ സമൂഹത്തില്‍ പുലരുന്നത്.

'പലപല രമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി-നടുങ്ങീ ഞാന്‍.
പലപല കാമിനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍'

- 'മനസ്വനി' എന്ന കവിതയില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള തനിക്കു വന്ന വിവാഹാലോചനകളെ പറ്റി അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്.

അവസാനം വിവാഹത്തിന് തയാറായ പെണ്‍കുട്ടിയുടെ നിലപാടെന്തായിരുന്നു?

'കിന്നര കന്യകപോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: 'യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ....'

- ഈ എഴുതിയിരിക്കുന്നത് 'ഐഡിയലിസം' മാത്രമാണ്. ഒരുപക്ഷെ റൊമാന്റ്റിക്ക് കവിയായ ചങ്ങമ്പുഴയുടെ ഭാവനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം.

നമ്മുടെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന 'മാട്രിമോണിയല്‍' കോളങ്ങളിലെ പരസ്യങ്ങളില്‍ സൗന്ദര്യത്തിനും, സമ്പത്തിനും വിദ്യാഭ്യാസത്തിനും, ജോലിക്കും ആണ് പ്രാമുഖ്യം മുഴുവനും. ചങ്ങമ്പുഴയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ പുല്ലാങ്കുഴല്‍ നോക്കി അല്ല മിക്ക പെണ്‍കുട്ടികളും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.

കാറും വീടും പത്രാസും വലുതായുള്ള പെണ്ണുങ്ങളും നമ്മുടെ സമൂഹത്തില്‍ ഇഷ്ടം പോലെ ഉണ്ട്. സാധാരണ രീതിയില്‍ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന 'അറേഞ്ച്ഡ് മാര്യജ് എപ്രകാരമാണ്? ഒരു പുരുഷന്‍ പെണ്ണുകാണാന്‍ വരുന്നു. അവനും അവളും നിസ്സാരമായ ചോദ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു. രണ്ടു പേരും തമ്മില്‍ പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് തമ്മില്‍ തമ്മില്‍ വിശ്വസിക്കപ്പെടുന്നു.

നിറം, പൊക്കം, തൂക്കം, ജാതി, ധനം, ബന്ധുക്കള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി, പദവി - ഇവ എല്ലാം അളക്കുന്ന ത്രാസിലാണ് പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. രണ്ടുപേരും കുടുംബങ്ങളും കൂടി ഇത്തരം ഒരു ഹാസ്യനാടകം മുന്നോട്ട് കൊണ്ട് പോകുന്നു. ഈ ഹാസ്യനാടകത്തിലൂടെ അല്ലേ നമ്മുടെ നാട്ടില്‍ നിശ്ചയിക്കപ്പെടുന്നതും, നടക്കുന്നതുമായ വിവാഹങ്ങളില്‍ ഭൂരിഭാഗവും???

പണ്ടായിരുന്നെങ്കില്‍ യുവതീ-യുവാക്കള്‍ കാണേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല. കാരണവന്മാര്‍ ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അപ്പോള്‍ അവിടെയിക്കെ ദമ്പതിമാര്‍ തമ്മില്‍ 'പൊരുത്തം' എന്ന് പറയുന്നത് എങ്ങനെ ഉണ്ടാകാനാണ്?

കോമാളി വേഷങ്ങളിലൂടെയാണ് നമ്മുടെ നാട്ടില്‍ ഒരു കുടുംബത്തിന്റ്റെ പിറവി ഉണ്ടാകുന്നതെന്നുള്ള കാര്യം ആര്‍ക്കും നിഷേധിക്കുവാന്‍ സാധിച്ചില്ല. പല വിവാഹ ജീവിതങ്ങളിലും പിന്നീട് അസ്വാരസ്യങ്ങള്‍ പിറവി എടുക്കുന്നത് ഈ കോമാളിവേഷം കെട്ടി ആടുന്നത് മൂലമാണ്.

നമ്മുടെ സമൂഹത്തിലെ ഇത്തരം കോപ്രായങ്ങള്‍ക്കിടയില്‍ സംഭവം വിവാഹത്തിലേക്ക് എത്തിയില്ലെങ്കിലും വിവാഹം കഴിക്കണമെന്നുള്ള ഉദ്ദേശ്യത്തില്‍ പ്രേമിച്ച ജയസൂര്യ എത്രയോ മാന്യനാണെന്നേ സുബോധമുള്ളവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.
---------------------------

ജയസൂര്യ പറഞ്ഞത്
'ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബിഎംഡബ്ല്യു എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു.'

'എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല,? ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു,? എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്'-ജയസൂര്യ പറഞ്ഞു.

വീട്ടില്‍ എത്തിയ ഉടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
Joseph 2019-09-18 10:32:39
നല്ല ലേഖനം! വെള്ളാരശേരിയുടെ കാഴ്ചപ്പാടുകളും വളരെ ശരിയാണ്. പണ്ടുണ്ടായിരുന്ന സാമൂഹികാചാരങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഈ ലേഖനം.

പ്രേമ പരാജയം പുരുഷനെ തളർത്തുമെന്നാണ് തോന്നുന്നത്. ഒരു സ്വപ്ന ലോകത്ത് ജീവിച്ചിരുന്ന ചങ്ങമ്പുഴയുടെ കൂട്ടുകാരൻ ഇടപ്പള്ളി രാഘവൻ പിള്ള പ്രേമ നൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്തു. അയാൾ ഭീരുവായിരുന്നു. ജീവിതത്തെ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് വിശ്വപ്രസിദ്ധമായ രമണൻ എന്ന കാവ്യ കൃതിയുണ്ടായി. 

ഇവിടെ ജയ സൂര്യ തളർന്നില്ലെന്ന് വേണം കരുതാൻ. അദ്ദേഹം സിനിമാ ലോകത്തിൽ ഉയരങ്ങൾ കീഴടക്കി. എത്ര ഉയരങ്ങളുടെ പടവുകൾ കയറിയാലും പ്രേമമെന്ന മനസ്സിൽ തട്ടിയ ആഘാതം ഒരു പുരുഷന് ഒരിക്കലും മറക്കാൻ സാധിക്കില്ല. എങ്കിലും വളരെ സൗമനസ്യത്തോടെ, മാന്യമായ രീതിയിൽ തന്റെ മുൻ കാമുകിയോടുള്ള 'പരിഭവം' ജയ സൂര്യ അറിയിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. 

ഞങ്ങളുടെ തലമുറകൾ കൂടുതൽപേരുടെയും വിവാഹ ബന്ധങ്ങൾ മാതാപിതാക്കൾ വഴിയായിരുന്നു.  എന്റെ വിവാഹം തന്നെ, ഞങ്ങൾ 'കണ്ടു, കൊച്ചു കൊച്ചു ചോദ്യങ്ങൾ ചോദിച്ചു, സ്വർണ്ണം മേടിക്കാനും, ഷോപ്പിങ്ങിനും കോട്ടയത്ത് വീണ്ടും കണ്ടുമുട്ടി. സംസാരിച്ചില്ല, ചിരിച്ചില്ല, മനസു ചോദ്യത്തിന് വീണ്ടും കണ്ടു. പുരോഹിതൻ സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ അതെയെന്ന് പറഞ്ഞു. വധുവിന്റെ ഭാഗത്തുനിന്നും നാത്തൂനാണോ മൂളിയതെന്നും അറിയില്ല. രണ്ടാഴ്ച മധുവിധു ഡൽഹിയിലും. കണ്ടുമുട്ടിയ ദിവസം മുതൽ എല്ലാംകൂടി നാലാഴ്ച ഒന്നിച്ചു താമസം. അതിനുശേഷം ഭാര്യ അമേരിക്കയിൽ. മയൂര സന്ദേശങ്ങൾ കൈമാറി മാസങ്ങൾക്കു ശേഷം ഞാനും അമേരിക്കയിൽ ചേക്കേറി. ഇന്നുള്ള തലമുറകളെ കാണുമ്പോൾ ഞങ്ങൾ ജീവിക്കാൻ മറന്നുവോയെന്നും സംശയം! 
ലേഖനത്തിന് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക