Image

മലയാളിയുടെ മണ്ടത്തരങ്ങള്‍ (പകല്‍ക്കിനാവ് 166: ജോര്‍ജ് തുമ്പയില്‍)

Published on 18 September, 2019
മലയാളിയുടെ മണ്ടത്തരങ്ങള്‍ (പകല്‍ക്കിനാവ് 166: ജോര്‍ജ് തുമ്പയില്‍)
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പല രംഗങ്ങളിലുള്ള നിരവധി സുഹൃത്തുക്കളുമായി വിവിധ ആംഗിളുകളില്‍ സംസാരിക്കുകയുണ്ടായി. ചാനലും ചാനല്‍ ചര്‍ച്ചകളിലും മുഖ്യവിഷയമായ മരട് ഫഌറ്റ് സംഭവവികാസങ്ങളുടെ നിജസ്ഥിതി അറിയുകയായിരുന്നു ലക്ഷ്യം. അതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്. അനധികൃതമായാണ് ഇവിടുത്തെ ഫഌറ്റുകളില്‍ ചിലത് നിര്‍മ്മിച്ചിരിക്കുന്നതെന്നു ബഹുമാന്യ കോടതി കണ്ടെത്തിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് പൊളിക്കാന്‍ ശാസനം നല്‍കി. എന്നാല്‍ അനുസരിക്കേണ്ടവര്‍ അതു കേട്ട മട്ട് കാണിച്ചില്ല. കേള്‍ക്കേണ്ടവരുടെ ബധിര കര്‍ണ്ണങ്ങളിലാണ് ഇപ്പോള്‍ കോടതി ശാസനങ്ങള്‍ അലയടിച്ചതെന്ന പൊതുജനത്തിനുള്ള സംശയത്തിനാണ് കോടതി ഇപ്പോള്‍ മറുപടി പറയുന്നത്.

അതിന്റെ അനന്തരഫലമാണ് കേരളത്തില്‍ നിന്നുള്ള ടിവി ചാനലുകള്‍ കാണിക്കുന്ന വിഷ്വലുകള്‍. ഉള്ളതെല്ലാം വിറ്റു പെറുക്കി വാങ്ങിയ ഫഌറ്റാണ്, കേറിക്കിടക്കാന്‍ വേറൊരു മാര്‍ഗവുമില്ലെന്ന മട്ടിലാണ് ഇവിടെ അന്തിയുറങ്ങുന്നവരുടെ വിലാപം. സംഭവം ശരിയാണ്. അവര്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും വില കൊടുത്തു വാങ്ങിയ ഫഌറ്റാണ്. അവര്‍ക്കു മുടക്കിയ പണം നഷ്ടപ്പെടുന്നു. പണം പോകുന്നുവെന്നു കാണുമ്പോള്‍ ഏതൊരാളും കിടന്നു കൈയും കാലുമിട്ട് അടിക്കും. അത്രയുമേ ഇവിടുയുമുള്ളു. എന്നാല്‍ കൊച്ചിയിലെ ഫഌറ്റുകളുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. ഇതിലൊന്നും താമസിക്കുന്നത് പട്ടിണിപ്പാവങ്ങളോ, കേറിക്കിടക്കാന്‍ വേറെ വീടില്ലാത്തവരോ അല്ല. പലരെയും സംബന്ധിച്ച് ഇതൊരു സുഖസൗധം മാത്രമാണ്. കോടികളാണ് ഇതിനു നല്‍കിയിരിക്കുന്ന വില. അതു ശരിയാണോ എന്നാണ് ശങ്കയെങ്കില്‍, ഉദാഹരണം സഹിതം ഇതു കാണിച്ചു തരാം. ബാങ്കില്‍ നിന്നുമെടുത്ത വായ്പ പോലും അടച്ചു തീര്‍ത്തിട്ടില്ലെന്നു വിലപിച്ചു കൊണ്ട് സിനിമാ താരം സൗബിന്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ഇവിടെ ടിവി കണ്ടവരൊക്കെയും ദര്‍ശിച്ചതാണ്. അദ്ദേഹം തിരുവോണത്തിന് പ്രതിഷേധസൂചകമായി പട്ടിണി കിടക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് കണ്ടത്. 70 ലക്ഷം രൂപ മതിപ്പു വിലയുള്ള ടൊയോട്ട ലക്‌സസ്സ് ആത്യാഢംബര കാര്‍ ആശാന്‍ വാങ്ങിച്ചിരിക്കുന്നുവത്രേ. ഏകദേശം ഏതാണ്ട് സമാനരീതിയിലുള്ളവരാണ് ഇവിടെ താമസിക്കുന്നവരില്‍ പലരും. ഏറെയും സിനിമാക്കാരും വ്യവസായ പ്രമുഖരും അഞ്ചക്ക ശമ്പളം കൈപ്പറ്റുന്നവരും. പലരം നിക്ഷേപത്തിനായി വാങ്ങിക്കൂട്ടിയവരാണ്, മറ്റു ചിലര്‍ ബിനാമിമാരാണ്. ഇനിയുള്ളവര്‍ ആരാണെന്ന് ആര്‍ക്കുമറിയില്ല.

കോടതി ഇപ്പോള്‍ പൊളിക്കാന്‍ പറഞ്ഞിരിക്കുന്ന ഫഌറ്റുകള്‍ പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ പെടുന്നവയാണ്. ലക്ഷ്വറി എന്ന വാക്കു പോലും സാധാരണക്കാരനാണ് ലോട്ടറിയാണ്. അപ്പോള്‍ പ്രീമിയം ലക്ഷ്വറിയോ? ഇതിന്റെ ഉടമസ്ഥന്മാര്‍ സമ്പന്നന്മാരില്‍ സമ്പന്മാരാണ് എന്നര്‍ത്ഥം. ഈ ഫഌറ്റുകളെല്ലാം തന്നെ വാട്ടര്‍ ഫ്രണ്ടാണ്. കിടപ്പുമുറിയിലെ ബാല്‍ക്കണിയിലും അടുക്കളയില്‍ നിന്നുമുള്ള പുറം കാഴ്ചയുമടക്കം (ടോയ്‌ലറ്റില്‍ നിന്നും പോലും ഇവിടേക്ക് ഓപ്പണ്‍ വിന്‍ഡോ ഉണ്ടത്രേ) കായലിലേക്ക് തുറന്നാണിരിക്കുന്നത്. അറബിക്കടലിന്റെ റാണിയെ നേരില്‍ കണ്ടു  കൊണ്ട് റിലാക്‌സ് ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് ഇവിടെ പല അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വില ഇടിഞ്ഞിരിക്കുന്നതു കൊണ്ട് മാത്രം വെളിപ്പെട്ട ഇതിന്റെ അടിസ്ഥാന തുകയെന്നത് ഒന്നര കോടിരൂപയക്കു മുകളിലാണ്. ഇവിടെ മോഹവില എന്നു പറയുന്നത് അഞ്ചിരട്ടിയിലധികം വരുമത്രേ. അപ്പോള്‍ പിന്നെ, ഇവരെങ്ങനെ സാധാരണ മനുഷ്യരുടെ വിഭാഗത്തില്‍ വരുമെന്നൊന്നു പറഞ്ഞു തരണം സര്‍? പിന്നെ രസകരമായ ഒരു കാര്യമുണ്ട്, ഇവരുടെ സമരത്തിനു പിന്തുണയുമായെത്തിയിരിക്കുന്നവരുടെ കാര്യം. അതു മറ്റാരുമല്ല ഭരിക്കുന്ന പാര്‍ട്ടി തന്നെ. ഭരണപക്ഷത്തിന്റെ പിന്തുണ കൊണ്ട് കോടതിയെ സ്വാധീനിക്കാമെന്നാണ് ഇത്രയും നാളും ഈ മലയാളികള്‍ കരുതിയത്. എന്നാല്‍, കോടതി എന്താണെന്ന്് ഇപ്പോള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ ശക്തിയും അതിന്റെ അധികാരത്തെക്കുറിച്ചും കേരളജനത മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ ഇവിടയൊക്കെയും രസകരമായ ഒരു കാര്യം. ഈ കെട്ടിടങ്ങള്‍ നിര്‍മ്മാണാനുമതി നല്‍കിയവരുടെ അപ്രത്യക്ഷമാകലാണ്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം എന്ന മട്ടിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതി. കെട്ടിടം നിര്‍മ്മിച്ചവര്‍ എവിടെ? ഇതിന്റെ ഓരോ ഘട്ടത്തിലും അനുമതി നല്‍കി ഓരോ വിഭാഗത്തിലെയും ഉദ്യോഗസ്ഥ പ്രഭുക്കള്‍ എവിടെ? അതിനു വേണ്ടി കള്ളപ്പണം വാരിയെറിഞ്ഞ കെട്ടിട നിര്‍മ്മാണ മാഫിയയും അവരുടെ ദല്ലാളന്മാരും എവിടെ/ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കണ്ട് കാണാമറയത്തിരുന്നു അവര്‍ ചിരിക്കുന്നുണ്ടാവണം. മലയാളികളായ മണ്ടന്മാരെ ഇനിയും പറ്റിക്കാമെന്നോര്‍ത്ത്. ഒരു കാര്യമുണ്ട്, മലയാളി പറ്റിക്കപ്പെടുന്നുണ്ടാവാം, എന്നാല്‍ അത് പിറന്ന നാടിനോടുള്ള കൂറു കാണിക്കാന്‍ അവന്‍ സ്വയം തോറ്റു കൊടുത്തതു കൊണ്ടാണെന്ന് ഈ വ്യവസായപ്രഭുക്കള്‍ അറിയുന്നതേയില്ല. അവര്‍ക്ക് സ്വയം വലുതാവണം, സ്വയം സുഖിക്കണം, സ്വയം നീണാള്‍ വാഴണം. അത്രമാത്രമേയുള്ളു.

സ്വഭാവിക നീര്‍ചാലുകളില്‍ നിന്നും കൃത്യമായ അകലം പാലിച്ചു കൊണ്ടു വേണം കെട്ടിടം നിര്‍മ്മിക്കാനെന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇവര്‍ മാത്രമറിഞ്ഞില്ലത്രേ. ഈ കെട്ടിടങ്ങളൊന്നും ആരും കാണാത്തയിടങ്ങളിലൊന്നുമല്ല കെട്ടിപ്പൊക്കിയത്. അതിന് എല്ല ക്ലിയറന്‍സും ലഭിച്ചിട്ടുണ്ട്. അതു കൊണ്ടാണല്ലോ അതിന്റെ വായ്പ നല്‍കാന്‍ ബാങ്ക് തയ്യാറായതും. അപ്പോള്‍ പിഴച്ചതെവിടെയാണ്?  ഇപ്പോഴത്തെ ഈ പിഴ കേരളത്തിനൊരു പാഠമാണ്. കെട്ടിപ്പൊക്കുന്ന അംബരചുംബികള്‍ മുകളിലിരിക്കുമ്പോള്‍ ആരെയും പേടിക്കേണ്ടതില്ലെന്ന നാട്യത്തിനുള്ള തിരിച്ചടിയാണ്. അവരുടെ അഹന്തയ്ക്കു മേലുള്ള ശക്തമായ ആക്രമണമാണ്. അവരുടെ കണ്ണീരെന്നത് പാവങ്ങളെ പറ്റിച്ചുണ്ടാക്കിയവന്റെ വിലാപകാവ്യമാണെന്നു കരുതിയാല്‍ തെറ്റി, അവര്‍ക്കൊക്കെയും ഒരു ഉടുപ്പു മാറുന്ന ലാഘവമേ ഇതിനുമുള്ളു. അതാണ് കേരളജനതയുടെ സമീപകാല ട്രെന്‍ഡ്. ഇനി പറയു, ഇവിടെ ആരാണ് മണ്ടന്മാരായത്?

Join WhatsApp News
Joseph Jojo 2019-09-19 11:22:07
Why you are shouting against Malayalees? I also invest in the demolishing flat. You don't know the value of money
mathew v zacharia 2019-09-19 12:23:02
Thank you George Thumbayil.  crocoodile tears! Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക