Image

മാനസിക സമ്മര്‍ദ്ദം സ്തനാര്‍ബുദ സാധ്യത കൂട്ടുമെന്ന്

Published on 16 October, 2019
മാനസിക സമ്മര്‍ദ്ദം സ്തനാര്‍ബുദ സാധ്യത കൂട്ടുമെന്ന്
നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കി ഗവേഷകസംഘം. ചൈനയില്‍ നിന്നുള്ള ഗവേഷക സംഘമാണ് അര്‍ബുദ ചികിത്സയില്‍ നിര്‍ണായകമാവുന്ന പഠനം നടത്തിയത്.

ഉയര്‍ന്ന മാനസികസമ്മര്‍ദം ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു. ഇത് ലാക്‌റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍.ഡി.എച്ച്.എ.) എന്ന രാസാഗ്‌നിയുടെയും സ്തനാര്‍ബുദ മൂലകോശങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

അര്‍ബുദബാധിതര്‍ മിക്കവരും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും. ഇത്തരം വികാരങ്ങള്‍ അര്‍ബുദമുഴകള്‍ വളരുന്നതിനും രോഗം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതിനും കാരണമാകും. എന്നാല്‍, ദീര്‍ഘകാലമായുള്ള മാനസികസമ്മര്‍ദം അര്‍ബുദരോഗമുണ്ടാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ചൈനയിലെ ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനുപിന്നില്‍.

എല്‍.ഡി.എച്ച്.എ. ലക്ഷ്യമിട്ടുള്ള മരുന്നുപരീക്ഷണത്തില്‍ അതിയായ മാനസിക സമ്മര്‍ദഫലമായുണ്ടാകുന്ന അര്‍ബുദമൂലകോശങ്ങളെ വിറ്റാമിന്‍ സി ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. മാനസികസമ്മര്‍ദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സ്തനാര്‍ബുദത്തിന്റെ ചികിത്സയ്ക്ക് ഈ കണ്ടുപിടിത്തം ഉപകരിക്കുമെന്നാണ് കരുതുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക