Image

ഇരുന്നുള്ള ജോലിയും സ്‌ട്രോക്കും തമ്മില്‍ ബന്ധമുണ്ടോ?

Published on 23 October, 2019
ഇരുന്നുള്ള ജോലിയും സ്‌ട്രോക്കും തമ്മില്‍ ബന്ധമുണ്ടോ?
കംപ്യൂട്ടര്‍ ഉള്‍പ്പടെ ഇരുന്ന് ജോലി ചെയ്യുന്നതും പക്ഷാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍. തുടര്‍ച്ചയായി കുറെ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍, അമിതമായ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ തുടങ്ങിയവരും സ്‌ട്രോക്ക് സാധ്യത ഏറെയുള്ളവരുടെ ലിസ്റ്റില്‍ പെടുന്നു. നാഡീവ്യവസ്ഥയെ ആരോഗ്യപൂര്‍ണമായി സംരക്ഷിക്കേണ്ടത് സ്‌ട്രോക്ക് വരാതിരിക്കാന്‍ അത്യാവശ്യമാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നതുറപ്പാക്കണം. കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ രക്തത്തിന്റെ സുഗമമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഇന്ന് സ്‌ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്‌പ്പെടുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണത്രേ. ഇതിന്റെ പ്രധാന കാരണം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ പലരും അവഗണിക്കുന്നതു തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം ലോകത്താകെ പക്ഷാഘാതം സംഭവിക്കുന്നവരില്‍ 10 ശതമാനം 50 വയസ്സില്‍ താഴെയുള്ളവരാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രണവിധേയമായി തുടര്‍ന്നാല്‍ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. അമിതമായ പുകവലി കൂടിയുണ്ടെങ്കില്‍ അപകട സാധ്യത ഇരട്ടിയാണ് ചെറുപ്പക്കാര്‍ക്കുപോലും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികില്‍സ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹൃദയസംബന്ധമായ ആരോഗ്യം നിലനിര്‍ത്താനും പ്രത്യേക ശ്രദ്ധ വേണം. സ്‌ട്രോക്കിനെ പ്രതിരോധിക്കുന്ന വിധമുള്ള വ്യായാമമുറകള്‍ ശീലമാക്കുന്നത് നല്ലതാണ്. ഒപ്പം ഭക്ഷണക്രമത്തിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരണം. ഒരിക്കല്‍ സ്‌ട്രോക്ക് ബാധിച്ചവര്‍ക്കുള്ള അതിജീവനസാധ്യതള്‍ ആരോഗ്യശാസ്ത്രം കൂടുതലായി വികസിപ്പിച്ചുണ്ടെങ്കിലും രോഗിയുടെ സഹകരണം കൊണ്ടുമാത്രമേ ഇവ വിജയകരമാക്കാന്‍ സാധിക്കൂ. ഒപ്പം രോഗികളെ പരിചരിക്കുന്നവരുടെ ശ്രദ്ധയും അനിവാര്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക