Image

അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് - പെണ്മയുടെ വെല്ലുവിളികള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 23 October, 2019
അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് - പെണ്മയുടെ വെല്ലുവിളികള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്‌നെ കുറിച്ച് ബോധവത്കരിക്കാനായി മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ഒക്‌ടോബര്‍ ഇരുപത്. അസ്ഥിക്ഷയംമൂലം എല്ല് ദുര്‍ബ്ബലമാകാനും ഒടിയാനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ ആകസ്മികമായി കുനിയുകയോ, വീഴുകയോ, അല്ലെങ്കില്‍ അസ്ഥിയിലുണ്ടാകുന്ന ചെറുതായ ഞെരുക്കം, ചുമ തുടങ്ങിയവപോലും അസ്ഥിയെ പൊട്ടിക്കാന്‍ തക്കവണ്ണം കാരണമായി തീരാം. ഇങ്ങനെയുള്ള അവസരത്തില്‍,  പൊട്ടലുകളും ഒടിവും സാധാരണയായി സംഭവിക്കുന്നത് ഇടുപ്പ്, കണങ്കൈ, നട്ടെല്ല് എന്നിവടങ്ങളിലാണ്. പഴയത് നശിക്കുകയും പുതിയതിനാല്‍ മാറ്റപ്പെടുകയും ചെയ്യുന്ന ജീവനുള്ള കോശങ്ങളാല്‍ നിര്‍മ്മിതമാണ് നമ്മളുടെ അസ്ഥികള്‍. ഈ പരിണാമക്രമം അതിന്റെ മുറയ്ക്ക് നടക്കാതെ വരുമ്പോഴാണ് ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥിക്ഷയം സംഭവിക്കുന്നത്. അസ്ഥിക്ഷയം, എല്ലാ വംശത്തിലുമുള്ള സ്ത്രീകളേയും പുരുഷന്മാരേയും ബാധിക്കുമെങ്കിലും, വെളുത്ത വര്‍ക്ഷക്കാരായ സ്ത്രീകളിലും, എഷ്യന്‍ സ്ത്രീകളിലും, അവരില്‍ ആര്‍ത്തവം നിലച്ച പ്രായം ചെന്ന സ്ത്രീകളിലുമാണ്  അപകട സാധ്യത കൂടുതലും കണ്ടുവരുന്നത്.

അസ്ഥിക്ഷയത്തിന്റെ ആരംഭദശയില്‍ (ഓസ്റ്റിയോപീനിയ)  എടുത്തു പറയത്തക്ക   ഒരു രോഗലക്ഷണങ്ങളും ഇല്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.  എന്നാല്‍ അസ്ഥിക്ഷയം ആരംഭിച്ചു മുന്നേറി തുടങ്ങുമ്പോള്‍ നടുവേദന, കശേരുക്കളുടെ ഉടവ്, പൊക്കത്തില്‍ കുറവ്, കൂന്, ഒരു ചെറിയ ആഘാതത്തില്‍ പോലും എല്ലുകള്‍ക്ക് സംഭവിക്കാവുന്ന പൊട്ടലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ഓസ്റ്റിയോപൊറോസിന് കാരണമായ പല അപകടഘടകങ്ങളെ കുറിച്ചും അിറഞ്ഞിരിക്കുന്നതും അത് മറ്റുള്ളവരുമായി, പ്രത്യേകിച്ച് സ്ത്രീകളുമായി പങ്കുവെയ്ക്കുന്നതും ആരോഗ്യപരമായ ഒരു ജീവിതത്തെ നയിക്കാന്‍ സഹായകരമായി തീരുന്ന മുന്‍കരുതലുകളായിരിക്കും. പുരുഷന്മാരേക്കാളും സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിന് സാധ്യത. പ്രായം കൂടുംതോറും ഇതിനുള്ള സാധ്യത വര്‍ദ്ധിച്ചു വരുന്നു. വെളുത്തവര്‍ക്ഷക്കാരിലും എഷ്യന്‍ വംശത്തില്‍പ്പെട്ടവരിലും മറ്റുള്ളവരേ അപേക്ഷിച്ച് അസ്ഥിക്ഷയത്തിനുള്ള സാധ്യത വളരെ ഏറെയാണ്. നമ്മളുടെ കുടൂംബത്തില്‍ ഓസ്റ്റിയോപൊറോസിസ് വന്നവരുടെ ചരിത്രംമുണ്ടെങ്കില്‍, അവരില്‍ ഇടുപ്പ്‌പൊട്ടിയവരോ, ഒടിഞ്ഞവരോ ഉണ്ടെങ്കില്‍, ഓസ്റ്റിയോപൊറോസിന്റെ സാധ്യത മറ്റുള്ളവരെക്കാള്‍ വളരെ കൂടുതലാണ്.

ഹോര്‍മോണ്‍ ഉത്തേജകങ്ങള്‍ അല്ലെങ്കില്‍ ഗ്രന്ഥിസ്രാവം കൂടുതലും കുറവുമുള്ള വ്യക്തികളിലാണ് ഓസ്റ്റിയോപൊറോസിസ് സാധാരണയായി കണ്ടു വരാറുള്ളത്. ഉദാഹരണങ്ങളായി ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്നതും പേശികളെ വളര്‍ത്തുന്നതുമായഎസ്റ്ററജന്‍, റ്റെസ്റ്റാസ്റ്ററോന്‍ തുടങ്ങിയ ജൈവസംയുക്തകങ്ങളില്‍ കണ്ടുവരുന്ന കുറവ് ഓസ്റ്റിയോപോറോസിസിനെ വര്‍ദ്ധിപ്പിക്കാന്‍പോരുന്ന ശക്തമായ ഘടകങ്ങളാണ്. ആര്‍ത്തവും നിലച്ച സ്ത്രീകളില്‍ എസ്റ്ററജന്‍ ഹോര്‍മോണിന്റെ കുറവ് അസ്ഥിക്ഷയത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സിറിന് പുരുഷന്മാര്‍ക്ക് നല്‍കുന്ന ചിക്ത്സയും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിന് ലഭിക്കുന്ന ചികത്സയും,  പുരുഷന്മാരില്‍ റ്റെസ്റ്റാസ്റ്ററോന്‍ അളവിനേയും സ്ത്രീകളില്‍ എസ്റ്ററജന്റെ അളവിനേയും കുറയ്ക്കുകയും അത്, അസ്ഥിക്ഷയത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അമിതമായി തൈറോഡിലും പാരാതൈറോഡിലും  ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ഓസ്റ്റിയോപോറോസിസിന് കാരണമായി ഭവിക്കാവുന്നതാണ്.

ആഹാരപരമായ ഘടകങ്ങളും ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വ്യക്തിയുടെ ആകെയുള്ള ജീവിതത്തില്‍ അനുഭവപ്പെടുന്ന കാത്സ്യത്തിന്റെ കുറവ് ഓസ്റ്റിയോപൊറോസിനുള്ള കാരണങ്ങളിലൊന്നാണ്. കാത്സ്യത്തിലുണ്ടാവുന്ന കുറവ് അസ്ഥിയുടെ ബലത്തെ കുറയ്ക്കുകയും, അത് ഒടിയാനും പൊട്ടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഹാരം വളരെ കുറവ് കഴിക്കുന്നവരിലും ഭക്ഷണ സംബന്ധമായ രോഗമുള്ള പുരുഷന്മാരിലും സ്ത്രീകളിലം ഓസ്റ്റിയോപൊറോസിസ് കണ്ടു വരാറുണ്ട്. ഉദര വലിപ്പം കുറയ്ക്കാന്‍ നടത്തുന്ന ശസ്ത്രക്രിയ അതുപോലെ കുടലിന്റെ വിലപ്പം കുറയ്ക്കാന്‍ നടത്തുന്ന ശസ്ത്രക്രിയ തുടങ്ങിയവ നാം കഴിക്കുന്ന കാത്സ്യത്തെ വലിച്ചെടുക്കാനുള്ള കുടലിന്റെ ഉപരിതല വിസ്തീര്‍ണ്ണത്തെ കുറയ്ക്കുന്നത് വഴി അസ്ഥിക്ഷയത്തിന് കാരണമായി തീരുന്നു. കോര്‍ട്ടിക്കോ സ്റ്റിറോയിഡ്‌പോലെയുള്ള ഔഷധങ്ങളുടെ നീണ്ടനാളത്തെ ഉപയോഗവും, പ്രഡനിസോണ്‍, കോര്‍ട്ടിസോണ്‍ എന്നിവയുടെ ഉപയോഗവും  അസ്ഥിയുടെ പുനര്‍നിര്‍മ്മാണത്തിന് വിഘാതമുണ്ടാക്കുന്ന ഘടകങ്ങളാണ്. സീഷര്‍, ഗ്യസ്റ്ററിക്ക് റിഫളക്‌സ്, ട്രാന്‍സ് പ്ലാന്റ് റിജക്ഷനു കൊടുക്കുന്ന മരുന്നുകളും അസ്ഥിക്ഷയത്തിന് കാരണമായി തീരുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി, കരള്‍ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, റൂമറ്റോയിഡ് ആര്‍ദറയിറ്റിസ് തുടങ്ങിയരോഗങ്ങളും അസ്ഥിക്ഷയവുമായി ബന്ധപ്പെട്ടവയാണ്.

നല്ല പോഷക ആഹാരങ്ങളും വ്യായാമവും അസ്ഥിക്ഷയത്തെ തടയുവാന്‍ സഹായിക്കുന്നു. വെറുതെ യാതൊരു വ്യായാമവും ഇല്ലാതെ ഇരിക്കുന്നവരില്‍ ഓസ്റ്റിയോപൊറോസ്‌സി സാധ്യത വളരെ കുടുതലാണ്. മറിച്ച്, നടത്തം, ഓട്ടം, നീന്തല്‍, ഡാന്‍സ്, ചൈനീസ് രീതിയിലോ, യോഗ രീതിയിലോ ശരീര അവയവങ്ങളെ പ്രത്യേകരീതിയില്‍ വിന്ന്യസിപ്പിച്ചാല്‍ അത് ഓസ്റ്റിയോപൊറോസിനെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നതോടൊപ്പം അസ്ഥിക്ക് ബലവും വര്‍ദ്ധിപ്പിക്കുന്നു. കൊഴുപ്പു കുറഞ്ഞ ക്ഷീരോല്പന്നങ്ങള്‍, പച്ചക്കറികള്‍, ചെമ്പല്ലി, കോര, സാമന്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍, സോയ ഉല്പന്നങ്ങള്‍, കാത്സ്യം അടങ്ങിയ ഓറഞ്ച് നീര് ഇവയെല്ലാം അസ്ഥിയെ ബലപ്പെടുത്തുന്ന ആഹാര പദാര്‍ത്ഥങ്ങളാണ്. വൈറ്റമിന്‍ ഡി ശരീരത്തിന് കാത്സ്യത്തെ ഉള്‍കൊള്ളുവാന്‍ തക്കവണ്ണം  കഴിവുള്ളതാക്കുന്ന ഒരു ഘടകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ഈ  വൈറ്റമിന്‍ ചിലവില്ലാതെ ആര്‍ക്കും ലഭ്യമാക്കാവുന്നതാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും, ഓസ്റ്റായോപൊറോസിസിനെ കുറിച്ച് നിങ്ങളുടെ പ്രാഥമീകാരോഗ്യ ചികത്സകരോട് ചര്‍ച്ച ചെയ്യുവാന്‍ ഒരിക്കലും മടി കാട്ടരുത്.

ചിന്താമൃതം:

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നീ മൂന്നു രാജ്യങ്ങളിലുമായി എഴുപത്തിയഞ്ചു മില്ലിയണ്‍ അളുകളാണ് ഓരോ വര്‍ഷവും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയ രോഗത്തിന്റെ പിടിയിലാകുന്നവര്‍. ഇതില്‍ അമേരിക്കയില്‍ മാത്രം ഒന്നര മില്ലിയണ്‍ ജനങ്ങള്‍, കൂടുതലും സ്ത്രീകള്‍,  ഒരു വര്‍ഷത്തില്‍ അസ്ഥിക്ക് ഒടിവ്, പൊട്ടല്‍ ഇവയ്ക്കായി ചികത്സ തേടുന്നു. (ഗ്രോ ഹാര്‍ലം ബ്രണ്‍ഡ്‌ലാന്‍ഡ്)


അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് - പെണ്മയുടെ വെല്ലുവിളികള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് - പെണ്മയുടെ വെല്ലുവിളികള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക