Image

ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണങ്ങള്‍ എന്തോക്കെ?-1 (വെള്ളാശേരി ജോസഫ്)

Published on 28 October, 2019
ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണങ്ങള്‍ എന്തോക്കെ?-1 (വെള്ളാശേരി ജോസഫ്)
303 സീറ്റില്‍ ഒറ്റയ്ക്ക് വിജയിച്ചാണ് അഞ്ചു മാസം മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരം പിടിച്ചത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും - മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തുകയും, ഹരിയാനയില്‍ ഘടക കക്ഷിയുടെ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തെങ്കിലും - സൂക്ഷ്മമായി നോക്കിയാല്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി. മുന്നോട്ടു വയ്ക്കുന്ന നയപരിപാടികള്‍ക്ക് ഉണ്ടായിരിക്കുന്നത് എന്നു കാണാം.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നുള്ള അത്യന്തം മൂഢമായ സന്ദേശമാണ് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും കുറെ നാളുകളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 2019 ഒക്‌റ്റോബര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.-ക്കുണ്ടായ തിരിച്ചടി കാണിക്കുന്നത് ആ മൗഢ്യ സന്ദേശങ്ങളുടെ പൊള്ളത്തരമാണ്. മോഡിക്ക് കീഴില്‍ ഇന്ത്യ ശക്തമാകുന്ന സന്ദേശങ്ങള്‍ വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റികളില്‍ കൂടി കണ്ടമാനം പ്രചരിപ്പിക്കുന്നതിലൊന്നും കാര്യമില്ല. കുറച്ചു കക്കൂസിന്റ്റെ കാര്യം പറഞ്ഞു വെളിയിട വിസര്‍ജനം ഇന്ത്യയില്‍ ഇല്ലാതായി എന്നൊന്നും പറഞ്ഞാല്‍ ജനം വിശ്വസിക്കുകയില്ല എന്ന് തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേരിട്ട കനത്ത തിരിച്ചടി തെളിയിക്കുന്നത്. ജനം അല്ലെങ്കിലും ഈ ഇല്ലാകഥകള്‍ എങ്ങനെ വിശ്വസിക്കും? മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ ഇതെഴുതുന്ന ആള്‍ തന്നെ ഇഷ്ടം പോലെ ആളുകള്‍ തുറസായ സ്ഥലങ്ങളില്‍ കര്‍മം കഴിക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. പാചക വാതക വിതരണം പോലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കുവാനായി നൂറിരട്ടി പ്രചാരണം കൊടുത്തു. പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഈ പ്രചാരണങ്ങള്‍ക്കും ഒരു പരിധി ഒക്കെ ഇല്ലേ?

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലും ഹരിയാനയിലുമായി 16 റാലികളില്‍ പ്രസംഗിച്ചു. അമിത് ഷാ 25 റാലികളിലും. ജമ്മു-കാശ്മീരിന്റ്റെ പ്രത്യേക പദവി റദ്ദാക്കിയ ഭരണഘടനയിലെ 370-ആം വകുപ്പ് നീക്കം ചെയ്ത വിഷയമായിരുന്നു മോദിയുടേയും അമിത് ഷായുടേയും പ്രചരണത്തിലെ പ്രധാന വിഷയം. എന്നാല്‍ ഇത് വേണ്ടത്ര ഏശിയില്ല എന്ന് ഇന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. അതിനൊപ്പം, രാജ്യത്തിന്റ്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഒരക്ഷരം ബി.ജെ.പി.-യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ മിണ്ടിയില്ല. മറാത്തവാഡ വരള്‍ച്ചയും പടിഞ്ഞാറന്‍ മഹാരാഷ്ട്ര വെള്ളപ്പൊക്കവും നേരിട്ടത് ബി.ജെ.പി.-യുടെ പ്രചരണ വിഷയമായില്ല. മറിച്ച് അവിടെ കാശ്മീരും ദേശീയതയും ഇന്ത്യ വന്‍ ശക്തിയാകുന്നതും മാത്രമായി വിഷയം. ഇത് കുറെച്ചെങ്കിലും തിരിച്ചടിച്ചുവെന്ന് വിവിധ ബി.ജെ.പി. നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

പാക്കിസ്ഥാനും കാശ്മീരും ഒന്നുമല്ല മഹാരാഷ്ട്രയിലും ഹരിയാനയിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന് ജനം തന്നെ കാട്ടിക്കൊടുത്തു. സാമ്പത്തിക മാന്ദ്യവും, തൊഴിലില്ലായ്മയും, ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയും ഒക്കെ ജനവും അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റ്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ നാഴികക്ക് നാല്‍പ്പത് വട്ടം കാശ്മീരിനെ കുറിച്ചും, പാക്കിസ്ഥാനെ കുറിച്ചും പറഞ്ഞിട്ട് സാധാരണ ജനത്തിന് എന്ത് പ്രയോജനം? രാജ്യസ്‌നേഹവും പാക്കിസ്ഥാന്‍ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്‌ളീഷ് ടി.വി. ന്യൂസ് ചാനലുകളും ബി.ജെ.പി. - യുടെ പ്രചാരണങ്ങള്‍ക്ക് വീണ മീട്ടുകയായിരുന്നു. മറാത്തവാഡയിലെ വരള്‍ച്ചയും, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കവും ബി.ജെ.പി.-യെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള വിഷയങ്ങള്‍ അല്ലായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ സാധാരണ ജനങ്ങളുടെ നിത്യ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ഈ പാര്‍ട്ടി എത്ര അകലെയാണെന്ന് സുബോധമുള്ള ആര്‍ക്കും ഊഹിക്കാം. പ്രഫുല്‍ പട്ടേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്റ് ഡയറക്ടറേന്റ്റിനെ കൊണ്ട് അന്വേഷണം പ്രഖ്യാപിപിച്ചും, ചിദംബരത്തേയും, ശിവകുമാറിനേയും അറസ്റ്റ് ചെയ്യുകയും വഴി പ്രതിപക്ഷത്തെ വരിഞ്ഞു കെട്ടാനുള്ള ശ്രമമായിരുന്നു ഇതുവരെ നടന്നിരുന്നത്. നേതാവോ, പണമോ ഇല്ലാതിരുന്നിട്ട് കൂടി കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിക്കാനായി. ഇനി മടിച്ചിരിക്കാതെ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലണമെന്നുള്ള സന്ദേശം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

പ്രതിപക്ഷത്തിന്റ്റെ അഭാവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഹരിയാനയിലും വന്‍ വിജയമായിരിക്കും എന്നതായിരുന്നു ഫലപ്രഖ്യാപനത്തിനു മുമ്പ് ബി.ജെ.പി. നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്തിനേറെ, മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് വരെ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

ആദായ നികുതി വകുപ്പ് ശരത് പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റ്റെ ഉറ്റ അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെതിരെ എന്‍ഫോഴ്സ്‌മെന്റ്റ് ഡയറക്ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ 78 വയസുള്ള, ക്യാന്‍സര്‍ രോഗബാധിതനായിരുന്ന പവാര്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ബി.ജെ.പി.-യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പവാര്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് പട നയിച്ചു. സത്താരയില്‍ പാര്‍ട്ടി വിട്ടുപോയ ഭോസ്ലെയ്ക്കെതിരെ എന്‍.സി.പി. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കോരിച്ചൊരിയുന്ന മഴയത്ത് വോട്ടഭ്യര്‍ത്ഥിക്കുന്ന പവാറിന്റ്റെ ചിത്രം ഇതിനിടെ സോഷ്യല്‍ മീഡിയില്‍ വലിയ തരംഗമായി.

മഹാരാഷ്ട്രയില്‍ ഇനി ശിവസേനയെ ആശ്രയിക്കാതെ സംസ്ഥാന ഭരണം ഒരടി മുന്നോട്ടു പോകില്ല. രാജ്യമെങ്ങും വ്യാപിച്ചു കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്ന് പരിഹാരം കാണാന്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കിയത് കൊണ്ടോ പാക്കിസ്ഥാന്‍ വിരോധം പ്രചരിപ്പിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല. കഴിഞ്ഞ അഞ്ചരക്കൊല്ലം കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റ്റെ പിടിപ്പു കേടുകള്‍ സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവര്‍ക്ക് വേണ്ടത് വ്യക്തമായ സാമ്പത്തിക പരിഹാരങ്ങളാണ്; മഹാരാഷ്ട്രയില്‍ കാണുന്നതുപോലുള്ള കര്‍ഷക ആത്മഹത്യകളില്‍ നിന്നുള്ള മോചന മാര്‍ഗങ്ങളാണ്.
Part 2 below
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക