Image

അവര്‍ അങ്ങനെയായിരുന്നു (കഥ: റാണി ബി മേനോന്‍)

Published on 06 November, 2019
അവര്‍ അങ്ങനെയായിരുന്നു (കഥ: റാണി ബി മേനോന്‍)
"പുറത്ത് മഴ പെയ്യുന്നുണ്ടോ?"
"ഇല്ല എന്തേ?"
"മഴ മണം"
"അതീ പൊടിയില്‍ വെള്ളം വീണിട്ടാ."
"ഏതു പൊടിയില്‍?"
അവള്‍ മെല്ലെ മടിച്ചു മടിച്ചു പറഞ്ഞു.
"അടുക്കളയിലെ പാതിയമ്പുറം നിറയെ പൊടിയായിരുന്നു. ഞാനൊന്നു തൂത്തു തുടച്ചു"
"എന്നിട്ട്?"
അയാള്‍ കുതുകിയായി.
"ഒരു ചായയിടട്ടെ?"
അയാള്‍ പൊടുന്നനെ നിശ്ശബ്ദനായി.
ഒരു ചായ കുടിയ്ക്കാന്‍ ചായക്കട വാങ്ങണോ എന്ന് ആരോടാണ് ചോദിച്ചതെന്നയാള്‍ മറന്നു പോയിരുന്നു.
പലരോടും ചോദിച്ചു കാണും. പലരാവുമ്പോള്‍ ഒരേ ചോദ്യം കൊണ്ടു തന്നെ ചിരിപ്പിയ്ക്കാം. സംസാരിയ്ക്കാതെ പ്രവര്‍ത്തിയ്ക്കുന്നൊരാളുടെ കുഞ്ഞു തമാശകള്‍ പോലും അവര്‍ക്ക് ലഹരിയാണ്. ഈ ലഹരികള്‍ അവര്‍ സൗഹൃദവലയത്തില്‍ പങ്കുവയ്ക്കാറുമില്ല. സ്വകാര്യ സമ്പാദ്യങ്ങളായി അവര്‍ അതു സൂക്ഷിച്ചു കൊള്ളും.
സ്ത്രീകള്‍ രഹസ്യം സൂക്ഷിക്കാനറിയാത്തവരാണെന്ന് ഏതു വിഡ്ഢികളാണാവോ കണ്ടു പിടിച്ചത്.
അവള്‍ അടുക്കളയില്‍ നിന്നും ചായയുമായി പുറത്തു വന്ന് ഒരു കപ്പ് അയാള്‍ക്കു നീട്ടി.
ചായപ്പൊടി എവിടന്നു കിട്ടി?
"അവിടെയുണ്ടായിരുന്നു".
അതെന്നു വാങ്ങിയതാണെന്നു പോലും അറിയില്ല ആരു വാങ്ങിയതാണെന്നും.
"അതൊരുപാടു പഴയതാണ്ത്ഥ.
"ആവണം, കുപ്പിയില്‍ വലകെട്ടിയിരുന്നു".
"എന്തായാലും നല്ല രുചി''.
ഒരു കവിള്‍ ചായ കുടിച്ചു കൊണ്ടവള്‍ പറഞ്ഞു.
അയാള്‍ നിശ്ശബ്ദനായിരുന്ന് ചായ കുടിച്ചു. അതെ നല്ല രുചി. ഹോട്ടലിലെ ചായ കുടിച്ചയാള്‍ക്ക് മടുത്തിരുന്നു.
പക്ഷെ അതു പറയാനയാള്‍ മടിച്ചു.
അയാളുടെ കപ്പും എടുത്തു പോയി കഴുകി വച്ച് കുറച്ചു നേരം ചിതറിക്കിടന്ന പുസ്തകങ്ങളും പേപ്പറും അടുക്കി വച്ച് അവള്‍ പോവാനൊരുങ്ങി.
അപ്പോഴേയ്ക്കും അയാള്‍ കുളി കഴിഞ്ഞെത്തിയിരുന്നു. അടുക്കിയ പേപ്പറുകളിലേയ്ക്കു നോക്കി അയാള്‍ പരിഹാസത്തോടെ പറഞ്ഞു,
"നാശം, ഇനിയൊരു പേപ്പറു കണ്ടെടുക്കാന്‍ എത്ര തിരയണം എന്നറിയാമോ? ആ കിടന്നതിനൊരു ഓര്‍ഡര്‍ ഉണ്ടായിരുന്നു".
"ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണ്?"
"ഞാന്‍ പറഞ്ഞോ അതൊന്നടുക്കിവയ്ക്കാന്‍?"
അവള്‍ വിഷണ്ണയായി തല കുനിച്ചു നിന്നു, തിരിച്ചാ കയോസിലേയ്ക്ക് മാറ്റാനവള്‍ക്കറിയില്ലായിരുന്നു. അതെല്ലാം വലിച്ചു വാരിയിട്ട് ഇതിങ്ങനെയായിരുന്നു എന്നു പറഞ്ഞു പുറംതിരിഞ്ഞു നടക്കാനുള്ള ആര്‍ജ്ജവവും.
തല കുനിച്ച്, യാത്ര പറയാതവള്‍ ഇറങ്ങിപ്പോവുന്നത് അയാള്‍ നോക്കി നിന്നു.
വീട്ടിലുണ്ടാക്കിയ ചായക്ക് രുചിയുണ്ടെന്നു പറയണമെന്നുണ്ടായിരുന്നു.
പക്ഷെ അയാളങ്ങിനെയായിരുന്നു. അവളിങ്ങനെയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക