Image

അയോധ്യ വിധി: യു.പിയില്‍ അതീവ ജാഗ്രത; ചീഫ്‌ ജസ്റ്റീസ്‌ സുരക്ഷ വിലയിരുത്തി

Published on 08 November, 2019
   അയോധ്യ വിധി: യു.പിയില്‍ അതീവ ജാഗ്രത; ചീഫ്‌ ജസ്റ്റീസ്‌ സുരക്ഷ വിലയിരുത്തി

ന്യൂഡല്‍ഹി/ലക്‌നൗ: അയോധ്യ രാമജന്മഭൂമി- ബാബ്‌റി മസ്‌ജിദ്‌ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി വിധി അടുത്തയാഴ്‌ച വരാനിരിക്കേ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത നിര്‍ദേശം. സംസ്ഥാനത്തേക്ക്‌ കൂടുതല്‍ സൈനികരെ വിന്യസിച്ചു. 

സൈനിക താവളമൊരുക്കാന്‍ 300 ഓളം സ്‌കൂളുകള്‍ ഏറ്റെടുത്തു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നേരിട്ട്‌ വിലയിരുത്തി. ചീഫ്‌ സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, ഡി.ജി.പി ഓം പ്രകാശ്‌ സിംഗ്‌ എന്നിവരെ ഉച്ചയ്‌ക്ക്‌ തന്റെ ചേംബറില്‍ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

ചീഫ്‌ ജസ്റ്റീസ്‌ ഈ മാസം 17ന്‌ വിരമിക്കാനിരിക്കേ, അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമായ 15നകം വിധി വരുമെന്നാണ്‌ സൂചന. 133 വര്‍ഷമായി തുടരുന്ന തര്‍ക്കവിഷയത്തില്‍ അന്തിമ വിധി കല്‌പിക്കുന്നതിന്‌ 40 ദിവസം തുടര്‍ച്ചയായാണ്‌ കോടതി വാദം കേട്ടത്‌. 

വിദേശയാത്ര അടക്കം ഒഴിവാക്കിയാണ്‌ ചീഫ്‌ ജസ്റ്റീസ്‌ വാദം കേട്ടത്‌. വിധി 'ലോകചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒന്നായിരിക്കുമെന്ന്‌' നിയുക്ത ചീഫ്‌ ജസ്റ്റീസ്‌ എസ്‌.എ ബോബ്‌ഡെ പറഞ്ഞു. വാദം കേട്ട ബെഞ്ചിലെ അംഗമാണ്‌ ജസ്റ്റീസ്‌ ബോബ്‌ഡെ.

വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഹിന്ദു, മുസ്ലീം സം,ഘടനകളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും സമാധാനം പാലിക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകനം നടത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക