Image

ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? (മുരളി തുമ്മാരുകുടി, നീരജ ജാനകി)

Published on 09 November, 2019
ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? (മുരളി തുമ്മാരുകുടി, നീരജ ജാനകി)
കേരളത്തിലെ സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാല്‍ അതിന്‍റെ കുഴപ്പം സമൂഹത്തില്‍ എല്ലായിടത്തും കാണാനുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള പീഡനം മുതല്‍ പ്രേമിച്ചവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത് വരെ നമ്മെ നടുക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ വേണ്ട സമയത്ത് വേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കാത്തതിന്റെ കുറവു തന്നെയാണ് കാണുന്നത്.

എട്ടാം ക്ലാസിലെ ബയോളജി ക്ലാസില്‍ അധ്യാപകര്‍ ശ്വാസം വിടാതെ വായിച്ചു പോയ പ്രത്യുല്പാദനത്തെപ്പറ്റിയുള്ള പാഠഭാഗമാണ് എന്‍റെ തലമുറയിലെ മലയാളിക്ക് കിട്ടിയ ലൈംഗികവിദ്യാഭ്യാസം. ഇപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ടും ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാന്‍ ഈ ലേഖനത്തിന് വേണ്ടി അന്വേഷിച്ചു. ഇല്ല, സിലബസില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. മിക്കവാറും സ്കൂളുകള്‍ പുറത്തുനിന്ന് ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൊണ്ടുവന്ന് ഒരു ക്ലാസ് നടത്തും. ലൈംഗിക കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ പറയേണ്ടിവരുന്ന വിഷമം അധ്യാപകര്‍ക്ക് അങ്ങനെ ഒഴിവാക്കാം. ഞങ്ങളുടെ സ്കൂളില്‍  ലൈംഗിക വിദ്യാഭ്യാസം കൊടുത്തു എന്ന് എല്ലാവരോടും മേനി പറയുകയും ചെയ്യാം. ഡോക്ടറും ബയോളജി ടീച്ചറും പഠിപ്പിക്കുന്നതെല്ലാം പ്രത്യുല്പാദനം തന്നെ.

കുട്ടികളുണ്ടാകുന്നത് എങ്ങനെ എന്ന് മാത്രമല്ല, കുട്ടികള്‍ ഉണ്ടാകാതെ നോക്കുന്നത് എങ്ങനെ എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ വികസിത രാജ്യങ്ങള്‍ മനസ്സിലാക്കി. ലോകം ഇക്കാര്യത്തില്‍ വളരെ മുന്നേറി. കാലാനുസൃതമായ ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് നിരവധി ഗവേഷണങ്ങള്‍ നടത്തി, ലോകത്തിലെ ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്ന ഒരു സിലബസ് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലണ്ടില്‍ നടപ്പിലാക്കാന്‍ പോവുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായെടുക്കുമെങ്കില്‍ നമുക്ക് ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലൈംഗിക വിദ്യാഭ്യാസത്തെ എത്തിക്കാനുള്ള ഒന്നാന്തരം അവസരമാണിത്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വന്നിരിക്കുന്ന ആദ്യ മാറ്റം ലൈംഗിക വിദ്യാഭ്യാസം എന്ന പേര് തന്നെ മാറ്റിയിരിക്കുന്നു എന്നതാണ്. Relationship and Sex Education എന്നതാണ് പുതിയ ലോകത്തെ പാഠ്യപദ്ധതിയുടെ പേര്. ലൈംഗികത ഒറ്റക്ക് വേറിട്ട് നില്‍ക്കുന്ന ഒരു വിഷയമല്ല, മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് എന്ന അറിവില്‍ നിന്നാണ് ഈ അടിസ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്.

പുതിയ കാലത്തും പുതിയ ലോകത്തും ലൈംഗിക വിദ്യാഭാസം എന്ന പേരില്‍ സ്കൂളുകളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പറയുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്ന പുതിയ ചിന്താഗതികള്‍ എന്താണെന്ന് നോക്കാം.

ഒറ്റ പീരിയഡില്‍ തീര്‍ക്കേണ്ട ഒന്നല്ല ലൈംഗിക വിദ്യാഭ്യസം: കുട്ടികള്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങേണ്ടതാണ് ലൈംഗിക വിദ്യാഭ്യസം. ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളാണ് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക പ്രായത്തില്‍ പ്രത്യേക ദിവസം ഒറ്റയടിക്ക് പറഞ്ഞു മനസിലാക്കേണ്ടതോ മനസിലാക്കാവുന്നതോ അല്ല ലൈംഗികതയുടെ പാഠങ്ങള്‍.

ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല ലൈംഗിക വിദ്യാഭ്യാസം: എട്ടാം ക്ലാസിലെ ബയോളജി ആയിരുന്നു പണ്ടത്തെ ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞല്ലോ. ബയോളജി തീര്‍ച്ചയായും പഠിപ്പിക്കണം. ഒപ്പം സൈബര്‍ ലോകത്തെ ലൈംഗിക സാധ്യതകളും ചതിക്കുഴികളും കന്പ്യൂട്ടര്‍ ക്ലാസ്സിലും, ലൈംഗികതയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങള്‍ സോഷ്യല്‍ സ്റ്റഡീസിലും പഠിപ്പിക്കണം.

സ്കൂളില്‍ നിന്ന് മാത്രമല്ല ലൈംഗിക വിദ്യാഭ്യസം ലഭിക്കേണ്ടത്: ചെറുപ്രായത്തിലേ പറഞ്ഞു തുടങ്ങേണ്ടതിനാലും അനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനാലും ലൈംഗിക വിദ്യാഭ്യാസം എന്നത് സ്കൂളില്‍ മാത്രം സംഭവിക്കേണ്ട ഒന്നല്ല. സ്കൂളിലും വീട്ടിലും സാധിക്കുമെങ്കില്‍ സുരക്ഷിതമായ മറ്റു സാമൂഹ്യ സ്ഥാപനങ്ങളിലും ലൈംഗിക വിദ്യാഭ്യാസം ഒരു തുടര്‍ച്ചയായി നടക്കണം. എന്താണ് സ്കൂളുകളില്‍ പഠിപ്പിക്കുന്നതെന്ന് മാതാപിതാക്കളും എന്താണ് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നതെന്ന് അധ്യാപകരും അറിയണം.

പാഠപുസ്തകം മാത്രം പോരാ: പണ്ട് പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നത്. അല്പമെങ്കിലും പുരോഗമന ചിന്താഗതിയുള്ള മാതാപിതാക്കളാകട്ടെ, ലൈംഗിക വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കും. എന്നാല്‍ പുസ്തകം വായിക്കാന്‍ പഠിക്കുന്നതിനും മുന്‍പേ തുടങ്ങേണ്ടതായതിനാല്‍ അച്ഛന്റെയും അമ്മയുടെയും സംസാരത്തില്‍ തുടങ്ങി പിന്നീട് ചിത്രങ്ങളും ചാര്‍ട്ടുകളും വീഡിയോകളും പുസ്തകങ്ങളും കൊണ്ട് സന്പുഷ്ടമാക്കണം ഈഅറിവ്. ഇന്റര്‍നെറ്റിന്റെ കാലത്ത് ലൈംഗിക വിദ്യാഭ്യാസത്തിനായി ധാരാളം വസ്തുവകകള്‍ ലഭ്യമാണ്. അതെല്ലാം പ്രയോജനപ്പെടുത്തണം. കുട്ടികളെ സമൂഹജീവിയായി വളര്‍ത്തി അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കുക എന്നതാണല്ലോ കുട്ടികളെ വളര്‍ത്തലിന്റെ അടിസ്ഥാനലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ് കുട്ടികള്‍ക്ക് ലൈംഗിക അറിവ് നല്‍കുക എന്നത്. അതിനാല്‍ മറ്റു വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് പോലെതന്നെ പ്രധാനമാണ് ഈ വിഷയവും. അതേ രീതി തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.

എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യസം തുടങ്ങേണ്ടത്?: ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അത് മനസ്സിലാക്കാനും പ്രതിരോധിക്കാനും അവരെ തയ്യാറാക്കേണ്ടതുണ്ട്. കുട്ടികളോട് പറഞ്ഞു തുടങ്ങേണ്ടത് ഈ കാര്യങ്ങളാണ്,

*ലൈംഗിക അവയവങ്ങളുടെ പേര്

*ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍

*ഏതാണ് നല്ല സ്പര്‍ശം, ഏതാണ് ചീത്ത സ്പര്‍ശം. ചീത്ത സ്പര്‍ശമുണ്ടായാല്‍ ആരോടാണ് പറയേണ്ടത്.

കേരളത്തിലുള്ളവര്‍ക്ക് വലിയ അതിശയമായി തോന്നുന്ന മറ്റൊരു കാര്യവും കുട്ടികളുടെ ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. കുട്ടികള്‍ ഉള്‍പ്പെടെ ഓരോരുത്തരുടെയും ശരീരം അവരുടേത് മാത്രമാണെന്നും സമ്മതമില്ലാതെ ശരീരം സ്പര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നുമുള്ള അവകാശം പഠിപ്പിക്കുക. കെട്ടിപ്പിടിക്കാന്‍ വരുന്ന മുത്തച്ഛനോടോ, ഉമ്മവെക്കാന്‍ വരുന്ന മാതാപിതാക്കളോടോ, എന്തിന് കൊഞ്ചിക്കാന്‍ വരുന്ന  മാതാപിതാക്കളോട് പോലും നോ പറയാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്. കര്‍ശനമായ അവകാശ ബോധം കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ഉണ്ടാക്കിയെടുത്താല്‍, അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തെ കൃത്യമായും കര്‍ശനമായും പ്രതിരോധിക്കാന്‍ അവര്‍ക്ക് എക്കാലവും സാധിക്കും.

ബന്ധങ്ങള്‍: സ്കൂളുകളില്‍ ആദ്യമായി പഠിപ്പിക്കുന്നത് ബന്ധങ്ങളാണ്.  കുടുംബം, സുഹൃത്തുക്കള്‍, മറ്റു ബന്ധങ്ങള്‍ എല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കും. കുടുംബം എന്നാല്‍ അച്ഛനും അമ്മയും സഹോദരങ്ങളും മുത്തച്ഛനും അമ്മൂമ്മയും ഉള്‍പ്പെട്ടതാണെന്ന് മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്നത്. അമ്മ മാത്രമോ അച്ഛന്‍ മാത്രമോ ഉള്ള കുടുംബങ്ങളുണ്ടെന്നും, രണ്ട് അച്ഛന്മാരോ രണ്ട് അമ്മമാരോ മാത്രമുള്ള കുടുംബങ്ങള്‍ അസ്വാഭാവികമല്ലെന്നും കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തിലുള്ള എല്ലാത്തരം ആളുകളെയും അംഗീകരിക്കാനുള്ള മാനസിക നിലക്ക് അടിസ്ഥാനമിടുകയാണ് ഈ വിദ്യാഭ്യാസം ചെയ്യുന്നത്.

എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കുടുംബങ്ങള്‍ ഉണ്ടാകേണ്ടത്?: കുട്ടികള്‍ക്ക് സ്‌നേഹം, സുരക്ഷ, സ്ഥിരത എല്ലാം കുടുംബം നല്‍കുന്നു എന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അംഗങ്ങള്‍ തമ്മില്‍ പ്രതിബദ്ധതയുള്ള, ഒരുമിച്ച് സമയം ചെലവിടുന്ന, ബുദ്ധിമുട്ടുള്ള സമയത്ത് ഒരുമിച്ച് നില്‍ക്കുന്ന, പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന മനസാണ് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം എന്നതാണ് പാഠം. ഭാവിയില്‍ നല്ല കുടുംബബന്ധത്തിന് അടിത്തറയിടുക മാത്രമല്ല ഈ പാഠങ്ങള്‍ ചെയ്യുന്നത്. സ്വന്തം കുടുംബത്തില്‍ കുട്ടികള്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മനസ്സിലാക്കാനും കൂട്ടുകാരോടും അധ്യാപകരോടും പങ്കുവെക്കാനുമുള്ള അവസരം ഉണ്ടാക്കുകയും കൂടിയാണ്.

സൗഹൃദമാണ് അടുത്ത വിഷയം. എന്താണ് സൗഹൃദത്തിന്റെ അടിസ്ഥാനം?: തുല്യത, പരസ്പര ബഹുമാനം, സ്വകാര്യതകളെ മാനിക്കുക, എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് സമ്മതം ചോദിക്കുക, ഇതൊക്കെയാണ് ആരോഗ്യകരമായ സൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുന്നു. പില്‍ക്കാലത്ത് പങ്കാളികളെ കണ്ടെത്തുന്‌പോള്‍ തുല്യതയും ബഹുമാനവും നല്‍കണമെന്നും ലൈംഗിക ബന്ധങ്ങളുടെ കാര്യത്തില്‍ സമ്മതം അടിസ്ഥാനമാണെന്നുമുള്ള പാഠങ്ങളുടെ അടിത്തറ ഇട്ടുവെക്കലും കൂടിയാണിത്.

മൂന്നു വയസ് മുതലേ കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളുമായി ഇന്റര്‍നെറ്റില്‍ എത്തുന്നു. ഇന്റര്‍നെറ്റിലൂടെ കുട്ടികളെ വളച്ചെടുക്കുന്ന പീഡകരുടെ എണ്ണവും കൂടിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബന്ധങ്ങളെയും അതിന്‍റെ സാധ്യതകളെയും ചതിക്കുഴികളെയും പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. എങ്ങനെയാണ് സൈബര്‍ ഇടങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നത്, ഏതെങ്കിലും തരത്തില്‍ പീഡന ശ്രമമുണ്ടായാല്‍ ആരെയാണ് അറിയിക്കേണ്ടത് എന്നെല്ലാം ഈ പ്രായത്തില്‍ കുട്ടികളെ പറഞ്ഞു മനസിലാക്കാം.

കുടുംബത്തില്‍ തൊട്ട് സൈബര്‍ ഇടങ്ങളില്‍ വരെയുള്ള ബന്ധങ്ങളുടെ രീതിയും പ്രാധാന്യവും മനസ്സിലാക്കിയതിന് ശേഷമാണ് ലൈംഗിക വിദ്യാഭ്യാസത്തിലേക്ക് വരുന്നത്. ചില കുട്ടികള്‍ ചെറുപ്പകാലത്ത് തന്നെ സ്വന്തം ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടേയിരിക്കും. എത്ര ചെറിയ കുട്ടിയാണെങ്കിലും അതവര്‍ക്ക് ആനന്ദം നല്‍കും. ഇത് ഒറ്റയടിക്ക് എതിര്‍ക്കുകയോ ശിക്ഷിക്കുകയോ അരുത്. ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് മറ്റൊരാള്‍ കാണ്‍കെ ആകരുതെന്ന് മാത്രം പറഞ്ഞുകൊടുക്കുക.

കൗമാരത്തോട് അടുക്കുന്‌പോള്‍: നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്റര്‍നെറ്റും സിനിമയും കാണുന്നുണ്ട്. ലൈംഗികതയുള്ള രംഗങ്ങള്‍ അവര്‍ അവിടെ കണ്ടെന്നിരിക്കും. വീട്ടില്‍ മാതാപിതാക്കള്‍ തമ്മില്‍ ചേര്‍ന്നിടപഴകുന്നതും അവര്‍ കണ്ടേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കിലും അങ്ങനെ കുട്ടികള്‍ കാണുന്ന സാഹചര്യമുണ്ടായാല്‍ അതൊരു വലിയ പ്രശ്‌നമായെടുക്കേണ്ടതില്ല. സ്‌നേഹമുള്ളവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും സ്വാഭാവികവും ആരോഗ്യകരവുമാണെന്ന സന്ദേശമാണ് അവര്‍ക്ക് കൊടുക്കേണ്ടത്.

പെണ്‍കുട്ടികളില്‍ ആദ്യ ആര്‍ത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്. ആണ്‍കുട്ടികളും ചെറുപ്രായത്തില്‍ തന്നെ പ്രായപൂര്‍ത്തിയിലെത്തുന്നു. പത്തുവയസിനു മുന്‍പേ ആര്‍ത്തവം എന്തെന്ന് പെണ്‍കുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആണ്‍കുട്ടികളെയും പറഞ്ഞു മനസിലാക്കണം. ഇവ സ്വാഭാവികമാണെന്നും ഭയപ്പെടാനില്ല എന്നുമായിരിക്കണം പ്രധാന സന്ദേശം. ഇത്തരം സാഹചര്യത്തില്‍ ശരീരം എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.

കൗമാരത്തിലെ ലൈംഗിക വിദ്യാഭ്യാസം: കുട്ടികള്‍ക്ക് ലൈംഗിക വളര്‍ച്ചയുണ്ടാകുകയും ലൈംഗിക ആകര്‍ഷണമുണ്ടാകുകയും ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ഇക്കാലത്ത് കുട്ടികള്‍ക്ക് നല്‍കേണ്ട അറിവുകള്‍ താഴെ പറയുന്നവയാണ്.

ലൈംഗികത ആസ്വദിക്കേണ്ട ഒന്നാണ്. വ്യക്തിപരമായ ആരോഗ്യവും പങ്കാളിയുടെ സമ്മതവുമാണ് സന്തോഷകരമായ ലൈംഗികതയുടെ അടിസ്ഥാനം.

മറ്റുള്ളവരോട് ലൈംഗിക ആകര്‍ഷണം തോന്നുന്നത് തികച്ചും സ്വഭാവികമാണ്.

ഓരോരുത്തരുടേയും ശരീരം ഓരോ തരത്തിലാണ്. ലൈംഗിക ആകര്‍ഷണം എന്നത് കൃത്യമായ അഴകളവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നല്ല. നിങ്ങളുടെ നിറമോ, ശരീര വടിവോ, ലൈംഗിക അവയങ്ങളുടെ പുഷ്ടിയോ വലിപ്പമോ രൂപമോ ഒന്നും തന്നെ നിങ്ങളെ മോശക്കാരാക്കുന്നില്ല.

പ്രായപൂര്‍ത്തിയായവര്‍ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭത്തിലേക്ക് നയിക്കും. ചെറുപ്രായത്തില്‍ ഗര്‍ഭിണിയാകുന്നത് കുട്ടിക്കും അമ്മയ്ക്കും മാനസിക  ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കും.

ഗര്‍ഭനിരോധനത്തിന് പല മാര്‍ഗങ്ങളുണ്ടെങ്കിലും അവയൊന്നും പൂര്‍ണ സുരക്ഷിതമല്ല.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ക്ക് കാരണമാകാം. അതൊഴിവാക്കാനെടുക്കുന്ന മുന്‍കരുതലുകള്‍ പാളി രോഗം പിടിപെട്ടാല്‍ മറ്റ് ഏതൊരു രോഗത്തിനും ചികിത്സ തേടുന്നത് പോലെ ഇതിനും ആവശ്യമാണ്.

ലൈംഗികരോഗമായ HIV / AIDS ന് ഇതുവരെ വാക്‌സിനുകള്‍ കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ രോഗം വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ലൈംഗികബന്ധ സമയത്ത് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നത് ഒകഢ തടയാനും സഹായിക്കും. നൂറു ശതമാനം സുരക്ഷിതത്വം അതിനുമില്ല.

പുരുഷന് സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടും മാത്രമല്ല, സ്വവര്‍ഗ്ഗത്തില്‍ പെട്ടവരോടും ലൈംഗിക താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്.

പങ്കാളിയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പോലും തെറ്റാണ്, നിയമവിരുദ്ധവും. സമ്മതം എന്നത് ഓരോ തവണയും ചോദിച്ച് വാങ്ങേണ്ട ഒന്നാണ്. ഇന്നലത്തെ സമ്മതം ഇന്നത്തെ സമ്മതമല്ല. ലോകത്ത് ഓരോ രാജ്യത്തും ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാനുള്ള പ്രായപൂര്‍ത്തി വ്യത്യസ്തമാണ്. മദ്യപിച്ചിരിക്കുന്‌പോഴോ മയക്കുമരുന്നുകള്‍ കഴിച്ചിരിക്കുന്‌പോഴോ നല്‍കുന്ന സമ്മതം നിയമത്തിന് മുന്‍പില്‍ നിലനില്‍ക്കുന്നതല്ല.

 വളരുന്ന പ്രായത്തില്‍ ലൈംഗികത പരീക്ഷിക്കുന്നതിലും ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികവും ഏറെ ലൈംഗിക സംതൃപ്തി നല്‍കുന്നതും എല്ലാവരും തന്നെ ചെയ്യുന്നതുമായ കാര്യമാണ്. അതില്‍ കുറ്റബോധം തോന്നേണ്ടതായി ഒന്നുമില്ല. സ്വകാര്യമായി ചെയ്യുക, ശരീരഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക ഇതൊക്കെയാണ് പ്രധാനം.

ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് നല്ലൊരു ലൈംഗിക ജീവിതം. അതുകൊണ്ടു തന്നെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങള്‍ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു  മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല. മറ്റേത് വിഷയവും പോലെ ചര്‍ച്ച ചെയ്യേണ്ടതും അറിവുകള്‍ സന്പാദിക്കേണ്ടതുമായ ഒരു വിഷയമാണിത്.

ഇത്രയും അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ കുട്ടികളെ പതിനെട്ട് വയസിനു മുന്‍പേ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആരോഗ്യപരമായ ലൈംഗികജീവിതത്തിന് അടിത്തറയിട്ടു എന്ന് പറയാം. മുന്‍പ് പറഞ്ഞത് പോലെ ഇത്തരം കാര്യങ്ങള്‍ ഒരു ദിവസം സ്‌പെഷ്യല്‍ ക്ലാസ്സ് നടത്തി പറയാതെ, സ്കൂളിലും വീട്ടിലും അവസരങ്ങള്‍ ഉള്ളപ്പോഴും ഉണ്ടാക്കിയും പഠിപ്പിക്കണം, ചര്‍ച്ച ചെയ്യണം. ലൈംഗികത ഒരു പോസിറ്റിവ് സംഭവമാണെന്ന മനോഭാവം അടുത്ത തലമുറയില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.

ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ പുതിയൊരു പാഠ്യപദ്ധതിയുണ്ടാക്കിയാല്‍ അതിനെതിരെയും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നുറപ്പാണ്. സ്കൂളുകളില്‍ ബന്ധങ്ങളും ലൈംഗികതയും പഠിപ്പിക്കുന്നതിനെതിരെയുള്ള എതിര്‍പ്പുകള്‍ നമുക്ക് അതിശയമായി തോന്നിയേക്കാം. യാഥാസ്ഥിതികര്‍ക്ക് അങ്ങനെ കാലദേശം ഒന്നുമില്ല. അവരൊക്കെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ് ദാസാ...

ഇത്തരം പിന്തിരിപ്പന്മാരെ അവിടുത്തെ സര്‍ക്കാര്‍ എങ്ങനെ നേരിടുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം ചെയ്യന്നത് എന്താണ് പഠിപ്പിക്കുന്നത് എന്ന കൃത്യമായ വിവരങ്ങളും അതെങ്ങനെ പഠിപ്പിക്കണമെന്ന അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പൊതുസഞ്ചയത്തില്‍ വെളിപ്പെടുത്തുക എന്നതാണ്. ശേഷം ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളവരോട് സംസാരിക്കുക, അവരുടെ വാദമുഖങ്ങള്‍ കേള്‍ക്കുക, അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. മതമൗലികവാദം കൊണ്ടോ സംസ്കാരത്തെയോ പാരന്പര്യത്തെയോ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കൊണ്ടോ ഇതിനോട് എതിര്‍പ്പുള്ളവര്‍ കുറച്ചു പേരെങ്കിലുമുണ്ടാകും. അവര്‍ക്ക് വേണ്ടി മൊത്തം പാഠ്യപദ്ധതി മാറ്റുകയല്ല ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തത്. അവര്‍ക്ക് വേണമെങ്കില്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ ഇരുത്തരുതെന്ന് എഴുതിക്കൊടുക്കാം. സ്കൂളുകള്‍ അതിനുള്ള സൗകര്യമൊരുക്കും. പില്‍ക്കാലത്ത് അവരൊക്കെ പിതൃസ്മരണ ചെയ്‌തോളും എന്നതില്‍ തര്‍ക്കമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക