Image

കമ്യൂണിസ്റ്റുകാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 21 November, 2019
കമ്യൂണിസ്റ്റുകാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ (വെള്ളാശേരി ജോസഫ് )
മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വിവാഹം കഴിച്ചതിനെ കുറിച്ച് ഒരു കഥയുണ്ട്. നായനാരും ശാരദ ടീച്ചറും അടുപ്പത്തിലായിരുന്നു എന്നുള്ളത് പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു. പക്ഷെ നായനാരോട് ശാരദ ടീച്ചറെ വിവാഹം കഴിക്കാന്‍ ചിലര്‍ പറഞ്ഞപ്പോള്‍ 'പാര്‍ട്ടി പറയട്ടെ' എന്നാണ് നായനാര്‍ പറഞ്ഞത്. ഇവിടെ നിഷ്പക്ഷമതികള്‍ക്ക് ഒരു ചോദ്യം ഉന്നയിക്കാം. പാര്‍ട്ടി പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇ.കെ. നായനാര്‍ ശാരദ ടീച്ചറെ വിവാഹം കഴിക്കില്ലായിരുന്നുവോ? ഒരു രക്തഹാരം അങ്ങോട്ടുമിങ്ങോട്ടും ഇടാന്‍ പാര്‍ട്ടിയുടെ അനുമതിപത്രം എന്തിനാണ്? ഗൗരിയമ്മയുടേയും ടി.വി. തോമസിന്റ്റേയും കാര്യത്തിലും സമാന സ്വഭാവമുണ്ട്. ഗൗരിയമ്മയേയും ടി.വി. തോമസിനേയും അകറ്റിയതില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്ന് പലരും ആരോപിച്ചിട്ടുണ്ട്. അജിത ഒരു ഇന്റ്റര്‍വ്യൂവില്‍ ഒരിക്കല്‍ പറഞ്ഞത് ഗൗരിയമ്മ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാര്‍ട്ടി അവര്‍ക്ക് അവധി അനുവദിക്കാന്‍ തയാറല്ലായിരുന്നു എന്നാണ്. ക്ലേശകരമായ യാത്രയും, പാര്‍ട്ടി പ്രവര്‍ത്തനവും മൂലം ഗൗരിയമ്മക്ക് അബോര്‍ഷന്‍ സംഭവിച്ചു എന്ന ഗുരുതരമായ ആരോപണമാണ് അജിത ആ ഇന്റ്റര്‍വ്യൂവില്‍ ഉന്നയിച്ചത്. ഗൗരിയമ്മയ്ക്ക് അസുഖബാധിതനായിരുന്ന ടി.വി. തോമസിനെ ശുശ്രൂഷിക്കാന്‍ പോകാന്‍ പാര്‍ട്ടി അനുവദിച്ചില്ല; അതുകൊണ്ട് പോയില്ല എന്ന് പറഞ്ഞു ഇപ്പോള്‍ ഗൗരിയമ്മ പരിതപിക്കാറുമുണ്ട്.

ഇങ്ങനെ പാര്‍ട്ടി ജീവാത്മാവും പരമാത്മാവും ആയി മാറുമ്പോള്‍ അത് ഒരു മതത്തിന്റ്റെ സ്വഭാവം കൈവരിക്കുന്നില്ലേ? കമ്യൂണിസ്റ്റുകാര്‍ ഉത്തരം പറയേണ്ട ചോദ്യമാണത്. മതത്തിനെക്കാളും വലിയ വലിയ അപകടമാണ് കമ്മ്യൂണിസം എന്ന കാലം തെളിയിച്ചിട്ടുമുണ്ട്. മതത്തില്‍ ഭൂരിഭാഗത്തിനും ദൈവത്തേയും, വിശ്വാസ പ്രമാണങ്ങളേയും പേടിയുണ്ട്. കമ്യൂണിസത്തില്‍ ഈശ്വര സങ്കല്‍പ്പം ഇല്ലാ. കമ്യൂണിസം അടിസ്ഥാനപരമായി ഭൗതിക വാദത്തില്‍ അധിഷ്ടിതമാണ്. കമ്യൂണിസ്റ്റ് ഐഡിയോളജിയില്‍ ദൈവം ഇല്ലാത്തതുകൊണ്ട് അങ്ങനെയുള്ള ഒരു അതീദ്രിയ സങ്കല്‍പ്പത്തെ പേടിക്കേണ്ട ആവശ്യവും വരുന്നില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ചൈനയിലും, മുന്‍ സോവിയറ്റ് യൂണിയനിലും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഏകാധിപത്യം സര്‍വ്വ സീമകളും ലംഘിച്ച് കമ്മ്യൂണിസത്തില്‍ കൊടികുത്തി വാണത്.

'കമ്മ്യൂണിസ്റ്റാവുക  പിന്നെ മനുഷ്യനാവുക' എന്നൊക്കെയുള്ള ഡയലോഗുകള്‍ ഏകാധിപത്യവും മനുഷ്യത്ത്വവിരുദ്ധവും ആയ സമീപനങ്ങള്‍ മൂലം കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ തന്നെ തീര്‍ത്തും പഴഞ്ചന്‍ സങ്കല്‍പ്പമായിപ്പോയി. സോവിയറ്റ് 'കളക്റ്റിവൈസേഷനില്‍' എത്ര കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയില്‍ സ്റ്റാലിനോട് ചോദിച്ചപ്പോള്‍ 'ടമേഹശി ൃമശലെറ വശ െിെീം ംവശലേ വമിറ െമിറ ശിറശരമലേറ 10' എന്നാണ് 'ഞശലെ മിറ എമഹഹ ീള ഖീലെുവ ടമേഹശി' എന്ന സ്റ്റാലിന്റ്റെ ജീവചരിത്രത്തില്‍ റോബര്‍ട്ട് പെയിന്‍ പറയുന്നത്. ഇത് ഒരു ബൂര്‍ഷ്വാ പ്രചാരണവും അല്ല; സ്റ്റാലിന്റ്റെ തന്നെ വാക്കുകളാണ്. പത്തു ലക്ഷം കര്‍ഷകരെ കൂട്ടകുരുതി നടത്തി 'കളക്റ്റിവൈസേഷന്‍' നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാല്‍പതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ഒരുകാലത്ത് നെഞ്ചേറ്റിയവര്‍ക്ക് എന്ത് മാനുഷിക മൂല്യങ്ങള്‍ ആണ് ഉല്‍ഘോഷിക്കുവാനുള്ളത്? അമര്‍ത്യ സെന്നിന്റ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാല്‍പതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കര്‍ഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷന്‍' നടപ്പാക്കിയ സ്റ്റാലിന്‍ നമ്മുടെ ഇടതുപക്ഷത്തിന് ഒരുകാലത്ത് ആരാധ്യ പുരുഷന്‍ ആയിരുന്നു. ട്രോട്‌സ്‌കി, ബുഖാറിന്‍, സിനോവീവ്, കാമനെവ്  ഇവരെല്ലാം സ്റ്റാലിന്റ്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാന്‍ നമ്മുടെ ഇടതു പക്ഷത്തിന്  ഒരുകാലത്ത് ഒരു മടിയും ഇലായിരുന്നു. എന്തു ജനാധിപത്യ മൂല്യങ്ങളുടേയും, മാനുഷികതയുടേയും സന്ദേശങ്ങള്‍ ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിച്ചതിലൂടെ ഇടതു പക്ഷം നല്‍കിയത്?

1958ലാണ് മാവോ തന്റ്റെ 'ഗ്രെയിറ്റ് ലീപ് ഫോര്‍വേഡ്' എന്ന ആശയം അവതരിപ്പിച്ചത്. വ്യവസായികമായും, കാര്‍ഷികമായും ഉല്‍പാദനം ഉയര്‍ത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. വ്യവസായികമായി സ്റ്റീല്‍ ഉല്‍പാദനത്തിന് മുന്‍ഗണന കൊടുത്തു. പക്ഷെ ഗ്രാമീണര്‍ ഉല്‍പാദിപ്പിച്ചു കൂട്ടിയ സ്റ്റീല്‍ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാള്‍ വലിയ ഭീമമായ അബന്ധമായിരുന്നു കാര്‍ഷിക രംഗത്തു നടന്നത്. മാവോയുടേത് നല്ല ഉദ്ദേശങ്ങള്‍ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിന്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങള്‍ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാന്‍ മാവോയും, കമ്യുണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങള്‍ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചു. ചൈനയില്‍ ധാന്യങ്ങളുടെ മൊത്തം ഉല്‍പാദനം കുറയാനുള്ള കാരണം കിളികള്‍ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടി അനുമാനിച്ചപ്പോള്‍ ആ കിളികള്‍ തിന്നു തീര്‍ക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി. 'ഫോര്‍ പെസ്റ്റ് ക്യാംപെയിന്‍' എന്നറിയപ്പെട്ട ഈ പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് 'യൂറോപ്യന്‍ ട്രീ സ്പാരോ' എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. 'ഗ്രെയിറ്റ് ലീപ് ഫോര്‍വേഡ്' എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോള്‍ നെല്‍വയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങള്‍ പെരുകി. അവയെ തിന്നൊടുക്കുവാന്‍ കിളികള്‍ ഇല്ലാതെ പോയി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് അമര്‍ത്യ സെന്നിന്റ്റെ കണക്കു പ്രകാരം ചൈനയില്‍ 195960കളില്‍ മുപ്പതു ദശ ലക്ഷം തൊട്ടു നാല്‍പതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

1959 ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ ലുഷാനില്‍ നടന്ന കമ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഫെറന്‍സില്‍ മാവോയ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇപ്പോള്‍ ബെര്‍ട്ടിന്‍ ലിന്റ്റ്‌ലര്‍ തന്റ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇന്‍ഡ്യാ വാര്‍' ല്‍ പറയുന്നത് പട്ടിണി മരണങ്ങള്‍ സൃഷ്ടിച്ച ആഭ്യന്തര സംഘര്‍ഷം രൂക്ഷമായപ്പോള്‍ മാവോ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു അതിര്‍ത്തി തര്‍ക്കം എന്നാണ്. പട്ടിണിയില്‍ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാന്‍ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇന്‍ഡ്യാചൈനാ അതിര്‍ത്തിയില്‍ ചൈന നടത്തിയ വന്‍ സൈനിക നീക്കങ്ങള്‍ കണ്ടു പിടിക്കാന്‍ ഇന്ത്യന്‍ ഇന്റ്റെലിജെന്‍സ് ഏജന്‍സികള്‍ക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ  'കിറശമ മളലേൃ ഏമിറവശ  ഠവല ഒശേെീൃ്യ ീള വേല ണീൃഹറ' െഘമൃഴലേെ ഉലാീരൃമര്യ'യിലും 1962ലെ ഇന്‍ഡ്യാചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകള്‍ കാണിക്കുവാനുള്ള തന്റ്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ ചൈനീസ് സര്‍ക്കാര്‍ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതു തന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്?

സ്വീഡിഷ് എഴുത്തുകാരനായ ബെര്‍ട്ടിന്‍ ലിന്റ്റ്‌ലര്‍ തന്റ്റെ പുസ്തകമായ 'ചൈനാസ് ഇന്‍ഡ്യാ വാര്‍' ല്‍ 1959 മുതലേ മാവോ ഇന്ത്യക്കെതിരെ കരു നീക്കങ്ങള്‍ തുടങ്ങിയിരുന്നൂ എന്നാണ് പറയുന്നത്. ബെര്‍ട്ടിന്‍ ലിന്റ്റ്‌ലര്‍ തന്റ്റെ പുസ്തകത്തിലൂടെ ചൈനയില്‍ മാവോയുടെ വലിയ ഭരണ പരാജയങ്ങള്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ആ ഭരണ പരാജയങ്ങള്‍ കാരണം നഷ്ടപ്പെട്ട 'ഇമേജ്' വീണ്ടെടുക്കാനായിരുന്നു മാവോ 1962ലെ യുദ്ധം നടത്തിയതെന്നാണ് ബെര്‍ട്ടിന്‍ ലിന്റ്റ്‌ലര്‍ തന്റ്റെ  പുസ്തകത്തിലൂടെ പറയുന്നത്. അതിര്‍ത്തി തര്‍ക്കമായിരുന്നില്ലാ 1962ല്‍ ഇന്‍ഡ്യാചൈനാ യുദ്ധത്തിലേക്ക് നയിച്ചത്. ചൈനയുടെ ഇന്ത്യക്കെതിരേയുള്ള  നിലപാടുകള്‍ സ്വന്തം ഭരണ പരാജയങ്ങളില്‍ നിന്നായിരുന്നൂ വന്നത്. യുദ്ധങ്ങള്‍ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയില്‍ ഒക്കെ തന്നെയാണ്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ജനത്തിന്റ്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികള്‍ അയല്‍ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും.  

'അവര്‍ അവരുടേതെന്നും; നമ്മള്‍ നമ്മുടേതെന്നും കരുതുന്ന ഭൂമിയെ ചൊല്ലിയാണ് തര്‍ക്കം' എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട്1962ലെ യുദ്ധത്തെ കുറിച്ച് പറഞ്ഞത്. സ്വന്തം രാജ്യം ആക്രമിക്കപ്പെടുമ്പോഴും കമ്യൂണിസ്റ്റ് ആചാര്യനായ മാവോയെ ന്യായീകരിക്കാനുള്ള ത്വര ഈ പ്രസ്താവനയില്‍ കാണാം. ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മതങ്ങളെ പോലെ തന്നെ അടിമകളെ സൃഷ്ടിക്കുകയാണ്; പാര്‍ട്ടിക്ക് വേണ്ടി ബുദ്ധി പണയം വെക്കപ്പെടുന്നു. ഒരു കമ്യൂണിസ്റ്റുകാരന് എന്തും പാര്‍ട്ടിയോട് ചോദിച്ചിട്ടു വേണം പറയാന്‍. പാര്‍ട്ടി നിലപാടുകള്‍ക്കനുസരിച്ച് അതല്ലെങ്കില്‍ സ്റ്റഡി ക്‌ളാസുകളില്‍ എടുക്കുന്ന നിലപാടിനനുസരിച്ചു പോകാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും നിര്‍ബന്ധിതനാകുകയാണ്. ഇവിടെ സത്യം പറഞ്ഞാല്‍ ലോക്കല്‍ കമ്യുണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒരു മത പുരോഹിതനെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഉള്‍പാര്‍ട്ടി സ്വാതന്ത്ര്യം എന്നു പറയുന്നത് മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവരുടെ സംഘടനാ സെറ്റപ്പിലും ഇല്ലേയില്ല. എല്ലാ സംഘടനാ സെറ്റപ്പുകള്‍ക്കും സ്വന്തം വ്യക്തിത്ത്വം പണയം വെക്കുന്ന അടിമകളെ മാത്രമേ ആവശ്യമുള്ളൂ. പല വിദേശ സിനിമകളും സംഘടനാ സെറ്റപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരത്തിലുള്ള സര്‍വാധിപത്യത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. പ്രശസ്ത ചൈനീസ് സിനിമയായ 'ഹിബിസ്‌കസ് ടൗണ്‍' കണ്ടാല്‍ മാത്രം മതി അത് മനസിലാക്കുവാന്‍. ആ സിനിമയില്‍ ടൗണിലെ ഒരു യുവാവ് ഒരു യുവതിയുമായി പ്രണയത്തില്‍ ആയ ശേഷം പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി വാങ്ങാന്‍ പോകുന്ന രംഗമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങി 'ഞശരല ഈൃറ' അഥവാ തൈര് ചേര്‍ത്ത ചോറ് രുചികരമായി ഉണ്ടാക്കി കുറച്ചു കാശ് സമ്പാദിച്ച യുവതിയായിരുന്നു ചൈനീസ് സഖാവിന്റ്റെ പ്രണയിനി. പാര്‍ട്ടി വര്‍ഗശത്രുവെന്ന് ലേബല്‍ ചെയ്തിട്ടുള്ള ആള്‍. പ്രണയിനിയുടെ പേര് പറയുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി രോഷത്തോടെ ചോദിക്കുന്നത് 'How can you love a bourgeois; a rightist' എന്നാണ്. പാര്‍ട്ടി സെക്രട്ടറിയുടെ ചോദ്യത്തിന് മുന്നില്‍ നിസ്സഹായനായ യുവാവ് ആത്മരോഷത്തോടെ വിതുമ്പി ചോദിക്കുന്നത് 'Cats love; dogs love – why I alone can't love?' എന്നാണ്. മുന്‍ യൂഗോസ്‌ളാവിയയില്‍ നിന്ന് വന്ന മറ്റൊരു സിനിമയിലാണെന്നു തോന്നുന്നു, വീണ്ടും ഇതുപോലൊരു രംഗമുണ്ട്. 'ഓഫീസര്‍ വിത്ത് എ റോസ്' എന്ന സിനിമയില്‍ ഒരു സഖാവായ ഓഫീസര്‍ ഒരു ബൂര്‍ഷ്വയെ പ്രണയിക്കുന്നതായിട്ടാണ് കാണിക്കുന്നത്. ആ പ്രണയം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇത് തന്റ്റെ സ്വകാര്യ വിഷയമാണെന്ന് പറഞ്ഞാണ് ആ ഓഫീസര്‍ പ്രണയത്തെ ന്യായീകരിക്കുന്നത്. അപ്പോള്‍ കൂട്ടുകാരനായ സഖാവ് പറയുന്നത് 'A Communist doesn't have any private affairs' എന്നാണ്. എന്തായാലും സിനിമ വന്ന സ്ഥലങ്ങളിലൊക്കെ പാര്‍ട്ടി പാര്‍ട്ടിയുടെ സര്‍വാധിപത്യപരമായ തെറ്റുകള്‍ തിരുത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രം അത്തരം തെറ്റ് തിരുത്തല്‍ പ്രക്രിയ കാണാനില്ല.

ഇതൊക്കെ കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികളോട് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല; എന്നാലും പറയുകയാണ്. ഇന്നും ഏകാധിപത്യലൂന്നിയ മൂഢ കമ്യൂണിസ്റ്റ് സ്വപ്നങ്ങളില്‍ അഭിരമിക്കുന്നവരാണ് ഇന്ത്യയിലെ; പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍!!! ചൈനയില്‍ പത്തിരുപതു വര്‍ഷം ജീവിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളിക്കാരനായ ഇതെഴുതുന്നയാളുടെ സുഹൃത്ത് 1990കളില്‍ തന്നെ  പറഞ്ഞത് 'അവിടെ സ്റ്റഡി ക്‌ളാസെടുത്താല്‍ ജനം പിടിച്ച് അടി കൊടുക്കും' എന്നാണ്. പഴയ ഇടതു പക്ഷ ആശയങ്ങള്‍ക്ക് സ്‌കോപ്പില്ലാത്തത് കൊണ്ട് യൂറോപ്പില്‍ പല കമ്യുണിസ്റ്റ് പാര്‍ട്ടികളും സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടികളായി മാറി. അതൊന്നും നമ്മുടെ കമ്യുണിസ്റ്റുകാര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

കമ്യൂണിസ്റ്റ് സ്വപ്നങ്ങളില്‍ ജീവിക്കുന്നവര്‍ ഇനിയും മാറിയില്ലെങ്കില്‍ ചിലപ്പോള്‍ പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്‌കസ് ടൗണ്‍' ലെ കഥാപാത്രമായ വാനിന് സംഭവിച്ചത് പോലെ മനോവൈകല്യങ്ങള്‍ ഒരുപക്ഷെ ഉണ്ടാകും. പാര്‍ട്ടി സെക്രട്ടറിയായ വാനിന് ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുമ്പോള്‍ അതുള്‍ക്കൊള്ളാനാവാതെ ഹൃദയം തകര്‍ന്ന് മനോരോഗം പിടിക്കുന്നതായിട്ടാണ് 'ഹിബിസ്‌കസ് ടൗണ്‍' കാണിക്കുന്നത്. സിനിമയുടെ അവസാനം 'Another Mobilization is On' എന്ന് പറഞ്ഞു വാന്‍ തന്റ്റെ ചെണ്ടയും കൊട്ടി നീങ്ങുമ്പോള്‍ നമ്മള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നുപോകും!!! കമ്യൂണിസം തലക്ക് പിടിച്ചാലുള്ള കുഴപ്പമാണ് വാന് സംഭവിച്ചത്. ഒരുപക്ഷെ കേരളത്തില്‍ പലര്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്. ഭാവിയില്‍ അനേകം പേര്‍ക്ക് ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കാനേ സുമനസുകള്‍ക്ക് സാധിക്കൂ. കാല്‍പ്പനിക സ്വപ്നങ്ങളൊക്കെ തകരുമ്പോള്‍ വാനിനെ പോലെ പലര്‍ക്കും കുഴപ്പങ്ങള്‍ സംഭവിക്കാം. കുഴപ്പങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആശിക്കാന്‍ അല്ലേ നമുക്കൊക്കെ കഴിയൂ? ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്നത് പോലെ കുഴിമാടത്തിലും ഉണര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ. 'ഞാന്‍ കുഴിമാടത്തിലും ഉണര്‍ന്നിരിക്കും' എന്നാണല്ലോ കമ്യൂണിസ്റ്റുകാരനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റ്റെ ആത്മ കഥയില്‍ പറയുന്നത്!!! കുഴിമാടം വരെ തങ്ങളുടെ സ്റ്റാലിനിസ്റ്റ് സ്വപ്നങ്ങളുമായി പോകാന്‍ തയാറെടുത്തിരിക്കുന്നവരോട് എന്തു പറയാന്‍?

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

കമ്യൂണിസ്റ്റുകാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ (വെള്ളാശേരി ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക