Image

ഷഹല ഷെറിന്റെ മരണം ആരോപണ വിധേയര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം: ഐസിഎഫ്

Published on 22 November, 2019
ഷഹല ഷെറിന്റെ മരണം ആരോപണ വിധേയര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം: ഐസിഎഫ്

ജിദ്ദ: സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവണ്‍മെന്റ് സ്‌കൂള്‍ ക്ലാസ് റൂമില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാന്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈടെക് ക്ലാസ് റൂമുകളുടെയും സ്‌പെഷാലിറ്റി ആശുപത്രികളുടെയും പേരില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സാംസ്‌കാരിക, വികസിത കേരളത്തിലാണിത് നടന്നെന്നത് അത്യന്തം വേദനിപ്പിക്കുന്നതാണ്. പാമ്പു കടിയേറ്റ വിദ്യാര്‍ഥിനിയെ യഥാ സമയം ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ അധ്യാപകരും നിസഹകരണ മനോഭാവത്തോടെ പെരുമാറി മനപൂര്‍വം ചികിത്സ വൈകിപ്പിച്ച ആശുപത്രി അധികൃതരും ശോചനീയവും ഭീതിതവുമായ സാഹചര്യമുള്ള റൂമുകളില്‍ ക്ലാസ് നടത്തുന്ന സ്‌കൂള്‍ അധികൃതരും ഈ മരണത്തിന് ഉത്തരവാദികളാണ്.

സഹപാഠികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാത്ത അധ്യാപരുടെ സമീപനം മരണത്തിന് കാരണം ആയിട്ടുണ്ട്. ആന്റിവനം മൂലമുള്ള എല്ലാ ഭവിഷത്തുകളും പിതാവ് ഏറ്റെടുത്തിട്ടുപോലും ചികിത്സ വൈകിപ്പിച്ച ഡോക്ടറുടെ നടപടി വൈദ്യലോകത്തിനു തന്നെ അപമാനമാണ്. പാമ്പ് കടിയേറ്റവര്‍ക്ക് ചികിത്സ ലഭ്യമാണെന്ന് സര്‍ക്കാര്‍ പരസ്യം ചെയ്ത താലൂക്ക് ആശുപത്രി കൂടിയാണിത്.

സമീപ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ നടക്കുന്ന കുത്തഴിഞ്ഞ സംവിധാനങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും പിടിപ്പുകേടുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ നിരന്തരം ആവര്‍ത്തിക്കെപ്പെടുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് കാണിക്കുന മനോഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് ഷഹല എന്ന വിദ്യാര്‍ഥിനിയുടെ മരണം.

സയ്യിബ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റിയാടി, സലാം വടകര, സുബൈര്‍ സഖാഫി, സലീം പാലച്ചിറ എന്നിവര്‍ സംബന്ധിച്ചു. ബഷീര്‍ എറണാകുളം സ്വാഗതവും എം.കെ. അഷ്‌റഫലി നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക