Image

കെട്ടിപിടിക്കുമ്പോള്‍ തല കുമ്പിടണോ? (ജിഷ രാജു)

Published on 27 November, 2019
കെട്ടിപിടിക്കുമ്പോള്‍ തല കുമ്പിടണോ? (ജിഷ രാജു)
കിണറ്റിന്‍ കരയില്‍ നിന്ന് പല്ല് തേയ്ക്കുമ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി ഇന്ന് വീടിനൊരു താളവ്യത്യാസമുണ്ട്.

സ്‌കൂള്‍ അവധിക്കാലങ്ങളില്‍ പൂനയില്‍ അമ്മായിയും മക്കളും വരുമ്പോഴും മറ്റുബന്ധുക്കളുടെ എണ്ണം കൂടുംതോറും വീടിന്റെ താളം ദ്രുതഗതിയില്‍ ആകാറുള്ളതാണ്.
എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും എല്ലാക്കാര്യത്തിലും കുറച്ചുകൂടി വേഗത കൂടിയപോലെ.

അമ്മ ഓടിനടന്ന് എന്തൊക്കയോ ജോലികള്‍ ചെയ്യുന്നുണ്ട്.
എളേമ്മയാണങ്കില്‍ പുകയില്‍പ്പെട്ട എലിയെപ്പോലെ അടുക്കളയില്‍ പായുന്നുണ്ട്. അവധിക്ക് വന്നതാണെന്നു പറഞ്ഞ് എപ്പോഴും പുസ്തകം വായിച്ചിരിക്കുന്ന അമ്മായിയും കഴുകിയ തുണി തോരാന്‍ ഇടുന്നുണ്ട്.

ജാംബുവാന്റെ കാലം പഴക്കമുള്ള ഞങ്ങളുടെ അംബാസിഡര്‍ കാറും ഷെഡ്ഡില്‍നിന്നും ഇറക്കിയിട്ടിട്ടുണ്ട്. അത് സ്റ്റാട്ട് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങള്‍ കുട്ടികള്‍ എണീറ്റത് തന്നെ. എല്ലാവരും കൂടി എങ്ങോട്ടോ പോകുന്നുണ്ട്. അല്ലാതെ ഈ കാറെടുത്ത് പുറത്തിടില്ല.

അച്ചമ്മയ്ക്ക് മാത്രം മാറ്റമൊന്നും കാണുന്നില്ല. പതിവുപോലെയുള്ള പത്രവായന നടത്തുന്നുണ്ട്.

ബ്രഷുമായി അടുത്തുവന്നുനിന്ന ചേച്ചി പതുക്കെ എന്നോട് പറഞ്ഞു. 'നമ്മള്‍ ഇന്ന് ചാലക്കുടി സുരഭിയില്‍ സിനിമയ്ക്ക് പോകുന്നുണ്ട്. അമ്മ, അച്ചമ്മയോട് പറയുന്നത് ഞാന്‍ കേട്ടതാണ്.'

'ഏത് സിനിമ? കുട്ടികള്‍ക്കുള്ള സിനിമയാണോ?'

'പേര് എനിക്കറിയില്ല. പക്ഷേ അതില്‍ മഴപെയ്യിക്കാനുള്ള മന്ത്രമുണ്ടത്രെ. അത് പഠിച്ചാല്‍ ആവശ്യത്തിന് മഴ പെയ്യിക്കാലോ?'
ചേച്ചി പല്ല് തേച്ചുകൊണ്ട് എന്നെ നോക്കിപ്പറഞ്ഞു.

'അമ്മുനോടും ജയയോടും ഞാന്‍ പറയട്ടെ.' സന്തോഷംകൊണ്ട് ഞാന്‍ അകത്തേക്ക് ഓടിക്കയറി.

ഞങ്ങള്‍ കുട്ടികള്‍ക്ക് സിനിമയ്ക്ക് പോകുക എന്നത് സിനിമയുടെ മഹാത്മ്യം അറിഞ്ഞിട്ടൊന്നുമല്ല. കുടുംബത്തോടെ, വിരുന്നുവന്ന കുട്ടികളുടെ കൂടെ ഒന്നിച്ച് പോകാനുള്ള അവസരം. പിന്നെ സിനിമയുടെ ഇടനേരങ്ങളില്‍ വാങ്ങിക്കിട്ടുന്ന കപ്പലണ്ടിയും, Joy ഐസ്‌ക്രീമുമൊക്കയായിരുന്നു ആ പോകലിനുള്ള ആകര്‍ഷണങ്ങള്‍.

ഞങ്ങള്‍ നാല് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ ഇടേണ്ട ഉടുപ്പിനെ കുറിച്ചും, ഏത് രീതിയില്‍ മുടിക്കെട്ടണമെന്നും തല മാന്തിയും, ചുമരിലെ പെയ്ന്റ് നഖം കൊണ്ട് മാന്തി കളഞ്ഞും പരസ്പരം തര്‍ക്കിച്ചും ആലോചിച്ച് കൊണ്ടിരിക്കെ മുതിര്‍ന്നവരുടെ ഇടയില്‍
വേറോരു ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു.

ഞാന്‍ ആദ്യത്തെ ദോശ കഷ്ണം ചമ്മന്തിയില്‍ മുക്കി വായില്‍ വെയ്ക്കുന്ന നേരത്തായിരുന്നു അമ്മ പറഞ്ഞത്.
'അച്ഛമ്മയ്ക്ക് കൂട്ടായി കുട്ടികള്‍ ഇവിടെ ഇരുന്നോളൂ ബാക്കിയുള്ളവര്‍ ഒരു സിനിമയ്ക്ക് പോകുന്നു.'

'ഞങ്ങളും വരും. മഴപെയ്യിക്കുന്ന മന്ത്രം ഞങ്ങള്‍ക്കും പഠിക്കണം.'

'അച്ഛന്‍ പറഞ്ഞു കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന സിനിമ അല്ലെന്ന്' അതും പറഞ്ഞ് ഓരോ ഗ്ലാസ്സ് ചായ ഞങ്ങളുടെ മുന്നില്‍ അമ്മ ശബ്ദത്തോടെ കൊണ്ടു വച്ചു.

അച്ഛമ്മയുടെ കട്ടിലില്‍ മടക്കിവെച്ച പഞ്ഞികിടക്കക്കരികില്‍ ചാരിയിരുന്ന് ഞങ്ങള്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷേ, രക്ഷയില്ല.

ഇനി അമ്മായിയെ പിടിച്ചാലേ കാര്യമുള്ളൂ. സെന്റിമെന്റ്‌സ് വര്‍ക്ക് ചെയ്യിക്കാന്‍ ഉത്തമ എന്ന മട്ടില്‍ സ്വമേധയാ ഞാന്‍ ആ ഉദ്യമത്തിനിറങ്ങി.

'ഞങ്ങളെയും കൂടെ കൊണ്ടു പോകുമോ? അമ്മായിയുടെ മോള്‍ക്കും കാണില്ലേ ഒരു മലയാളം സിനിമ കാണാന്‍ ആഗ്രഹം! അവള്‍ ഹിന്ദി സിനിമയല്ലേ കാണാറുള്ളൂ. അമ്മായി പറഞ്ഞാല്‍ അമ്മ കേള്‍ക്കും. വേറെ ആരും പറഞ്ഞാല്‍ അമ്മ കേള്‍ക്കില്ല'. അവസാനം പറഞ്ഞ വാചകം ഏറ്റു.

'ഞാന്‍ പറഞ്ഞുനോക്കാം' അമ്മയെ തിരഞ്ഞ് അമ്മായി അകത്തേക്ക് കയറിപ്പോയി.

'പിള്ളേര് പോന്നോട്ടെ ചേച്ചി എന്തെങ്കിലും വൃത്തികേട് വരുമ്പോള്‍ തല കുനിച്ച് ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ അത് സമ്മതിച്ചിട്ടുമുണ്ട്.'

അതിനുമാത്രം വൃത്തികേടുള്ള പടമാണോ ഇവര്‍ കാണാന്‍ പോകുന്നത്.? മാത്രമല്ല,
തല കുനിക്കേണ്ട കാര്യം ഞങ്ങളോട് എപ്പോള്‍ പറഞ്ഞു എന്നൊക്കെയുള്ള മട്ടില്‍ പരസ്പരം നോക്കിയെങ്കിലും ഞങ്ങള്‍ക്ക് സിനിമ കാണാനുള്ള ത്വരയില്‍ അതൊന്നും കാര്യമാക്കിയില്ല.

ഞങ്ങളുടെ അമ്മമാര്‍ക്കൊന്നും അത്ര തൃപ്തി പോരാ എന്ന് മുഖം പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ എന്ത് കാണണമെന്നും, ഏത് തരം പുസ്തകംവായിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും അമ്മ തീരുമാനിച്ചിരുന്നു.എന്നാലും അമ്മായി പറഞ്ഞതല്ലേ എന്നുകരുതി വലിയ എതിര്‍പ്പ് കാണിച്ചുമില്ല.

അമ്മായിയെ കെട്ടിപ്പിടിച്ച് നന്ദി രേഖപ്പെടുത്തി. പോരാതെ ഉടുത്തുകൊണ്ടിരുന്ന സാരിയുടെ ഞൊറികളും ശരിയാക്കിക്കൊടുത്തു.

ഓടിവന്ന് ഉടുപ്പുമാറി, എണ്ണയില്‍ കുതിര്‍ന്ന മുടി ചീകിമിനുക്കി ഞങ്ങള്‍ റെഡിയായി.

ഉമ്മറത്തേക്ക് ഇറങ്ങിവന്ന അമ്മായിക്ക് നന്ദിയോടെ ചെരുപ്പെടുത്ത് കാലില്‍ തിരുകി കൊടുത്തു. പിന്നെ കൂട്ടത്തോടെ തിയറ്ററിലേക്ക് .

തിയറ്ററിന്റെ ചുറ്റും വെച്ചിരിക്കുന്ന പകുതി ഉടല്‍മറച്ച നായകന്റേയും പേരറിയാത്ത വസ്ത്രം ധരിച്ച നായികയുടേയും ചിത്രങ്ങള്‍ കണ്ട് അമ്മ ദേഷ്യത്തോടെ ഞങ്ങളെ നോക്കി.

ഞങ്ങള്‍ നാലുപേര്‍ കഷ്ടപ്പെട്ട് സിനിമയുടെ പേര്‍ വൈശാലി എന്നാണെന്നും നായകന്റെ പേര് വായിക്കാന്‍ കിട്ടാത്ത എന്തോ ആണെന്നും പറഞ്ഞു അറിയാത്ത പോലെ നിന്നു.

തിയ്യറ്ററിന്റെ ഉള്ളിലേക്ക് കയറിയ ഉടനെത്തന്നെ അമ്മായിയുടെ നിര്‍ദ്ദേശം വന്നു.
'നായികയും നായകനു കെട്ടിപ്പിടിക്കുന്നത് കാണുമ്പോള്‍ തല കുനിച്ച് ഇരിക്കണം ട്ടാ..'

'അമ്മായി സമയം പറഞ്ഞാല്‍ മതി ഞങ്ങളപ്പോള്‍ താഴോട്ട് നോക്കി കൊള്ളാം.' ഞങ്ങള്‍ വിനീതരായി.

നായികയുടെ അടുത്ത് അശോകന്‍ വന്നപ്പോള്‍ ഞങ്ങള്‍ പതുക്കെ തല കുനിച്ചു. ആരോ പറഞ്ഞു ഇവനല്ല നായകന്‍ എന്ന്.

ഓരോ പുരുഷ കഥാപാത്രങ്ങളും വൈശാലിയുടെ പരിസരത്തുകൂടി പോകുമ്പോള്‍പോലും ഞങ്ങള്‍ തല കുനിച്ചു കൊണ്ടിരുന്നു. തുടച്ചയായ തലകുനിക്കല്‍ ഞങ്ങള്‍ക്ക് മടുപ്പു തോന്നുകയും .ഒപ്പം അമ്മായിയോടുള്ള നന്ദിയുടെ അളവ് കുറഞ്ഞു പോവുകയും ചെയ്തു.

സ്‌ക്രീനില്‍ 'ഇന്ദ്രനീലിമയോലും ' എന്ന പാട്ട് ഒഴുകിവന്നുതുടങ്ങി. പാട്ടിന്റെ മനോഹാരിതയില്‍ കൂടെവന്നവര്‍ ഞങ്ങളോട് തല കുനിക്കാന്‍ പറയാന്‍ മറന്നുപോയി.

പാട്ടിലൂടെ ആലിംഗനങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നു. ഞങ്ങള്‍ അത് കണ്ട് കൊണ്ടിരിക്കുകയും ചെയ്തു. അവസാനം നായകന്‍ നായികയുടെ പുറത്ത് ഏതോ ഒരു പടം വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വലതുവശത്തുനിന്ന് അമ്മയുടെ കൈകൊണ്ടുള്ള ഒരു ആക്ഷന്‍ എന്റ തലയില്‍ വന്നുവീഴുകയും എന്റെ തല അറിയാതെ കുനിഞ്ഞു. അതോടൊപ്പം അപ്പുറത്തിരുന്നവരുടെ തലകളും ചീട്ട് തട്ടിയിടും പോലെ കുനിഞ്ഞ് കൊണ്ടിരിന്നു.

പടം വര മുഴുവന്‍ കാണാത്ത സങ്കടത്തില്‍ അമ്മു ചാടിയെണീറ്റ് എന്തുപടമാണ് വരയ്ക്കുന്നതെന്ന് കാണണമെന്ന് ഉറക്കെ പറഞ്ഞു.

അതിനേക്കാളും ക്ഷമ നശിച്ച അമ്മായിയുടെ മകള്‍,
'ഹിന്ദി സിനിമയില്‍ ഇതിലും വലുത് കണ്ടിട്ടുണ്ട് പിന്നെയാണ് ഇത്? ഹിന്ദി സിനിമയില്‍ കെട്ടിപിടിക്കുന്നത് കാണാമെന്നുണ്ടങ്കില്‍ മലയാളം സിനിമയില്‍ കണ്ടാല്‍ എന്താ? നീ കണ്ടോ..' എന്നുകൂടെ വിളിച്ചുപറഞ്ഞു.

എല്ലാവരും നിശബ്ദരായി. സിനിമകഴിയുന്നതുവരെപിന്നെയാരുമൊന്നും പറഞ്ഞില്ല. തല ഉയര്‍ത്തിത്തന്നെ കണ്ടു. പക്ഷേ മഴ പെയ്യിക്കുന്ന മന്ത്രം മാത്രം ഞങ്ങള്‍ക്ക് മനസ്സിലായില്ല.

പല കാലങ്ങളായി ആ മന്ത്രത്തിനുവേണ്ടി വൈശാലി എന്ന സിനിമ പലയാവര്‍ത്തി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നു. ആവശ്യത്തിന് മഴ പെയ്യിക്കാന്‍ വേണ്ടി.

പ്രളയം വന്ന് വീട് മുങ്ങിയതോടെയാണ് ഞങ്ങള്‍ വൈശാലി സിനിമയോട് വിട പറഞ്ഞത്.
കെട്ടിപിടിക്കുമ്പോള്‍ തല കുമ്പിടണോ? (ജിഷ രാജു)കെട്ടിപിടിക്കുമ്പോള്‍ തല കുമ്പിടണോ? (ജിഷ രാജു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക