Image

സ്ത്രീകള്‍ക്ക് തുല്യതയില്ലാത്ത സാമൂഹ്യാന്തരീക്ഷത്തില്‍ നിയമത്തിന് മാത്രം എന്ത് പ്രസക്തി? (വെള്ളാശേരി ജോസഫ്)

Published on 28 November, 2019
സ്ത്രീകള്‍ക്ക് തുല്യതയില്ലാത്ത സാമൂഹ്യാന്തരീക്ഷത്തില്‍ നിയമത്തിന് മാത്രം എന്ത് പ്രസക്തി? (വെള്ളാശേരി ജോസഫ്)
മലയാളികള്‍ക്ക് പണ്ട് പറഞ്ഞിരുന്നത് പോലെ ഒരു പുരോഗമന ആശയങ്ങളും ഇല്ലാ എന്നുള്ളത് കഴിഞ്ഞ വര്‍ഷത്തെ ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ പ്രകടമായതാണ്. അല്ലെങ്കിലും 'ഡിസിഷന്‍ മേയ്ക്കിങ്' റോളില്‍ കേരളത്തില്‍ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്. പണ്ട് 33 ശതമാനം റിസര്‍വേഷന്‍ പഞ്ചായത്തു തലത്തില്‍ വന്നപ്പോള്‍ പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ സ്ത്രീകളെ കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. ന്യൂനപക്ഷ സമുദായഗ്ഗങ്ങള്‍ക്കും നിഷിപ്ത താല്‍പര്യങ്ങളുണ്ട്. എല്ലാം മതങ്ങളിലേയും സ്ത്രീ വിരുദ്ധത മാറേണ്ടതുണ്ട്. ഇക്കാര്യം പൊതുവായി പറയുമ്പോള്‍ പലരുടേയും മുഖം മൂടികള്‍ അഴിഞ്ഞു വീഴും. ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന്‍റ്റെ പശ്ചാത്തലത്തില്‍ പി.സി.ജോര്‍ജും, ചില മുസ്ലിം പുരോഹിതരും പരസ്യമായി സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തു വന്നതാണ്. ഇവരുടെ ഒക്കെ ഉള്ളിലിരിപ്പാണ് അങ്ങനെ പരസ്യമായി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പുറത്തു വന്നത്. എല്ലാ മതങ്ങളേയും ഈ വിധി ബാധിക്കും എന്നത് സ്ത്രീ വിരുദ്ധന്മാര്‍ക്ക് അറിയാം. അതാണ് എല്ലാ മതങ്ങളിലേയും സ്ത്രീ വിരുദ്ധര്‍ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരേ ഒറ്റക്കെട്ടായി രംഗത്തു വന്നത്. 

സ്ത്രീകള്‍ക്ക് തുല്ല്യതയില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. സുപ്രീം കോടതി 'ഫണ്‍ഡമെന്‍റ്റല്‍ പ്രിന്‍സിപ്പിള്‍സ്' അനുസരിച്ച് നിയമത്തിന്‍റ്റെ  മുമ്പില്‍ സ്വാതന്ത്ര്യവും സമത്വവും പ്രഖ്യാപിച്ചത് കൊണ്ട് സ്വാതന്ത്ര്യവും തുല്യതയും കേരളത്തില്‍ മാത്രമല്ലാ; ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ക്ക് ലഭിക്കുകയില്ല.  ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ക്ക് സ്വത്തിന്‍റ്റെ കാര്യത്തില്‍ തുല്യാവകാശം ലഭിക്കുന്നില്ലാ. ഏകീകൃത സിവില്‍ കോഡ് അല്ലെങ്കില്‍ യൂണിഫൊം സിവില്‍ കോഡിനെ കുറിച്ച് ഈ രാജ്യത്ത് വളരെ വിപുലമായ ചര്‍ച്ച നടത്തിയിട്ടൊന്നും കാര്യമില്ല. നിയമം കൊണ്ട് മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും പോകുന്നില്ല. നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ സൂക്ഷ്മമായ ഇടപെടലുകള്‍ വന്നാല്‍ മാത്രമേ സ്ത്രീകള്‍ക്ക് തുല്ല്യതയുള്ള ഒരവസ്ഥ സംജാതമാകൂ.

യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരും എന്ന് ബി.ജെ.പി. പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.  യൂണിഫോം സിവില്‍ കോഡ് എന്ന ആശയം നല്ലതാകുമ്പോള്‍ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവില്‍ കോഡിനു പ്രസക്തി ഇല്ല. അത് ഇന്ത്യയില്‍ ഇപ്പോള്‍ സാധിക്കുമെന്നും തോന്നുന്നില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉത്തരേന്ത്യയിലെ ജാട്ടുകളും,ഠാക്കൂര്‍മാരും, രാജസ്ഥാനിലെ രജപുത്രരും സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായി സ്വത്ത് കൊടുക്കാറില്ല . ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കൊടുക്കുന്നില്ല. ഈ യൂണിഫോം സിവില്‍ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചര്‍ച്ചയാകാന്‍ തുടങ്ങിയാല്‍ ബി.ജെ.പി. തന്നെ ഇതു മാറ്റി വയ്ക്കും. കാരണം ബി.ജെ.പി.  യുടെ തന്നെ വോട്ടു പോകും.

സ്ത്രീകള്‍ക്ക് സ്വത്തവകാശത്തിലും, വിവാഹ മോചനത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിയമ പരിരക്ഷ കൊടുക്കേണ്ടതില്ലാ എന്നല്ല ഈ പറഞ്ഞതിന്‍റ്റെ അര്‍ദ്ധം. നിയമത്തിന്‍റ്റെ പരിരക്ഷക്ക് അപ്പുറത്താണ് സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍. 'ലെറ്റര്‍ ഓഫ് ദി കോണ്‍സ്റ്റിറ്റൂഷന്‍', 'സ്പിരിറ്റ് ഓഫ് ദി കോണ്‍സ്റ്റിറ്റൂഷന്‍'  എന്നിങ്ങനെ രണ്ടു സംഭവങ്ങളുണ്ട്. നിയമം ശരിയായി നടപ്പിലാക്കാതെ നിയമത്തിന്‍റ്റെ സ്പിരിറ്റിന് എന്താണ് പ്രസക്തി? ഇന്ത്യയില്‍ അടുത്ത കാലത്തെങ്ങാനും ആ 'സ്പിരിറ്റ്' അതല്ലെങ്കില്‍ സ്ത്രീകള്‍ക്ക് എല്ലാ രംഗങ്ങളിലും ഭരണഘടനാനുസൃതമായിട്ടുള്ള തുല്യത കൈവരുമോ? നിയമം എകികരിക്കുന്നതു വഴി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും എന്നാണു ചിലരുടെ മൂഢ വിശ്വാസം.

നിയമത്തിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കില്ല എന്നത് തന്നെയാണ് ശബരിമലയുടെ കാര്യത്തില്‍ നടന്ന പ്രക്ഷോഭം കാണിച്ചു തന്നത്. ആദ്യം സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദത്താല്‍ പിന്നീട് നിലപാട് മാറ്റി. ഒരു വര്‍ഷം മുമ്പ് സുപ്രീം കോടതി ശബരിമലയിലെ സ്ത്രീകള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്തപ്പോള്‍ ഇവിടെ സാമുദായിക സംഘടനകളുടെ നെത്ര്വത്ത്വത്തില്‍ എന്തായിരുന്നു ബഹളം? വിശ്വാസത്തെ ചോദ്യം ചെയ്യുന്നു; ആചാരത്തെ ചോദ്യം ചെയ്യുന്നു  അങ്ങനെ നൂറ്റൊന്നു രീതിയിലായിരുന്നു പ്രതിഷേധം. ഇപ്പോഴിതാ ബിന്ദു അമ്മിണിയുടെ നേരെ മുളക്‌പൊടി സ്‌പ്രേ പ്രയോഗം നടത്തുന്നു. മുസ്ലിം സംഘടനകളുടെ 'മുത്തലാക്ക്' വിഷയത്തിലുള്ള നിലപാടുകള്‍ ചോദ്യം ചെയ്ത സംഘ പരിവാറുകാര്‍ക്ക് സ്ത്രീ സമത്വത്തിന്‍റ്റെ കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടോ? അവരവരുടെ മതത്തിന്‍റ്റെ കാര്യം വരുമ്പോള്‍ പലരും അറബിക്കടലിനപ്പുറത്തുള്ള അജ്ഞാത ഗുഹയില്‍ ഒളിച്ചിരിക്കാന്‍ നോക്കുന്നത് പോലെയാണ്.

ജനാധിപത്യ രീതിയില്‍ ഇന്ത്യ ഇന്നും ഒരുപാട് പിന്നിലാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞത് 'കോണ്‍സ്റ്റിറ്റിയുഷണല്‍ മൊറാലിറ്റി' എന്നുള്ളത് 'റിലിജിയസ് മൊറാലിറ്റി'  ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പ സന്നിധിയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റ്റെ വിധിയാണ്. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന 'ഫണ്‍ഡമെന്‍റ്റല്‍ പ്രിന്‍സിപ്പിള്‍സ്' അനുസരിച്ച് സ്ത്രീകളെ തടയാന്‍ പാടില്ല എന്നതാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി. പക്ഷെ ഇന്ത്യയുടെ ജനാധിപത്യ മര്യാദയില്‍ ഇനിയും ഇതൊന്നും പാലിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. ബിന്ദു അമ്മിണിക്കെതിരെ ഉള്ള ആക്രമണം മൗനമായിട്ടെങ്കിലും പിന്താങ്ങുന്ന ഒത്തിരി പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളതും കാണാതിരിക്കാനാവില്ല. ബാബരി മസ്ജിദ് ഢ െരാമജന്‍മഭൂമി പ്രശ്‌നം ഇരു കൂട്ടര്‍ക്കും ചര്‍ച്ചയിലൂടെ പരിഹരിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതിയിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു ജനാധിപത്യ മര്യാദ. പക്ഷെ ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ അതിനു തയാറായില്ല. മതവും രാഷ്ട്രീയവും അതിന്‍റ്റെയൊക്കെ മുതലെടുപ്പുകാരും ഒക്കെ കൂടി ഒരു വല്ലാത്ത വല്ലാത്ത സാഹചര്യം ഈ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഒരു മതക്കാരും ഈ കാര്യത്തില്‍ മോശക്കാരുമല്ലാ.

ബാബ്ബ്രി മസ്ജിദ് പൊളിച്ച 1992  നു ശേഷമാണ് 1993 ഒക്‌റ്റോബറില്‍ കാശ്മീരിലെ ഹസ്രത്ത്ബാലില്‍ പ്രശ്!നങ്ങളുണ്ടായത്. നാല്‍പ്പതോളം പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. 14,000 പട്ടാളക്കാര്‍ അന്നവിടെ കാവല്‍ നില്‍ക്കേണ്ടി വന്നു എന്ന് പറയുമ്പോള്‍ കാര്യത്തിന്‍റ്റെ ഗൗരവം ആര്‍ക്കും മനസിലാക്കാം. കുറെയൊക്കെ ലിബറല്‍ ആയി ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ പോലും മത മേലധ്യക്ഷന്‍മാരുടെ അഭ്യര്‍ത്ഥനയില്‍ പിറവം പള്ളിയുടെ കാര്യത്തിലും മറ്റ് പള്ളി തര്‍ക്കങ്ങളുടെ കാര്യത്തിലും വൈകാരികമായി പ്രതികരിക്കുന്നു എന്നുള്ളതും ഇതിന്‍റ്റെയൊക്കെ കൂടെ ചേര്‍ത്ത് കാണണം. എന്തായാലും കുരുമുളക് സ്‌പ്രേക്കും, മുളക്‌പൊടി സ്‌പ്രേക്കും പകരം "സ്‌പ്രേ കുപ്പിയില്‍ ആസിഡും നിറക്കാം" എന്നുവരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ചിലര്‍ പ്രതികരിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും, ഭരണഘടനാ മൂല്യങ്ങളും എവിടെ ചെന്ന് നില്‍ക്കുന്നു? ഇത്തരമൊരു  സാഹചര്യം ഈ രാജ്യത്ത് സംജാതമായതിനെ കുറിച്ച് വിവേകമുള്ളവര്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

'ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി' വളരെയധികം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ശബരിമലയുടെ കാര്യത്തിലുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം കൊടുത്തേ മതിയാകൂ എന്നാണ് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ അഡ്വേക്കേറ്റ് എം. രാജഗോപാലന്‍ നായര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പക്ഷെ അതൊക്കെ മറന്നുകൊണ്ട് രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതിക്കെതിരേ എന്തെല്ലാം വിമര്‍ശനങ്ങള്‍ ആണ്  സംഘ പരിവാറുകാര്‍ ശബരിമല വിഷയത്തില്‍ ഉന്നയിച്ചത്? എന്തിനു  സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയില്‍ അധിഷ്ടിതമായ ലളിതമായ മറുപടി പലര്‍ക്കും ഇല്ലാ.

റിവ്യു പെറ്റീഷന്‍ അനുവദിച്ചത്തിനു ശേഷം ശബരിമല വിഷയം ഇനി ഏഴംഗ ഭരണ ഘടനാ ബഞ്ച് കേള്‍ക്കാനിരിക്കയാണ്. റിവ്യു അനുവദിച്ചതോടെ 2018 സെപ്റ്റംബര്‍ 28  ന്‍റ്റെ വിധി അസാധുവായി എന്നൊക്കെ ചിലര്‍ മുട്ടന്‍ നുണ ഇപ്പോള്‍ അടിച്ചു വിട്ടുകൊണ്ടിരിക്കയാണ്. പ്രചാരണം കണ്ടാല്‍ സംഘപരിവാര്‍ വാദങ്ങളെ അംഗീകരിച്ചുവെന്നും വനിതാ പ്രവേശനം വിലക്കി അഞ്ചംഗ ബഞ്ചിന്‍റ്റെ വിധി സ്‌റ്റേ ചെയ്തുവെന്ന മട്ടിലുമാണ്. സ്‌റ്റേ അനുവദിക്കാത്തിടത്തോളം കാലം 2018 സെപ്റ്റംബര്‍ 8  ലെ വിധി ഇപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ രണ്ടു തവണ സുപ്രീം കോടതി സമ്മേളിച്ചപ്പോഴും സെപ്റ്റംബര്‍ 8  ലെ വിധിക്ക് സ്‌റ്റേ അനുവദിക്കാന്‍ തയാറല്ലായിരുന്നു. അതായത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ഇപ്പോഴും ശബരിമലയില്‍ കയറുവാന്‍ ഭരണഘടനാനുസൃതമായി സര്‍വ സ്വാതന്ത്ര്യവുമുണ്ട് എന്നര്‍ദ്ധം.

സുപ്രീം കോടതി 2018 സെപ്റ്റംബര്‍ 8ലെ ശബരിമല വിധിയില്‍ ഇപ്പോഴും ഒരു വിചിന്തനവും നടത്തിയിട്ടില്ലാ. മുസ്‌ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും, അന്യ മതക്കാരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ അവകാശവും, ചേലാ കര്‍മത്തിന്‍റ്റെ നിയമ സാധുതയും കൂടി ഉള്‍പ്പെടുത്തി വിശാല ബഞ്ചിന്‍റ്റെ പരിഗണനക്ക് വിട്ടു എന്ന് മാത്രം. അതിനോട് ജസ്റ്റീസ് ചന്ദ്രചൂഡും, ജസ്റ്റീസ് നരിമാനും വിയോജിക്കുക കൂടി ചെയ്തു. ജസ്റ്റീസ് നരിമാനാണെങ്കില്‍ സുപ്രീം കോടതിയുടെ വിധികളെല്ലാം നടപ്പാക്കാനുള്ളതാണ്; അതല്ലെങ്കില്‍ നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടുന്ന അരാജക പ്രവണതക്ക് തുടക്കം കുറിക്കുകയായിരിക്കും എന്ന് വീണ്ടും ഒന്നുകൂടി വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് 2018 സെപ്റ്റംബര്‍ 8  ലെ ശബരിമല വിധി അസാധുവാകുന്നത്?

കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിര്‍ത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരാധനാലയങ്ങളെല്ലാം സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ഇതൊക്കെ പറഞ്ഞാല്‍ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സര്‍വതോന്മുഖമായ ഉയര്‍ച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതു പറയുന്നവരുടെ നെഞ്ജത്തു കേറാന്‍ വരും. ഇങ്ങനെ നെഞ്ജത്തു കേറാന്‍ വരുന്നവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓര്‍ത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാന്‍ വരുന്നന്നതെന്നോര്‍ക്കുബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക