Image

ദുബായ് കെഎംസിസി മാപ്പിള കലോല്‍സവത്തിന് തുടക്കമായി

Published on 29 November, 2019
ദുബായ് കെഎംസിസി മാപ്പിള കലോല്‍സവത്തിന് തുടക്കമായി

ദുബായ്: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകളില്‍ പ്രകാശം പരത്തി ദുബായ് കെ.എംസിസി ഒരുക്കിയ സര്‍ഗോത്സവം പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കികൊണ്ട് തുടക്കം കുറിച്ചു. കലോല്‍സവം രാമനാഥപുരം എംപി നവാസ് ഗനി ഉദ്ഘാടനം ചെയ്തു. കലയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവുമാണെന്നും, ജീവ കാരുണ്യത്തോടെപ്പം കലാ സാഹിത്യ രംഗത്ത് കെ.എംസിസിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തമിഴ്‌നാട് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിറാജ്, ഹിറ്റ് എഫ്എം വാര്‍ത്താ വിഭാഗം മേധാവി ഷിബു കളിത്തട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗര്‍ഹൂദ് എന്‍ഐ മോഡല്‍ സ്‌കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ നൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയാണ് അവസാനിച്ചത്.

സംസഥാന സ്‌കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോല്‍സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് നടക്കുന്നത്. പ്രത്യേകം തയാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളാണ് മല്‍സരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം, ഇഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം), ദേശ ഭക്തി ഗാനം, മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍കളി, അറബന മുട്ട് എന്നീ ഇനങ്ങളില്‍ സ്‌റ്റേജ് മല്‍സരങ്ങളും ചെറുകഥ(മലയാളം), പ്രബന്ധം (മലയാളം, ഇഗ്ലീഷ്), കവിതാ രചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന ക്വിസ്, കാര്‍ട്ടൂണ്‍, ഡ്രോയിംഗ്, പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി എന്നീ സ്‌റ്റേജ് ഇതര മത്സരങ്ങളുമാണ് കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.

പ്രഗല്‍ഭരായ വിധികര്‍ത്താക്കളാണ് മത്സരത്തിന്റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളത്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂര്‍ 58 പോയന്റ് നേടി ഒന്നാം സ്ഥാനത്തും, കോഴിക്കോട് 39 പോയന്റ് നേടി രണ്ടാം സ്ഥാനത്തും കാസര്‍ഗോഡ് 29 പോയന്റ് നേടി മൂന്നാം സ്ഥാനവും നേടി മുന്നേറുകയാണ്.

ജില്ലകള്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. കൂടുതല്‍ പോയന്റ് നേടിയ ജില്ലക്ക് ഡിസംബര്‍ 13ന് നടക്കുന്ന പ്രൗഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ ഓവറോള്‍ കിരീടം നല്‍കും. ദുബായ് കെ.എംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജന: സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷര്‍ പി.കെ ഇസ്മായില്‍ ഓര്‍ഗ:സെക്രട്ടറി ഹംസ തോട്ടി, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, റയീസ് തലശേരി, ഹനീഫ് ചെര്‍ക്കള, എന്‍.കെ ഇബ്രാഹിം, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, അബൂബക്കര്‍ ഹാജി മാറാക്കര, മജീദ് മടക്കിമല, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ കാദര്‍ അറിപ്പാബ്ര, ഫാറൂഖ് പട്ടികര, അഡ്വ. സാജിദ് അബൂബക്കര്‍, ടി. മൊയ്തീന്‍ കോയ, എം.നസീഫ് വിധികര്‍ത്താക്കളായ ഖലീലുള്ള ചെമ്മാട്, പി.ടി.എം ആനക്കര മുഹമ്മദുണ്ണി, യൂസുഫ് കാരക്കാട് എന്നിവര്‍ സംബന്ധിച്ചു. സര്‍ഗധാര കമ്മിറ്റി ജന:കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ സ്വാഗതവും ഇ.ആര്‍ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള മങ്കട

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക