Image

യു. സുരേഷിൻറെ ആകസ്മിക നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി

Published on 01 December, 2019
യു. സുരേഷിൻറെ ആകസ്മിക നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി

സിപിഐ നേതാവും, ജനയുഗം മുൻ ജനറൽ മാനേജറും,   മുൻ പിഎസ്‌സി അംഗമായിരുന്ന യു സുരേഷിൻറെ ആകസ്മിക നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സിപിഐ നേതാവും മലബാർ ഡിസ്ട്കിട്ട് ബോർഡ് പ്രസിഡന്റുമായിരുന്ന പി ടി ഭാസ്കര പണിക്കറുടെ മകനായ ഉള്ളാട്ടിൽ സുരേഷ് എന്ന യു സുരേഷ്, മഹാനായ പിതാവിന്റെ പാത പിന്തുടർന്ന് ഒരു നല്ല കമ്മ്യുണിസ്റ്റുകാരനായാണ് എന്നും ജീവിച്ചത്. ബാലവേദി, വിദ്യാർഥി, യുവജന ഫെഡറേഷനുകളുടേയും യുവകലാസാഹിതി, സമാധാന സൗഹൃദ സമിതികൾ എന്നുവേണ്ട എല്ലാ സംഘടനാ മേഖലകളിലും സ്വന്തം കൈയ്യൊപ്പ് ചാർത്തിയ ആ വ്യക്തിത്വം അറുപതാം വയസ്സിൽ പിരിയുമ്പോൾ അവശേഷിയ്ക്കുന്നത് , മരിയ്ക്കാത്ത നല്ല ഓർമ്മകളുടെ വലിയൊരു ഭണ്ഡാരവും, ദൃഢമായ സൗഹൃദങ്ങളുടെ വലിയൊരാൾക്കൂട്ടവുമാണ്. 

പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ പാർട്ടി തീരുമാനമനുസരിച്ച് ജോലി വിട്ട് ജനയുഗം ജനറൽ മാനേജരായ അദ്ദേഹം, മൂന്ന് വർഷത്തോളം പ്രസ്തുത സ്ഥാനത്ത് തുടർന്നു. പിന്നീട് പി.എസ്.സി മെമ്പർ ആയപ്പോൾ അദ്ദേഹം, പി.എസ്.സി എന്ന യുവജനങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തെ അഴിമതി. സ്വജനപക്ഷപാത മുക്തമാക്കുവാൻ സജീവമായ ഇടപെടലുകൾ നടത്തി. സിപിഐയുടെ സോഷ്യൽ മീഡിയ രംഗത്ത് സജീവമായിരുന്ന യു സുരേഷ്, ഒട്ടേറെ ചർച്ചകളും, ക്‌ളാസ്സുകളും, സാംസ്ക്കാരികപരിപാടികളും  നടത്തി സാമൂഹികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

ഏറെ അപ്രതീക്ഷിതമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം എല്ലാവരിലും ഞെട്ടലാണ് ഉണ്ടാക്കിയത്. 
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെയും സഖാക്കളുടെയും ദുഃഖത്തിൽ നവയുഗം പങ്കു ചേരുന്നുവെന്നും, വിദ്യാർത്ഥി നേതാവ്, ബാങ്ക് ജീവനക്കാരൻ, ജനയുഗം ജനറൽ മാനേജർ, പിഎസ്‌സി അംഗം തുടങ്ങിയ നിലകളിൽ സുരേഷ് നടത്തിയ പ്രവർത്തനങ്ങൾ എക്കാലത്തും സ്മ­രി­­ക്കപ്പെടുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക