Image

അതിര്‍ത്തി മതിലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് (മൊയ്തീന്‍ പുത്തന്‍ചിറ)

Published on 02 December, 2019
അതിര്‍ത്തി മതിലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് (മൊയ്തീന്‍ പുത്തന്‍ചിറ)
യുഎസ്‌മെക്‌സിക്കോ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അതിര്‍ത്തി മതിലിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മെക്‌സിക്കോയിലെ 70 ശതമാനം ആളുകളും വിശ്വസിക്കുന്നു.

മെക്‌സിക്കോ സിറ്റിയിലെ റിഫോര്‍മ പത്രവും, ഡാളസിലെ ഡാളസ് മോണിംഗ് ന്യൂസും, സതേണ്‍ മെഥഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ദ മിഷന്‍ ഫുഡ്‌സ് ടെക്‌സസ് മെക്‌സിക്കോ സെന്‍ററും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ 68 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് കോടിക്കണക്കിന് ഡോളര്‍ ചിലവാക്കി ട്രംപ് നിര്‍മ്മിക്കാന്‍ പോകുന്ന മതില്‍ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ്.

ട്രംപിന്‍റെ അതിര്‍ത്തി മതില്‍ പൂര്‍ത്തിയായാല്‍ എത്രമാത്രം പണം ചെലവാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രാരംഭ ചിലവ് 8 ബില്യണ്‍ മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെയാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഔദ്യോഗികവും അനൗദ്യോഗികവുമായ  കണക്കുകള്‍ സൂചിപ്പിക്കുന്നത് 10 ബില്യണ്‍ മുതല്‍ 70 ബില്യണ്‍ ഡോളര്‍ വരെയാണ്.

എന്നാല്‍, ഇതുവരെ ട്രംപ് ഭരണകൂടം വെറും 85 മൈല്‍ അതിര്‍ത്തി മതില്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (സിബിപി) റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 22 വരെ ഏകദേശം 86 മൈല്‍ ദൂരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതും കാലഹരണപ്പെട്ട ഡിസൈനുകളാണ് മതില്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിനെക്കുറിച്ച് നല്ല അഭിപ്രായമല്ല 75 ശതമാനം മെക്‌സിക്കക്കാര്‍ക്കും ഉള്ളതെന്ന് ഡാളസ് മോര്‍ണിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  എന്നിരുന്നാലും, ജൂലൈ മുതല്‍ റിഫോര്‍മ നടത്തിയ സമാനമായ വോട്ടെടുപ്പില്‍ 77 ശതമാനം പേരാണ് ട്രംപിനെതിരെ അഭിപ്രായം പറഞ്ഞതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, യുഎസും മെക്‌സിക്കോയും തമ്മിലുള്ള ബന്ധത്തെ 'നല്ലത്' അല്ലെങ്കില്‍ 'വളരെ നല്ലത്' എന്ന് വിശേഷിപ്പിക്കാമെന്ന് തങ്ങള്‍ കരുതുന്നുവെന്ന് പങ്കെടുത്തവരില്‍ 30 ശതമാനം പേര്‍ പറഞ്ഞു.

നവംബര്‍ 21 നും 26 നും ഇടയില്‍ ആയിരം മുഖാമുഖ അഭിമുഖങ്ങളില്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ടെക്‌സസിലെ എല്‍ പാസോയിലെ വാള്‍മാര്‍ട്ടില്‍ കൂട്ട വെടിവയ്പിനെത്തുടര്‍ന്ന് യുഎസ് അതിര്‍ത്തിയില്‍ ഷോപ്പിംഗ് നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.

എട്ട് മെക്‌സിക്കന്‍ പൗരന്മാരടക്കം 22 പേര്‍ കൊല്ലപ്പെട്ട കൂട്ട വെടിവയ്പിന് ശേഷം മൂന്ന് മാസത്തിലേറെയായി നടത്തിയ പഠനത്തില്‍ 45 ശതമാനം ആളുകള്‍ക്ക് മാത്രമാണ് യുഎസില്‍ സുരക്ഷിതമായ ഷോപ്പിംഗ് അനുഭവപ്പെടുന്നതെന്നും 44 ശതമാനം പേര്‍ സുരക്ഷിതരല്ലെന്നും അഭിപ്രായപ്പെട്ടു.

യുഎസിനെയും അതിന്‍റെ നേതൃത്വത്തെയും കുറിച്ച് വ്യക്തമായ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ തങ്ങളോ ഒരു കുടുംബാംഗമോ ഇപ്പോഴും അതിര്‍ത്തി കടന്ന് യുഎസില്‍ കുടിയേറാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പറഞ്ഞു.

കുറഞ്ഞത് 40 ശതമാനം പേരെങ്കിലും യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ് നടത്തിയവരില്‍ ഭൂരിഭാഗവും അതിര്‍ത്തിക്ക് വടക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

Join WhatsApp News
Jose Gonzales 2019-12-03 11:11:27
   Mexicans will drill holes and come through it. This is to fool his stupid followers 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക