Image

അനുഭവങ്ങളുടെ കാവ്യാവിഷ്ക്കാരങ്ങള്‍ (നിരൂപണം:സുധീര്‍ പണിക്കവീട്ടില്‍)

Published on 02 December, 2019
അനുഭവങ്ങളുടെ കാവ്യാവിഷ്ക്കാരങ്ങള്‍ (നിരൂപണം:സുധീര്‍ പണിക്കവീട്ടില്‍)
(നിരൂപണം  സന്തോഷ് പാലായുടെ “കാറ്റ് വീശുന്നിടം” എന്ന കാവ്യസമാഹാരം)

ആധുനിക കവിതകളില്‍ വൃത്തവും താളവുമില്ലെങ്കിലും അതിന്റെ ആവിഷ്ക്കരണം കലാപരമായിരിക്കും. വെറുതെ കുറച്ച് വാക്കുകള്‍  ചേര്‍ത്തുവച്ചാല്‍ അത് ആധുനിക കവിതയാകുകയില്ല. അതേസമയം വൃത്തനിബദ്ധമായി, താളാത്മകമായി രചിക്കുന്ന കവിതകള്‍ക്ക് .കലാമൂല്യമുണ്ടാകണമെന്നുമില്ല. പഴയ എഴുത്തുകാര്‍ വൃത്തത്തിനും പ്രാസത്തിനുംവേണ്ടി ശ്രമിച്ചപ്പോള്‍ ആധുനിക കവികള്‍ അവരുടെ ആശയങ്ങള്‍ക്ക് ഒരു ഈണം നല്‍കികൊണ്ട് എഴുതി. അതുകൊണ്ടവരുടെ ആശയങ്ങള്‍ സ്വതന്ത്രമായി ഒഴുകിവന്നു. തന്നെയുമല്ല പൂര്‍വികര്‍ നിശ്ചയിച്ച് വച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി എഴുതുമ്പോള്‍ കൃത്രിമത്വം വരാനും സാധ്യതകള്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കി. വാക്കുകള്‍ക്ക് കവിതയുടെ നിയന്ത്രണമില്ലാതായപ്പോള്‍ അവ മുക്തഛന്ദസ്സുകളായി. അതേപോലെ നിരൂപണങ്ങള്‍ ഇന്ന് പൗരാണികമെന്നും (രഹമശൈര) നവീനമെന്നും (ാീറലൃി) രണ്ടായി തിരിഞ്ഞു. ഈ ലേഖകന്‍ ക്ലാസ്സിക് രീതിയും ആധുനിക രീതിയും കണക്കിലെടുത്ത് അതില്‍  നിന്ന് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയാണ് നിരൂപണങ്ങള്‍ ചെയ്യുന്നത്.  അനുകര്‍ത്താക്കള്‍ ഉണ്ടായിരിക്കാം അത് അറിയേണ്ടത് വായനക്കാരാണ്. അപഗ്രഥനവും, അവലോകനവും, വിലയിരുത്തലുകളുമെല്ലാം വ്യത്യാസമില്ലെന്നെരിക്കെ അവതരണത്തിലും ആവിഷ്കരണത്തിലുമാണ് പൗരാണികവും, ആധുനികവുമെന്ന ഭിന്നിപ്പുണ്ടാകുന്നത്. കഌസ്സിക്ക് രീതി വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകുന്നവിധത്തിലായിരിക്കും.

ശ്രീ സന്തോഷ് പാലായുടെ “കാറ്റ് വീശുന്നിടം” എന്ന കാവ്യസമാഹാരത്തിലെ അമ്പത്തിയഞ്ച് കവിതകള്‍ വ്യത്യസ്തമായ കലാനുഭവം  തരുന്നു. കവി ന്യുയോര്‍ക്കില്‍ താമസിക്കുന്നു. ജന്മനാട് കേരളമാണ്.അപ്പോള്‍ ഒരു പ്രവാസജീവിത സാഹചര്യം കവിക്കുണ്ട്.  എന്നാല്‍ അങ്ങനെ ഒരു വ്യത്യാസം  കവിക്കനുഭവപ്പെടുന്നില്ല. ആദ്യകവിതയുടെ ശീര്‍ഷകം "ഒരു വ്യത്യാസവുമില്ല" എന്നാണു. അന്നും ഇന്നും ഞാന്‍ ഒരേപോലെയാണ് എന്ന് കവി  വ്യക്തമാക്കുന്നു. വികാരങ്ങള്‍ നൈസ്സര്‍ഗികമായി കരകവിഞ്ഞൊഴുകുന്നത് ഇവിടെ കാണാം. നേരെ ചൊവ്വേ പറയുന്ന രീതി. അനുഭവങ്ങളുടെ കാവ്യാവിഷ്ക്കാരങ്ങളാണ് ശ്രീ സന്തോഷിന്റെ കവിതകള്‍.  പറയാനുള്ളത് വ്യക്തമായി പറയാന്‍ മുക്തഛന്ദസ്സുകള്‍ക്ക് സാധിക്കുന്നു എന്ന് കവി മനസ്സിലാക്കുന്നുണ്ട്.

മുക്തഛന്ദസ്സുകളുടെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ കവി വാള്‍ട് വിറ്റ്മാനും മാതാവെന്നു അറിയപ്പെടുന്ന എമിലി ഡിക്കിന്‍സണും കവിയെ ആകര്‍ഷിച്ചുകാണും. വാള്‍ട് വിറ്റ്മാന്റെ പേരിലുള്ള റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍  (പേജ് 3841) കവിയുടെ മനസ്സിലേക്ക്  സോങ് ഓഫ് ദി റോഡ്  എന്ന വിറ്റ്മാന്റെ കവിത ഉണര്‍ന്നുവന്നുകാണും. ഈ കവിതയിലാണ് വിറ്റ്മാന്‍  പറയുന്നത് "വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്ത ദിവ്യമായ കാര്യങ്ങള്‍ ഉണ്ടെന്ന് ഞാന്‍ ആണയിട്ട് പറയുന്നുവെന്ന്. റോഡില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സഞ്ചരിക്കുന്നു. ഉദ്ദിഷ്ട സ്ഥാനത്തെത്താന്‍ റോഡുകള്‍ ആവശ്യമാണ്. കുടുംബ പ്രാരാബ്ധങ്ങളുടെയും കെട്ടുപാടുകളുടെയും കെട്ട് പൊട്ടിച്ച് ഉല്ലാസകരമായ ഒരു യാത്രക്ക് പോകാന്‍ വാള്‍ട് വിറ്റമിന്‍ അദ്ദേഹത്തിന്റെ കവിതയില്‍ പറയുന്നുണ്ട്.  വിറ്റ്മാന്റെ പേരുള്ള  റോഡിലൂടെ വണ്ടിയോടിക്കുന്ന കവിയുടെ മനസ്സില്‍ തലേന്നാളത്തെ സന്തോഷം അലതല്ലുമ്പോഴും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. അവ ഓര്‍മ്മക്കുറിപ്പുകളായി കവിയെ ഉറ്റുനോക്കുമ്പോള്‍ കവിക്ക് തോന്നുന്നു ഒരു സിക്ക് വിളിച്ച് ആ ദിവസം ആഘോഷിക്കാന്‍.  വാതില്‍പ്പുറ കാഴ്ച്ചകളാണ് അന്തര്‍ഗൃഹ വിനോദങ്ങളെക്കാള്‍ സുന്ദരം എന്നും വിറ്റ്മാന്‍ പറയുന്നുണ്ട്. വണ്ടിയോടിക്കുമ്പോള്‍ കവി ഇരുവശങ്ങളിലുമുള്ള കാഴ്ചകള്‍  ആനന്ദിക്കുന്നുണ്ട്. വിറ്റ്മാന്റെ കവിതകള്‍ ഓര്‍ക്കുന്നു.  ജോലിക്ക് പോകുന്ന ഒരു ന്യുയോര്‍ക്ക്കാരന്റെ മനോവികാരങ്ങള്‍  സ്വാഭാവികമായി വിവരിച്ചിട്ടുണ്ട്  ഈ കവിതയില്‍. വണ്ടി ഓടിക്കുമ്പോള്‍ മനോരാജ്യം കണ്ടാല്‍ ഉണ്ടാകുന്ന ആപത്തുകളും, അതിനെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട നിയമപാലകരുടെ കല്പനകളും, പിഴയടച്ച തുകകളുമൊക്കെ വിവരിച്ച്  കവിത നമ്മെ ചിന്താകുലരാക്കുകയും യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിക്കയും ചെയ്യുന്നു.

അമ്പത്തിയഞ്ച് കവിതകളും വ്യത്യസ്തമാണ്. അവ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ക്ക്, ആവിഷ്കാര രീതിക്ക്, ജീവിത സമീപനത്തിന്, മാനസിക ഭാവങ്ങള്‍ക്ക്, കണ്ടെത്തലുകള്‍ക്ക് എല്ലാം വായനക്കാരന്റെ ചിന്തകളെ ഉദ്ദീപിക്കുന്നവിധം വൈവിധ്യത പുലര്‍ത്തുന്ന വിധമാണ്. ഹൈക്കു പോലെയുള്ള കാവ്യരീതികള്‍ക്ക് ശ്രീ സന്തോഷ്  അദ്ദേഹത്തിന്റേതായ ഒരു ശൈലി കൈക്കൊണ്ടിട്ടുണ്ട്. മൂന്നുവരിയില്‍ പതിനേഴ് വാക്കുകള്‍ കൊണ്ട് രചിക്കുന്ന കവിതയാണ് ഹൈക്കു. ഒരു ഉദാഹരണം മഞ്ഞുകാലത്ത് വനാന്തരങ്ങളില്‍ കാറ്റ് രൗദ്രതയോടെ ഓളിയിടുന്നു, എന്നാല്‍ അവിടെ ഒരു ഇല പോലുമില്ല പറപ്പിക്കാന്‍. ചിരി എന്ന കവിത മൂന്നുവരിയില്‍  ഒരുക്കിയിരിക്കുന്നു. എന്നാല്‍ ഇത് ഹൈക്കു പോലെയല്ല. ഇത് ഒരു ആശയത്തെ സമര്‍ത്ഥിക്കുന്നു. ചിരി പ്രതിരോധിക്കുന്നത് ചിരിക്കുന്നവനെയല്ല, ചിരിയെത്തന്നെയാണ്. നമ്മളെ ഇക്കിളി കൂട്ടുമ്പോള്‍ നമ്മള്‍ ചിരിക്കുന്നത് ശരീരത്തിന്റെ ഒരു പ്രതിരോധ നടപടിയാണത്രെ. ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്ക് കേട് വരാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍. കവി പറയുന്നു ചിരി ചിരിയെ തന്നെയാണ് പ്രതിരോധിക്കുന്നതെന്ന്. കാരണം ചിരി അക്ഷരങ്ങളില്ലാത്ത ഒരു ഭാഷയാണ്. അതിലൂടെ നമ്മള്‍ സംസാരിക്കുന്നു. അതുകൊണ്ട് ചിരിക്ക് ചിരിയെ നിയന്ത്രിക്കേണ്ടതുണ്ട്. ചിലര്‍ക്കെല്ലാം ചിരി നഷ്ടപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ഈ പ്രസ്താവനക്ക്  വിലയേറുന്നു.

ഭാവനയുടെ ലോകത്ത് മുഴുവനായി അഭിരമിക്കുന്നതിനേക്കാള്‍ യാഥാര്‍ഥ്യങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് കവി ഇഷ്ടപ്പെടുന്നത്.  ജീവിതവുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളാണ് കവിതക്ക് വിഷയമായി എടുത്തിരിക്കുന്നത്. അത് ഭാവനസുന്ദരമായി ആവിഷ്കാരിക്കാന്‍ കവിക്ക്  കഴിയുന്നു. പുസ്തകത്തിന്റെ പേര് തന്നെ "കാറ്റ് വീശുന്നിടം" എന്നാണു. എന്നിട്ട് കവി ന്യുയോര്‍ക്കിലെ മിഡ് മന്‍ഹാട്ടനിലൂടെ ഒരു സവാരി നടത്തുന്നു. വഴിയോരകാഴ്ച്ചകള്‍ കണ്ട് നടക്കുമ്പോള്‍ കവി മനസ്സിലാക്കുന്നു എല്ലാവരും ഒരു ബന്ധനത്തിലാണ്. ജീവിതായോധനത്തിനുള്ള പാച്ചിലിലാണ്. അവര്‍ സ്വാതന്ത്രരല്ല. കാറ്റ് വീശുന്നിടം എന്ന് പറയുമ്പോള്‍ അവിടം സ്വതന്ത്രമാകണം. എന്നാല്‍ കവിക്ക് അങ്ങനെ ഒരിടം കാണാന്‍ കഴിയുന്നില്ല. കാണുന്നത് സ്വാതന്ത്ര്യത്ത്തിന്റെ പ്രതിമയിലാണ്. ഭൂമിയുടെ സഞ്ചാര ചലനമനുസരിച്ച് കാറ്റിന്റെ ഗതി മാറുന്നു. അത് ഘടികാരസൂചിയുടെ ദിശയിലും വിപരീതമായും കറങ്ങുന്നു.  അതേപോലെ മനുഷ്യുനും അവന്റെ ജീവസന്ധാരണത്തിനായി നെട്ടോട്ടം ഓടുമ്പോള്‍ അവന്റെയും സ്വാതന്ത്രത്തിനു കുറവ് വരുന്നു. സ്വാതന്ത്ര്യത്തിന്റെ വായു അവനു  കിട്ടുന്നില്ല. ഒരു പക്ഷെ മരണശേഷമാണ് സ്വാതന്ത്ര്യമെന്ന് കവി പറയുകയാണോ?

കാല്‍പ്പനിക കവിതകളില്‍ നിന്നും കവികള്‍ ഇന്ന് അകന്നുപോകുന്നത് സാങ്കേതികമികവില്‍ മനുഷ്യര്‍ എത്തിചേര്‍ന്നതുകൊണ്ടാകാം. പൂക്കളും, നിലാവും, പ്രണയവും, സ്വപനങ്ങളുമല്ല കവികള്‍ എഴുതുന്നത്. അവരുടെ പ്രണയത്തിലും സ്വപ്നങ്ങളിലും വായനക്കാരന്റെ ചിന്തകള്‍ക്കതീതമായി വിവരണങ്ങള്‍ അല്ലെങ്കില്‍ അവനു പെട്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമായ കാവ്യചിത്രങ്ങള്‍ അടങ്ങുന്നു. ആണെന്ന തോന്നുന്ന  ഒരാള്‍ക്ക് പെണ്ണെന്നു തോന്നുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം പ്രണയമല്ല അത്  തന്നിഷ്ടമാണത്രെ.ഓരോരുത്തര്‍ക്കും തോന്നുന്ന ഇഷ്ടത്തെപ്പറ്റി പറഞ്ഞു കവിത അവസാനിക്കുന്നത് അപ്പുറത്തെ വീട്ടിലെ ചേട്ടനോ ചേച്ചിക്കൊ എന്തെങ്കിലുമൊക്കെ തോന്നുന്നുവെങ്കില്‍ അവര്‍ വിമ്മിട്ടത്തിലായെങ്കില്‍ എന്നാണു.   “തന്നിഷ്ടം പൊന്നിഷ്ടം ആരാന്റിഷ്ടം വിമ്മിഷ്ടം" എന്ന പഴഞ്ചൊല്ലില്‍ അത് ഊന്നി നില്‍ക്കുന്നു. ആരാന്റെ ഇഷ്ടങ്ങള്‍ വിമ്മിഷ്ടമായതുകൊണ്ടാണ് അത്   വ്യഭിചാരമായത്. (പ്രണയസിദ്ധാന്തം പെയ്ജ് 91). മാറിക്കൊണ്ടിരിക്കുന്ന പ്രണയസങ്കല്പങ്ങളുടെ വിവരണമായി ഈ കവിതയെ കാണാം.   ചുറ്റും കാണുന്ന ദൃശ്യങ്ങള്‍, കേള്‍ക്കുന്ന ശബ്ദങ്ങള്‍, അവര്‍ക്കനുഭവ പ്പെടുന്ന വികാരങ്ങള്‍ എന്നിവ കവിതക്ക് വിഷയമാകുന്നു.


അവള്‍ വെള്ളം കോരുമ്പോള്‍ (പേജ് 37 ) എന്ന കവിതയില്‍ വെള്ളം കോരുന്ന പെണ്‍കുട്ടി എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് കവി അനുമാനിക്കുന്നുണ്ട്. എന്നാല്‍ അപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ അങ്ങനെ അലക്ഷ്യമായ ചിന്തയിലാണ്ട് വെള്ളം കോരാന്‍ അവളെ അനുവദിക്കുന്നില്ല. അവളുടെ ചിന്തകളില്‍ സ്വയം രക്ഷയാണ് അപ്പോള്‍ പ്രകടമാകുന്നത്. ആ അനുഭവങ്ങള്‍ കുടങ്ങളിലാക്കി പോയി അവള്‍ എല്ലാ വീട്ടുകാരെയും അറിയിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ സ്ത്രീസുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒരുസൂചന ഈ കവിത നല്‍കുന്നു. അതെ സമയം പണ്ടത്തെ നാട്ടിന്‍പുറങ്ങളിലെ കിണറ്റുങ്കരകള്‍ കരകമ്പികളുടെ കേന്ദ്രമായിരുന്നു എന്ന സൂചനയും തരുന്നു.

കപ്പളങ്ങ മുത്തി (പേജ് 32 34 ) എന്ന കവിത സാങ്കേതിക മികവ് നാട്ടിലെത്തുന്നതിനുമുമ്പുള്ള ഒരു കാലഘട്ടത്തിന്റെ ചിത്രം പകരുന്നു. ആമ്പുലന്‍സ്സുകള്‍ ചീറിപായുന്നതിനു മുമ്പ് ഗൈനോക്കോളജിസ്റ്റുകള്‍ സ്‌റ്റെതസ്‌കോപ്പുമായി വരുന്നതിനുമുമ്പ് പതിച്ചിതള്ളകള്‍ ഗര്‍ഭിണികളുടെ പ്രസവകാര്യങ്ങള്‍ നോക്കിയിരുന്നത്, അവരുടെ ജീവിതരീതിയും വസ്ത്രരീതിയും അന്നത്തെ സ്കൂള്‍ കുട്ടികളുടെ പെരുമാറ്റ ശീലങ്ങള്‍ തുടങ്ങിയവ ഈ കവിതയില്‍ സ്വാഭാവികമായി സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു. പ്രവാസിയായ കവിയുടെ ഗൃഹാതുരത്വവും ഈ കവിതകളില്‍ അലിഞ്ഞു ചേരുന്നുണ്ട്. പ്രവാസിയുടെ മനസ്സ് അവന്റെ ജന്മനാട്ടിലെ വിശേഷങ്ങള്‍ക്കായി വെമ്പല്‍കൊള്ളുന്നത് കൂട്ടിലകപ്പെട്ട ഒരു പക്ഷിയുടെ അവസ്ഥയിലാണ്. കൂട്ടില്‍ എല്ലാമുണ്ടെങ്കിലും ഒരിക്കല്‍ പറന്നുനടന്ന അന്തരീക്ഷവും പച്ചപ്പും ഒന്നുകൂടി അവിടെയെല്ലാം പോയിവരാന്‍ കിളികളെ മോഹിപ്പിക്കുന്നു. ആ മോഹം നേരിയ വിഷാദവും വേദനയുമായി പരിണമിക്കുന്നു. ഗൃഹാതുരത്വം എന്ന് നമ്മള്‍ അതിനെ വിശേഷിപ്പിക്കുന്നു. ശ്രീ സന്തോഷ് കവിതകളിലൂടെ തന്റെ ജന്മനാട്ടിലേക്ക് യാത്രകള്‍ ചെയ്യുന്നു.

ശ്രീ സന്തോഷ് പാലായുടെ  കവിതകളില്‍ ചിലപ്പോഴൊക്കെ അദ്ദേഹം ജന്മനാട്ടിലൂടെ സഞ്ചരിക്കുന്നത് കാണാം. അപ്പോള്‍ നാടന്‍ ചിത്രങ്ങളും, നാടന്‍ശൈലികളും, വിശ്വാസങ്ങളും കവിതയില്‍  നിറയുന്നു. ചില കവിതകള്‍ പട്ടിക കവിതകള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ്  ചില സംസ്കാരചിന്തകള്‍ (പേജ് 50 53 ) എന്ന കവിത ഒരു ന്യുസ്‌പേപ്പര്‍ പോലെ ഒത്തിരി വ്യത്യസ്ത കാഴ്ച്ചകളും , സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ്.  തെറ്റുകള്‍ ചെയ്ത ശാന്തി കിട്ടാത്ത മനുഷ്യരുടെ മാനസിക സ്പന്ദനങ്ങള്‍  അതിലുണ്ട്. മുഴുവന്‍ പറയാതെ ധ്വനിപ്പിക്കുക എന്ന തന്ത്രം വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്.  കുമ്മനം കുമാരി ചേച്ചിയുടെ ഡയറിയിലെങ്ങാനും എന്റെ പേരോ നമ്പറോ കാണുമോ? ഇങ്ങനെയൊക്കയുള്ള വരികള്‍ കവി പല കവിതകളിലും പ്രയോഗിക്കുന്നുണ്ട്.


സ്‌നേഹത്തിന്റെ വിപരീതം വെറുപ്പാണെന്ന  ശീര്‍ഷകത്തില്‍ കവി എഴുതിയ രണ്ട് വരികള്‍ ഇങ്ങനെ...സ്‌നേഹം ഒരു വാക്ക് മാത്രമാണ്, വെറുപ്പ് അങ്ങനെയല്ല. ഒത്തിരി വ്യാഖ്യാനങ്ങള്‍ ഈ വരികള്‍ക്ക് നല്‍കാം. പ്ലേറ്റോ പറഞ്ഞത് ഓര്‍ക്കുക  സ്‌നേഹം സ്പര്‍ശിക്കുമ്പോള്‍ എല്ലാവരും കവികളാകുന്നു. ഒരു പക്ഷെ സ്‌നേഹം സ്പര്‍ശിച്ചതുകൊണ്ടാണോ കവിക്ക് അങ്ങനെ എഴുതാന്‍ കഴിഞ്ഞത്. തന്നെയുമല്ല വാക്ക്  ആണ് ആദ്യമുണ്ടായതെന്നും അത് ദൈവത്തോടുകൂടിയാണെന്നും  വാക്ക് ദൈവമാണെന്നും നമുക്കറിയാം. ദൈവം സ്‌നേഹമാകുമ്പോള്‍ അത് ഒരു വാക്ക് മാത്രമാണെന്ന കവിയുടെ അഭിപ്രായത്തോട് യോജിക്കാം. വാസ്തവത്തില്‍ വെറുപ്പും ഒരു വാക്കാണ്. പക്ഷെ സ്‌നേഹമെന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തിയതിന്നില്ല. പൗലോ  കൊയ്‌ലോ സ്‌നേഹത്തെ വെള്ളത്തിനോട് ഉപമിച്ചിരിക്കുന്നു. നീരാവിയായി മേഘമായി സ്വര്‍ഗത്തേക്ക് ഉയര്‍ന്ന് മുകളില്‍ നിന്ന് എല്ലാ മനസ്സിലാക്കി ഒരു ദിവസം ഭൂമിയിലേക്ക് തിരിച്ച്‌പോകണമെന്ന തിരിച്ചറിവുള്ള വെള്ളം. വെള്ളം എല്ലായിടത്തും ഒഴുകുന്നു. സ്‌നേഹം സര്‍വവ്യാപിയാണ് ഈശ്വരനെപോലെ. കാരണം വാക്ക് ഈശ്വരനാണ്.വെറുപ്പും  ഒരു വികാരമാണ് പക്ഷെ അതിന്റെ ലക്ഷ്യം വാക്കിന്റെ പരിധിയിലൊതുങ്ങാതെ തിന്മയില്‍ മാത്രമൊതുങ്ങുന്നു. തന്നെയുമല്ല വെറുപ്പിനെയും സ്‌നേഹത്തിനേയും   വേര്‍തിരിക്കുന്നത് ഒരു നേരിയ  അതിരാണ് .

കിടപ്പറ എന്ന മൂന്നുവരി കവിതയിലെ രൂപാലങ്കാരങ്ങള്‍ സാഹചര്യത്തിന് യോജിക്കുന്ന വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ആലങ്കാരികമായി മൂന്നു കാര്യങ്ങള്‍  ഇവിടെ പറയുന്നു. വേലിയേറ്റം, വേലിയിറക്കം  പിന്നെ കുടിയേറ്റം. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയാണ് കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. അത് ആവേശകരമായ ഒരു പ്രയാണമാണ്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മൂലം സമുദ്രത്തിലെ തിരമാലകള്‍ ഉയരുന്നു. ഭൂമിയുടെ ഭ്രമണം മൂലം ചന്ദ്രനുമായി അടുത്ത് വരുമ്പോള്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നു. ആകര്‍ഷണ വലയത്തില്‍ നിന്നും നീങ്ങുമ്പോള്‍ തിരമാലകള്‍ താഴുന്നു. കിടപ്പറയെക്കുറിച്ച് കൗശലക്കാരനായ കവിയുടെ ഭാവന വായനക്കാരനെ ആകര്‍ഷിക്കുന്നു.

കവികള്‍ അവരുടെ കൗതുകങ്ങള്‍, ശങ്കകള്‍,  ദുശ്ശങ്കകള്‍, സംശയങ്ങള്‍ അങ്ങനെ അവരെ അലട്ടുന്നതെല്ലാം ചോദ്യം ചെയ്യുന്നത് അല്ലെങ്കില്‍ ആകാംക്ഷപ്പെടുന്നത് അവരുടെ ഒരു ഉത്തരവാദിത്വം പോലെ തുടരുന്നുണ്ട്. നീലവിസ്മയം (പേജ് 67 ) എന്ന കവിതയില്‍ നീലപടം എന്നുപറയുമ്പോള്‍ ജനം ഇളകുന്നത് എന്തുകൊണ്ട് എന്ന് കവി വിസ്മയിക്കുന്നുണ്ട്. നീല നിറവുമായി ബന്ധപ്പെട്ട ഒത്തിരി നല്ല കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ഭൂമിയില്‍ തന്നെ ആകാശവും, സമുദ്രവും ഭൂരിഭാഗത്തോടെ ആ നിറം പേറി നില്‍ക്കുന്നു. അത് കവിയെ വിസ്മയിപ്പിക്കുന്നു. പാപം ചെയ്തവരെ ശിക്ഷിക്കാന്‍ നരകത്തില്‍ തീയും ഗന്ധകവും ചേര്‍ന്നുണ്ടാകുന്ന നീല പുകയേ ഓര്‍മ്മിപ്പിക്കാനാണത്രേ  ചീത്ത കാര്യങ്ങള്‍ നീല നിറവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ നിറത്തിനു അങ്ങനെ ഒരു പാപഭാരമില്ല. നീല മനോഹരമായ നിറമാണ്. കവി അതുകൊണ്ടാണ് ഒരു ഭഗവാന്റെ മുഴുവന്‍ നിറവും മറ്റൊരു ഭഗവാന്റെ കഴുത്തിന്റെ നിറവും ഉദ്ധരിക്കുന്നത്. വിലകുറഞ്ഞ ഫിലിം ലഭിച്ചിരുന്നത് നീല നിറത്തിലും ഗുണമേന്മയുള്ള ഫിലിം വെള്ളനിറത്തിലും  കിട്ടിയിരുന്നു. നീലനിറത്തില്‍ കിട്ടിയിരുന്ന ഫിലിമിലാണ് അസഭ്യചിത്രങ്ങള്‍  പകര്‍ത്തിയിരുന്നത്. അസാന്മാര്‍ഗ്ഗികമായ എന്തും നീല എന്ന പേരില്‍ അറിയപ്പെടാന്‍ ഈ ഫിലിമിന്റെ നിറവും കാരണമായി. ഇതേപോലെ കവിയെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയങ്ങള്‍ മനുഷ്യ ജീവിതത്തില്‍ നിന്നും അദ്ദേഹം കണ്ടെടുക്കുന്നു. ഉദാഹരണം : അമ്പോറ്റിയും അമ്പലംവിഴുങ്ങികളും (പേജ് 69 72), ദി ട്രൂത് (പേജ് 21 ), ചുവന്ന തെരുവ് (പേജ് 28 29 ) ഓണവും കുറെ ചോദ്യങ്ങളും (പേജ്  36).

ശ്രീ സന്തോഷിന്റെ തിരഞ്ഞെടുത്ത കവിതകളെക്കുറിച്ചുള്ള നിരൂപണമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ കവിതകളും ഉള്‍പ്പെടുന്നില്ല. "കാറ്റ് വീശുന്നിടം" എന്ന കാവ്യസമാഹാരത്തിന്റെ കോപ്പികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീ സന്തോഷ് പാലയുമായി ബന്ധപ്പെടുക ; ഇമെയില്‍ mcsanthosh@yahoo.com. ഫോണ്‍ 516 263 7398.

കവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ശുഭം


അനുഭവങ്ങളുടെ കാവ്യാവിഷ്ക്കാരങ്ങള്‍ (നിരൂപണം:സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Girish Nair 2019-12-02 23:39:21
മനോഹരമായ കവിതകൾ വായനക്കാർക്കായി ഒരുക്കിയ ശ്രീ സന്തോഷ് പാലക്കും അതിലുപരി ഭാവങ്ങളെ ഒരു ഗവേഷകന്റെ പാഠവത്തോടെ സാഹിത്യ പ്രേമികൾക്കായി അനാവരണം ചെയ്ത ശ്രീ സുധീർ സാറിനും അഭിനന്ദനങ്ങൾ
Jyothylakshmy Nambiar 2019-12-03 01:05:32
ശ്രീ സന്തോഷ് പാലയുടെ കവിതകളെക്കുറിച്ച് വായിച്ചതിൽ നിന്നും ആ കവിതകൾ വായിയ്ക്കണമെന്ന ആഗ്രഹം ഉണ്ടായി. കവിയ്ക്ക് അഭിനന്ദനങ്ങൾ . ഓരോ കൃതികൾക്കും നിരൂപണമെഴുതുമ്പോഴും  വ്യത്യസ്ത ശൈലി സ്വീകരിയ്ക്കുന്ന ശ്രീ.  സുധീർ പണിയ്ക്കവീട്ടിലിന്റെ തനതായ കഴിവ് ശ്രദ്ധേയമാണ്. 'കൗശലക്കാരനായ കവി' എന്ന പ്രയോഗം കൗതുകമുയർത്തി.
Santhosh Pala 2019-12-03 22:07:54
നന്ദി, സുധീര്‍ സാര്‍,
എന്റെ പുസ്തകത്തിനു ഇത്ര നന്നായി ഒരു നിരൂപണക്കുറിപ്പ് തയ്യാറാക്കിയതിന്, ഇതു പ്രസിദ്ധീകരിച്ച ഈ മലയാളിയോടും നിറഞ്ഞ സ്നേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക