Image

തറവാടിത്ത ഘോഷണത്തിലും, കുടുംബ മാഹാത്മ്യത്തിന്‍റ്റെ വീമ്പിളക്കലിലും വസ്തുതകളുണ്ടോ? (വെള്ളാശേരി ജോസഫ്)

Published on 04 December, 2019
തറവാടിത്ത ഘോഷണത്തിലും, കുടുംബ മാഹാത്മ്യത്തിന്‍റ്റെ വീമ്പിളക്കലിലും വസ്തുതകളുണ്ടോ?  (വെള്ളാശേരി ജോസഫ്)
സംവിധായകന്‍ മേനോനും നടന്‍ ബാസ്റ്റിനും തമ്മിലുള്ള 'ഈഗോ ക്ലാഷിന്' പലരും മേനോനെ തെറി വിളിച്ചു; നായന്‍മാരെ മുഴുവനും പലരും ആ പുലഭ്യം വിളിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ അടുത്ത കാലത്തൊന്നും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലൊരു തെറി വിളി ഇതെഴുതുന്നയാള്‍ കണ്ടിട്ടില്ല. ബാസ്റ്റിന്‍ തീര്‍ച്ചയായും ഇംഗ്ലീഷില്‍ പറയുന്ന 'എംമ്പതി'  ക്ക് അര്‍ഹനായ ആളാണ്. 'സിംമ്പതി'  ക്ക് അപ്പുറമുള്ള ഒന്നാണ് 'എംമ്പതി'. ബാസ്റ്റിനെ അങ്ങനെ ആശ്വസിപ്പിക്കേണ്ടതിനപ്പുറം നായന്‍മാരെ ഒന്നൊഴിയാതെ സോഷ്യല്‍ മീഡിയയില്‍ കൂടി തെറി വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നുവോ? ഇല്ലെന്ന് വേണം പറയാന്‍. പക്ഷെ അപ്പുറത്ത് നമ്മള്‍ മറ്റൊരു കാര്യം കൂടി കാണണം. സംഘ പരിവാര്‍ അനുയായികള്‍ ആയിട്ടുള്ള നായന്‍മാരില്‍ പലരും കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ കൂടി ന്യൂനപക്ഷങ്ങളേയും, രാഷ്ട്രീയ വിരോധികളേയും പുളിച്ച തെറി വിളിക്കുക ആയിരുന്നു; നായരുടെ പേര് പറഞ്ഞു മിഥ്യാഭിമാനവും വിളമ്പുന്നതില്‍ ഇക്കൂട്ടര്‍ മോശക്കാരല്ലായിരുന്നു. അതുകൊണ്ട് അവസരം കിട്ടിയപ്പോള്‍ നേരത്തേ തെറി കേട്ടവര്‍ തിരിച്ചു കൊടുത്തു എന്ന് വേണം കരുതാന്‍.

കുടുംബ മാഹാത്മ്യവും, മിഥ്യാഭിമാനവും പ്രചരിപ്പിക്കുന്നതില്‍ നായര്‍ വിഭാഗത്തില്‍ പെട്ട പലരും ഇക്കണ്ട കാലയളവില്‍ മത്സരിക്കുകയും ആയിരുന്നു. പക്ഷെ ഇവര്‍ പ്രചരിപ്പിച്ചത് പോലെ കുടുംബ മാഹാത്മ്യത്തിന്‍റ്റെ കഥകള്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കുണ്ടോ? ഇല്ലെന്ന് വേണം പറയാന്‍. പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ നായന്‍മാര്‍ക്കിടയിലുള്ള ഈ തറവാടിത്തഘോഷണത്തെ തന്‍റ്റെ 'ജാലകങ്ങള്‍' എന്ന ആത്മകഥയില്‍ കണക്കിന് കളിയാക്കുന്നുണ്ട്. "ബന്ധുക്കളെല്ലാം പരസ്പരം സഹായിക്കാന്‍ ഒന്നും ചെയ്യില്ല. തരംകിട്ടിയാല്‍ കുറ്റം പറയും. കല്യാണത്തിനും മരണത്തിനുമൊക്കെ ഒത്തുകൂടി സദ്യയുണ്ട് അന്യോന്യം പരിഹസിക്കുകയും ചെയ്യും"  ഇതാണ് സ്വന്തം സമുദായക്കാരെ കുറിച്ച് പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ ആത്മകഥയില്‍ പറയുന്നത്. തറവാടിത്തഘോഷണം നടത്തുന്ന മലബാറുകാരെ കുറിച്ച് എം.ജി.എസ്. വീണ്ടും പറയുന്നതിങ്ങനെ: "അധികവും പഴയ പ്രതാപവും സാമൂതിരിയുടെ കാര്യസ്ഥതയും പറഞ്ഞു തെണ്ടിനടന്ന് മുറുക്കിയുടുത്ത് കഴിയുന്നവരാണ്" ('ജാലകം'  പേജ് നമ്പര്‍ 58). ഇടശ്ശേരിയുടെ കവിത എം.ജി.എസ്. ഉദ്ധരിക്കുന്നു:
"ഇത്തറവാടിത്ത ഘോഷണത്തെപോലെ
വൃത്തികെട്ടില്ല മറ്റൊന്നുമൂഴിയില്‍".

പ്രൊഫസര്‍ എം.ജി.എസ്. നാരായണനെ ആരും കേരള ചരിത്രം പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. എം.ജി.എസ്. മാത്രമൊന്നുമല്ലാ; മറ്റ് പല എഴുത്തുകാരും സ്വന്തം സമുദായത്തിന് വലിയ മഹിമയൊന്നും ചാര്‍ത്തികൊടുക്കുന്നില്ലാ. എം.ടി. വാസുദേവന്‍ നായര്‍, പി. കേശവദേവ്,  തകഴി ശിവശങ്കര പിള്ള, എസ്.കെ. പൊറ്റക്കാട്  ഇവരുടെയൊക്കെ കൃതികളില്‍ മരുമക്കത്തായ വ്യവസ്ഥിതിയിലും, കൂട്ടുകുടുംബങ്ങളിലും നിലനിന്നിരുന്ന പലതും നിശിതമായ വിമര്‍ശിക്കപ്പെടുന്നു. കാരണവന്‍മാരുടെ അമിതമായ അധികാരം, തമ്മില്‍ തല്ല്, ആര്‍ഭാടത്തോടെയുള്ള താലികെട്ട് കല്യാണങ്ങള്‍, ഒരിക്കലും അവസാനിക്കാത്ത വസ്തു തര്‍ക്കവും കേസുകളും  ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ നായര്‍ തറവാടുകള്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങളായിരുന്നു. ഈ എഴുത്തുകാരൊക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആര്‍ക്കും കരുതാനും ആവില്ലല്ലോ.

പൊക്കം പറയുമെങ്കിലും വസ്തുതകള്‍ പരിശോധിച്ചാല്‍ നമ്പൂതിരികളുമായി അപേക്ഷിച്ച്  നോക്കുമ്പോള്‍, കഴിഞ്ഞ നൂറ്റാണ്ടിന്‍റ്റെ ആദ്യ പകുതിയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിയില്‍ നായര്‍ സമുദായത്തിന്‍റ്റെ നില വളരെ പിന്നോക്കമായിരുന്നു എന്ന് കാണാന്‍ സാധിക്കും. ദേവകി നിലയങ്ങോട് ഒരു കൃതിയില്‍ ഊട്ടുപുരയില്‍ നമ്പൂതിരി സ്ത്രീകള്‍ ഉപേക്ഷിച്ച ഇലയില്‍ നായര്‍ സ്ത്രീകള്‍ക്ക് വിളമ്പുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ദേവകി നിലയങ്ങോടിന് അത്തരത്തിലുള്ള ആചാരത്തില്‍ മനക്ലേശമുണ്ടായിരുന്നു. പക്ഷെ ആ സംഭവം ഓര്‍ത്തെടുത്ത് ദേവകി നിലയങ്ങോട് പറയുന്നത് "എനിക്കതില്‍ വിഷമമുണ്ടായിരുന്നു; പക്ഷെ എന്‍റ്റെ ഇലയും അന്ന് അകത്തു കിടക്കുകയായിരുന്നല്ലോ" എന്നാണ്.

ഇങ്ങനെ കേരളത്തിലെ ജാതി സമ്പ്രദായത്തില്‍ നോക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പ് വരെ നില നിന്നിരുന്ന വളരെ മോശമാണ് എന്ന് ധ്വനിപ്പിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റ്റെ 'അഗ്‌നിസാക്ഷി' എന്ന നോവലില്‍, നായര്‍ സ്ത്രീയിലുണ്ടായ മകള്‍ തങ്കം, അച്ഛന്‍ നമ്പൂതിരിയുടെ മൃതദേഹത്തെ തൊട്ടപ്പോള്‍, ജഡം വീണ്ടും കുളിപ്പിച്ചു ശുദ്ധിയാക്കുന്ന രംഗമുണ്ട്. നായര്‍ സ്ത്രീയും, മകളും ഇല്ലത്തു നിന്നിറങ്ങാതെ മൃതദേഹം ചിതയിലേക്കും എടുക്കുന്നില്ല. മകള്‍ തങ്കം ഇറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ഉണ്ണി നമ്പൂതിരി അനുനയിപ്പിച്ചു വിടുകയാണ് നോവലില്‍. 

കേരളത്തിലെ നമ്പൂതിരിമാര്‍ക്ക് ഇപ്പോള്‍ വേണമെങ്കില്‍ പറയാം  ഞങ്ങള്‍ക്ക് ജാതി വ്യത്യാസം ഉണ്ടായിരുന്നില്ല; ഞങ്ങള്‍ ക്ഷത്രീയ സ്ത്രീകളേയും, അമ്പലവാസി സ്ത്രീകളേയും, നായര്‍ സ്ത്രീകളേയും ഭാര്യമാരാക്കിയിരുന്നെന്ന്. കാരണം സെക്‌സിന് മാത്രം ജാതിയില്ലായിരുന്നു.  നമ്പൂതിരിയുടെ ശരീരത്തില്‍ സെക്‌സിന് വേണ്ടി സ്പര്‍ശിക്കുന്നതിലും കുഴപ്പമില്ലായിരുന്നു. അതല്ലെങ്കില്‍ ജാതിയില്‍ കുറഞ്ഞ ആള്‍ തൊട്ടാല്‍ കുളിക്കണം  അതായിരുന്നു രീതി. കുളിയായിരുന്നു നമ്പൂതിരി ഇല്ലങ്ങളില്‍ ഏറ്റവും കൂടുതല്‍ നടന്നിരുന്നതെന്നാണ് ദേവകി നിലയങ്ങോടും എഴുതിയിട്ടുള്ളത്. ഇല്ലത്തു നിന്ന് പോകുമ്പോഴും, വരുമ്പോഴും കുളിക്കണം. ലളിതാംബിക അന്തര്‍ജ്ജനം തന്‍റ്റെ സ്കൂളില്‍ പോക്ക് ആ രീതിയില്‍ വളരെ രസകരമായി എഴുതിയിട്ടുണ്ട്.

കേരളത്തിലെ പല രാജാക്കന്മാരുടേയും പിതാക്കന്മാര്‍ നമ്പൂതിരിമാരായിരുന്നു. എന്നാല്‍ അവരുടെ ഭാര്യമാര്‍ (കെട്ടിലമ്മമാര്‍) ക്ഷത്രിയരോ, അമ്പലവാസിയോ, നായരോ മാത്രമായിരുന്നു. ക്ഷത്രിയര്‍ക്കോ, നായര്‍ക്കോ, നമ്പൂതിരി സ്ത്രീയെ കല്യാണം കഴിക്കാന്‍ പറ്റുമായിരുന്നില്ല .  അവിവാഹിതയായ നമ്പൂതിരി കന്യകയെ ഒരു വൃദ്ധ നമ്പൂതിരിക്ക് കൊടുത്താലും ഒരു ക്ഷത്രിയനോ, നായര്‍ക്കോ പോയിട്ട് ഒരു പരദേശ ബ്രാഹ്മണനു പോലും കൊടുത്തിരുന്നില്ല.  എം.ടി. വാസുദേവന്‍ നായരുടെ പരിണയം എന്ന ചിത്രത്തില്‍ കാണിച്ചത് പോലെ വൃദ്ധ നമ്പൂതിരിമാര്‍ക്കു പോലും മൂന്നാം വേളിയും, നാലാം വേളിയും ഒക്കെ തരപ്പെടുമായിരുന്നു  ഒരു നൂറ്റാണ്ടു മുമ്പ് വരെ. നായര്‍ തറവാടിന്‍റ്റെ മുറ്റത്തു വെളുപ്പിന് കാണുന്ന ചൂട്ടുകറ്റകള്‍ നോക്കിയാണ് തറവാട്ടു മാഹാത്മ്യം നിശ്ചയിച്ചിരുന്നതെന്ന് മലയാള സാഹിത്യത്തിലെ കാരണവരായിരുന്ന തകഴി ശിവ ശങ്കരപ്പിള്ള ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നമ്പൂതിരി സംബന്ധം ആഗ്രഹിച്ചാല്‍ പറ്റില്ലാ എന്നു പറഞ്ഞാല്‍ ബ്രാഹ്മണ ശാപം വരും എന്നൊക്കെയായിരുന്നു വിശ്വാസം!!! ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ഈ രീതി പി.വി. തമ്പിയുടെ നോവലുകളില്‍ ഉണ്ട്. പി.വി. തമ്പിയുടെ 'കൃഷ്ണപരുന്ത്' എന്ന നോവലില്‍ അത് വ്യക്തമായി പറയുന്നും ഉണ്ട്. നായര്‍ക്ക് അങ്ങോട്ടുണ്ടായിരുന്ന സ്‌നേഹം നമ്പൂതിരിക്ക് ഇങ്ങോട്ടില്ലായിരുന്നു എന്നുവേണം കരുതാന്‍. ചില നായന്മാര്‍ ഇപ്പൊഴും നമ്പൂതിരി സ്‌നേഹം പറയുമ്പോള്‍ ഈ കൗതുകകരമായ കാര്യങ്ങളൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.

ഇതിനെല്ലാത്തിനും ഇടയില്‍ കാണേണ്ട ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ സെക്‌സിന് മാത്രം ജാതിയും മതവും ഒന്നും ജാതിവ്യവസ്ഥ രൂക്ഷമായി നിലനിന്നിരുന്ന കാലത്തും ഇല്ലായിരുന്നു എന്നതാണ്. തടസങ്ങളും നിയന്ത്രണങ്ങളും പ്രത്യക്ഷത്തില്‍ നിലനിന്നിരുന്നപ്പോഴും പരോക്ഷമായി 'കാര്യം സാധിച്ച' പലരും ഉണ്ടായിരുന്നു. അല്ലെങ്കിലും അന്നും ഇന്നും സെക്‌സിന് മാത്രം ജാതിയും മതവും ഒന്നും പ്രശ്‌നമല്ലല്ലോ. സെക്‌സിന് പണ്ടേ ജാതി ഉണ്ടായിരുന്നില്ല. നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ പ്രാപിച്ചത് പോലെ നമ്പൂതിരി/നായര്‍ സ്ത്രീകളെ പ്രാപിച്ചിരുന്ന ഹരിജനങ്ങളായ വീട്ടു/പറമ്പ് പണിക്കാരും, ജോലിക്കാരും ഉണ്ടായിരുന്നു. ഈശ്വരസൃഷ്ടിയില്‍ മായക്ക് അടിമപ്പെട്ടവരായിരുന്നു മിക്കവരും എന്ന് ചുരുക്കം.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക